HH Catholicos Paulose IIOVS - ArticlesOVS - Latest News

കാലം നിയോഗിച്ച വലിയ ഇടയൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലങ്കര സഭയെ ധന്യതയോടെ നയിക്കുവാൻ, കാലത്തിനു യോജിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ ദൈവം നിയോഗിച്ച കർമ്മ ധീരനായിരുന്നു ജൂലൈ 12ന് പുലർച്ചെ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ.  പരിശുദ്ധ പിതാവുമായുള്ള അനുഭവങ്ങൾ എന്നും ഓർക്കുന്ന മധുരസ്മരണകൾ ആണ്..

2011 -ൽ ഓർത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 75-ാം അന്താരാഷ്ട്ര സമ്മേളനത്തിന് ഒക്ടോബർ മാസം 5 മുതൽ 9 വരെ ഡൽഹി ആതിഥേയത്വം വഹിച്ചു. ഇതിനു മുന്നോടിയായി June 6ന് പരുമലയിൽ ഒരു തലമുറസംഗമം ഡൽഹി യുവജനപ്രസ്ഥനം ക്രമീകരിച്ചു. ഇതിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ രണ്ട് ദിവസം മുൻപേ പരുമലയിൽ എത്തി.  പരിശുദ്ധ ബാവ തിരുമനസ്സും അവിടെ ഉണ്ടായിരുന്നു. ഡൽഹിയിൽ വച്ചു നടക്കുന്ന സമ്മേളനം ആയതിനാൽ ഡൽഹിയുടെ ചുമതലക്കാർ എന്ന നിലയിൽ പരിശുദ്ധ ബാവാ തിരുമേനിയെ കാണുവാനും ക്ഷണിക്കുവനും ഞങ്ങൾ അടുത്ത് ചെന്നു. യുവജന പ്രസ്ഥാനം ഡൽഹി വൈസ് പ്രസിഡന്റ് ഫാ ഫിലിപ്പ് എം. സാമുവൽ, മുൻ വൈസ് പ്രസിഡന്റ് ഫാ. ഷാജി മാത്യൂസ്, Treasurer ശ്രീ. സാമുവേൽ ജോർജ്, സമ്മേളന കൺവീനർ ശ്രീ ജോൺ മാത്യൂസ്, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ജയ്മോൻ ചാക്കോ എന്നിവരോടൊപ്പമാണ്  ബാവാ തിരുമേനിയെ കണ്ടത്.  ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ ആ സമയത്ത് അവിടെ തണുപ്പ് ആയിരിക്കില്ലേ..തണുപ്പ് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ ഉള്ളു ഒന്നു കാളി.  പക്ഷേ ഉടൻ തന്നെ സഭയുടെ യുവജനങ്ങളുടെ പ്രസ്ഥാന പ്ലാറ്റിനം ജൂബിലി സമ്മേളനം ആണ് അല്ലേ, അപ്പോ ഞാൻ തീർച്ചയായും അവിടെ ഉണ്ടാകണം എന്നു കല്പിച്ചു ശെമ്മാശ്ശനെ വിളിച്ചു ഡയറിയിൽ തീയതി കുറിച്ചു വച്ചു.. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കിൽ വച്ചാണ് ഈ ഉറപ്പ് തന്നത്. October മാസം ആദ്യയാഴ്ച ആണ് യുവജനപ്രസ്ഥാനത്തിന്റെ പ്ലാറ്റിനും ജൂബിലി സമാപന വാർഷിക സമ്മേളനം നടത്തുവാൻ ഉദ്ദേശിച്ചിരുന്നത്.   സെപ്റ്റംബർ മാസം 11-നാണ് കോലഞ്ചേരി പള്ളിയിലെ ഹൈക്കോടതി വിധി നടപ്പിലാക്കാതെ വിഘടിതക്കൂട്ടത്തിന് ഒത്താശ നൽകുന്ന സർക്കാർ നടപടിക്ക് എതിരെ പരിശുദ്ധ ബാവ തിരുമനസ്സും അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയും ഉപവാസം പ്രഖ്യാപിപ്പിക്കുന്നത്.  ഈ സമരത്തിനെതിരേ സഭയ്ക്കുള്ളിൽ നിന്നും രാഷ്ട്രീയമായ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും യുവജനങ്ങൾ ഒറ്റക്കെട്ടായി ബാവായ്ക്കു പിന്നിൽ അണിനിരന്നു.  സെപ്റ്റംബർ 18-ന് അന്നത്തെ സർക്കാർ നൽകിയ ഉറപ്പിൽ ഉപവാസം അവസാനിപ്പിച്ചു.  മലങ്കര സഭയിലെ യുവജനങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ട ബാവായായി ഉയരുവാൻ ഈ ത്യാഗം ഒരു തുടക്കം നൽകി..

