OVS - Articles

പിണ്ടി പെരുന്നാൾ

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുദേവന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചു വന്നിരുന്നത്. നാലാം നൂറ്റാണ്ടിൽ പാശ്ചാത്യർ ഡിസംബർ 25 നെ ജനനപെരുന്നാൾ ദിവസമായി ആചരിക്കയും പൗരസ്ത്യർ അതിനെ പിന്നീട് സ്വീകരിക്കയും ചെയ്തപ്പോൾ ഇവ രണ്ടു പെരുന്നാളുകളായി മാറി എങ്കിലും ദനഹാ കർത്താവിന്റെ ഉദയം എന്ന നാമം മാറ്റാതെ മാമോദീസാ പെരുന്നാളായും ലോകത്തിനു വെളിച്ചമായി ദിവ്യരക്ഷകൻ ഉദിച്ചതിനെ അനുസ്മരിക്കുവാനായും തീ തെളിയിച്ചു കൊണ്ട് പൗരസ്ത്യർ കൊണ്ടാടി. പാശ്ചാത്യർ ഈ ദിവസത്തെ വിദ്വാന്മാരുടെ വരവുമായി അനുസ്മരിക്കുന്നു. ക്രിസ്തുമസ് (യൽദോ) പെരുന്നാളിന്റെ സമാപനമായിട്ടാണ് ദനഹാ (ജനുവരിി 6) ഇന്നു കൊണ്ടാടപെടുന്നത്. ക്രിസ്തുമസിനു അലങ്കരിക്കുന്ന നക്ഷത്രങ്ങളും അലങ്കാരങ്ങളും ദനഹാപെരുന്നാളിനു ശേഷമേ കുന്നംകുളം പ്രദ്ദേശത്തു അഴിച്ചുമാറ്റാറുള്ളൂ.

ഈ പെരുന്നാളിനു പ്രാദേശികമായി നിരവധി പേരുകളുണ്ട്. തെക്കൻ പ്രദ്ദേശങ്ങളിൽ ഇതിനു രാക്കുളി പെരുന്നാളെന്നും വടക്കൻ പ്രദ്ദേശത്തുള്ളവർ പിണ്ടിപെരുന്നാളെന്നും, പിണ്ടികുത്തി പെരുന്നാളെന്നും വിളിക്കുന്നു. ചിലനാടുകളിൽ കമ്പംമെട്ട് പെരുന്നാളെന്നും മറ്റും ഇതിനു പേരുകളുണ്ട്.

രാക്കുളി പെരുന്നാൾ: മശിഹായുടെ മാമോദീസായെ അനുസ്മരിച്ച് പെരുന്നാളിന്റെ തലേദിവസം രാത്രിയിൽ അടുത്തുള്ള നദികളിലോ കുളങ്ങളിലോ പോയി പ്രാർത്ഥനാപൂർവ്വം നടത്തുന്ന ആചാരക്കുളിയിൽ നിന്നാണ് ഇതിനു രാക്കുളി പെരുന്നാളെന്ന പേർ സിദ്ധിച്ചത്. കുട്ടികൾ ഏൽ പയ്യാ എന്നു വിളിച്ചു ആർക്കുന്ന പതിവും ഉണ്ട്. യെരുശലേമിൽ യോർദ്ദാൻ നദിക്കരയിലാണ് ഇന്നും ഈ പെരുന്നാൾ ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിലും ഈ ദിവസം എല്ലാവരും കുളിച്ചിരിക്കണം എന്നും കുളിക്കാത്തവർ പോത്താകും എന്നു തമാശയായി പറയാറുണ്ട്.

പിണ്ടിപെരുന്നാൾ: വടക്കൻ പ്രദ്ദേശങ്ങളിൽ ഈ പെരുന്നാളിനു പിണ്ടികുത്തി അതിൽ പന്തം കത്തിച്ചു വയ്ക്കുകയും, പന്തം തിരി എന്നിവ കത്തിച്ചു പ്രദക്ഷിണം നടത്തി, മശിഹാ ലോകത്തിന്റെ പ്രകാശമായിരുന്നു എന്നു വിളിച്ചു പറയുകയും ചെയ്യുന്നതിനാൽ ഇതിനു പിണ്ടികുത്തി പെരുന്നാളെന്നു പറയുന്നു. കൂടാതെ എപ്പിഫനി, തെയോഫനി എന്നീ പേരുകളും വേദശാസ്ത്രജ്ഞർ ഈ പെരുന്നാളിനു നൽകിയിട്ടുണ്ട്.

