‘അവനു രൂപഗുണമില്ല…!!!’

‘നിരണം ഗ്രന്ഥവരി’ എന്നത് മലയാള ഭാഷയില്‍ രചിക്കപ്പെട്ട ആദ്യ ചരിത്ര ഗ്രന്ഥമാണ്. അത് നസ്രാണികളുടെ ചരിത്രവുമാണ്. പല പില്‍ക്കാല പകര്‍പ്പുകള്‍ ഉണ്ടെങ്കിലും മേപ്രാല്‍ കണിയാന്ത്ര കുടുംബത്തില്‍ സൂക്ഷിച്ചിരിക്കുന്ന താളിയോല ഗ്രന്ഥമാണ് അവയില്‍ ഏറ്റവും പുരാതനം. ആ പകര്‍പ്പിനേയും ലഭ്യമായ ഇതര പകര്‍പ്പുകളേയും അവലംബിച്ചാണ് 2000-മാണ്ടില്‍ ‘നിരണം ഗ്രന്ഥവരി’ ഈ ലേഖകന്‍ എഡിറ്റു ചെയ്ത് അടിക്കുറിപ്പുകളോടെ ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോകപ്രശസ്ത ചരിത്രകാരനും ഈ ലേഖകന്റെ ഗവേഷണ മാര്‍ഗ്ഗദര്‍ശിയുമായ ഡോ. എം. ആര്‍. രാഘവ വാര്യരാണ് അതിനു പ്രേരണ നല്‍കിയതും അവതാരിക എഴുതിയതും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ എഴുതപ്പെട്ട താളിയോല രചന പരാവര്‍ത്തനം ചെയ്തപ്പോള്‍ അനേക വാക്കുകളും വാചകങ്ങളും അനായാസമായി വ്യാഖ്യാന വിധേയമായില്ല. ലിപിഘടനയായിരുന്നു ഒരു മുഖ്യ പ്രശ്‌നം. അവയിലൊന്നാണ് ‘…81-മാണ്ടു കന്നിമാസം 13-നു പെരുമ്പടപ്പില്‍ വലിയ കടു(റു)ത്ത തമ്പൂരാന്‍ തീപ്പെട്ടു…’ എന്ന വാചകം. 1805 സെപ്റ്റംബര്‍ 26-നു അന്തരിച്ച ശക്തന്‍ തമ്പുരാനാണ് പരാമര്‍ശ വിധേയന്‍ എന്നു വ്യക്തമാണെങ്കിലും അക്ഷരഘടന ‘കറുത്ത‘ എന്നതാണോ ‘കടുത്ത’ എന്നതാണോ ശരി എന്നതില്‍ ഈ ലേഖകനെ ഏറെ കുഴക്കി. അവസാനം ‘കടുത്ത = ശക്തന്‍’ എന്ന നിഗമനത്തില്‍ അപ്രകാരം രേഖപ്പെടുത്തുകയും ചെയ്തു. ആഡ്യ ക്ഷത്രിയ കുടുംബത്തില്‍ പിറന്ന ശക്തന്‍ തമ്പുരാന്‍ ‘കറുത്ത തമ്പുരാന്‍’ ആവുകയില്ല എന്ന മിദ്ധ്യാ ധാരണയും ഇതിനു കാരണമായി.

എന്നാല്‍ ‘നിരണം ഗ്രന്ഥവരി’ പ്രസിദ്ധീകരിച്ച ശേഷം ഈ ലേഖകന്റെ സുഹൃത്തും ചരിത്ര കുതുകിയുമായ അഡ്വ. ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍, ശക്തന്‍ തമ്പുരാന്‍ ‘കറുത്ത തമ്പുരാന്‍’ എന്നറിയപ്പെട്ടിരുന്നു എന്ന് അറിയിച്ചു. തുടര്‍ വായനയില്‍ ഇതു ശരി എന്നു മാത്രമല്ല, കൊച്ചി രാജവംശത്തില്‍ തുല്യ ആഡ്യത്വവും തുല്യ അവകാശവും ഉണ്ടായിരുന്ന കറുത്ത താവഴി, വെളുത്ത താവഴി എന്നിങ്ങന രണ്ടു ശാഖകള്‍ ഉണ്ടായിരുന്നതായും സൂചന ലഭിച്ചു. അതിനാല്‍ ‘നിരണം ഗ്രന്ഥവരി’ പുനര്‍പ്രസിദ്ധീകരിച്ചപ്പോള്‍ ‘വലിയ കറുത്ത തമ്പുരാന്‍’ എന്ന പാഠഭേദമാണ് ഉപയോഗിച്ചത്.

