OVS - ArticlesOVS - Latest News

ശേഷക്രിയ വേണ്ടേ? സ്വത്തുമാത്രം മതിയോ?

നൂറ്റാണ്ടുകളായി മലങ്കര നസ്രാണികള്‍ അനുവര്‍ത്തിക്കുന്ന പാരമ്പര്യം അനുസരിച്ച് തങ്ങളുടെ ജാതിക്കു തലവനായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കായുടെ നാല്പത് അടിയന്തിരം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ദേവലോകം അരമനയില്‍ സമുചിതമായി കൊണ്ടാടി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അരമന കവാടങ്ങള്‍ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതുവരെ അടച്ചിടേണ്ടി വന്നെങ്കിലും അതിനു ശേഷം അന്നേദിവസം കബറിടം സന്ദര്‍ശിച്ച് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച് അനുഗ്രഹം പ്രാപിച്ചവര്‍ അനേകരാണ്. കബറടക്ക ദിനത്തില്‍ ആരംഭിച്ച ഈ ജനപ്രവാഹം ഈ ലേഖനം എഴുതുമ്പോഴും അനുസ്യൂതം തുടരുകയാണ്.

ജാതിക്കു തലവന്മാരുടെ അടിയന്തിരങ്ങളുടെ മറ്റൊരു മുഖമുദ്ര അവരുടെ രാജകീയ പൗരോഹിത്യത്തിനു അനുയോജ്യമായ വമ്പന്‍ ശ്രാദ്ധ സദ്യകളാണ്. അടിയന്തിരാവസ്ഥയുടെ നിയന്ത്രണങ്ങള്‍മൂലം പ. ഔഗേന്‍ പ്രഥമന്‍ ബാവായുടെ അടിയന്തിര സദ്യ പരിമിതപ്പെടുത്തേണ്ടിവന്നത് ഒഴികെ ചരിത്രത്തിലൊരിക്കലും ആയിരങ്ങള്‍ ഉണ്ടുമടങ്ങുന്ന പാരമ്പര്യത്തിനു വിഘ്‌നം വന്നിട്ടില്ല. അഞ്ചാം മാര്‍ത്തോമ്മായുടെ കാലം മുതലെങ്കിലും ഇതിനു രേഖകളുണ്ട്. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ അടിയന്തിരത്തിനു നേതൃത്വം നല്‍കിയത് നവീകരണ പക്ഷപാതി എന്നു ചിലര്‍ ആരോപിക്കുന്ന അദ്ദേഹത്തിൻ്റെ പിന്‍ഗാമി പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസാണ്. മാരാമണ്ണില്‍ കബറടക്കിയ മാര്‍ അത്താനാസ്യോസിൻ്റെ അടിയന്തിരം ഗംഭീരമായി നടത്തിയത് കോട്ടയം പഴയ സെമിനാരിയില്‍ വെച്ചാണ്!

കര്‍ശനമായ കോവിഡ് നിലവിലിരുന്നിട്ടും, ദേവലോകത്ത് ഒരു വറ്റുപോലും വിളമ്പാഞ്ഞിട്ടും, പ. പൗലൂസ് ദ്വിതീയൻ്റെ അടിയന്തിരം ആയിരക്കണക്കിന് ആളുകള്‍ ഉണ്ടു എന്നതാണ് സത്യം. നാല്പത് അടിയന്തിര ദിനം ഉച്ചയ്ക്ക് കോട്ടയത്തും പരിസരത്തുമുള്ള ഇരുപതോളം ബാല-വ്യദ്ധ-അനാഥ-ഭിന്നശേഷി ക്ഷേമ കേന്ദ്രങ്ങളിലെ ആയിരത്തിലധികം അനന്തവാസികള്‍ക്ക് ചതുര്‍വിഭവങ്ങളോടെ ഒരേസമയം അടിയന്തിര സദ്യ നടത്തി. അതിനേക്കാള്‍ ഉപരി, തിരുവോണത്തലേന്നായ അന്നേദിവസം അനേകം ഇടവകകളും ആദ്ധ്യാത്മിക സംഘടനകളും ആയിരക്കണക്കിനു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. അതായത്, പ. പിതാവിൻ്റെ നാല്പത്തൊന്ന് അടിയന്തിരദിനമായ തിരുവോണത്തിന് കേരളത്തിലെ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു കുടുംബങ്ങള്‍ അദ്ദേഹത്തിൻ്റെ അടിയന്തിര സദ്യയില്‍ ഭാഗഭാക്കുകളായി. തികച്ചും അഭിമാനകരമായ അനുഭവം.