കുന്നംകുളം, പഴഞ്ഞി, തൃശൂർ, ഇരിഞ്ഞാലക്കുട തുടങ്ങി അങ്കമാലി വരെയുള്ള ദേശങ്ങളിൽ ഓർത്തഡോക്സ്, കത്തോലിക്ക, പൗരസ്ത്യ സഭ (സുറായി), തൊഴിയൂർ എന്നീ എല്ലാ ക്രസ്തീയസഭാവിഭാഗങ്ങളും ഈ പെരുന്നാൾ ആഘോഷിക്കുന്നു. കേരളത്തിലെ കത്തോലിക്കരല്ലാത്ത ക്രൈസ്തവസഭകൾ 1953 ൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിക്കുന്നതു വരെ ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്തുമസ് ജനുവരി 7 നും പിണ്ടി പെരുന്നാൾ ജനുവരി 19 നും ആയിരുന്നു ആഘോഷിച്ചു കൊണ്ടിരുന്നത്.

പിണ്ടി: പഴയകാലത്ത് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ സ്വന്തപുരയിടത്തിൽ നിന്നു തന്നെ ധാരാളമായി ലഭിക്കുന്നതും അനായാസേന ഉപയോഗിക്കാൻ കഴിയുന്നതും കാഴ്ചയ്ക്കു മനോഹരവുമായ കുലച്ചു നിൽക്കുന്ന വാഴകൾ, കുരുത്തോലകൾ, തെങ്ങിൻ പൂക്കുലകൾ, തേങ്ങാക്കുലകൾ , നെൽപറ തുടങ്ങിയ വസ്തുക്കളായിരുന്നല്ലോ. റെഡിമെയ്ഡ് അലങ്കാര വസ്തുക്കൾ ലഭ്യമല്ലാത്ത ആ കാലത്ത് ക്രിസ്ത്യാനികളും അവരുടെ രക്ഷകന്റെ വരവിനെ ആഘോഷിക്കുവാനും അനുസ്മരിക്കുവാനും ആയി തങ്ങളുടെ വീടുകളെ അണിയിച്ചൊരുക്കിയതു ഈ വസ്തുക്കൾ തന്നെ ഉപയോഗിച്ചായിരുന്നു. ദനഹാ പെരുന്നാളിനു അലങ്കാരത്തിനു ഉപയോ​ഗിക്കുന്ന പ്രധാന വസ്തു പിണ്ടി ആയിരുന്നു അതിനാൽ ഇതിനെ പിണ്ടിപെരുന്നാളെന്ന് വിളിക്കപ്പെട്ടു. കാലക്രമേണ അതിനു അനുഷ്ഠാനക്രമവും നിലവിൽ വന്നു.

പിണ്ടികുത്തൽ രീതി:
5ാം തിയ്യതി നേരം വെളുത്താൽ ഒരുക്കങ്ങൾ ആരംഭിക്കുകയായി, വെട്ടേണ്ട പിണ്ടി തിരഞ്ഞെടുക്കുക, ഉറച്ച മണ്ണാമെങ്കിൽ കുഴിതയ്യാറാക്കാൻ വെള്ളം ഒഴിച്ചിടുക മുതലായവ. (പണ്ടു കാലത്ത് രണ്ടു ദിവസം മുമ്പ് മുറ്റം വൃത്തിയാക്കി ചാണകം മെഴുകി ഒരുക്കുമായിരുന്നു) എല്ലാതരം പിണ്ടികളും ആ കാലത്ത് ഉപയോഗിക്കുകയില്ലായിരുന്നു. പ്രധാനമായും കുലച്ച വാഴയുടെ പിണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണു പറയുന്നത്. ഇല്ലെങ്കിൽ പിണ്ടി കുത്തി കഴിഞ്ഞാൽ കൂമ്പ് പിന്നേയും പൊങ്ങി വരുകയും അവ അഭംഗിക്കു കാരണമാകുകയും ചെയ്യും. കൂടാതെ കുലച്ചവാഴ ഫലഭൂഷ്ടിയുടെ പ്രതീകവുമാണ്.

