OVS - Latest NewsOVS-Kerala News

പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വത്തിന് 100 വയസ്

മുളന്തുരുത്തി: മലങ്കരസഭയിലെ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന കാതോലിക്കാ-പാത്രിയര്‍ക്കീസ് വിഭാഗീയതില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഏക പട്ടക്കാരന്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വന് 2021 ഡിസംബര്‍ 23-ന് നൂറ് വയസ് തികയുന്നു.

1876-ലെ മുളന്തുരുത്തി സുന്നഹദോസ് കാലത്ത് മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി ആയിരുന്ന തോപ്പില്‍ ചെറിയതു ചെറിയ കത്തനാരുടെ പൗത്രനും മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി ആയിരുന്ന പൊനോടത്ത് മത്തായി കത്തനാരും, പള്ളി കൈക്കാരനും മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗവും ആധുനിക മുളന്തുരുത്തിക്ക് അടിസ്ഥാനമിട്ട സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ ചാലില്‍ കോച്ചു കോരയും കക്ഷിവഴക്കിന്റെ പേരില്‍ പ്രകോപനമില്ലാതെ പള്ളിമേടയില്‍ മര്ദ്ദനമേറ്റത് ഒരേ സമയത്താണ്. പ. പരുമല തിരുമേനിയ്ക്ക് സ്വന്ത നാടായ മുളന്തുരുത്തിയില്‍ ഉണ്ടായിരുന്ന ഏക ശിഷ്യനായിരുന്നു പാനോടത്ത് മത്തായി കത്തനാര്‍.

ചാലില്‍ കോച്ചു കോര ഉടന്‍ മരിച്ചു. മര്‍ദ്ദനമേറ്റു അബോധാവസ്ഥയിലായ മത്തായി കത്തനാര്‍ ഡിസംബര്‍ 23-ന് മരിച്ചു. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ പിറ്റന്നു കബറടക്കി. മത്തായി കത്തനാരുടെ പൗത്ര പുത്രന്മാരാണ് നാഗപൂര്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോസി ജേക്കബും മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി കൈക്കാരന്‍ എബിന്‍ മത്തായിയും.

പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വ ശതാബ്ദിയായ 2021 ഡിസംബര്‍ 23-ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് മത്തായി കത്തനാരുടെ കബറുങ്കല്‍ ധൂപപ്രാര്‍ത്ഥ നടത്തുകയും ചെയ്യും..