പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കണ്ടനാട് കത്തീഡ്രലിൽ ഉജ്ജ്വല വരവേൽപ്പ്

കണ്ടനാട്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് കണ്ടനാട് പള്ളിയിൽ ഗംഭീര സ്വീകരണം നൽകി. വൈകിട്ട് മൂന്നു മണിക്ക് അ വട്ടുക്കുന്ന് ജംഗ്ഷനിൽ ഉദയംപേരൂർ ചോറ്റാനിക്കര മുളന്തുരുത്തി പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡണ്ടുമാരായ ശ്രീമതി സജിത മുരളി ശ്രീ എം ആർ രാജേഷ് ശ്രീമതി മറിയാമ്മ ബെന്നി എന്നിവരും മുളന്തുരുത്തി മാർത്തോമൻ പള്ളിക്ക് വേണ്ടി വികാരി ജിയോ ജോർജ് അച്ഛനും സെൻറ് ജോൺസ് പള്ളി വികാരി, പുന്നച്ചാലിൽ എൻഎസ്എസ് പ്രസിഡൻറ് വിനോദ്, മുളന്തുരുത്തി എസ്എൻഡിപി സെക്രട്ടറി എംഎസ് മനോഹരൻ കണ്ടനാട് സൗത്ത് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജോൺ പൗരാവലിയ്ക്ക് വേണ്ടി ശ്രീ ലെവി തേക്കിൻകാട്ടിൽ ശ്രീ സാബു കെ കെ എന്നിവരും നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി.

അനേകം വാഹനങ്ങളുടെ അകമ്പടിയോടുകൂടി കണ്ടനാട് കരവട്ടെകുരിശിങ്കൽ എത്തിച്ചേർന്നപ്പോൾ വികാരി വെരി റവ ഐസക്ക് മട്ടമ്മേൽ കോർ-എപ്പിസ്കോപ്പാ ഹാരമർപ്പിക്കുകയും ജനറൽ കൺവീനർ ശ്രീ വി.കെ വർഗീസ് ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കണ്ടനാട് കരവട്ടെകുരിശിങ്കൽ പരിശുദ്ധ കാതോലിക്കാ ബാവാ ധൂപപ്രാർത്ഥന നടത്തുകയും തുടർന്ന് പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി അധ്യക്ഷത വഹിക്കുകയും ആദരണീയനായ ഗോവ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വത്വത്തേയും തദ്ദേശീയതും ഉൾകൊള്ളുന്ന കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. സഭയുടെ സ്നേഹത്തിന് നന്ദി അർപ്പിച്ചു. അഹമ്മദാബാദ് കുന്നംകുളം ഭദ്രാസനത്തിന്റെ അധിപൻ അഭി. ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.

നാടിൻറെ വികസനത്തെപ്രതി ഉദയംപേരൂർ കണ്ടനാട് റോഡിൻറെ വികസനത്തിനായി ചരിത്രപരമായ മതിലിന്റെ ഒരു ഭാഗം പൊളിച്ച് നൽകാനുള്ള ഇടവകയുടെ സമ്മതപത്രം ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി കൈമാറുകയും ചെയ്തു. പള്ളിയുടെ ഉദാത്ത മാതൃകയ്ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തുകയും പരിശുദ്ധ ബാവായ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. വൈദിക ട്രസ്റ്റി ബഹുമാനപ്പെട്ട എം.ഒ.ജോൺ അച്ചൻ, ശ്രീ കെ.ബാബു എം.എൽ.എ, മുൻ എംഎൽഎ ശ്രീ എം സ്വരാജ്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത മുരളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിനു ജോഷി ശ്രീ സാബു കാറ്റാടിയിൽ , ശ്രീ വി കെ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സഹവികാരി റവ.ഫാ.ജോൺ മാത്യൂസ് നന്ദി അർപ്പിച്ചു. നാളെ രാവിലെ 7.30 മണിക്ക് പ്രഭാത നമസ്കാരം, 8.30 വി.മൂന്നിന്മേൽ കുർബ്ബാന പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴ് വും, നേർച്ച വിളമ്പ് എന്നിവയുണ്ടാകും.

error: Thank you for visiting : www.ovsonline.in