രണ്ടാമതു വാഴക്കൂട്ടത്തിൽ കിഴക്കോട്ടു മുഖദർശനമായി വളർന്നു വന്നതോ കിഴക്കോട്ടു ദർശനമായി കുലവന്നതുമായ വാഴ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കിഴക്കോട്ട് ദർശനമായ വാഴ സൂര്യപ്രകാശത്തിന്റെ ലഭ്യതയാൽ ചാഞ്ഞുപോകാത്തതും പുഷ്ടിയുള്ളതും കാഴ്ചയ്ക്കു മനോഹരവുമായിരിക്കും.

അതുപോലെ ഉണ്ണിപിണ്ടി (കാതൽ / കാമ്പ്) ഭക്ഷ്യയോഗ്യമായ പാളയംതോടൻ, പൂവൻ, കുന്നൻ തുടങ്ങിയ വാഴകളുടെ പിണ്ടികൾ മാത്രമേ ഉപയോഗിക്കാറുള്ളൂ കാരണം പെരുന്നാളിനു ശേഷം പിണ്ടിയുടെ എല്ലാഭാഗങ്ങളും ഉപേക്ഷിക്കാതെ ഉപയോഗിക്കുവാൻ സാധിക്കണമായിരുന്നു. (ഉണ്ണിപിണ്ടി തോരൻ വയ്ക്കാനും, വാഴനാരുകൾ പെരകൊട്ടാനും – ഓലപുരയുടെ കാലത്ത്).

ചിലർ ഇത്രയോന്നും നോക്കാതെ കുലച്ചവാഴകൾ ഉയരവും വണ്ണവും മാത്രം നോക്കി ഉപയോഗിക്കാറുണ്ട്. മിക്കവാറും വീടുകളിൽ അല്ലെങ്കിൽ അവരുടെ പറമ്പുകളിൽ ഓണത്തിന്റെ ഉപയോഗത്തിനായി എന്നപോലെ പിണ്ടിപെരുന്നാളിന്റെ ഉപയോഗത്തിനായും വാഴ കൃഷി ചെയ്യുമായിരുന്നു.

പിണ്ടി തിരഞ്ഞെടുത്താൽ പിന്നെ അതു വെട്ടിയെടുക്കുക അതിന്റെ പുറംപോളകൾ അതായതു കറുത്ത പോളകൾ പൊളിച്ചു കളഞ്ഞു ചുകന്നരാശിയുള്ള പോളയെത്തുമ്പോൾ നിർത്തുന്നു പിന്നെ അവ കുത്തിനിർത്തുവാനായി അതിന്റെ മുകൾ വശവും ചുവടും ചെത്തി വൃത്തിയാക്കുന്നു. ഏകദ്ദേശം ആറടിക്കുമേലേ തുടങ്ങി വളരെ ഉയരമുള്ള പിണ്ടികൾ വരെ ഉപയോഗിക്കാറുണ്ട്.

ഉച്ചയ്ക്കുശേഷം വീടിന്റെ പ്രധാന നടവാതിലിനു നേരെ വരത്തക്കവണ്ണം കുഴി കുത്തി അതിൽ പിണ്ടി കുത്തി നിർത്തുന്നു. അതിനെ കുരുത്തോലകൾ കൊണ്ട് അലങ്കരിക്കുകയും നാലുവശത്തും തവികൾ കുത്തി എണ്ണയോഴിക്കാൻ തയ്യാറാക്കുകയും ചെയ്യുന്നു.
പണ്ടു മരോട്ടിക്കായുടെ തൊണ്ട് എണ്ണയോഴിക്കാനായി ഒരു പാത്രം പോലെ ഉപയോ ഗിച്ചിരുന്നു അതിനെ പിണ്ടിയിൽ ഉറപ്പിക്കാനായി മുളയുടെ അലകുകൾ /തടികഷ്ണങ്ങൾ എന്നിവ കൂർപ്പിച്ചോ, ഈർക്കലി വളച്ചുകൊണ്ടോ ഉറപ്പിക്കുന്നു. മെഴുകുതിരി പന്തം, ചിരാത് തുടങ്ങി പ്രകാശമുണ്ടാക്കുന്ന ഏതു മാധ്യമങ്ങളും ഉപയോഗിക്കാം പക്ഷേ ആളി കത്തിക്കുന്നവ ആയിരിക്കരുത് എന്നു മാത്രം. പിന്നീട് ഇതിനു പകരം ഇലക്ട്രിക് ബൾബുകളും കൊടികളും ഒക്കെ സ്ഥാനം പിടിച്ചതായും കാണാം പിണ്ടിയിലെ തിരികൾ എപ്പോഴും ഒറ്റസംഖ്യയായിരിക്കണം അതിനായി മുകളിൽ പാണ്ടിയുടെ തലഭാഗത്ത് ഒരു പന്തമോ അല്ലെങ്കിൽ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന ഓട്ടുവിളക്കിന്റെ തലയോ, തൂക്കുവിളക്കുകളോ ഉപയോഗിക്കുന്നു. ചിലർ നെല്ല് കിഴികെട്ടി അതു എണ്ണയിൽ മുക്കി പന്തം പോലെയും ഉപയോഗിക്കാറുണ്ട്.

