HH Catholicos Paulose IIOVS - Latest NewsOVS-Kerala News

മലങ്കര സഭയുടെ വലിയ ഇടയൻ്റെ വിയോഗത്തിൽ അനുശോചന – അനുസ്‌മരണ പ്രവാഹം.

കാലയവനികയ്ക്കുളിലേക്ക് ദൈവം തിരികെ വിളിച്ച മലങ്കര സഭയുടെ മഹിതാചാര്യൻ, വി. മാർത്തോമാ ശ്ലീഹായുടെ സ്ലൈഹീക പിൻഗാമിയായ മോറോൻ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറടക്കം പൂർണ്ണ സംസ്ഥാന ബഹുമതികളോട് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മലങ്കര സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിൽ നടന്നു. സർവ്വ നിലയിലും പ്രകൃതി പോലും ശാന്തമൗനതയിൽ മുഴകിയ മണിക്കൂറുകളിൽ, മലങ്കര സഭയുടെ ചക്രവർത്തിക്ക് വികാരനിർഭരവും, പ്രൗഢഗംഭീരവും, അനുഗ്രഹപ്രദവുമായ നിലയിലാണ് പരിശുദ്ധ പിതാവിൻ്റെ കബറടക്കം മലങ്കര സഭ പൂർത്തീകരിച്ചത്. സഭയിലെ മുതിർന്ന മെത്രാപ്പോലീത്ത അഭിവന്ദ്യ. കുര്യാക്കോസ് മാർ ക്ലിമീസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാരുടെയും, വിശ്വാസി-വൈദിക സമൂഹത്തിൻ്റെയും പ്രാർത്ഥനകളുടെ മധ്യേയാണ് പരിശുദ്ധ പിതാവ് തൻ്റെ സഭയോടും, തൻ്റെ ജനതയോടും, അരമനയോടും ആസ്ഥാനത്തോടും ഉപചാരപൂർവ്വം വിട ചൊല്ലിയത്. ലക്ഷകണക്കിന് വിശ്വാസികൾ മുഖ്യധാരാ ദൃശ്യമാധ്യമങ്ങളിൽ കൂടി ഹൃദയ വേദനയോടെ “പരിശുദ്ധ പിതാവേ ! അങ്ങ് സമാധാനത്തോടെ പോകുക” എന്ന യാത്രാമൊഴി ചൊല്ലി. ഒരു മതാചാര്യന് ഇന്ന് വരെ കേരളം നൽകിയതിൽ വെച്ചും ഏറ്റവും സ്രേഷ്ഠവും, മഹനീയവുമായ ഒരു യാത്രയയപ്പാണ് ഈ കോവിഡ് പ്രതിസന്ധിയുടെ കാലത്തും ലോകം കണ്ടത്. മലങ്കരയുടെ മഹിതാചാര്യന് അന്തിമോപചാരം അർപ്പിക്കാനായി ഭരണ – രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – ആത്മീയ മേഖലകളിൽ നിന്നും അഭൂതപൂർവമായ പങ്കാളിത്വമുണ്ടായി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വി. ഫ്രാൻസിസ് മാർപാപ്പ, വി. റഷ്യൻ പാത്രിയർക്കിസ് മുതൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ പരിശുദ്ധ പാത്രയർക്കിസ്‌മാർ, മറ്റു ലോക ക്രൈസ്തവ നേതാക്കൾ വരെ അനുശോചനം അറിയിച്ച പരിശുദ്ധ പിതാവിന് പരുമലയിലും, കോട്ടയം ദേവലോക അരമനയിലുമായി എത്തിയ നിരവധി വിശ്വാസികളും, പൊതു സമൂഹവും കണ്ണീരിൽ കുതിർന്ന ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിൻ്റെ അധ്യക്ഷൻ കൂടിയായ പരിശുദ്ധ ബാവ തിരുമേനിയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു മലങ്കരയിലെ എപ്പിസ്കോപ്പൽ സഭകളിൽ നിന്നുമായി നിരവധി പിതാക്കന്മാർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഭാരതത്തിൻ്റെ ദേശീയ സഭയായ മലങ്കര സഭയുടെ പരിശുദ്ധ പൗരസ്ത്യ കാതോലിക്ക ബാവയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക – ആത്മീയ രംഗങ്ങളിൽ നിന്ന് അനുശോചന – അനുസ്‌മരണ പ്രവാഹങ്ങൾ നിലയ്ക്കാതെ ഒഴുകിയെത്തി.

മലങ്കരയുടെ പരിശുദ്ധ പിതാവിൻ്റെ കാലവിയോഗത്തിലുള്ള ശ്രദ്ധേയമായ ചില അനുശോചന-അനുസ്മരണ സന്ദേശങ്ങളിലൂടെ..

ശ്രീ. ആരിഫ് മുഹമ്മദ്ഖാൻ – ബഹു. കേരള ഗവർണ്ണർ.
മലങ്കര സഭയുടെ പരിശുദ്ധ പിതാവിൻ്റെ കാലവിയോഗത്തിൽ അനുശോചനവും ആദരവും അർപ്പിക്കാൻ ബഹുമാനപെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ്ഖാൻ പരുമലയിലെത്തി. മലങ്കരയുടെ പരിശുദ്ധ പിതാവിന് അന്തിമോപചാരം അർപ്പിച്ച അദ്ദേഹം, ഭാരതത്തിനു മലങ്കര സഭയും, പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയും നൽകിയ മഹത്വമായ പാരമ്പര്യത്തെയും, നന്മകളെയും അനുസ്‌മരിച്ചു.