മലങ്കര നസ്രാണികളുടെ ദായക്രമത്തെപ്പറ്റി …ആണായാലും പെണ്ണായാലും മക്കള്‍ക്കത്രെ ശേഷക്രിയയ്ക്കും സ്വത്തിനും അവകാശം… എന്ന് വലിയ മാര്‍ ദീവന്നാസ്യോസ് പതിനെട്ടാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തില്‍ ഒരു കല്പനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കേരളീയ പാരമ്പര്യമനുസരിച്ച് ശേഷക്രിയ ചെയ്യാത്തവര്‍ക്ക് സ്വത്തവകാശമില്ല എന്ന് ഇതിനെ വ്യാഖ്യാനിക്കാം. അതിനാലാണ് ആണ്‍മക്കള്‍ ചാത്തം വയ്ക്കുകയും പെണ്‍മക്കള്‍ അതിനുള്ള നെയ്യപ്പം ചുടുകയും ചെയ്യുക എന്ന രീതി നസ്രാണി മാപ്പിളമാര്‍ പിന്തുടരുന്നത്.

ജാതിക്കുതലവൻ്റെ അടിയന്തിരത്തിനും ഇതേ മാതൃക തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. ഒരു മെത്രാന്‍ മാത്രമുള്ള കാലത്ത് മക്കളുടെ സ്ഥാനത്ത് ഇടവക പള്ളികള്‍ ചേര്‍ന്നാണ് ചാത്തം വെച്ചിരുന്നത്. വലിയ മാര്‍ ദിവന്നാസ്യോസിൻ്റെ മരണാനന്തര സംഭവങ്ങളെപ്പറ്റി …മെടമാസം 12-നു പുതുഞായറാഴ്ച പുലകുളി കഴിക്കയെന്നു നിശ്ചയിച്ചു. പുത്തന്‍കാവില്‍പ്പള്ളിക്കാര്‍ 500 പറ അരിയും, കൊട്ടയം മുതല്‍ ചാത്തന്നൂ വരെയുള്ള പള്ളിക്കാര്‍ക്കു അഞ്ഞൂറു രാശിക്കു കൊപ്പുകള്‍ക്കും വരിയിട്ടു സാധനവും എഴുതി… പള്ളിയുടെ തെക്കുവശത്തു മാനസം (മഹാനസം = വലിയ -രാജകീയമായ- അടുക്കള) കെട്ടി 400 പറ അരി വച്ചു. പാലും പഞ്ചാറയും ആദിയായിട്ടുള്ള കൊപ്പുകള്‍ കൂട്ടി വേണ്ടുംവണ്ണം പുലകുളിയും കഴിച്ചു… എന്നാണ് നിരണം ഗ്രന്ഥവരിയിലെ പരാമര്‍ശനം. പിന്നീടും തുടര്‍ന്നത് ഇതേ രീതി തന്നെയാണ്.

മെത്രാന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയും ജാതിക്കുതലവന്‍ പൗരസ്ത്യ കാതോലിക്കാ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തതോടെ ഈ പാരമ്പര്യത്തിനും ചില പരിഷ്‌ക്കാരങ്ങള്‍ വന്നു. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അടിയന്തിരത്തിന് കറിക്കുവെട്ടും നെയ്യപ്പം ചുടലും മര്‍ത്തമറിയം സമാജാംഗങ്ങളായ പെമ്പിളമാരെ ഏല്പിച്ചു. കോട്ടയത്തിനു ചുറ്റുവട്ടത്തുള്ള ഓരോ ഇടവകകളെ ഓരോ വിഭവങ്ങളുടെ ചുമതല ഏല്‍പിച്ചു. പ. വട്ടക്കുന്നേല്‍ ബാവായുടെ അടിയന്തിരത്തിനും ഏതാണ്ട് ഇതേ രീതി തന്നെയാണ് പിന്തുടര്‍ന്നത്. അന്ന് ചോറു വയ്ക്കാനുള്ള ചുമതല പുതുപ്പള്ളി വലിയ പള്ളിക്കാര്‍ക്കായിരുന്നു. തങ്ങളുടെ ചരിത്ര പ്രസിദ്ധമായ പന്തിരുനാഴി സഹിതം ആഘോഷമായി വന്ന് അവര്‍ നിശ്ചിത സമയത്തിനുള്ളില്‍ 500 പറ അരിവെച്ചു. പായസം തയാറാക്കാനുള്ള ചുമതല വടക്കന്‍മണ്ണൂര്‍ പള്ളിക്കായിരുന്നു. പാതിരാത്രിക്കുമുമ്പ് നൂറുകണക്കിനു നാളികേരങ്ങളാണ് അതിനായി ചുരണ്ടിക്കൂട്ടേണ്ടിവന്നത്. അതേ പോലെ തന്നെ വലിപ്പച്ചെറുപ്പമനുസരിച്ച് ഉപ്പേരി വരെയുള്ള വിഭവങ്ങള്‍ ഓരോ ഇടവകകളെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. വളരെ ഭംഗിയായി ഈ അടിയന്തിരങ്ങള്‍ കലാശിക്കുകയും ചെയ്തു. പിന്നീട് സദ്യ കരാറു കൊടുക്കുന്ന നടപടിയായി.

