HH Catholicos Paulose IIOVS - ArticlesOVS - Latest News

കുട്ടി… നന്നായി പഠിക്കണേട്ടോ

കത്തനാരു പട്ടത്തിനു പ്രീഡിഗ്രി അടിസ്ഥാന യോഗ്യത ആയിരുന്ന കാലത്ത് കുന്നംകുളം മങ്ങാട് സ്വദേശി കെ. ഐ. പോള്‍ കോട്ടയം പഴയ സെമിനാരിയില്‍ പഠനത്തിനെത്തുന്നത് ബിരുദധാരിയായി ആണ്. ഡിഗ്രി അടിസ്ഥന യോഗ്യത ആക്കിയ ശേഷം സെമിനാരിയില്‍ കയറിപ്പറ്റാന്‍ പലരും ഇന്ന് സംഘടിപ്പിക്കുന്ന ‘തട്ടിക്കൂട്ട്’ ഡിഗ്രിയല്ല. അന്നും ഇന്നും കടന്നുകൂടാന്‍ ഏറെ വിഷമമുള്ള ഫിസിക്‌സിലെ ബിരുദവുമായി.

കത്തനാര്‍ക്ക് ഒരു ഡിഗ്രിതന്നെ അലങ്കാരമായിരുന്ന അക്കാലത്ത് ഇതര ഭൗതീക മോഹങ്ങള്‍ ഒന്നുമില്ലാതിരുന്ന കെ. ഐ. പോള്‍ കത്തനാര്‍ സെമിനാരി വിദ്യാഭ്യാസത്തില്‍ തൻ്റെ ജ്ഞാനതൃഷ്ണ അവസാനിപ്പിക്കാന്‍ തയാറായില്ല. സെമിനാരി പഠത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജില്‍നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമെടുത്തു. മെത്രാന്‍ സ്ഥാനമോഹമൊന്നുമല്ലായിരുന്നു അതിനു പിമ്പില്‍ എറണാകുളം സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരിയായിരുന്ന കെ. ഐ. പോള്‍ കത്തനാരെ കിഴക്കിൻ്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പൗലൂസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് വിളിച്ച് അടുപ്പിച്ചത് ‘ഓടിച്ചിട്ടു പിടിച്ചാണ്’! അവിടെനിന്നും പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ എന്ന സ്ഥാനത്തേക്ക് എങ്ങിനെ എത്തിച്ചേര്‍ന്നു എന്നത് മറ്റാരേക്കാളും നന്നായി ഈ ലേഖകനറിയാം.

അക്ഷരത്തിൻ്റെയും പഠനത്തിൻ്റെയും വേദന പ. പിതാവിന് നന്നായി അറിയാമായിരുന്നു. എസ്. എസ്. എല്‍. സി കഴിഞ്ഞ് തുടര്‍ന്നു പഠിപ്പിക്കാന്‍ മാര്‍ഗ്ഗമില്ലന്നു അറിയിച്ച പിതാവിൻ്റെ നിസഹായാവസ്ഥ. കൈത്താങ്ങേകിയ മാതുലൻ്റെ സഹായത്താല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രി പഠനം. മാതുലന്‍ പ്രതിദിനം നല്‍കുന്ന ഒരു രൂപാ മൂലധനത്തില്‍ 60 പൈസ വണ്ടിക്കൂലി. ബാക്കി നാല്പത് പൈസയ്ക്ക് നിലവാരം കുറഞ്ഞ ഹോട്ടലില്‍ നിന്നും അരവയര്‍ നിറയുന്ന ‘ജനതാ ഊണ്’ എന്ന ഉച്ചഭക്ഷണം. ഇത് പഠന വൈഷമ്യത്തിൻ്റെ ഒരു ഏടു മാത്രം.

തുടര്‍ന്ന് ഭൗതികശാസ്ത്രം ഐശ്ചികവും ഗണിതശാസ്ത്രം ഉപവിഷയവുമായി തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ത്തന്നെ ബിരുദ പഠനം. കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ തൃശൂര്‍ പടിഞ്ഞാറേക്കോട്ട സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിവക ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ താമസം. ഹോട്ടലൂണിന് വകയില്ലാത്തതിനാല്‍ ഭക്ഷണം സ്വയം വെച്ചു കഴിച്ചു. വാരാന്ത്യത്തില്‍ സ്വമാതാവ് തയാറാക്കി നല്‍കുന്ന അച്ചാറാക്കി മുഖ്യ ഉപദംശം. എന്നിട്ടും പ്രതിമാസ ഹോസ്റ്റല്‍ ഫിസായ പത്തുരൂപ നല്‍കാന്‍ മാര്‍ഗ്ഗമില്ല.

ഈ ബുദ്ധിമുട്ട് മനസിലാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ കടവില്‍ പൗലൂസ് ജഡ്ജി ഒരു നിര്‍ദ്ദേശം വെച്ചു. വാടക ഇളവുചെയ്യാം. പകരം രാവിലെയും വൈകിട്ടും പള്ളിയില്‍ എണ്ണവിളക്ക് തെളിയിച്ച് നമസ്‌ക്കാരം നടത്തണം. പോള്‍ സന്തോഷപൂര്‍വം നിര്‍ദ്ദേശം സ്വീകരിച്ചു. അങ്ങിനെ കെ. ഐ. പോള്‍ ‘പ്രാര്‍ത്ഥിച്ച്’ തൻ്റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. അവിടെനിന്നും പഴയ സെമിനാരിയിലേയ്ക്ക്.