പ്രധാനമായും മൂന്നു നേരം (5 – സന്ധ്യ, 6 – പുലർച്ച, 6 – ഉച്ചതിരിഞ്ഞ്) പിണ്ടിതെളിയിക്കുന്ന രീതിയാണ് പണ്ട് ഉണ്ടായിരുന്നത്. ഇന്ന് അതു രണ്ടു നേരമായി കുറഞ്ഞിട്ടുണ്ട്. അഞ്ചാം തിയ്യതി സന്ധ്യാനമസ്ക്കാരത്തിനു ശേഷം വൈദീകർ മദ്ബഹായിലെ തിരിയിൽ നിന്നുള്ള തീ കൊണ്ട് പള്ളിയിലെ പിണ്ടികൾ തെളിയിക്കുകയും അതിനു ശേഷം വീടുകളിലെ പിണ്ടികളും തെളിയിക്കുന്നു. പണ്ടുകാലത്ത് സന്ധ്യയ്ക്ക് പള്ളികളിൽ സന്ധ്യാ നമസ്ക്കാര സമയത്തെ മണിയടിക്ക് വിളക്കുമണിയടിക്കുക എന്നാണ് പറയുന്നത്. ഈ സമയത്ത് വീടുകളിലും വിളക്കു തെളിച്ചു വയ്ക്കുമായിരുന്നു. ഈ വിളക്കിൽ നിന്ന് കുടുംബത്തിലെ ഗൃഹനാഥൻ ആദ്യം പിണ്ടിയുടെ കിഴക്കുവശത്തു തിരിതെളിയിക്കുന്നു തുടർന്നു കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പിണ്ടിമുഴുവൻ തെളിയിക്കുന്നു. (പിണ്ടി തെളിയിക്കുക ഗൃഹനാഥന്റെ അവകാശമാണ്) തുടർന്ന് കരിമരുന്നുകളും ദീപം തെളിയിക്കലുകളുമായി ആഘോഷിക്കുന്നു. രാത്രിയാകുമ്പോൾ വിളക്കുകൾ എല്ലാം അണയ്ക്കുകയും ഉറങ്ങാൻ പോകുകയും ചെയ്യുന്നു.

പിന്നീട് പിറ്റേന്ന് പുലർച്ച നമസ്ക്കാരത്തിനു മുമ്പോ ശേഷമോ വീണ്ടും പിണ്ടികൾ തെളിയിക്കുന്നു. കുറച്ചു നേരത്തിനു ശേഷം അവ അണയ്ക്കുന്നു. ഈ പതിവു ഇപ്പോൾ കാണുന്നില്ല. ചില സ്ഥലങ്ങളിൽ പിണ്ടി തെളിയിച്ച് അതിനു ചുറ്റും നിന്ന് കുരവയിടുന്ന പതിവും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്