ശ്രീ.പിണറായി വിജയന്‍ – ബഹു. കേരള മുഖ്യമന്ത്രി.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പരുമല സെമിനാരിയിൽ രാവിലെ മന്ത്രിമാരായ ശ്രീമതി. വീണ ജോർജ്, ശ്രീ. സജി ചെറിയാൻ എന്നിവരോടോപ്പും എത്തി മലങ്കര സഭയുടെ പരിശുദ്ധ പിതാവിന് അന്തിമോപചാരം അർപ്പിച്ചു. സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിൻ്റെ വേദിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സഭയുടെ താല്‍പര്യമായിരുന്നു എന്നും ബാവ ഉയര്‍ത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓര്‍ത്തഡോക്സ് സഭകളുമായി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ശ്രീ. പി.എസ് ശ്രീധരൻ പിള്ള – ഗോവ ഗവർണർ.
കേരളത്തിലെ പ്രാചീന ക്രിസ്തീയ സഭയായി ലോകം അംഗീകരിച്ച ഓർത്തഡോക്സ് സഭയുടെ പരമാചാര്യൻ പരിശുദ്ധ മാർ ബസോലിയോസ് മാർത്തോമ പൗലോസ് കാലം ചെയ്ത വിവരം അറിഞ്ഞു അത്യധികം വേദനിക്കുകയും വേർപാടിൽ അനുശോചിക്കുകയും ചെയ്യുന്നു. പരിശുദ്ധ ബാവാ തിരുമേനിയുമായി എനിക്ക് രണ്ട് പതിറ്റാണ്ടിലധികം കാലത്തെ അടുപ്പവും ആത്മ ബന്ധവും ഉണ്ട്. ഭാരതീയ സംസ്കാരത്തിൽ അഭിമാനിക്കുകയും അതിൻ്റെ അടിസ്ഥാനവും സംസ്കൃതിയും സംരക്ഷിച്ചു കൊണ്ട് സഭ പ്രവർത്തിക്കേണ്ടതാണെന്ന അദ്ദേഹത്തിൻ്റെ വിപ്ലവകരമായ പ്രസ്താവനകൾ എനിക്ക് കേൾക്കാനിടയായിട്ടുണ്ട്. മിസോറാമിൻ്റെ ചരിത്രത്തിൽ, രാജ്ഭവൻ പ്രസിദ്ധീകരണത്തിൽ ഓർത്തഡോക്സ് സഭയോടും പരിശുദ്ധ കാതോലിക്ക ബാവായോടുമുള്ള സ്നേഹത്താൽ ഞാൻ ഒരു രേഖ ഔദ്യോഗികമായി ചേർത്തു. “Truly Indian Church” എന്ന് പറയുന്ന വിഭാഗത്തിൽ പരിശുദ്ധ ബാവ വിദ്യാരംഭത്തിന് തുടക്കും കുറിക്കുന്ന ചിത്രങ്ങളും, വിവരണങ്ങളും ചേർത്തിട്ടുണ്ട്. പരിശുദ്ധ പിതാവിൻ്റെ നിര്യാണം കേരളത്തിലെ പൊതു സമൂഹത്തിനും, ഓർത്തഡോക്സ് സഭക്കും നികത്താനാവാത്ത നഷ്ടമാണ്. ഈ വേർപാട് സൃഷ്ടിച്ച ദുഖത്തിലും വേദനയിലും ഞാനും പങ്കാളിയാവുന്നു എന്ന് ബഹുമാനപെട്ട പി.എസ് ശ്രീധരൻപിള്ള പരുമലയിൽ നടത്തിയ അനുശോചന സന്ദേശത്തിൽ പ്രസംഗിച്ചു.

ശ്രീ. വി. ഡി. സതീശൻ – ബഹു. കേരള പ്രതിപക്ഷ നേതാവ്.
സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി ഒട്ടേറെ പദ്ധതികളാണ് പരിശുദ്ധ കാതോലിക്ക ബാവാ സഭാതലത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയതെന്നു ബഹു. പ്രതിപക്ഷ നേതാവു വി.ഡി. സതീശൻ പറഞ്ഞു. 100 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘സ്‌നേഹസ്പര്‍ശ‘വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നെന്നും സതീശൻ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ശ്രീ. എം.ബി രാജേഷ് – ബഹു. കേരള നിയമസഭാ സ്പീക്കർ.
മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.സഭാ അംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു സാധാരണക്കാരുടെ ജീവിതത്തെ അടുത്തറിയുകയും അശരണരുടെ കണ്ണീരൊപ്പുകയും ചെയ്ത അദ്ദേഹത്തിൻ്റെ നിര്യാണം കേരളത്തിന് വലിയ നഷ്ടമാണ് എന്ന് ബഹുമാനപെട്ട നിയമസഭാ സ്പീക്കർ അനുശോചിച്ചു.

ശ്രീ. ഉമ്മൻ ചാണ്ടി – മുൻ മുഖ്യമന്ത്രി.
സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു. സ്ത്രീകള്‍ക്കു പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്കു നല്കിയെന്നും ഉമ്മന്‍ ചാണ്ടി പരുമലയിൽ എത്തി പരിശുദ്ധ പിതാവിന് അന്തിമോപചാരം അർപ്പിച്ചു അനുസ്‌മരിച്ചു.

