നേതാവെന്നത് മേലെഴുത്തല്ല; ചരിത്രമെഴുത്താണ്.

മാളികമുറിയിൽ സ്ഥാനാർഥികളായിരുന്ന മത്ഥ്യാസും ജോസഫും സ്ഥിതപ്രജ്ഞരായിരുന്നു. അവരുടെ നെറ്റി വിയർക്കുന്നില്ലായിരുന്നു, നെഞ്ചിടിക്കുന്നില്ലായിരുന്നു, താഴെ സിൽബന്ധികൾ ഓടിനടന്നു അപദാനങ്ങൾ അറിയിക്കുന്നില്ലായിരുന്നു; കാരണം സ്ഥാനമൊന്നും സ്വയമേവ സൃഷ്ടിക്കേണ്ടതല്ലെന്നു അവർക്കറിയാമായിരുന്നു.

‘വിളി’ യുണ്ടായിട്ടും ശ്മശാനത്തിനു മാത്രം തികഞ്ഞ കുറേ നാണയങ്ങൾക്കു വേണ്ടി പരമപദം വച്ചു മാറിയ യൂദായെ മറക്കില്ലല്ലോ!. ‘ഒറ്റുക്കാരൻ’ എന്ന പദം ലോകപ്രശസ്തനാക്കിയ യൂദായുടെ പകരക്കാരനുള്ള തെരഞ്ഞെടുപ്പ് രംഗമായിരുന്നു അത് (Acts.1). നാണയക്കിലുക്കങ്ങൾ ഉറക്കം കെടുത്തുന്ന മോഹികൾക്കു വിശുദ്ധ ഗ്രന്ഥം നൽകുന്ന ഒന്നാന്തരം ഗുണപാഠം.

യഥാർത്ഥത്തിൽ ക്രൈസ്തവ സഭകളുടെ തെരഞ്ഞെടുപ്പുകളുടെ നേർസാക്ഷ്യമാണ് മാളികമുറിയിൽ അരങ്ങേറിയത്. ശ്ലീഹന്മാരുടെ നടപ്പുകളുടെ ചരിത്രനിമിഷങ്ങളില്‍ പലതിലും പ്രാർത്ഥനാപൂർവ്വമുള്ള ഇത്തരം തേടലുകളുണ്ട്. അത്തരം കൈയ്യടികളാണ് മെത്രാൻ തെരഞ്ഞെടുപ്പിൽ 1982 വരെ അരങ്ങേറിയിരുന്നത്. ഒരുപക്ഷേ അയോഗ്യതയുടെ വാറോലകളിറക്കി ബദലുകള്‍ക്കായി ആഗ്രഹിച്ചാലും ശൗലിനെ തെരഞ്ഞെടുത്തു ‘പൗലോസ്‘ ആക്കിയ ദൈവനീതി കല്ലാശ്ശേരി ബാവയുടെ ചരിത്രത്തിലും ആവർത്തിക്കപ്പെട്ടു എന്നു തിരിച്ചറിയുക. ഉന്നത ബിരുദമുള്ള മാർ ഈവാനിയോസ് പ്രാപിക്കേണ്ടുന്ന പദം അതായിരുന്നില്ലെന്നു കാലം തെളിയിച്ചു.

എപ്പിസ്കോപ്പസിയുടെ അപ്രമാദിത്യം എന്നൊക്കെപ്പറഞ്ഞാലും, കെ ഐ പോളിന് (പൗലോസ് മാർ മിലിത്തിയോസ്) 36 വയസ്സ് പ്രായമേ ആയുള്ളൂ എന്നു സിനഡില്‍ വിമർശനമുയർന്നപ്പോൾ, സാരമില്ല നാലുവർഷം കഴിയുമ്പോൾ അയാള്‍ക്ക് 40 ആയിക്കൊള്ളുമെന്നും, കെ ജി ജോർജ് അച്ചന് (ഗീവർഗീസ് മാർ ഈവാനിയോസ്) ഭരിക്കാനറിയില്ല, പ്രാർത്ഥിക്കാനേ അറിയുള്ളൂ എന്നും മറ്റൊരു വിമർശനമുണ്ടായപ്പോൾ, അതിനും ഒരാൾ വേണ്ടേ? എന്നു കരുത്തോടെ പ്രതിവചിച്ച ഭാഗ്യസ്മരണാർഹനായ പ. മാത്യൂസ് പ്രഥമൻ ബാവായിലൂടെ പരിശുദ്ധാത്മാവല്ലാതെ മറ്റെന്താണ് വ്യാപരിച്ചത്?