ഇപ്രകാരം കഷ്ടപ്പെട്ടു പഠിച്ച പ. പിതാവിന് പഠനത്തിൻ്റെയും ഡിഗ്രികളുടേയും എഴുത്തിൻ്റെയും വില അറിയാമായിരുന്നു. അവയ്ക്കു പിന്നിലെ കഷ്ടപ്പാടും. വെറുതെ പേരിനു മുമ്പില്‍ ‘ഡോ.‘ ചാര്‍ത്തി നടക്കുന്നവരെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം 2015-ല്‍ സെറാംപൂര്‍ യൂണിവേഴ്‌സിറ്റി തനിക്കു വെച്ചുനീട്ടിയ ഹോണററി ഡോക്ടറേറ്റ് നിരസിച്ചതില്‍ നിന്നും മനസിലാക്കണം. ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ ഇതര വൈദീക സെമിനാരികളെല്ലാം അഫലിയേറ്റ് ചെയ്തിട്ടുള്ള സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റി നല്‍കാന്‍ തീരുമാനിച്ച യശസ്‌ക്കര ഡോക്ടറേറ്റ് അദ്ദേഹം നിരസിച്ചതിൻ്റെ കാരണമാരാഞ്ഞ ഈ ലേഖകനോട് പ. പിതാവ് പറഞ്ഞത് ‘എനിക്കതിന് യോഗ്യതയില്ല’ എന്നാണ്. അതിനു വിശദീകരണവും അദ്ദേഹം നല്‍കി. ‘കുട്ടി… നിന്റേതുപോലെ കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കിയ ഒരു ഡോക്ടറേറ്റ് എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിതു സ്വീകരിച്ചേനെ. പക്ഷേ എനിക്കതില്ല.‘ തൻ്റെ പേരിനു മുമ്പില്‍ ഇല്ലാത്ത ‘ഡോ‘. വെക്കാന്‍ താല്പര്യമില്ല എന്നു ചുരുക്കം.

എന്നാല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന തൻ്റെ കൊച്ചുമക്കളെ അനുമോദിക്കാന്‍ അദ്ദേഹത്തിനു സന്തോഷമായിരുന്നു. വെറും വാക്കാലുള്ള അനുമോദനമല്ല; പ. പരുമല തിരുമേനിയുടെ രുപം കൊത്തിയ ഒരു മുദ്രയാണ് അവര്‍ക്ക് സമ്മാനിക്കുക. അതു വെറും ‘പൂച്ചുമെഡല്‍‘ അല്ല. സ്വന്ത ചിലവില്‍ കേരളത്തിലെ ഒരു പ്രമുഖ ജൂവലറി നിര്‍മ്മിച്ച് ഹാള്‍മാര്‍ക്ക് സര്‍ട്ടിഫൈ ചെയ്ത രണ്ടു ഗ്രാമിൻ്റെ ഒന്നാന്തരം പത്തരമാറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മെഡല്‍! കൂട്ടത്തില്‍ ഒരു ഉപദേശവും: ‘കുട്ടി… നന്നായി പഠിക്കണേട്ടോ.’ ഇത് നേടാന്‍ ഭാഗ്യം ലഭിച്ച അനേകരുണ്ട്. സ്വീകര്‍ത്താക്കള്‍ ഒഴികെ ആരും അറികയില്ലാ എന്നു മാത്രം.

ഇതു മാത്രമല്ല, ബാലപ്രതിഭകളെ ഓര്‍ത്തിരുന്നു അനുമോദിക്കുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഒരു നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് പ. പിതാവാണ്. രണ്ടു വര്‍ഷത്തിനു ശേഷം ആ സമര്‍ത്ഥയുടെ അടുത്ത കൃതി പ്രസിദ്ധീകരിച്ച വിവരമറിഞ്ഞ അദ്ദേഹം, അനുമോദന സൂചകമായി ഒരു സ്മാരക മുദ്ര ആ കുട്ടിക്ക് കൊടുത്തുവിട്ടു.

വായനയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും എന്നാല്‍ ജോലിത്തിരക്കുമൂലം ഇപ്പോള്‍ അതിനു സാധിക്കുന്നില്ലന്നും ഒരു ദശാബ്ദം മുമ്പ് പ. പിതാവ് പറഞ്ഞെങ്കിലും സമീപകാലം വരെ നന്നായി വായിക്കുമായിരുന്നു എന്ന് ഈ ലേഖകനറിയാം. ഈ ലേഖകൻ്റെതന്നെ ചില രചനകളിലെ സൂക്ഷ്മാംശങ്ങള്‍ ഉദ്ധരിച്ച് അമ്പരിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തനിക്കു ലഭിക്കുന്ന ഒരു പുസ്തകം പോലും ഒരു വിധത്തിലും കൈമോശം വരുത്തുകയുമില്ലായിരുന്നു.

‘…ലോകത്തില്‍ വച്ച് ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി നമ്മുടെ വീടാണ്. അവിടെ നിന്നും നമുക്ക് ലഭിക്കുന്ന ഒത്തിരി അറിവുകളുണ്ട്. അതിനേക്കാള്‍ വലിയ പാഠങ്ങള്‍ ലോകത്തില്‍ എവിടെനിന്നും ലഭിക്കുകയില്ല…’ ഇതായിരുന്നു മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയൻ്റെ വിദ്യാഭ്യാസ ദര്‍ശനം. വീട്ടിലെ ചിട്ടകളും സ്വന്ത പഠനത്തിൻ്റെ വേദനയും പ. പിതാവിനെ ഉയര്‍ത്തിയത് അക്ഷരത്തെ സ്‌നേഹിക്കുകയും വിദ്യയെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു തലത്തിലേയ്ക്കാണ്. അപൂര്‍വം ചിലര്‍ക്കു മാത്രം ലഭ്യമാകുന്ന സിദ്ധി.

ഡോ. എം. കുര്യന്‍ തോമസ്