ശ്രീ. രമേശ് ചെന്നിത്തല – മുൻ പ്രതിപക്ഷ നേതാവ്
ഓർത്തഡോക്സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതിൽ പരമാദ്ധ്യക്ഷനെന്ന നിലയിൽ പ്രശംസാർഹമായ നേതൃത്വമാണ് തിരുമേനി നൽകിയിട്ടുള്ളത്. ആത്മീയജീവിതത്തിൻ്റെ മാതൃകയായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയ നേതാവായിരിക്കുമ്പോഴും മതേതരത്വത്തിനു വേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. ആത്മീയ ജീവിതത്തിൻ്റെ മാതൃകയായി നിലകൊള്ളാൻ ബാവായ്ക്കു സാധിച്ചെന്നും പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല എംഎൽഎ പരുമലയിൽ നടത്തിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അഭിവന്ദ്യ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി – സിറോ മലബാർ കത്തോലിക്ക സഭാധ്യക്ഷൻ
ബാവ തിരുമേനി മലങ്കര ഓർത്തഡോൿസ് സഭയെ അത്യധികം സ്നേഹിച്ചു. അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും ഈ സഭാസ്നേഹത്തിൻ്റെ നിദർശനങ്ങളായിരുന്നു. തികഞ്ഞ ദൈവാശ്രയബോധത്തോടെയാണ് ജീവിതത്തിലെ പ്രതീക്ഷിതവും അപ്രതീക്ഷതവുമായ എല്ലാ സാഹചര്യങ്ങളെയും തിരുമേനി സ്വീകരിച്ചിരുന്നത്. പൊതുസമൂഹത്തിലെ പ്രശ്ങ്ങളിൽ മതസൗഹാർദ്ദവും, മാനവ ഐക്യവും സംരക്ഷിക്കുവാൻ തിരുമേനി ഇപ്പോഴും പരിശ്രമിച്ചിരുന്നു എന്ന് അഭിവന്ദ്യ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അഭിവന്ദ്യ. കർദിനാൾ ക്ലിമീസ് തോട്ടുങ്കൽ – സിറോ മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ.
പരിശുദ്ധ കാതോലിക്ക ബാവ സഭയുടെ എല്ലാവിധ സേവന – ആരാധനാ മേഖലകളിലും തനതായ വ്യക്തിത്വം നൽകിയിട്ടുണ്ട്. സഭയുടെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പുതിയ ദിശാബോധം നല്കുന്നതിന് പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വം മുഖാന്തരമായി എന്ന് അഭിവന്ദ്യ. കർദിനാൾ മാർ ക്ലിമീസ് അനുശോചന സന്ദേശത്തിൽ പങ്ക്‌ വെച്ചു.

അഭിവന്ദ്യ ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത – മാർത്തോമാ സുറിയാനി സഭ
കാലംചെയ്ത പരിശുദ്ധ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ, മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായും അഭിവന്ദ്യരായ ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തിമോത്തിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തൂസ് എന്നീ എപ്പിസ്കോപ്പാമാരും പരുമലപ്പള്ളിയിൽ എത്തി ഓർത്തഡോക്സ് സഭയുടെ ദുഃഖത്തിൽ പങ്കു ചേർന്നുകൊണ്ട് ആദരാഞ്ജലികളും പ്രാർത്ഥനയും അർപ്പിച്ചു.

അഭിവന്ദ്യ. സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത – മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ (തൊഴിയൂർ)
തൻ്റെ സ്വന്തം നാട്ടുകാരൻ കൂടിയായ പരിശുദ്ധ കാതോലിക്ക ബാവായുടെ സ്നേഹവും, വാത്സല്യവും ഒരു ഇളയ സഹോദരനെ പോലെ അനുഭവിക്കാൻ ഭാഗ്യം കിട്ടിയ കാര്യങ്ങളെ അഭിവന്ദ്യ സിറിൽ മാർ മെത്രാപ്പോലീത്ത ഓർത്തെടുത്തു. ദൈവാശ്രയത്തിൽ ഏത് പ്രതിസന്ധിയും ഒരു ചെറിയ പുഞ്ചരിയോടെ കൂടെ തരണം ചെയ്യുന്നു രീതിയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവയുടെന്ന് അഭിവന്ദ്യ സിറിൽ മാർ മെത്രാപ്പോലീത്ത തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

റിട്ട. മോസ്റ്റ് റെവ തോമസ് കെ ഉമ്മൻ – സി.എസ്.ഐ മധ്യകേരള
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബാവാ തിരുമേനിയുമായി ഏറെ ഹൃദ്യമായ സൗഹൃദം പുലർത്തുവാൻ കഴിഞ്ഞിരുന്നു. സഭാപരമായ ഔദ്യോഗിക ബന്ധങ്ങൾക്കപ്പുറം വ്യക്തിപരമായി സ്നേഹിക്കുകയും കരുതുകയും ചെയ്ത പരിശുദ്ധ ബാവായുടെ വിയോഗത്തിലുള്ള അനുശോചനം മോസ്റ്റ്. റെവ തോമസ് കെ ഉമ്മൻ അറിയിച്ചു.

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി – ശിവഗിരി ശ്രീനാരായണീയ മഠം.
സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നു സഭയുടെ ഉന്നതതലത്തിലേക്ക് കഷ്ടപ്പാടിലൂടെയും ത്യാഗത്തിലുടെയും വളര്‍ന്നുവന്ന ബാവയുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ‍ജ്ഞാന തപസ്വി. പതിറ്റാണ്ടുകൾ നീണ്ട ഒരു ഊഷ്മള സ്നേഹബന്ധത്തിൻ്റെ നഷ്ടം അദ്ദേഹം അനുശോചന സന്ദേശത്തിൽ എടുത്തു പറയുകയുണ്ടായി.

