നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ സഭ: പരി. കാതോലിക്കാ ബാവാ

കോട്ടയം :- കോടതിവിധിക്ക് അനുസൃതമായും സഭയുടെ ഭരണഘടനപ്രകാരവും പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അംഗീകരിക്കാൻ ഓർത്തഡോക്സ് സഭ തയാറാണെന്നും ഇക്കാര്യം യാക്കോബായ സഭയെ അറിയിച്ചിട്ടുണ്ടെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇനി നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ സഭയാണ്. വിശ്വാസികളുടെ ഭൂരിപക്ഷം കണക്കിലാക്കി പള്ളികൾ വീതംവയ്ക്കാനാകില്ല. ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന പള്ളികളിലെ വിശ്വാസികളുടെ ഭൂരിപക്ഷപ്രകാരം ഭരണം നടത്തുന്നതിൽ തെറ്റില്ലെന്ന് ബാവാ പറഞ്ഞു.

സഭാ ഭരണഘടന പ്രകാരം ഭരിക്കുന്ന പള്ളികളിൽ വിശ്വാസികൾക്ക് വിലക്കുകളില്ല. സഭ അംഗീകരിച്ച പള്ളികൾ നിശ്ചയമായും ഓർത്തഡോക്സ് സഭയോടു ചേർന്നിരിക്കും. കോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകുമെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നു സഹകരണം ലഭിക്കുന്നുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമ്മിഷൻ സമർപ്പിച്ച ശുപാർശകൾ സംബന്ധിച്ച് സഭയ്ക്ക് അറിവില്ല. പരമോന്നത കോടതിയുടെ വിധി മറികടക്കാൻ സർക്കാർ തയാറാകുമെന്നു കരുതുന്നില്ലെന്നു ബാവാ പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് എതിർപ്പില്ലെന്ന്  ബാവാ പറഞ്ഞു.

ബിഷപ് തിരഞ്ഞെടുപ്പ്: നാമനിർദേശം സ്വീകരിച്ചു തുടങ്ങി

സഭയിൽ പുതിയതായി തിരഞ്ഞെടുക്കുന്ന മെത്രാപ്പൊലീത്തമാരുടെ നാമനിർദേശം സ്വീകരിച്ചു തുടങ്ങി. 28 ആണ് നാമനിർദേശം സ്വീകരിക്കാനുള്ള അവസാന തീയതി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി അങ്കണത്തിൽ തയാറാക്കിയ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ ഫെബ്രുവരി 25നു നടക്കുന്ന മലങ്കര അസോസിയേഷനിലാണ് തിരഞ്ഞെടുപ്പ്. ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ നേതൃത്വത്തിൽ സ്ക്രീനിങ് കമ്മിറ്റി കൂടി നാമനിർദേശങ്ങൾ പരിശോധിക്കും.

14 പേരുടെ ലിസ്റ്റ് സ്ക്രീനിങ് കമ്മിറ്റി കാതോലിക്കാ ബാവായ്ക്കു സമർപ്പിക്കും. ആ ലിസ്റ്റിൽനിന്ന് 11 പേരെ മാനേജിങ് കമ്മിറ്റി തിരഞ്ഞെടുത്ത് അസോസിയേഷനു നൽകും. അസോസിയേഷനാണ് ഇതിൽനിന്ന് 7 പേരെ തിരഞ്ഞെടുക്കുന്നത്. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റിയും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ അധ്യക്ഷതയിൽ ട്രൈബ്യൂണലും പ്രവർത്തിക്കുന്നുവെന്ന് കാതോലിക്കാ ബാവാ, സഭാ വക്താവ് ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, പിആർഒ ഫാ. മോഹൻ ജോസഫ് എന്നിവർ അറിയിച്ചു.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in