സദ്യ വിളമ്പുന്നതിനു ഒരു ക്രമം നിലവിലിരുന്നു. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അടിയന്തിരം വരെ ഒരു മൂപ്പന്‍ കത്തനാര്‍ തലപ്പന്തിക്ക് ഇരിക്കുകയും ഒരു മെത്രാന്‍ അദ്ദേഹത്തിനു വിളമ്പി സദ്യ ആരംഭിക്കുകയുമായിരുന്നു പതിവ്. പ. വട്ടക്കുന്നേല്‍ ബാവായുടെ അടിയന്തിരത്തിന് മൂപ്പിരുന്നത് കോട്ടയം ഇടവകയുടെ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും അന്നു കോട്ടയം കളക്ടര്‍ ആയിരുന്ന പി. എച്ച്. കുര്യനുമായിരുന്നു. പ. മാത്യൂസ് ദ്വിതീയന്‍ ബാവാ പന്തലിലിറങ്ങി വിളമ്പുകയും ചെയ്തു.

നൂറ്റാണ്ടുകളായി ഈ അടിയന്തിരങ്ങളുടെയെല്ലാം ചിലവു വഹിച്ചിരുന്നത് പൊതുവകയില്‍ നിന്നായിരുന്നു. 1765-ല്‍ അഞ്ചാം മാര്‍ത്തോമ്മാ കാലം ചെയ്തതിനെത്തുടര്‍ന്ന് …അന്നുമുതല്‍ ഒരാണ്ടു കഴിയുന്നതിനകം പുലകുളി ആദിയായിട്ടു വന്മുട്ടുകള്‍ എടവകക്കാരായിട്ടും പ്രമാണികളായിട്ടും ഏറ്റുകഴിക്കയും ചെയ്തു… ആറാം മാര്‍ത്തോമ്മായ്ക്കാകട്ടെ …പുത്തന്‍കാവില്‍പ്പള്ളിക്കാര്‍ 500 പറ അരിയും, കൊട്ടയം മുതല്‍ ചാത്തന്നൂ വരെയുള്ള പള്ളിക്കാര്‍ക്കു അഞ്ഞൂറു രാശിക്കു കൊപ്പുകള്‍ക്കും വരിയിട്ടു… പില്‍ക്കാലത്തും ഇതേ പതിവ് തുടരുന്നതായി രേഖകളുണ്ട്. പില്‍ക്കാലത്ത് കാതോലിക്കാമാരുടെ അടിയന്തിരത്തിന് ഭദ്രാസനങ്ങള്‍ നിശ്ചിത സംഖ്യ വീതം വിഹിതം നല്‍കുന്ന രീതി നടപ്പിലായി. പ. ദിദീമോസ് ബാവായുടെ അടിയന്തിരത്തിനു വരെ ആ പതിവ് തുടര്‍ന്നു.

പ. പൗലൂസ് ദ്വിതീയന്‍ ബാവായുടെ നാല്‍പ്പത് അടിയന്തിരത്തില്‍ എത്ര ഭദ്രാസനങ്ങള്‍ സാമ്പത്തികമായി പങ്കാളികളായി? ഈ ലേഖകൻ്റെ അറിവനുസരിച്ച് 30 ഭദ്രാസനങ്ങളുള്ള മലങ്കരസഭയിലെ ഒരു കൈയ്യിലെ വിരലില്‍ എണ്ണാന്‍മാത്രം ഭദ്രാസനങ്ങള്‍ മാത്രമാണ് അടിയന്തിരത്തിനു തങ്ങളുടെ വിഹിതം നല്‍കിയത്! തികച്ചും ലജ്ജാകരം എന്നേ പറയേണ്ടു.

ഓര്‍ക്കുക! മക്കള്‍ക്കാണ് കാരണവരുടെ ശേഷക്രിയക്കുള്ള ബാദ്ധ്യത. അതു കഴിഞ്ഞേ കൊച്ചുമക്കള്‍ക്കുള്ളു. അതിൻ്റെ തുകയുടെ വലിപ്പമല്ല; പങ്കാളിത്തത്തിനാണ് പ്രാധാന്യം. ശേഷക്രിയ ചെയ്യാത്തവര്‍ സ്വത്ത് അവകാശപ്പെടുന്നത് നസ്രാണിക്കു ചേര്‍ന്നതല്ല. അതിന് അര്‍ഹതയും അവകാശവുമില്ല. ജാതിക്കു തലവൻ്റെ കാര്യത്തില്‍ സ്വത്ത് എന്നതിനെ പാരമ്പര്യം (Legacy) എന്ന് കണക്കാക്കിയാല്‍ മതി.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 30 ഓഗസ്റ്റ് 2021)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