ശ്രീ. പി.കെ കുഞ്ഞാലികുട്ടി – പ്രതിപക്ഷ ഉപനേതാവ്.
കേരളത്തിൻ്റെ മത, സാമൂഹിക, സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞുനിന്ന മഹാ വ്യക്തിത്വമായ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് ബാവയുടെ വിയോഗം കേരളീയ സമൂഹത്തിന് തീരാ നഷ്ടമാണ്. സമൂഹത്തിൽ സമാധാനത്തിൻ്റെയും, സൗഹൃദത്തിൻ്റെയും ലോകം സൃഷ്ടിക്കാൻ മഹത്തായ സംഭാവനകൾ നൽകിയ മഹാനാണ് ബസേലിയോസ് ബാവ. ബാബരി മസ്ജിദിൻ്റെ പതന കാലത്ത് സമൂഹത്തിനു വഴിവിളക്കാവാൻ അദ്ദേഹം മുന്നിൽ നിന്നു. സഭാ തർക്കങ്ങൾ ഉടലെടുക്കുന്ന സന്ദർഭങ്ങളിൽ അദ്ദേഹത്തെ നേരിൽ കണ്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ആ തെളിഞ്ഞ വ്യക്തിത്വത്തിൻ്റെ ശോഭ അടുത്തറിയാൻ സാധ്യമായിട്ടുണ്ട്. ബാവാ തിരുമേനിയുടെ വിയോഗം മൂലം ദുഃഖാർത്തരായ സമൂഹത്തിൻ്റെ വേദനയിൽ പങ്ക് ചേരുന്നു. അദ്ദേഹത്തിന് നിത്യ ശാന്തി നേരുന്നു എന്ന് ശ്രീ. പി. കെ കുഞ്ഞാലികുട്ടി തൻ്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ശ്രീ.കെ.സുധാകരൻ – കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ.
ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്നേഹവുമൊക്കെ പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു. സാഹിത്യത്തിലും വലിയ അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാവരോടും തുറന്ന മനസോടെ അദ്ദേഹം ഇടപഴകി. തനിക്കു മുന്നിലെത്തുന്നവരോട് വലുപ്പ ചെറുപ്പമില്ലാതെ, പദവികളുടെ വേര്‍തിരിവുകളില്ലാതെ ഒരേ രീതിയില്‍ സംവദിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധ ചെലുത്തി. ഒരിക്കല്‍ ഇടപെട്ടവരെ തൻ്റെ സ്‌നേഹവലയത്തിലേക്ക് അടുപ്പിക്കാനുള്ള ഒരു കാന്തശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയ ജീവിതം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഈ ലോകത്തെ പഠിപ്പിച്ച, ജീവിതത്തിലൂടെ അതു കാണിച്ചു തന്ന ആത്മാര്‍ത്ഥ സേവനത്തിന്റെ, ദീനാനുകമ്പയുടെ മൂര്‍ത്തരൂപമായിരുന്ന പരിശുദ്ധ ബാവയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു, വിശ്വാസികളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്ന ബഹുമാനപെട്ട ശ്രീ. കെ സുധാകരൻ തൻ്റെ അനുശോചന സന്ദേശത്തിൽ പരുമലയിൽ അറിയിച്ചു.

ശ്രീ. കോടിയേരി ബാലകൃഷ്ണൻ – സംസ്ഥാന സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(എം)
മതനിരപേക്ഷ കേരളത്തിന്‌ വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു മലങ്കര ഓര്‍ത്തഡോകസ്‌ സഭാധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ. വ്യക്തിപരമായി ഞാനുമായി വളരെ അടുത്ത ബന്ധമാണ്‌ അദ്ദേഹത്തിന്‌ ഉണ്ടായത്‌. പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കാണുകയും, ആശയ വിനിമയം നടത്താറുമുണ്ട്‌. വളരെയടുത്ത്‌ ബന്ധമുള്ള ഒരു മഹത്‌ വ്യക്തിയെയാണ്‌ നഷ്‌ടപ്പെട്ടത്‌. അദ്ദേഹത്തിൻ്റെ സഭയേയും ദുഃഖാര്‍ത്തരായ ജനങ്ങളേയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് ബഹുമാനപെട്ട ശ്രീ.കോടിയേരി ബാലകൃഷ്‌ണൻ തൻ്റെ അനുസ്മരണ സന്ദേശത്തിൽ പങ്ക്‌ വെച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം) യ്ക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി ശ്രീ.എ വിജയരാഘവനും പരിശുദ്ധ പിതാവിൻ്റെ കാലവിയോഗത്തിൽ അനുശോചിച്ചു.

ശ്രീ.കെ.സുരേന്ദ്രൻ – ഭാരതീയ ജനത പാർട്ടി, സംസ്ഥാന അധ്യക്ഷൻ.
മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മതപുരോഹിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ നിര്യാണം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്. സഭാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.

