HH Catholicos Paulose IIOVS - Latest NewsOVS-Kerala News

പരിശുദ്ധ കാതോലിക്കാ ബാവായുടെ ഭൗതികശരീരം ദേവലോകത്ത് എത്തിച്ചു.

കോട്ടയം∙ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓർത്തഡോക്സ്‌ സഭാ ആസ്ഥാനമായ ദേവലോകത്ത് എത്തിച്ചു. രാത്രി 11.45-ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ദേവലോകത്ത് എത്തിയത്. വഴിയിൽ പള്ളികൾ കേന്ദ്രീകരിച്ച് വിശ്വാസസമൂഹം കാത്തുനിന്നിരുന്നു. വാഹനങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്ര പരുമലയിൽനിന്നു കോട്ടയത്തേക്ക് എത്തിയത്. ദേവലോകത്ത് എത്തച്ച ഭൗതിക ശരീരം കാതോലിക്കേറ്റ് അരമന ചാപ്പലിലാണു സൂക്ഷിക്കുന്നത്.

ഇന്ന് രാവിലെ ആറിന് കാതോലിക്കേറ്റ് അരമന ചാപ്പലിൽ കുര്‍ബാനയ്ക്കു ശേഷം എട്ടു മണിയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും. കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്‍റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്‍റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്കാരം നടത്തും.

തിങ്കളാഴ്ച രാവിലെ ആറു മുതൽ പരുമല പള്ളിയിൽ പൊതുദർശനത്തിനു വച്ച പരിശുദ്ധ ബാവായുടെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ എത്തി.
തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് പരിശുദ്ധ ബാവാ കാലം ചെയ്തത്.

ദേശീയ സഭയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ രാജ്യത്തിൻ്റെ ആദരവും, അനുശോചനവും.