OVS - ArticlesOVS - Latest News

കൂദാശയുടെ നിറവോടെ വടുവൻചാൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി

ചരിത്രവഴിയിലൂടെ

സ്വാതന്ത്ര്യാനനന്തരം മധ്യകേരളത്തിൽ നിന്നും തിരുവിതാംകൂറിൽ നിന്നും വയനാട്ടിലേക്ക് ധാരാളം ജനങ്ങൾ കുടിയേറാൻ തുടങ്ങി.ക്രിസ്തുമത വിശ്വാസികളായിരുന്നു ഭൂരിപക്ഷവും.

വയനാട്ടിലെ മേപ്പാടി അന്ന് ധനവാന്മാരായതോട്ടം ഉടമകളും കഠിനാധ്വാനികളായ തൊഴിലാളികളും ചേർന്ന് വസിക്കുന്ന സുന്ദരമായ പ്രദേശമായിരുന്നു. കുടിയേറ്റ കർഷകർ അവരുടെ തോട്ട ഭൂമിയിൽ നിന്നു കുറച്ചകലെമാറി വെട്ടിത്തെളിച്ച വനഭൂമിയിൽ മണ്ണിനോട് പടയൊരുതി. കർഷകരിൽ ഭൂരിപക്ഷവും ക്രിസ്തുമത വിഭാഗത്തിൽ പെട്ടവരായിരുന്നു. ക്രമേണ വടേരി എന്ന വടുവൻചാൽ പ്രദേശം വയനാട്ടിലെ പ്രമുഖ വ്യാപാര കേന്ദ്രമായി വളർന്നു. വയനാട്ടിൽ നിന്ന് ഊട്ടിപട്ടണത്തിലെത്താനും നാടുകാണി ചുരം വഴി നിലമ്പൂർ എത്താനുമുള്ള വഴികൾ വടുവൻചാലിനെ വയനാടിൻ്റെ ഭൂപടത്തിലെ പ്രധാന്യമുള്ള കേന്ദ്രമാക്കി. തേയിലത്തോട്ടങ്ങളുടെ ഹരിത നീലിമയും മീൻമുട്ടി വെള്ളച്ചാട്ടവും വടേരിയെ കേരളടൂറിസം മാപ്പിലെ പ്രധാന പട്ടണമാക്കി.

ക്രിസ്തുമവിശ്വാസികൾ ദൈവാരാധനക്ക് ഒത്തുകൂടി. 1952ൽ ഒരു എക്യൂമിനിക്കൽ സെൻ്ററായിരുന്നു ആദ്യം രൂപം കൊണ്ടത്. ക്രമേണ വിശ്വാസികൾ തങ്ങൾ താന്താങ്ങളുടെ വിശ്വാസത്തിലേക്ക് മാറി. ഓർത്തഡോക്സ്,CSI , മാർത്തോമാ, കത്തോലിക്ക തുടങ്ങിയ വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക ആരാധനാലയങ്ങളായി.

1962 ൽ ഒമ്പത് കുടുംബങ്ങൾ ചേർന്നാണ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ ആരംഭം. വന്യമൃഗങ്ങളുടെയും ഇഴജാതികളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന മദ്ധ്യസ്ഥനായ ഗീവർഗ്ഗീസ് സഹദയുടെ നാമത്തിൽ തന്നെയാണ് ദേവാലയം സ്ഥാപിക്കപ്പെട്ടത്. ഓലമേഞ്ഞ ദേവാലയം പല കാരണങ്ങൾ കൊണ്ട് മാറ്റി മാറ്റി സ്ഥാപിച്ചു.

1986 ൽ വടുവൻചാൽ വ്യാപാര കേന്ദ്രത്തിന് അധികം അകലെയല്ലാതെ ഒരു മനോഹരമായ ദേവാലയം ഉയരുവാൻ അവരുടെ അക്ഷീണ ശ്രമങ്ങൾ കൊണ്ട് സാധിച്ചു. ഗൂഡലൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പൊതുനിരത്ത് നിർമ്മിക്കപ്പെട്ടപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം റോഡു നിരപ്പിൽ നിന്ന് കുറച്ച് താഴ്ച്ചയിലായി. ശനിയാഴ്ചയും ഞയറാഴ്ചയും ആരാധന ഗീതങ്ങൾ കൊണ്ട് നാടിൻ്റെ ആത്മീയതയിൽ ആറാടിച്ചു. കുട്ടികൾക്ക് സൺഡേസ്കൂളും ആരംഭിച്ചു. പുതുതലമുറ നല്ല വിദ്യാഭ്യസം ചെയ്ത് വിദേശത്തും സ്വദേശത്തും ജോലി തേടി.

2017ൽ സ്ഥലപരിമിതിയെ മറികടക്കാൻ ദേവാലയത്തിൻ്റെ പുനർനിർമ്മാണം ചർച്ചയായി. ദേവാലയം മാറ്റി സ്ഥാപിക്കുന്നതിനെ പറ്റിയും ചർച്ചകൾ നടന്നു. വി. ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദൈവാരാധന ക്കുള്ള പുണ്യഭൂമി ഉപേക്ഷിക്കാൻ അംഗങ്ങൾ മടി കാണിച്ചു. ഇടവക വികാരി ഒരു പോംവഴി നിർദ്ദേശിച്ചു. നിൽക്കുന്ന സ്ഥലത്തു തന്നെ രണ്ടു നിലകളായി ആലയം ഉയർത്തുക. താഴെ പാരീഷ് ഹാളും മുകളിൽ മനോഹരമായ ദേവാലയവും. പ്രാകാരത്തിലേക്ക് എത്താൻ റോഡിൽ നിന്ന് വഴിയും. കിഴക്ക് ദിക്ക് ഒന്നുകൂടി പുനർനിർണയിക്കപ്പെടണം. നിർദ്ദേശം സന്തോഷപൂർവ്വം സ്വീകരിക്കപ്പെട്ടു.
അനുഗ്രഹിക്കപ്പെട്ട ജനതയുടെ അകമഴിഞ്ഞ സഹായത്താൽ 2021 സെപ്റ്റബർ 24 ന് ഭദ്രാസന മെത്രാപ്പോലിത്ത എപ്പിഫാനിയോസ് തിരുമനസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൂദാശ നടത്തി പ്രമുഖ തീർത്ഥാടന കേന്ദ്രമായി മനോഹരമായ ഈ ദേവാലയം നാടിന് സമർപ്പിക്കപ്പെട്ടു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