HH Catholicos Paulose IIOutside KeralaOVS - Latest News

ദേശീയ സഭയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ രാജ്യത്തിൻ്റെ ആദരവും, അനുശോചനവും.

2021 ജൂലൈ 12 -നു കാലം ചെയ്ത ഭാരതത്തിൻ്റെ ദേശീയ സഭയായ മലങ്കര സഭയുടെ പരിശുദ്ധ പൗരസ്ത്യ കാതോലിക്ക ബാവയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ രാജ്യത്തിൻ്റെ നിലയ്ക്കാത്ത ആദരവും, അനുശോചനവും. ആദരണീയരായ രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോകസഭാ സ്‌പീക്കർ, കോൺഗ്രസ് അധ്യക്ഷ, കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ മലങ്കരയുടെ മഹിതാചാര്യൻ്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു.

ഭാരതത്തിൻ്റെ പ്രഥമ പൗരനും ആദരണീയ പ്രസിഡന്റുമായ ശ്രീ. റാം നാഥ് കോവിന്ദ് പരിശുദ്ധ പിതാവിൻ്റെ ദേഹ വിയോഗത്തിൽ ഹൃദയംഗമായ അനുശോചനം രേഖപ്പെടുത്തി. “അശരണരോടും അവശരോടുമുള്ള കരുതൽ, മലങ്കര സഭയിലെ സ്ത്രീ ശാക്തീകരണം, സാമൂഹിക നീതി നിറഞ്ഞ കാഴ്ചപ്പാടുകൾ” എന്നിവ എടുത്ത് പറഞ്ഞായിരുന്നു ആദരണീയ ഭാരതത്തിൻ്റെ രാഷ്ട്രപതിയുടെ അനുശോചന ട്വീറ്റ് സന്ദേശം .

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവൻ, പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ വിട വാങ്ങിയെന്നറിഞ്ഞതിൽ ഖേദമുണ്ട്. ദയ, അനുകമ്പ, നിസ്വാർത്ഥ സേവനം എന്നീ മൂല്യങ്ങളുടെ മൂർത്തീ ഭാവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ പ്രചോദനാത്മക ജീവിതം എല്ലാവർക്കും വഴികാട്ടിയായിരിക്കും. അദ്ദേഹത്തിന്റെ പ്രാണൻ സമാധാനത്തോടെ ഇരിക്കട്ടെ” എന്ന ഭാരതത്തിൻ്റെ ആദരണീയനായ ഉപരാഷ്ട്രപ്രതി ശ്രീ.വെങ്കയ്‌ നായിഡു അനുശോചന സന്ദേശത്തിൽ അറിയിച്ചു.

“സേവനത്തിൻ്റെയും, അനുകമ്പയുടെയും സമൃദ്ധമായ പാരമ്പര്യത്തെയാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ അവശേഷിച്ചിപ്പിട്ടുള്ളത്. ദുഃഖത്തിൻ്റെ ഈ വേളയിൽ, എൻ്റെ ചിന്തകൾ ഓർത്തഡോൿസ് സഭയിലെ അംഗങ്ങൾക്ക് ഒപ്പമാണ്. അദ്ദേഹത്തിൻ്റെ ആതാമാവിന് നിത്യശാന്തി നേരുന്നു” എന്നായിരുന്നു ഭാരതത്തിൻ്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അനുശോചന ട്വീറ്റ് സന്ദേശം.

ബഹു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളിധീരൻ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു സാമൂഹിക മാധ്യമത്തിൽ ഇങ്ങനെ അടയാളപ്പെടുത്തി. “മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. വെല്ലുവിളികളിൽ പതറാതെ വിശ്വാസ സമൂഹത്തെ നയിച്ച നല്ല ഇടയനായിരുന്നു പരിശുദ്ധ ബാവ. ക്രിസ്തുദേവൻ കാണിച്ച സ്നേഹത്തിൻ്റെ മാതൃകയെ ജീവിതത്തിൽ പകർത്തിയ വ്യക്തിയാണ് തിരുമേനി. നിർധന കാൻസർ രോഗികൾക്കായി ബാവ ആരംഭിച്ച ‘സ്നേഹസ്പർശം’ പദ്ധതി ഇതിൻ്റെ ഉദാഹരണമാണ്. സഭാതർക്കത്തിൽ നീതി നിഷേധം നേരിട്ടപ്പോഴും നാടിൻ്റെ സമാധാനം തകരാതിരിക്കാൻ തിരുമേനി കാണിച്ച ആത്മസംയമനവും പക്വതയും മികച്ച നേതൃഗുണത്തിൻ്റെ തെളിവാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”.

“മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ ഇന്ന് പുലര്‍ച്ചെ കാലം ചെയ്ത വാര്‍ത്ത അറിഞ്ഞു. ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങള്‍ക്കും അദ്ധേഹത്തെ സ്നേഹിച്ച എല്ലാവര്‍ക്കും ഒപ്പം അവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു” എന്ന് ബഹു. കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായ ശ്രീ. രാജീവ് ചന്ദ്രശേഖർ തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോയോഗത്തിൽ അനുശോചിച്ചു. “ജ്ഞാനവും ദീനാനുകമ്പയും ആത്മീയ കാഴ്ച്ചപ്പാടുകളുമുള്ള അദ്ദേഹം സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും അശ്രാന്തമായി പ്രവര്‍ത്തിച്ചു. സാമൂഹ്യനീതിക്കും സ്തീശാക്തീകരണത്തിനുമായി പോരാടി. അദ്ദേഹത്തിൻ്റെ അകാല വിയോഗം നികത്താനാകാത്ത വിടവാണ് സൃഷ്ടിക്കുന്നത്. പക്ഷേ അദ്ദേഹം സൃഷ്ടിച്ച സമ്പന്നമായ പാരമ്പര്യവും അനുകരണീയമായ മാതൃകകളും മലങ്കര സഭയും വിശ്വാസികളും മുന്നോട്ട് കൊണ്ടു പോകുമെന്ന് പ്രത്യാശിക്കുന്നു.” എന്ന് ശ്രീമതി സോണിയ ഗാന്ധി അനുശോചിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡന്റും, വയനാട് എം.പി യുമായ ശ്രീ. രാഹുൽ ഗാന്ധിയും മലങ്കര സഭയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. “ഒരു ആത്മീയ അധ്യക്ഷൻ എന്ന നിലയ്ക്ക് ഒപ്പും അശരണരുടെ പുരോഗതിയ്ക്കായി നടത്തിയ മനുഷ്വത്വം നിറഞ്ഞ പ്രവർത്തനങ്ങളുടെ പേരിലും ഇദ്ദേഹത്തെ കാലം അടയാളപ്പെടുത്തും” എന്ന ശ്രീ. രാഹുൽ ഗാന്ധി അനുശാചന സന്ദേശത്തിൽ രേഖപ്പെടുത്തി. മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ശ്രീ.എ കെ ആന്റണിയും, കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ. കെ. സി വേണുഗോപാലും പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.

ബഹു.ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ. ഭൂപേഷ് ബാഗ്‌ഹെൽ മലങ്കര സഭയുടെ പരിശുദ്ധ പിതാവിൻ്റെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ബാവ “നാം ഓരോരുത്തരുടെയും ഹൃദയങ്ങളിൽ അനശ്വരമായി ജീവിക്കും” എന്ന് ട്വീറ്റ് ചെയ്തു. ബഹു.ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി താമരധ്വജ് സാഹുവും മലങ്കരയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു. ബഹു. രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ. അശോക് ഗഹ്ലോട്, ബഹു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ. അമരീന്ദർ സിങ്, ബഹു. മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ, ബഹു. മേഘാലയ മുഖ്യമന്ത്രി ശ്രീ. കോൺറാഡ് സാങ്മ എന്നീ മുഖ്യമന്ത്രിമാർ പരിശുദ്ധ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.

ബഹു. ലോക്സഭാ സ്പീക്കർ ശ്രീ. ഓം ബിർള, ബഹു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മാലികാർജ്ജുന ഖാർഗെ, ബഹു. കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായൺ, മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, രാജസ്ഥാൻ മുൻ കോൺഗ്രസ് അധ്യക്ഷൻ ശ്രീ.സച്ചിൻ പൈലറ്റ് ഉൾപ്പെടെ നിരവധി പ്രമുഖ ദേശീയ നേതാക്കൾ അനുശോചിച്ചു.

ആര്‍. എസ്.എസ് അഖില ഭാരതീയ കാര്യകാരി അംഗം രാം മാധവ് ദേവലോകം അരമനയിൽ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു.

മലങ്കര സഭയുടെ മഹിതാചാര്യൻ്റെ വിട വാങ്ങലുമായി ബന്ധപ്പെട്ട പ്രമുഖരുടെ അനുസമരണങ്ങളും, അനുശോചനങ്ങളും കോർത്തിണക്കി മലങ്കര സഭയുടെ മാധ്യമ വിഭാഗം തയ്യാറാക്കിയ പ്രത്യേക സപ്ലിമെന്റ്.

HH-Paulose-II-Funeral-Special

മലങ്കര സഭയുടെ വലിയ ഇടയൻ്റെ വിയോഗത്തിൽ അനുശോചന – അനുസ്‌മരണ പ്രവാഹം.