ഈ നിസാര വിഷയം ഇത്ര വിശദമായി പ്രതിപാദിച്ചത് കഴിഞ്ഞ രണ്ടു ദീവസങ്ങളില്‍ കണ്ട ചില പരാമര്‍ശനങ്ങള്‍ മൂലമാണ്. ഇന്ത്യ ഒക്കയുടേയും വാതിലും മലങ്കര നസ്രാണികളുടെ ജാതിക്കു തലവനുമായ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ തൊലിനിറത്തെപ്പറ്റി സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്ന ചില വിമര്‍ശനങ്ങളാണവ. അദ്ദേഹം കറുത്തവനാണത്രെ! ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃഷ്ണ വര്‍ണ്ണത്തില്‍ പരാതി ഇല്ലാത്ത കേരളീയ സമൂഹത്തിലാണ് ഇത് എഴുന്നള്ളിച്ചത്! പ്രത്യേകിച്ചും ‘കറുത്തവരുടെ ഇടയില്‍ പരിശുദ്ധര്‍ ഉണ്ടാകില്ലാ’ എന്ന് ആക്രോശിച്ചുകൊണ്ട് പഴയ സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്റെ സ്മാരക കബറിടം ചവുട്ടി പൊളിച്ച ശീമമെത്രാന്റെ അന്ത്യം എങ്ങിനെ ആയിരുന്നു എന്നു കൃത്യമായി രേഖപ്പെടുത്തിയ നസ്രാണിയുടെ മുമ്പില്‍!

വെളുപ്പു നിറം’ ആഡ്യത്വത്തിന്റെയും കുടുംബ മാഹാത്മ്യത്തന്റെയും പ്രത്യക്ഷ ലക്ഷണമായി മലങ്കര നസ്രാണികള്‍ കാണാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടില്‍ എന്നോ മാത്രമാണ്. 1892-ല്‍ പ്രസിദ്ധീകരിച്ച ‘പരിഷ്‌ക്കാരപ്പാതി’ എന്ന നസ്രാണി സാമൂഹ്യ വിവരണ പ്രധാനമായ നോവലില്‍പ്പോലും പെണ്ണുകാണാന്‍ പോകുന്നവരെ ‘…മാമ്മച്ചാ, പെണ്ണിനു കാതും തലമുടിയും ഒക്കെയുണ്ടോ എന്നു നോക്കിക്കോണേ…’ എന്നല്ലാതെ ‘നിറം’ നോക്കാന്‍ വീട്ടുകാരത്തികള്‍ നിര്‍ദ്ദേശിക്കുന്നില്ല. കാരണവന്മാര്‍ ആവശ്യപ്പെടുന്നത് ‘കുടുംബം’ നോക്കാനും, അക്ഷരജ്ഞാനം പരീഷിക്കാനും.

സത്യത്തില്‍ കേരളത്തിലെ അത്യപൂര്‍വം ഗോത്രവര്‍ഗ്ഗക്കാര്‍ ഒഴികെ കേരളത്തിലെ ഒരു ജാതിക്കും ജനിതക സംശുദ്ധി അവകാശപ്പെടാനാവില്ല. കേരളത്തില്‍ ജാതി വ്യവസ്ഥ ഉറയ്ക്കുന്നതിനു മുമ്പുതന്നെ അവരെല്ലാം സങ്കര വംശീയരാണ്. ‘നമ്പൂതിരി മുതല്‍ നായാടി വരെ’ എന്നു ചിലര്‍ പറയുന്ന ജാതി ശ്രേണിയില്‍ എവിടെയും ഇത് പരിശോധനാ വിധേയമാക്കാവുന്നതാണ്. യഹൂദ വംശംജര്‍ എന്നു അവകാശപ്പെടുന്ന പേര്‍ഷ്യന്‍ കുടിയേറ്റക്കാരുടെ പിന്‍മുറക്കാരായ ക്‌നാനായക്കാരുടെ പിന്‍മുറക്കാരുടെ വര്‍ണ്ണ വൈവിദ്ധ്യം തന്നെ ഏറ്റവും നല്ല ഉദാഹരണം. മലയാളിക്കു മുഴുവന്‍ ജാതിഭേദമന്യേ ത്വക്വവര്‍ണ്ണ ഭേദമുണ്ട്. ‘ശുദ്ധ രക്തം‘ ആര്‍ക്കുമില്ലന്നു സാരം.

