ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ കാതോലിക്കായായി ഇന്ന് വാഴിക്കും.

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഇന്ന് (15/10/2021 വെള്ളിയാഴ്ച) പരുമല പള്ളിയില്‍ വച്ച് കാതോലിക്കായായി സ്ഥാനാരോഹണം നടത്തുവാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചതായി സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.

ഇന്നു രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും. കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നതാണ്. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്ന സമയത്ത് പരുമല സെമിനാരിയില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഗ്രീഗോറിയന്‍ ടിവി ശുശ്രൂഷകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കും. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും.

സഭയുടെ 22-ാം മലങ്കര മെത്രാപ്പോലീത്തായായും, 9-ാം കാതോലിക്കായായുമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സേവേറിയോസിനെ ഇന്നലെ തിരഞ്ഞെടുത്തത്. പ്രഖ്യാപനത്തെ തുടര്‍ന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തായായി ചുമതലയേറ്റു.

സഭയുടെ പാർലമെന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മലങ്കര അസോസിയേഷനിൽ പള്ളി പ്രതിപുരുഷന്മാരും വൈദികരും മാനേജിങ് കമ്മിറ്റിയംഗങ്ങളും മെത്രാപ്പൊലീത്താമാരും ഉൾപ്പെടെ 4007 അംഗങ്ങളാണുള്ളത്. മുൻപ് നടന്ന നടന്ന യോഗങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള പ്രതിനിധികൾ സമ്മേളന സ്ഥലത്ത് നേരിട്ടെത്തി പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാൽ ഈ പ്രാവിശ്യം കോവിഡ് നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്ന 30 ഭദ്രാസനങ്ങളിൽ സജ്ജീകരിച്ചിരുന്ന 50 സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധികൾ ഒത്തു ചേരുകയായിരുന്നു. മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രമാണ് പരുമലയിലെ യോഗത്തിൽ പങ്കെടുത്തത്. മറ്റ് അസോസിയേഷൻ അംഗങ്ങൾ അതതു ഭദ്രാസനങ്ങളിൽ സമ്മേളിച്ച് ഓൺലൈനായി പങ്കു ചേരുകയായിരുന്നു. നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിർദേശിച്ചിരുന്നു. ഇതിന് ഇന്നലെ പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ ഔദ്യോഗിക അംഗീകാരം നൽകുകയായിരുന്നു.

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടണമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. മത ബഹുസ്വരത നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ മതേതരത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി. കരുണയെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീബുദ്ധനെയും മഹാത്മാഗാന്ധിയെയും ശ്രീനാരായണഗുരുവിനെയും ഓർമ്മിച്ചു. മലങ്കര സഭ ഏകമാണെന്നും അതിന്റെ മക്കൾ ഒരുമിച്ച് ജീവിക്കണമെന്നും മലങ്കര സഭയുടെ സ്വയം ശീർഷകത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം അർത്ഥ ശങ്കയില്ലാതെ പറയുകയുണ്ടായി.

ഇന്ന് പരുമലയിൽ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയെ തുടര്‍ന്ന് കേരളത്തിലെ മതമേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന അനുമോദന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

മലങ്കര അസോസിയേഷന്‍ 1653 മുതല്‍ 2020 വരെ

error: Thank you for visiting : www.ovsonline.in