ശ്രീ. ശശി തരൂർ – പാര്ലമെന്റ് അംഗം, എഴുത്തുകാരൻ. 
കോവിഡ്-19 ൽ നിന്ന് സുഖം പ്രാപിച്ച് വെറും നാല് മാസത്തിന് ശേഷം മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ പരമോന്നത തലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ്റെ നിര്യാണത്തിൽ ദുഖിതനായി. അനന്തമായ അനുകമ്പയും കൃപയും ഉള്ള ഒരു മനുഷ്യൻ, വ്യാപകമായി ദുഖിക്കപ്പെടും എന്ന് അനുശോചിച്ചു.

ശ്രീ. ബെന്യാമിൻ ബെന്നി – നോവലിസ്റ്റ്, എഴുത്തുകാരൻ
തണൽ വൃക്ഷം കടപുഴുകുമ്പോൾ എന്ന തലകെട്ടിൽ മലയാള മനോരമയിൽ പ്രിയപ്പെട്ട ബെന്യാമിൻ മലങ്കര പരിശുദ്ധ പിതാവിനെ ഇങ്ങനെ അനുസമരിക്കുന്നു . “പച്ചയായ മനുഷ്യൻ എന്ന് നമ്മൾ പലരെക്കുറിച്ചും പറയാറുണ്ട്. എന്നാൽ അക്ഷരാർത്ഥത്തിൽ അങ്ങനെ ഒരാൾ എന്നായിരുന്നു അദ്ദേഹത്തെ കണ്ട നിമിഷങ്ങളിൽ, സംസാരിച്ചിട്ടുള്ള നിമിഷങ്ങളിൽ എല്ലാം എനിക്ക് തോന്നിയിട്ടുള്ളത്. തന്നിൽ നിക്ഷിപതമായിരിക്കുന്ന ദൗത്യം എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞു അതിനു വേണ്ടി അടിയുറച്ചു നിലകൊണ്ട ഒരു പച്ച മനുഷ്യൻ. അതിൽ നിൽക്കാൻ അദ്ദേഹം ആരെയും കൂസിയില്ല, ആരെയും വക വെച്ചു കൊടുത്തുതുമില്ല. എല്ലാവാവരയും സന്തോഷിപ്പിക്കാൻ അദ്ദേഹം ഒന്നും ചെയ്തില്ല. അദ്ദേഹത്തിൻ്റെ അന്ത്യത്തോളും അത് നിലനിർത്തി എന്നാണ് എൻ്റെ ബോധ്യം .”

പത്മശ്രീ ശ്രീ.മോഹൻലാൽ – അഭിനേതാവ്.
ദുഃഖിതരുടേയും ദരിദ്രരുടെയും ദുർബലരുടേയും ഉന്നമനത്തിന് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഒരു വലിയ മനസ്സാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തോടൊപ്പം സഹകരിച്ചുകൊണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്‌തിരുന്നു. ഈ ആദരാഞ്ജലിക്കുറിപ്പ് എഴുതുമ്പോഴും അദ്ദേഹത്തിൻ്റെ വിടവാങ്ങലേകിയ ശൂന്യത എൻ്റെ മനസ്സിൽ നിന്ന് മായുന്നില്ല എന്ന് ശ്രീ. മോഹൻലാൽ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

പത്മശ്രീ ശ്രീ.മമ്മൂട്ടി – അഭിനേതാവ്.
കാലം ചെയ്ത ബാവ തിരുമേനിയെ “മനുഷ്യസ്നേഹത്തിൻ്റെ അപോസ്തലനായി”യാകും ഞാൻ ഓർക്കുക. എൻ്റെ എളിയ കാരുണ്യപദ്ധതിയായ “കെയർ ആൻഡ് ഷെയറി”നു എന്നും തുണയായിരുന്നു തിരുമേനി. എത്രെയോ ഉയരങ്ങളിലെത്തിയിട്ടും എളിയവനെപോലെ പെരുമാറിയിരുന്ന തിരുമേനി കേരളം സൃഷ്‌ടിച്ച ആത്മീയ വ്യക്തിത്വങ്ങളിൽ അദ്വിതീയനായിരുന്നു.

പത്മവിഭൂഷൺ ഡോ. കെ. എസ് ചിത്ര.
എന്തു പറയണമെന്ന് എനിക്കറിയില്ല. ഓർക്കുമ്പോൾ സങ്കടം വരുന്നു. തിരുമേനി കുറേക്കാലം കൂടി ജീവിച്ചിരുന്ന് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. തിരുമേനിയെ കാണാൻ ആദ്യം പോകുന്നല്ലോ, അൽപം ഭീതിയുണ്ടായിരുന്നു. തിരുമേനിയെ പരിചപ്പെട്ടു കഴിഞ്ഞപ്പോൾ ദൂരെ നിന്നു കാണണ്ട ഒരാളാണെന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിൽ നിന്നെനിക്കു തോന്നിയില്ല. എൻ്റെ ആരോ ഒരു ജ്യേഷ്ഠ സഹോദരനോ മറ്റോ ആണെന്നു തോന്നി. പിന്നീട് ചെന്നൈയിൽ നടന്ന സംഗീത പരിപാടിക്കിടെ തിരുമേനി പോകാനെഴുന്നേറ്റപ്പോൾ ഞാൻ ഓടിച്ചെന്ന് കയ്യിൽ തൊട്ടിട്ട് അയ്യോ പ്രോഗ്രാം തീരും മുമ്പ് പോകുവാണോ എന്നു ചോദിച്ചു. തിരുമേനി ആശുപത്രിയിൽ ആയപ്പോൾ മുതലേ എൻ്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥതയായിരുന്നു. അദേഹം ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. അതിൽപ്പരം ഒരു ഭാഗ്യം അദ്ദേഹത്തിൽ നിന്ന് എനിക്കു കിട്ടാനില്ല. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാതെയാണ് കാൻസർ വാർഡിന് എൻ്റെ മോളുടെ പേരിട്ടത്. ഉള്ള കാലം മുഴുവൻ അവളുടെ പേര് നിലനിൽക്കുന്ന വിധത്തിലാണത് ചെയ്തത്. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്നും തിരിച്ചു വരണേ എന്നും ഞാൻ ഉള്ളുരുകി പ്രാർഥിച്ചു – ശ്രീമതി ചിത്ര തൻ്റെ ഹൃദയ സ്പർശിയായ അനുശോചന സന്ദേശത്തിൽ പരിശുദ്ധ പിതാവിനെ ഇപ്രകാരം അനുസ്മരിക്കുന്നു.