എന്നോ എവിടെയോ ‘വെളുപ്പു ദീനം’ കയറിവന്നു. ഇതിന് ആദ്യം ഇരയായത് സഭയിലെ മണ്‍മറഞ്ഞ പിതാക്കന്മാരാണ്. ഇരുനിറക്കാരന്‍ എന്ന് സ്വകുടുംബമായ ചാത്തുരുത്തിക്കാര്‍ പോലും സാക്ഷിക്കുന്ന പ. പരുമല തിരുമേനിയെ പല്‍ക്കാലത്ത് ‘പെയിന്റെടിച്ചു വെളുപ്പിച്ചു.’ ഇതു തന്നെ പ. വട്ടശേരില്‍ തിരുമേനിക്കും സംഭവിച്ചു. അദ്ദേഹത്തേയും വെളുപ്പിച്ചു! എന്നു മാത്രമല്ല; അദ്ദേഹത്തിന്റെ ‘ബ്രാന്‍ണ്ട് ഇമേജായ’ കോങ്കണ്ണ് നേരേയാക്കാനും സമീപകാലത്ത് ശ്രമം നടന്നു!

വട്ടശ്ശേരില്‍ മല്പാന്റെ 1905-ലെ കോലവും അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ ആയശേഷമുള്ള രൂപമാറ്റവും ദൃക്‌സാക്ഷിയായും മലങ്കരയുടെ മഹാ ചരിത്രകാരനിമായ ഇസഡ്. എം. പാറേട്ട് വിവരിക്കുന്നത് ഇപ്രകാരമാണ്.

‘...1080-ാമാണ്ടോട് അടുത്ത് ഒരു ദിവസം വട്ടശ്ശേരി മല്‍പ്പാനച്ചന്‍ പാറേട്ടു വന്നു. അന്ന് ഇവിടെ താമസിച്ചു. അസ്ഥിമാത്രശേഷനായ ഒരു വെള്ളക്കുപ്പായക്കാരന്‍. താടിയും മീശയും വളര്‍ത്തിയിട്ടുണ്ട്. അല്ല വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പുളിയിളക്കമുള്ള നിലങ്ങളിലൊ, മരക്കോള്‍ ഉളള ചേരിക്കലിലൊ ഉണ്ടാകുന്ന നെല്‍ച്ചെടികള്‍ പോലെ, അവിടെയും ഇവിടെയും ആയി നാലും മൂന്നും ഏഴു താടിമീശ. മേല്‍മീശ മറ്റേതിന്റെ അനിയന്‍. തമ്മില്‍ തെറ്റിപ്പിണങ്ങി വെട്ടിത്തിരിഞ്ഞുപായാല്‍ തുനിയുന്ന രണ്ടു വെണ്ട കണ്ണുകള്‍. നേരെ നില്‍ക്കാന്‍ അവയില്‍ ഒന്നു ശ്രമിക്കുന്നുണ്ട്. ശരിക്കും ഫലിക്കുന്നില്ല. യാതൊരു സത്വവൈശിഷ്ട്യവുമില്ലാത്ത ഒരു കോലംപാവ. ആവു. ആ കോലത്തില്‍ കാലം വരുത്തിയ മാറ്റങ്ങള്‍! അന്ത്യകാലത്തല്ല, അതിനു വളരെ മുമ്പുതന്നെ ‘വെണ്ടക്കണ്ണുകള്‍’ കണ്ടാല്‍ നല്ല കാറിന്റെ ഹെഡ്‌ലൈറ്റിനുള്ളത്ര പ്രകാശമുണ്ടെന്നു തോന്നും – മറിഞ്ഞു മറിഞ്ഞു പോകുന്ന കണ്ണിനു കാഴ്ച ഇല്ലാതായിത്തീര്‍ന്നു എന്ന് സമ്മതിക്കുന്നു. എന്നാലെന്താ. അതാരറിയുന്നു. മുഖം ഭാസുരപ്രഭാപൂരിതമായി, മാംസളമായി, കോമളമായി, ദേഹകാന്തി വര്‍ദ്ധിച്ചു. ശരീരം സ്ഥൂലമായി. ഒക്കെകൂടെ ഒരു രാജര്‍ഷി ആണെന്ന് ആരും സമ്മതിക്കുന്ന നില. താടിമീശയ്ക്കും മീശയ്ക്കും പോലും കിട്ടി ഉത്ഥാനത്തില്‍ പങ്ക്…’

