OVS - Latest NewsOVS-Kerala News

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈവന്നിരിക്കുന്നത് വലിയ ഉത്തരവാദിത്തം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :- കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായി ഇരിക്കുമ്പോൾ തന്റെ ഇടവകകളിൽ സമാധാനം ഉറപ്പാക്കാൻ കഴിഞ്ഞ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് അതിനു പുറത്തും സമാധാനം ഉറപ്പുവരുത്തേണ്ട വലിയ ഉത്തരവാദിത്തമാണു കൈവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു തിരുവനന്തപുരം പൗരാവലി ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നുവെന്നാണു ക്രിസ്തു പറഞ്ഞതെന്നും ആ സമാധാനം വിശ്വാസി സമൂഹവുമായി പങ്കുവയ്ക്കാൻ ബാവായ്ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേരളമാകെ ഉറ്റുനോക്കുകയാണ്. അതിനു സർക്കാരിന്റെ സഹകരണം ഉറപ്പുതരുന്നു. കേരളസമൂഹത്തെ ഇത്രയും വൈവിധ്യപൂർണമായി നിലനിർത്താൻ സുറിയാനി ക്രിസ്ത്യാനികൾ വഹിച്ച പങ്കു വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആ നേതൃനിരയിലേക്കു പുതിയ കാതോലിക്കാ സ്ഥാനാരോഹണം ചെയ്തതിനു ചരിത്ര പ്രാധാന്യമുണ്ട്.

ലോകത്തിലെ പല ഭാഗങ്ങളിലെയും അറിവുകൾ പ്രയോജനപ്പെടുത്തി വളർന്ന കേരളത്തെപ്പോലെ, പലയിടത്തുനിന്നും അറിവു സ്വാംശീകരിച്ച വ്യക്തിത്വമാണു കാതോലിക്കാ ബാവായുടേത്. കഴിഞ്ഞ കാലത്ത് വിവിധ സാമൂഹിക സേവന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി. സഹജീവി സ്നേഹത്തോടെയുള്ള ഇടപെടൽ കൂടുതൽ വേണ്ട കാലമാണിത്. മഹാമാരിയും പ്രകൃതി ദുരന്തവും വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാക്കി. അവർക്ക് ആശ്വാസം നൽകാനുള്ള ഉദ്യമത്തിൽ സർക്കാരുമായി കൈകോർക്കാൻ ബാവായുടെ നേതൃപരമായ പങ്ക് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ ആധ്യാത്മിക രംഗത്തു നൽകിയ സംഭാവന എല്ലാവർക്കും അറിയാമെങ്കിലും അധികമാരും അറിയാതെ അദ്ദേഹം നൽകിയ സാമൂഹിക സംഭാവന അമൂല്യമാണെന്ന് അധ്യക്ഷത വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.  സഭയിലെയും ദൈവരാജ്യത്തിലെയും സകല മനുഷ്യരെയും ചേർത്തു നിർത്താനും സർവർക്കും നന്മ ചെയ്യാനും പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു കഴിയട്ടെയെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ആശംസിച്ചു.

വിജ്ഞാനത്തിലും വിവേകത്തിലും ജനപ്രീതിയിലും ഉയർന്നു നിൽക്കുന്ന വ്യക്തിത്വമാണു പരിശുദ്ധ ബാവായുടേതെന്നും അതു കൂടുതൽ വിശാലമായി പ്രയോജനപ്പെടുത്താൻ പുതിയ ചുമതലയിൽ കഴിയട്ടെയെന്നും ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ആശംസിച്ചു. സമൂഹത്തിൽ വെല്ലുവിളി നേരിടുന്നവരെയെല്ലാം ചേർത്തുപിടിക്കാനാകണമെന്നും എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവർത്തകരോടുമൊപ്പം അവരുടെ കണ്ണീരൊപ്പാൻ താനും സഭയമുണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പ്രവാസികളെയും മുതിർന്ന പൗരൻമാരെയും പോലെ നല്ലകാലത്തു സമൂഹത്തിന്റെ വളർച്ചയ്ക്ക് അധ്വാനിച്ചവർ വാർധക്യകാലത്തു തനിച്ചാകുമ്പോൾ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ഒരു വശത്തു കുറച്ചുപേർ സുഖം അനുഭവിക്കുമ്പോൾ, മറുവശത്ത് ഏറെപ്പേരും ദുഃഖത്തിലും ആശങ്കയിലും കഷ്ടപ്പാടിലുമാണ്. അവരുടെ പ്രശ്നങ്ങളോടു പ്രതികരിക്കാനും ഒപ്പം നിൽക്കാനുമുള്ള പ്രതിബദ്ധത താൻ ഉൾപ്പെടെ എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് , ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് , സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,യുഡിഎഫ് കൺവീനർ എം.എം.ഹസൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഒ.രാജഗോപാൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി.കെ.പ്രശാന്ത് എംഎൽഎ, മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കവി പ്രഭാവർമ, മുൻ സ്പീക്കർ എം.വിജയകുമാർ, ജോസഫ് എം.പുതുശേരി, ഡപ്യൂട്ടി മേയർ പി.കെ.രാജു എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