എം.എ യൂസഫ് അലി – ലുലു ഗ്രൂപ്പ് ചെയർമാൻ
മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗം ഏറെ വ്യസനത്തോടെയാണു ഞാൻ അറിഞ്ഞത്. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ ഒരു മഹത് വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന തിരുമേനിയുമായി എനിക്ക് അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും വാത്സല്യവും ഞാൻ ഓർക്കുന്നു. ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല അതിലുപരി പൊതുസമൂഹത്തിൻ്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച ഒരു ആത്മീയാചാര്യനെയാണു ബാവായുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അഭിവന്ദ്യ കാതോലിക്കാ ബാവായുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭയ്ക്കും സഭാംഗങ്ങൾക്കും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു എന്ന് ശ്രീ. എം. എ യൂസഫ് അലി തൻ്റെ അനുശോചന വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ലോക ക്രൈസ്തവ സഭ കൗൺസിൽ സ്ഥാപകാംഗവും, ഓറിയന്റൽ ഓർത്തഡോൿസ് കൂട്ടായ്മയിലെ അംഗവുമായ മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ ബാഹ്യകേരളത്തിൽ എന്ന പോലെ തന്നെ കേരളത്തിലെയും വിവിധ ക്രൈസ്തവ സഭ പിതാക്കന്മാരുടെ ഇടയിൽ ചെലുത്തിയ സ്നേഹവാത്സല്യത്തിൻ്റെയും, സഹവർത്തിതൻ്റെയും മകുടോദാഹരണമാണ് പരിശുദ്ധ പിതാവിൻ്റെ വിയോഗത്തിൽ കേരളം ക്രൈസ്തവ സഭകളുടെ അനുശോചന – അനുസ്‌മരണ പ്രവാഹം. സിറോ മലബാർ കത്തോലിക്ക സഭയുടെ അഭിവന്ദ്യ കർദിനാൾ മാർ ആലഞ്ചേരി പിതാവ് ദേവലോകത്തു നേരിട്ടെത്തി പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് പ്രാർത്ഥനാപൂർവ്വം അന്തിമോപചാരമർപ്പിച്ചു. സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി മേജർ ആർച്ച ബിഷപ്പ് അഭിവന്ദ്യ. മാർ ജോസഫ് പെരുംതോട്ടവും, സഹ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ ബിഷപ്പും, കാഞ്ഞിരപ്പള്ളി ബിഷപ്പ് അഭിവന്ദ്യ. മാത്യു അറയ്ക്കലും ദേവലോകത്ത് എത്തി പ്രാർത്ഥനയിൽ പങ്ക്‌ ചേർന്നു. ചങ്ങനാശേരി മേജർ ആർച്ച ബിഷപ്പ് അഭിവന്ദ്യ. ജോസഫ് മാർ പൗവത്തിൽ പിതാവ് പരിശുദ്ധ കാതോലിക്ക ബാവയുടെ ദീപ്ത സമരണകൾ ദീപക ദിനപത്രത്തിൽ അനുശോചന ലേഖനമായി എഴുതി. മലങ്കര മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയും എപ്സിക്കോപ്പാമാരും ഒന്നിച്ചു പരുമലയിൽ എത്തിയാണ് പ്രാർത്ഥനോപചാരമർപ്പിച്ചത്. സിറോ മലങ്കര കത്തോലിക്ക സഭയുടെ അഭിവന്ദ്യ കർദിനാൾ മാർ ക്‌ളീമിസ് പിതാവും സഹ മെത്രാന്മാരോട് ഒപ്പം ദേവലോകത്തു എത്തി പ്രാർത്ഥനാപൂർവ്വം അന്തിമോപചാരമർപ്പിച്ചു. ലത്തീൻ കാതോലിക്ക സഭയുടെ പുനലൂർ രൂപത ബിഷപ്പ് വന്ദ്യ. സിൽവസ്റ്റർ പൊന്നുമുത്തൻ തിരുവന്തപുരം ആർച്ച ബിഷപ്പ് അഭിവന്ദ്യ. സുസൈപാക്യം തിരുമേനിയെ പ്രതിനിധീകരിച്ചു അന്തിമോപചാരമർപ്പിച്ചു. ക്നാനായ കത്തോലിക്ക സഭയുടെ കോട്ടയം രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ്‌ മാർ മാത്യു മൂലക്കാട്ട്, സഹ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ക്നാനായ യാക്കോബായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്, സി. എസ്. ഐ മധ്യകേരള ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, തൊഴിയൂർ സഭയുടെ അഭിവന്ദ്യ. സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കൽദായ സഭ അധ്യക്ഷൻ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്തയെ പ്രതിനിധീകരിച്ചു അഭിവന്ദ്യ. ഔഗേൻ മാർ കുര്യാക്കോസ്, ആംഗ്ലിക്കൻ ചർച്ച ഓഫ് ഇന്ത്യയുടെ ബിഷപ്പ് തുടങ്ങി ഭാരതത്തിലെ നിയമാനസൃത ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു നിരവധി പിതാക്കന്മാർ ഒഴുകിയെത്തി. ശിവഗിരി ശ്രീനാരായണീയ മഠത്തെ പ്രതിനിധീകരിച്ചു സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധി തീർഥ എന്നിവർ പരിശുദ്ധ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ ദേവലോകം അരമനയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. തിരുവന്തപുരം ശാന്തഗിരി ആശ്രമത്തിനു വേണ്ടി ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപ്‌സി ദേവലോകത്തു എത്തി അന്തിമോപചാരം അർപ്പിച്ചു. നായർ സർവീസ് സൊസൈറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ശ്രീ. ജി സുകുമാരൻ നായർ അനുശോചനമറിയിച്ചു. കോതമംഗലം പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി അനുശോചനം അറിയിച്ചു.