‘പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരുഡനായ പൗരസ്ത്യ കാതോലിക്കാ’ എന്നാണ് നസ്രാണികളുടെ ജാതിക്കു തലവന്‍ ഇന്നു പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ മലങ്കര മെത്രാപ്പോലീത്താമാരും ആരോഹണം ചെയ്തിരുന്നത് ‘പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍’ ആയിരുന്നു. ഇതിനു നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. രേഖകളുമുണ്ട്. മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനം അവകാശപ്പെട്ടിരുന്ന മുളന്തുരുത്തിയില്‍ കബറടക്കപ്പെട്ട യൂയാക്കീം മാര്‍ കൂറിലോസ് എന്ന പരദേശി മെത്രാനും ‘പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ മലങ്കര മെത്രാപ്പോലീത്താ’ എന്നു ചുവന്ന മഷിയില്‍ മുദ്ര കുത്തിയിരുന്നു എന്ന് രേഖപ്പെടുത്തുന്നത് പ. യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസാണ്!

മലങ്കര മെത്രാപ്പോലീത്തായുടെ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന് അതില്‍ ഉപവിഷ്ടരാകുന്നവരെ പരിവര്‍ത്തനം ചെയ്യാനുള്ള കഴിവുണ്ടെന്നും ഇസഡ്. എം. പാറേട്ട് വിശ്വസിച്ചിരുന്നു. അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് 1929-ല്‍ കാതോലിക്കായും 1934-ല്‍ മാത്രം മലങ്കര മെത്രാപ്പോലീത്തായും ആയ ‘വെളുത്തു ചുമന്ന്,’ സഭാകവി സി. പി. ചാണ്ടി പാടിയപോല, ‘സീനായ് മേഘ ഗംഭീര മുഴക്കമുള്ള’ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ ആണ്.

…പഴയ സെമിനാരിയിലും പരുമല സെമിനാരിയിലും താമസിച്ചു നോമ്പും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ് അസ്ഥിമാത്രശേഷനായി തീര്‍ന്നിരുന്ന പുന്നൂസു റമ്പാന് മനുഷ്യശ്രദ്ധയെ ആകര്‍ഷിക്കത്തക്ക ശരീരസൌഷ്ടവവും ഉണ്ടായിരുന്നില്ല. സുഭഗമായ മുഖഛായയെ കെടുത്തുന്നതിനു കരുതിക്കൂട്ടി ശ്രമിക്കുന്നു എന്നു കാഴ്ചക്കാര്‍ക്കു തോന്നത്തക്കതായിരുന്നു ദന്തങ്ങള്‍. മെത്രാനാകുമ്പോള്‍തന്നെയും ഈ നിലയ്ക്കു വലിയ മാറ്റം ഒന്നും സംഭവിച്ചിരുന്നില്ല. മലങ്കരമെത്രാന്‍ പദം പ്രാപിച്ചതോടുകൂടെ മട്ടൊക്കെ മാറി. സ്‌നേഹവതിയായ പ്രകൃതിമാതാവ് കുസൃതിത്തരം കാട്ടി നാട്ടി നിര്‍ത്തിയിരുന്ന കോന്ത്രപ്പല്ലുകള്‍ ഇളക്കി ആട്ടി പിഴുതു മാറിയതോടുകൂടെ മുഖത്തിനു ജന്മസിദ്ധമായുണ്ടായിരുന്ന ചൈതന്യം തെളിഞ്ഞു. മാംസ രക്താദികള്‍ വിരളമായിരുന്ന നിലയ്ക്കും മാറ്റം സംഭവിച്ചുതുടങ്ങി. സാവധാനത്തില്‍ ശരീരം മാംസളമായി. ശരീരകാന്തി വര്‍ദ്ധിച്ചു. ഒട്ടിമെലിഞ്ഞു തേമ്പിയിരുന്ന മുഖത്തിനു പൂര്‍ണ്ണചന്ദ്രസമാനമായ പ്രകാശം ലഭിച്ചു. കാറ്റില്‍ പറന്നു പോകാതെ സൂക്ഷിക്കേണ്ട നില ഉണ്ടായിരുന്ന കൃശഗാത്രന്‍ ഗംഭീരന്‍ എന്ന് ആരും പറഞ്ഞു പോകുന്ന നിലയല്‍ എത്തിച്ചേരാന്‍ വളരെ വൈകേണ്ടിവന്നില്ല. മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് കാല്‍ ശതാബ്ദക്കാലം അവര്‍ണ്ണനീയമായ കഷ്ടപ്പാടുകള്‍ സഹിച്ചു സമ്പാദിച്ചതെല്ലാം അനുഭവിക്കുന്നതിനു വിധി അപ്രതീക്ഷതമായി വിളിച്ചുണര്‍ത്തിക്കൊണ്ടുവന്ന ഭാഗ്യവാനായിരുന്നു പുന്നൂസ് റമ്പാനും ഗ്രീഗോറിയോസു മെത്രാനും ആയിരുന്ന ഗീവറുഗീസ് ബസ്സേലിയോസ് കാതോലിക്കോസ്. ആകര്‍ഷണീയതയോ ചൈതന്യംപോലുമോ ഇല്ലാതിരുന്ന ആ മുഖത്തിനു കാണുന്നവരില്‍ ബഹുമാനവും സന്തോഷവും ജനിപ്പിക്കുന്നതിനു പര്യാപ്തമായ എന്തൊക്കെയോ ലഭിച്ചു…’

