OVS - Latest NewsOVS-Kerala News

പരിശുദ്ധ കാതോലിക്കാ ബാവാ തൊഴിയൂർ സഭാ ആസ്ഥാനം സന്ദർശിച്ചു ; ബാവ തിരുമേനിയ്ക്ക് സഭയുടെ സ്‌നേഹാദരം

തൊഴിയൂർ – മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനമായ തൊഴിയൂർ സെന്റ്‌ ജോർജ്ജ് ഭദ്രാസന ഇടവക ദേവാലയം മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ ആയ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സന്ദർശിച്ചു. പരിശുദ്ധ സഭ കാതോലിക്കാ ബാവാ തിരുമേനിക്ക് ഊഷ്മളമായ സ്വീകരണം നൽകി. അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയോടൊപ്പം എത്തിയ കാതോലിക്കാ ബാവായെ സഭാ പരമാധ്യക്ഷൻ നി.വ.ദി.മ.മ.ശ്രീ. സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട്‌ സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. സഭയിലെ വന്ദ്യ വൈദിക ശ്രേഷ്ഠർ മെഴുകുതിരികൾ കത്തിച്ച് ബാവായെ ദേവാലയത്തിന് അകത്തേക്ക് സ്വീകരിച്ചാനയിച്ചു. സഭാ സെക്രട്ടറി, ഭദ്രാസന ഇടവക സെക്രട്ടറി എന്നിവർ ബാവയ്ക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. തുടർന്ന് ബാവ തിരുമേനി ഭദ്രാസന ദേവാലയത്തിലെ വിശുദ്ധ മദ്ബഹായിലും പരിശുദ്ധനായ മോർ കൂറിലോസ് ബാവയുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തി.

തുടർന്നു നടന്ന സ്വീകരണ യോഗത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് കാതോലിക്കാ ബാവായ്ക്ക് സ്വാഗതം അരുളുകയും അഭിവന്ദ്യ യൂലിയോസ് തിരുമേനി തൊഴിയൂർ സഭയുമായുള്ള ഊഷ്മള ബന്ധം സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് ബാവ തിരുമേനി മറുപടി പ്രസംഗം നടത്തി. “കതോലിക്കാ സ്ഥാനാരോഹണ ശേഷം കുന്നംകുളം ഭദ്രാസന സന്ദർശനത്തിൽ തൊഴിയൂർ സഭയുടെ പരിശുദ്ധ ദേവാലയമാണ് താൻ ആദ്യമായി സന്ദർശിക്കുന്ന ദേവാലയമെന്നും അത് ഒരു അപൂർവ്വ ഭാഗ്യമായി കാണുന്നുവെന്നും” ബാവാ തിരുമേനി പ്രസംഗത്തിൽ പറഞ്ഞു പരിശുദ്ധ സഭയുടെ സ്നേഹ സമ്മാനമായി അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സ്വർണ്ണത്തിൽ തീർത്ത സ്ലീബാ ബാവയ്ക്ക് ഉപഹാരമായി സമർപ്പിച്ചു. ഭദ്രാസന ഇടവക വികാരിയും ഇടവക ഭാരവാഹികളും ചേർന്ന് ബാവയ്ക്ക് ഉപഹാരം സമർപ്പിച്ചു.

സഭയിലെ വൈദീകർ, ശെമാശ്ശൻ, സഭാ കൗൺസിൽ അംഗങ്ങൾ, വിവിധ ഇടവകകളിലെ കമ്മിറ്റി ഭാരവാഹികൾ, സഭയുടെ ഭക്ത സംഘടനാ ഭാരവാഹികൾ, ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ,സഭാ വിശ്വാസികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

തുടർന്ന് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ അരമനയിൽ ഇരുസഭകളുടെയും പരമാധ്യക്ഷന്മാർ തമ്മിൽ സഭാ കാര്യങ്ങൾ ചർച്ച ചെയ്യുകയും സ്നേഹ വിരുന്നിൽ സംബന്ധിക്കുകയും ചെയ്തു.

സഭാ വൈദിക ട്രസ്റ്റി ഫാ. പ്രിൻസ് ഐ കോലാടി സഭാ കൗൺസിൽ വൈസ് പ്രസിഡണ്ട് ഫാ. വർഗ്ഗീസ് വാഴപ്പിള്ളി,സഭാ സെക്രട്ടറി ഗീവർ മാണി, അൽമായ ട്രസ്റ്റി ബിനോയ് മാത്യു, ഭദ്രാസന ഇടവക സെക്രട്ടറി ജോസഫ് വിവേക് എന്നിവരടങ്ങിയ സഭാ നേതൃത്വം സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