ജാത്യാഭിമാനികളായ മലങ്കര നസ്രാണികളുടെ അപൗരുഷേയ സൗന്ദര്യമാണ് അവരുടെ മഹായിടയന്മാർ. അവരെ നാളിതുവരെ ആ പദവിയിൽ എത്തിച്ചതു പരിശുദ്ധാത്മാവിൻ്റെ ഐക്യബോധം ആയിരുന്നു. അതു തുടരുവാനാണ് ബഹുഭൂരിപക്ഷത്തിനും ആത്മാർത്ഥമായിഷ്ടം. സംഘം ചേർന്നു ബഹുഭൂരിപക്ഷത്തിൻ്റെ വക്കാലത്തേറ്റെടുക്കുന്ന രാജസ്രഷ്ടാകൾ (Kingmakers) മാപ്പാക്കുക.

ചുരുക്കം ചിലയിടങ്ങളൊഴിച്ചാൽ അസോസിയേഷൻ അംഗങ്ങളാകാൻ കേവലം പൊതുയോഗത്തിൽ ആത്മാർത്ഥമായി പങ്കെടുത്താൽ മതി. ചിലയിടങ്ങളിലെങ്കിലും സാമം, ദാനം, ഭേദം, ദണ്ഡം എന്നിവ വേണ്ടി വരുന്നുണ്ട് എന്നതും നേര്. ആഗ്രഹങ്ങളുടെ അതിപ്രസരത്തിൽ അസോസിയേഷൻ അംഗങ്ങളാകുന്നനവരല്ല മൃഗീയ ഭൂരിപക്ഷവും എന്നിരുന്നാലും…

ഒരു ട്രസ്റ്റി / മെത്രാന്‍ / സെക്രട്ടറി തെരഞ്ഞെടുപ്പിൻ്റെ ഭൗതികാവശിഷ്ടങ്ങൾ തേച്ചാലും മായ്ച്ചാലും തീരാത്ത വിഴുപ്പുകൾ ആണെന്ന് political ഇന്ത്യയുടെ കാര്യത്തിലെന്നല്ല, political സമുദായത്തിൻ്റെ ബഹുഭൂരിപക്ഷത്തിനും നല്ല നിശ്ചയമുണ്ട്. പിന്നെ മലങ്കര മെത്രാപ്പൊലീത്തായുടെ കാര്യത്തിൽ പറയേണ്ടതുണ്ടോ?. മുൻഗാമി ദിദിമോസ് പ്രഥമൻ്റെ പാദുകങ്ങൾ ചുംബിച്ചു നായക പദവിയിലേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കപെട്ട പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ ചരിത്രത്തിലെ അവസാനത്തെ ആളാകാതിരിക്കട്ടെ!.

ദൈവഹിതം നിശ്ചയിക്കുന്ന കാസായിലുള്ള ചീട്ടുകുറി കേവലം ശതകോടികൾക്കോ, ബഹുനില മന്ദിരങ്ങൾക്കോ വേണ്ടിയുള്ള ഭാഗ്യക്കുറി പട്ടികയിലുള്ളതല്ല, മറിച്ചു, അഹരോനെപ്പോലെ ദൈവം തെരഞ്ഞെടുക്കുന്നവനല്ലാതെ ആരും അതിലംഘിച്ചു കടക്കാനുള്ളതല്ല എന്ന ഓർമപ്പെടുത്തലത്രെ.

ഇത്രയും കാലം തുടർന്നു വന്നത് നിയമപരമല്ല എന്ന വാദം ബാലിശമാണ്.

1962-ല്‍ ഔഗേൻ മാർ തിമോത്തിയോസിനെ, 1970-ല്‍ മാത്യൂസ് മാർ അത്താനാസിയോസിനെ, 1980-ല്‍ മാത്യൂസ് മാർ കൂറിലോസിനെ, 1992-ല്‍ തോമസ് മാർ തിമോത്തിയോസിനെ 2006-ല്‍ പൗലോസ് മാർ മിലിത്തിയോസിനെ വരെ ശ്രേഷ്ഠനിയുക്ത കാതോലിക്കാമാരായി തെരഞ്ഞെടുത്തത് സുന്നഹദോസിന്‍റെ ഏക സ്ഥാനാർത്ഥിയായി ഇലക്ഷൻ പ്രചരണങ്ങളോ, വാറോലകളോ, വിതറാതെ പരിശുദ്ധാത്മ പരിമളം നിറഞ്ഞ നസ്രാണി സംഗമങ്ങളിൽ ആയിരുന്നുവെങ്കിൽ, ഇനിയും അങ്ങനെയാകാനാണ് സമാധാനമോഹികൾക്ക് ആഗ്രഹം.