ഈ സമയത്ത് ഡൽഹിയിൽ മുമ്പ് പറഞ്ഞ വാർഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പല പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.. കോലഞ്ചേരിയിലെ ഉപവാസം അവസാനിപ്പി ച്ചുവെങ്കിലും പരിശുദ്ധ ബാവാ തിരുമനസ്സ് ഡൽഹിയിൽ എഴുന്നള്ളുന്ന കാര്യം സംശയം ആയി. ബാവായോട് അടുപ്പമുള്ള ചിലർ ഇക്കാര്യം പരസ്യമായിത്തന്നെ പറയാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ നെഞ്ചിടിപ്പു കൂടി എന്നത് സത്യം.   ഡൽഹി ലെഫ്റ്റനൻ്റ് ഗവർണ്ണർ ബഹുമാന്യ നജീബ് ജംഗ് ഐ. എ. എസ്. ആണ് മുഖ്യ അതിഥി. ഡൽഹിയുടെ പരമാധികാരി ആയിരിക്കുന്ന ലെഫ്റ്റനൻ്റ് ഗവർണ്ണർ നമ്മുടെ സഭയുടെ ഒരു പ്രോഗ്രാമിൽ ആദ്യമായിട്ട് ആണ് പങ്കെടുക്കുന്നത്.  ആ സമയങ്ങളിൽ ഡൽഹിയിൽ പല ദേവാലയങ്ങൾക്കും സ്ഥലം അനുവദിച്ചു കിട്ടിയതും ഈ ഓഫീസിൽ നിന്നാണ്. അപ്പോൾ പരിശുദ്ധ ബാവ തിരുമനസ്സിന്റെ അസാന്നിധ്യം ഞങ്ങൾക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ലായിരുന്നു.. പക്ഷേ പരിശുദ്ധ പരുമലയിൽ തിരുമേനിയുടെ സന്നിധിയിൽവച്ചു നൽകിയ ഉറപ്പ് പാലിച്ചു കൊണ്ട് തന്റെ ജീവനെപ്രതി തെരുവിൽ ഇറങ്ങിയ യുവാക്കളെ അഭിസംബോധന ചെയ്യുവാനുള്ള ചരിത്ര നിയോഗം ഏറ്റെടുത്തു പരിശുദ്ധ ബാവ തിരുമേനി ഒക്ടോബർ 5-ന് ഡൽഹിയിൽ എഴുന്നള്ളി.  മലങ്കരയുടെ യുവജന പ്രതിനിധികളും ഡൽഹി നസ്രാണികളും (നസ്രാണിയുടെ പരമ്പരാഗ തമായ വേഷഭൂഷാദികൾ ധരിച്ചു) ചേർന്നു തങ്ങളുടെ ജാതിക്കു കർത്തന് യഥോചിതം സ്വീകരണം നൽകി.  ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറും അന്നത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അതിഥികളായി സംബന്ധിച്ച യുവജനപ്രസ്ഥാനം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ എല്ലാ പ്രസംഗങ്ങളും ഇംഗ്ലീഷിൽ. പക്ഷേ പരിശുദ്ധ ബാവാ തിരുമനസ്സ് ഇംഗ്ലീഷിൽ എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ചതിനു ശേഷം കോലഞ്ചേയിൽ നടത്തേണ്ടി വന്ന ഉപവാസ ത്തെക്കുറിച്ചും ആ സമയങ്ങളിൽ താൻ കേട്ട വിമർശനങ്ങളോടുള്ള മറുപടിയും നിലപാടും മലയാളത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗിച്ചപ്പോൾ യുവാക്കൾ ആവേശ പുളകിതരായി. പക്ഷേ സംഘാടകർ എന്ന നിലയിൽ ഞങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടി. കാരണം ലെഫ്റ്റനൻ്റ് ഗവർണ്ണർ അതെങ്ങനെ ഉൾക്കൊള്ളും എന്ന ആശങ്ക ആയിരുന്നു.   എന്നാൽ ഒരു ഭാവഭേദവും കൂടാതെ അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ലെങ്കിലും ക്ഷമയോടെ കേട്ടുകൊണ്ടിരുന്നു.  ഇതിനു മുൻപ് മണ്മറഞ്ഞ പി. സി. അലക്സാണ്ടർ സാർ മാത്രമേ ഉത്തരേന്ത്യൻ അതിഥികൾ ഇരിക്കുമ്പോൾ മലയാളത്തിൽ ഈ സഭയെക്കുറിച്ചു പറയുവാൻ ധൈര്യപ്പെട്ടിട്ടുള്ളൂ.