ഇവരൊക്കെ ഇസഡ്. എം. പാറേട്ടിന് പരിചിതരായിരുന്നെങ്കിലും ഇന്നത്തെ തലമുറ ഇവരാരെയും നേരിട്ടു കണ്ടിട്ടില്ല. പക്ഷേ സ്മരണകള്‍ മറഞ്ഞു പോവാത്ത ഒരാളുണ്ട്: കിഴക്കിന്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന വട്ടക്കുന്നേല്‍ ബാവ. ജാത്യാഭിമാനിയും 2017 ജൂലൈ 3 വിധിയുടെ അടിസ്ഥാന ശില്പിയുമായ രാജകീയ മഹാപുരോഹിത പ്രൗഡി നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ ‘തൊലിനിറം’ ഒന്നു ചിന്തിക്കുക.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തില്‍പ്പെട്ട ഒരു പാതിരി ആയിരുന്നു ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡല്‍. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയും ബഹുമുഖ പ്രതിഭയുമായ അദ്ദേഹത്തെ ‘ജനിതക ശാസ്ത്രത്തിന്റെ പിതാവ്’ എന്നാണ് ആധുനിക ശാസ്ത്രം വിശേഷിപ്പിക്കുന്നത്. ഒരു തലമുറയില്‍ ഉള്‍ക്കൊള്ളുന്ന ജനിതക സ്വഭാവം തൊട്ടടുത്ത തലമുറകളില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും അതിനു ശേഷവും പ്രത്യക്ഷപ്പെടാം എന്ന് അദ്ദേഹത്തിന്റെ ഗവഷേണഫലത്തെ ലളിതമായി വിവരിക്കാം. ശാസ്ത്രലോകം ഇന്നും അംഗീകരിക്കുന്ന ഈ സിദ്ധാന്തത്തെപ്പറ്റി ‘വര്‍ണ്ണ വെറിയന്മാര്‍’ ജാകരൂകരാകണം. കാരണം എന്നു വേണമെങ്കിലും അവരുടെ തലമുറയില്‍ കറുത്ത തൊലി’ വീണ്ടും പ്രത്യക്ഷപ്പെടാം. ഒരു നൂറ്റാണ്ടോളം സൂപ്തമായിരുന്ന ‘കോങ്കണ്ണ്‘ നാലാം തലമുറയില്‍ ഒറ്റയടിക്ക് മൂന്നുപേര്‍ക്ക് ലഭിച്ച ചരിത്രം ഈ ലേഖകന് നേരിട്ടറിയാം. അതും മാതൃവഴിക്ക്!

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ തൊലിനിറത്തെ പുശ്ചിക്കുന്നവര്‍ യശയ്യാ പ്രവാചകനെ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. അദ്ദേഹം പ്രവചിക്കുന്നു: ‘അവനു രൂപഗുണം ഇല്ല. ശോഭയുമില്ല. കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.‘ (യെശയ്യാ. 53: 2. പശീത്താ) ദുഃഖ വെള്ളിയാഴ്ച സ്ലീബാ വന്ദനവിന് വായിക്കുന്ന ഈ വേദഭാഗം യേശുക്രിസ്തുവിനെക്കുറിച്ചാണ്. അതു മറക്കാതിരുന്നാല്‍ മതി.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 20 സെപ്റ്റംബര്‍ 2021)

മാർ സേവേറിയോസ്; ആർദ്രതയുള്ളൊരു ഇടയൻ; ദൈവപ്രസാദമുള്ള ജീവിതം.

error: Thank you for visiting : www.ovsonline.in