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായ ശ്രീ.ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ശ്രീ.എൻ ജയരാജ്, മന്ത്രിമാരായ ശ്രീമതി. വീണ ജോർജ്, ശ്രീ. വി. എൻ വാസവൻ, ശ്രീ. സജി ചെറിയാൻ, ശ്രീ. കെ രാജൻ, ശ്രീ. പി. എ മുഹമ്മദ് റിയാസ്, ശ്രീ. ആന്റണി രാജു, ശ്രീ. ബാലഗോപാൽ, ശ്രീ. പി പ്രസാദ്, ശ്രീ. പി രാജീവ്, ശ്രീ. കെ രാധാകൃഷ്ണൻ, ശ്രീ. റോഷി അഗസ്റ്റിൻ, ശ്രീ. ജി ആർ അനിൽ, ശ്രീമതി.ജെ ചിഞ്ചുറാണി തുടങ്ങിയവർ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയ്ക്കു അന്തിമോപചാരമർപ്പിച്ചു. മുൻ മന്ത്രിമാരായ ശ്രീമതി ശൈലജ ടീച്ചർ, ശ്രീമതി. ശ്രീമതി ടീച്ചർ, ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ശ്രീ. എം. എം മണി, ശ്രീ. ജി സുധാകരൻ, ശ്രീ. എം മൊയ്തീൻ, ശ്രീ. വി. എസ് സുനിൽകുമാർ എന്നിവർ നേരിട്ടും സാമൂഹിക മാധ്യമങ്ങളിൽ കൂടിയും മലങ്കരയുടെ പരിശുദ്ധ പിതാവിനെ അനുസ്‌മരിച്ചു. പാർലമെന്റ് അംഗങ്ങളായ ശ്രീ. എ. എം ആരിഫ്, ശ്രീ. കൊടിക്കുന്നിൽ സുരേഷ്, ശ്രീ. തോമസ് ചാഴികാടൻ, ശ്രീ. ആന്റോ ആന്റണി, ശ്രീ. എൻ കെ പ്രേമചന്ദ്രൻ, ശ്രീ. അബ്‌ദുസമദ് സമദാനി, ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ, ശ്രീ. അടൂർ പ്രകാശ്, ശ്രീമതി. രമ്യ ഹരിദാസ്, ശ്രീ.ഹൈബി ഈഡൻ, ശ്രീ. ബെന്നി ബഹനാൻ, ശ്രീ. എം കെ രാഘവൻ, ശ്രീ.ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാലവിയോഗത്തിൽ അനുശോചനം അറിയിച്ചു.