അന്ന് ആ സമ്മേളനം live ചെയ്യുവാൻ ഒരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.  പിന്നീട് കോലഞ്ചേരിയിലെ സംഭവങ്ങളുടെ ഉദ്ദേശ്യവും നിലപാടും ചേർത്തുകൊണ്ട് ‘ഇടയ ശുശ്രൂഷയിലെ ധന്യതയുടെ എട്ട് ദിനങ്ങൾ ‘ എന്ന ലേഖനം ഡൽഹിയിലെ ജോർജ് സ്കറിയ അവർകൾ തയാറാക്കിയപ്പോൾ അതിൽ ഭാഗഭാക്കാകുവാൻ എനിക്കും ഭാഗ്യം ലഭിച്ചു.  ഈ പ്രസംഗം പല പ്രാവശ്യം അതിനായി കേട്ടിരുന്നു.  കഴിഞ്ഞ വർഷം ലോക്ക് ഡൌൺ സമയത്ത് ചില ഫയലുകൾ തിരഞ്ഞപ്പോൾ ഈ പ്രസംഗം കേൾക്കുവാനും അറിയുന്ന രീതിയിൽ അതു പൊതു സമൂഹത്തിനായി കട്ട് ചെയ്തു പുറത്തു വിടുവാനും സാധിച്ചു. കോലഞ്ചേരിയിൽ വച്ചു നടത്തിയ സഹന സമരത്തിനു ശേഷം ഉള്ള ആദ്യ പൊതുസമ്മേളനത്തിലെ ആ പ്രസംഗം സഭാമക്കളിൽ ആവേശം കൊള്ളിക്കുന്നു എന്ന് കാണുമ്പോൾ ആ ചരിത്ര സംഭവങ്ങൾക്കു പിന്നിലെ ദൈവനടത്തിപ്പി നെക്കുറിച്ചു ഇത്രയെങ്കിലും കുറിക്കണം എന്ന് തോന്നി.

ആ ലേഖനത്തിൽ പരിശുദ്ധ ബാവാ തിരുമനസ്സ് എന്തുകൊണ്ട് കോലഞ്ചേരിയിൽ ഇങ്ങനെ ഒരു സാഹസയജ്ഞത്തിന് സഭയുടെ തലവനെന്ന നിലയിൽ തീരുമാന മെടുത്തു എന്ന ചോദ്യത്തിന് നൽകുന്ന മറുപടി ഇപ്രകാരം ആണ്

1. നീതിയ്ക്കുവേണ്ടി ദാഹിക്കുന്നവരോടപ്പം ആയിരിക്കുവാൻ ആഗ്രഹിച്ചു.

2. ഞാൻ അപമാനിക്കപ്പെട്ടാലും മലങ്കര സഭ അപമാനിക്കപ്പെടരുതെന്ന് വിചാരിച്ചു.

3. പള്ളിക്കെട്ടിടം ഭൗതികസ്വത്തല്ല ജീവചൈതന്യം തുടിക്കുന്ന ആവാസ കേന്ദ്രമാണ് എന്ന ചിന്ത.

4. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തെയും തദ്ദേശീയതയെയും നിരസിക്കാനുള്ള സാഹചര്യത്തോടുള്ള പ്രതിരോധം.

5. നീതിരഹിത ഭരണകൂടത്തിൻ്റെ കണ്ണുതുറപ്പിക്കാനാവുമോ എന്ന സാഹസിക പരിശ്രമം.

6. വിശ്വാസികൾ നേരിടുന്ന പ്രതിസന്ധികളിൽ സഭാനേതൃത്വം മെയ്യ് അനങ്ങുന്നവരല്ലെന്ന സങ്കല്പത്തെ തച്ചുടക്കൽ.

7. ശരിയും തെറ്റുകളും ആക്ഷേപിക്കാമെ ങ്കിലും ശരിയെ സമൂഹ മദ്ധ്യേ അടയാളപ്പെടുത്താനുള്ള അധ്വാനം.

8. യേശുക്രിസ്തുവിന്റെ അന്ത്യനാളുകളോടുള്ള ഐക്യദാർഢ്യം.

ഈ ഉത്തരങ്ങൾ പത്തുവർഷം കഴിഞ്ഞ് വീണ്ടും വായിക്കപ്പെടുമ്പോൾ ഒന്നു ഉറപ്പിക്കാം ക്രിസ്തുവിനെപ്പോലെ തന്റെ ആടുകൾക്കു വേണ്ടിയാണ് മരണത്തിൽ പോലും നിന്ദയും പരിഹാസവും ഏറ്റത്.

മലങ്കര സഭയെ ധന്യതയോടെ നയിച്ച പരിശുദ്ധ പിതാവിന്റെ ഒപ്പമുള്ള ഓരോ നിമിഷങ്ങളും ഓർത്തുകൊണ്ട് എഴുതുവാനും ഒത്തിരിയുണ്ട്. ദൈവസന്നിധിയിൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന പ്രാർത്ഥനയോടെ.

ജോജി വഴുവാടി

ന്യൂ ഡൽഹി