ആറാം തിയ്യതി വൈകീട്ട് മൂന്നു മണിയോടെ വീണ്ടും പിണ്ടി തെളിയിക്കുവാൻ തുടങ്ങുന്നു. ഈ സമയത്താണു അംബലപള്ളിയിൽ നിന്നു അങ്ങാടി ചുറ്റിയുള്ള പ്രദിക്ഷണം ആരംഭിക്കുന്നത്. (പണ്ടു കാലത്ത് നാട്ടുരാജ്യങ്ങളായിരുന്നപ്പോൾ ഓരോ പള്ളികളിലും ഈ പെരുന്നാൾ ഉണ്ടായിരുന്നിരിക്കാം. പിന്നീട് അംബലപള്ളിയുടെ സ്ഥാപനത്തോടെ ഇതിനെ ആ പള്ളിയുടെ പെരുന്നാളായി നിശ്ചയിക്കുകയും ആചരിക്കുകയും ആയിരുന്നു. ഈ സമയത്ത് പിണ്ടി തെളിയിക്കാനുള്ള വ്യക്തി ഒഴിച്ച് ബാക്കിയെല്ലാവരും പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നു. പ്രദിക്ഷണം എല്ലാ അങ്ങാടികളിലൂടേയും സഞ്ചരിച്ച് പള്ളിയിൽ എത്തുകയ്യും ചെയ്യുന്നു. തുടർന്ന് പാതിരാത്രിവരേ പിണ്ടികൾ തെളിയിച്ചും കരിമരുന്നുകൾ കത്തിച്ചും ആഘോഷിക്കുന്നു. പിന്നെ തിരികൾ ഊതികെടുത്തുവാൻ പാടില്ല കരിന്തിരി കത്തി അവ തനിയെ അണഞ്ഞശേഷം തിരികൾ ഊരി മാറ്റി പിണ്ടി കിഴക്കോട്ട് മറിച്ചിടുന്നു. പണ്ടുകാലത്ത് പിണ്ടി മറിച്ചിടുന്നത് പിറ്റേന്ന് കാലത്തായിരുന്നു. പിന്നീട് അവ പോളപൊളിച്ചു കാമ്പ് കറിവയ്ക്കുവാനായി ഉപയോഗിക്കുന്നു.

ഒരു വീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ മരണം നടന്ന് ഒരു വർഷം തികഞ്ഞിട്ടില്ലെങ്കിൽ ആ കുടുംബങ്ങൾ ആ വർഷം പെലയുള്ളതിനാൽ പിണ്ടികുത്താറില്ല. എന്നാൽ അവർ പ്രധാന വാതിലിനു നേരെ തൂക്കു വിളക്കോ കച്ചേരി വിളക്കോ കത്തിച്ചു വയ്ക്കുകയും തിരികൾ കത്തിക്കുകയും ചെയ്തിരിക്കണം. ദേശത്ത് മേൽപട്ടക്കാരോ, പട്ടക്കാരോ ഇഹലോകവാസം വെടിഞ്ഞ് 41 കഴിയുന്നതിനു മുമ്പാണ് പിണ്ടി പെരുന്നാൾ വരുന്നതെങ്കിൽ ആ ദേശക്കാർ പിണ്ടികുത്താറില്ല. എന്നാൽ മെഴുകുതിരികളും വിളക്കുകളും തെളിയിക്കുകയും കൊടിയും കുരിശും (പ്രദിക്ഷണം) നടത്തുകയും ചെയ്യുന്നു.

ഇന്നു കാലം മാറിയതനുസരിച്ച് പിണ്ടിപെരുന്നാളിനും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓരോ വീടുകൾ പിണ്ടികുത്തുന്ന രീതി മാറി പകരം അങ്ങാടികൾ ഒന്നുചേർന്ന് പിണ്ടികൾ കുത്തുകയും അലങ്കരിക്കുകയും ചെയ്യുന്നു. അതുപോലെ പഴയ എണ്ണതിരികൾക്കുപകരം മനോഹരമായ ഇലക്ട്രിക് ബൾബുകളും തോരണങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. കൂടാതെ ക്ലബ്ബുകളുടേയും അങ്ങാടികളുടേയും നേതൃത്വത്തിൽ കരിമരുന്നു പ്രയോഗങ്ങളും ചെണ്ടമേളവും തുടങ്ങി വേറൊരു തലത്തിലേക്ക് മാറിയിരിക്കുന്നു.

പാച്ചോർ: പിണ്ടി പെരുന്നാളിന്റെ ഒരു പ്രത്യേക ഭക്ഷണമാകുന്നു പാച്ചോർ. പച്ചരിയും(വെള്ളയരി) തേങ്ങാപ്പാലുമുപയോ ഗിച്ചാണ് ഈ പലഹാരം നിർമ്മിക്കുന്നത്. അന്നേ ദിവസം എല്ലാ വീടുകളിലും പാച്ചോറും ശർക്കര പാനിയും ഉണ്ടാക്കുകയും അവ കഴിക്കുകയും ചെയ്യുന്ന പതിവുണ്ട്. പള്ളിയിലും അന്നത്തെ നേർച്ച പാച്ചോറായിരിക്കും.

തയ്യാറാക്കിയത്
ഫാ പീറ്റർ കാക്കശ്ശേരി & ഫാ ഇയ്യോബ് OlC

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