ബാലറ്റ് പേപ്പറിലൂടെ ജനാധിപത്യം പച്ചപിടിക്കുമെന്ന് വിശ്വസിക്കുന്നവരോട്… ശതമാനക്കണക്കിൽ പിഴച്ചു പോയാൽ (50%+1) ഈ സുദീര്‍ഘ നടപടികളൊക്കെ പാഴ് വേലയാകും. സഹോദരി സഭകൾക്ക് ഇക്കാര്യത്തില്‍ ഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം നാം കാണാതെ പോകരുത്. മലങ്കര മെത്രാപ്പോലീത്തായെ അസോസിയേഷൻ തെരഞ്ഞെടുത്താലും കാതോലിക്കായെ സുന്നഹദോസ് അംഗീകരിക്കാതെ വന്നാൽ…? പ്രചരണത്തിനും ബലാബലത്തിനും അങ്കത്തിനുമുള്ള മനസ്സ് അത്യുന്നത സമിതിയിൽ രൂപപ്പെട്ടാൽ, അതിനേക്കാൾ വലുതല്ലല്ലോ വാദഗതികളും എതിരുകളും.

ചുരുക്കത്തിൽ ചുടലയ്ക്ക് ചുള്ളി പറക്കാൻ പോയിരിക്കുന്ന വാട്സ്ആപ്പ് സഭാസ്നേഹികളും അരക്കും കൊണ്ടു വരുമ്പോൾ മിഴുക്കും കൊണ്ടു നില്‍ക്കുന്ന സ്ഥാനാർഥികളും സൃഷ്ടിക്കുന്ന ഒരു ദുരന്തകാലമായിരിക്കും ഇനി വരാൻ പോകുന്നത്. ”ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിൻ്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? (പത്രൊസ് 1: 4:17)

നമുക്കിനി വേണ്ടത് സ്വർഗീയ ശുപാർശകളാണ്. നല്ല ഇടയൻമാര്‍ ഉദയം ചെയ്യാൻ നമ്മുടെ സ്വാർത്ഥ മോഹങ്ങളെ അസ്തമയ ബിന്ദുവിലെറിഞ്ഞു മുട്ടുകുത്താനുള്ള ആർജവത്വമുണ്ടാകണം. കണ്ണടച്ചാൽ തുറക്കുമെന്നുറപ്പില്ലാത്ത ഇരവുകളെ വിശ്വസിക്കാതെ, അകത്തെവിടെയോ ചാരം മൂടി കിടക്കുന്ന കനലിനെ ഊതിയാറ്റി തീനാളത്തിൻ്റെ ചൂടെങ്കിലുമുള്ള ഒരു ആത്മീയപ്പുലരികളെ സൃഷ്ടിച്ചെടുക്കാൻ സന്‍മനസ്സുണ്ടാകണം. അടി മുതല്‍ മുടി വരെ…

സാമൂഹ്യ മാധ്യമങ്ങളുടെ പിൻബലത്തിൽ ഏതറ്റവും അവഹേളിക്കുവാനും ശ്ലീലരഹിത പദങ്ങൾ ഉപയോഗിക്കുവാനുമുള്ള പ്രവണതകൾ, ഉള്ളിലെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നുണ്ടെന്നു മിനിമം അറിവെങ്കിലുമുണ്ടാകണം. മാലാഖമാർ നിര്‍മ്മല കിരീടങ്ങൾ മെനഞ്ഞു നൽകുന്ന പുരോഹിത വൃന്ദം ഒരിക്കലും അതിൻ്റെ അനുസാരികളാകരുത്.

ജനാധിപത്യതിന് നേതാക്കന്മാരെ സൃഷ്ടിക്കാനാകും, പക്ഷേ, ചരിത്രത്തെ നേടാനാകില്ല.

പിന്മൊഴി:- യൂസ്തോസ്, ജോസഫ്‌ എന്നീ മറുപേരുകളുള്ള ബർശബായിക്കായിരുന്നില്ല, ഒറ്റപ്പേരുകാരനായിരുന്ന മത്ഥ്യാസിനായിരുന്നു ദൈവനിയോഗം. ഒരുപാട് പേരുണ്ടായിട്ടും കാര്യമില്ലെന്നു സാരം.

ഫാ. തോമസ് പി. മുകളില്‍
frthomasp@gmail.com

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഇത് ആശ്രമ മൃഗമാണ്: കൊല്ലരുത്.

error: Thank you for visiting : www.ovsonline.in