നിയമസഭാ സാമാജികരായ ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി, ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ. പി. സി വിഷ്ണുനാഥ്, ശ്രീ. പ്രമോദ് രാമൻ, ശ്രീ. മാത്യു ടി തോമസ്, ശ്രീ.കെ.യു ജനീഷ്‌കുമാർ, ശ്രീ.പി.ടി തോമസ്, ശ്രീ.പി.ജെ ജോസഫ്, ശ്രീ.മാണി സി കാപ്പൻ, ശ്രീ. മോൻസ് ജോസഫ്, ശ്രീ. മാത്യു കുഴൽനാടൻ, ശ്രീ.അനൂപ് ജേക്കബ്, ശ്രീ.കെ ബാബു, ശ്രീ.ടി.ജെ വിനോദ്, ശ്രീ. ഗണേഷ്‌കുമാർ, ശ്രീമതി. പ്രതിഭ ഹരി, ശ്രീ പി.ടി.എ റഹിം, ശ്രീ. ജോബ് മൈക്കിൾ, ശ്രീ. തോമസ് കെ തോമസ്, ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശ്രീ.എൽദോസ് കുന്നപ്പള്ളി, ശ്രീ.പി.വി ശ്രീനിജൻ, ശ്രീ. റോജി എം ജോൺ, ശ്രീ. ടി സിദ്ധിഖ്, ശ്രീ.എ പ്രഭാകരൻ, ശ്രീ. ഷാഫി പറമ്പിൽ, ശ്രീ. വാഴൂർ സോമൻ, ശ്രീ. വി. എസ് അരുൺകുമാർ, ശ്രീ. സി. ആർ മഹേഷ്, ശ്രീ. കോവൂർ കുഞ്ഞുമോൻ, ശ്രീ. ഐ.സി ബാലകൃഷ്ണൻ, തുടങ്ങി നിരവധി പ്രമുഖർ പരിശുദ്ധ പിതാവിൻ്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കുകെയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച പ്രമുഖ നേതാക്കളായ ശ്രീ. കാനം രാജേന്ദ്രൻ, ശ്രീ.പി. ജെ കുര്യൻ, ശ്രീ. കുമ്മനം രാജശേഖരൻ, ശ്രീ. ജോസ്. കെ മാണി, ശ്രീ.സായിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ശ്രീ. പി. സി ജോർജ്, ശ്രീ. തുഷാർ വെള്ളാപ്പള്ളി, ശ്രീ. ജോർജ് കുര്യൻ, ശ്രീ. ഫ്രാൻസിസ് ജോർജ്, ശ്രീ. പി സി തോമസ്, ശ്രീ.വി.ടി ബൽറാം, ശ്രീ. ജോസഫ് എം പുതുശേരി, ശ്രീ. സാജു പോൾ, ശ്രീ. കെ ശബരിനാഥ്, ശ്രീ. എ.എ റഹിം, ശ്രീ. രാജു എബ്രഹാം, ശ്രീ. സുരേഷ് കുറുപ്പ്, ശ്രീ.കെ.എസ രാധാകൃഷ്‌ണൻ, ശ്രീമതി. ശോഭ സുരേന്ദ്രൻ, ശ്രീ. ചാണ്ടി ഉമ്മൻ, ശ്രീ. ബാബു ജോർജ്, ശ്രീ. എം ടി രമേശ്, ഹൈക്കോടതി ജസ്റ്റിസ് ശ്രീ. ഷാജി പി ചാലി, മുൻ ചീഫ് ജസ്റ്റിസ് ജെ.ബെഞ്ചമിൻ കോശി, റിട്ട. ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ, മുൻ റവന്യൂ സെക്രട്ടറി ശ്രീ. പി. എച്ച്‌ കുര്യൻ, പത്തനംതിട്ട പോലീസ് സുപ്രണ്ട് ശ്രീമതി. നിശാന്തിനി ഐ. പി. എസ്, പത്തനംതിട്ട കളക്ടർ ശ്രീമതി. ദിവ്യ എസ് അയ്യർ, കോട്ടയം കളക്ടർ ശ്രീമതി. പി കെ ജയശ്രീ തുടങ്ങിയ നിരവധി പ്രമുഖർ നിലയ്ക്കാത്ത ജനാവലിയെ സാക്ഷിയാക്കി പരിശുദ്ധ പിതാവിന് അന്തിമപോചാരം അർപ്പിച്ചു.

കേന്ദ്ര-കേരള സർക്കാരുകളുടെ പരിപൂർണ്ണ സഹായ സഹകരണത്തിൽ പരിശുദ്ധ കാതോലിക്ക ബാവായുടെ വിലാപയാത്രയും, കബറടക്ക ശുശ്രൂഷകളും കോവിഡ് പ്രതിസന്ധികൾക്കിടയിലും ഒരു ചരിത്ര സംഭവമായി. പൂർണ്ണ സംസ്ഥാന ബഹുമതികൾ നൽകിയാണ് കേരളം പരിശുദ്ധ പിതാവിനെ യാത്രയാക്കിയത്. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ബഹു.ഗോവ ഗവർണ്ണർ ശ്രീ.പി.എസ് ശ്രീധരൻപിള്ള എന്നിവർ മലങ്കര സഭയോടും പരിശുദ്ധ പിതാവിനോടും കാട്ടിയ താല്പര്യവും കരുതലും പ്രത്യേകം പ്രസ്താവ്യമാണ്‌. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ശ്രീ. വി. എൻ വാസവനും, ശ്രീമതി. വീണ ജോർജും സദാ സാന്നിധ്യമായി പരുമലയിലും, കോട്ടയത്തും മലങ്കര സഭയോട് ചേർന്ന് നിന്ന്, ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും, സഹകരണങ്ങളും നൽകിയത് വലിയ സഹായകരമായി. പരിശുദ്ധ ബാവായുടെ വിലാപയാത്രയ്ക്കും, പൊതുദർശനത്തിനും, കബറടക്കത്തിനും മലങ്കര സഭയിലെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹോദോസ് അംഗങ്ങളുടെയും, സഭാ മാനേജിങ് കമ്മിറ്റിയുടെയും ചുമതലയിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹോദോസ്‌ പ്രസിഡന്റ് അഭിവന്ദ്യ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഫാ എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീ.ബിജു ഉമ്മൻ, മലങ്കര സഭാ വക്താവ് റവ.ഫാ ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയുടെ മഹിതാചാര്യൻ്റെ വിട വാങ്ങലുമായി ബന്ധപ്പെട്ട പ്രമുഖരുടെ അനുസമരണങ്ങളും, അനുശോചനങ്ങളും കോർത്തിണക്കി മലങ്കര സഭയുടെ മാധ്യമ വിഭാഗം തയ്യാറാക്കിയ പ്രത്യേക സപ്ലിമെന്റ്.

HH-Paulose-II-Funeral-Special

ദേശീയ സഭയുടെ പരിശുദ്ധ പിതാവിൻ്റെ ദേഹവിയോഗത്തിൽ രാജ്യത്തിൻ്റെ ആദരവും, അനുശോചനവും.