പരിശുദ്‌ധ ബസേലിയോസ് മാർതോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ

പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.ഐ. ഐപ്പിന്റെയും കുഞ്ഞിറ്റിയുടെയും മകനായി 1946 ഓഗസ്‌റ്റ് 30ന് ജനിച്ചു. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ നിന്നും വി. മാമോദീസ ഏറ്റു. പഴഞ്ഞി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എസ്‌സിയും ഓർത്തഡോക്‌സ് സെമിനാരിയിൽ നിന്ന് ജി.എസ്.ടിയും സെറാമ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.ഡിയും കോട്ടയം സി.എം.എസ് കോളജിൽ നിന്ന് എം.എയും കരസ്‌ഥമാക്കി.

കൊച്ചി ഭദ്രാസനാധിപൻ യൂഹാനോൻ മാർ സേവേറിയോസിൽ നിന്ന് പരുമല സെമിനാരിയിൽ 1972 ഏപ്രിൽ എട്ടിന് യൗഫ്‌പദിയക്കിനോ പട്ടമേറ്റു. അദ്ദേഹത്തിൽ നിന്നു തന്നെ കൊരട്ടി സീയോൻ സെമിനാരിയിൽ 1973 മേയ് 31ന് പൂർണശെമ്മാശു പട്ടവും ജൂൺ രണ്ടിന് വൈദികപട്ടവും സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് പള്ളിയിൽ സഹവികാരിയായിരുന്നു.

തിരുവല്ലാ എംജിഎം ഹൈസ്‌കൂളിൽ 1982 ഡിസംബർ 28നു കൂടിയ മലങ്കര അസോസിയേഷൻ മേൽപ്പട്ടസ്‌ഥാനത്തേക്ക് തെരഞ്ഞെടുത്തു. നിയുക്‌ത കാതോലിക്കാ മാത്യൂസ് മാർ കൂറീലോസ് (പിന്നീട് മാത്യൂസ് ദ്വിതീയൻ ബാവാ) 1983 മേയ് 14ന് റമ്പാൻ സ്‌ഥാനം നൽകി. പരിശുദ്‌ധ ബസേലിയോസ് മാർതോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ 1985 മേയ് 15ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ മറ്റു നാലു പേരോടൊപ്പം എപ്പിസ്‌കോപ്പായായി വാഴിക്കപ്പെട്ടു. പുതിയതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനാധിപനായി ഓഗസ്‌റ്റ് ഒന്നിന് നിയമിക്കപ്പെട്ടു. കോട്ടയം പഴയ സെമിനാരിയിൽ 1991 ഒക്‌ടോബർ 25ന് മെത്രാപ്പോലീത്തായായി ഉയർത്തപ്പെട്ടു.

ഓർത്തഡോക്‌സ് യുവജന പ്രസ്‌ഥാനം പ്രസിഡന്റ്, ഓർത്തഡോക്‌സ് സൺഡേസ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ്, വിദ്യാർത്ഥി പ്രസ്‌ഥാനം വൈസ് പ്രസിഡന്റ്, പഴഞ്ഞി മാർ ഡയനീഷ്യസ് കോളജ് മാനേജർ തുടങ്ങിയ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ചു.

പരുമല സെമിനാരിയിൽ 2006 ഒക്‌ടോബർ 12നു കൂടിയ മലങ്കര അസോസിയേഷൻ പൗരസ്‌ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി (ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ) തെരഞ്ഞെടുത്തു.

പരിശുദ്‌ധ ബസേലിയോസ് മാർതോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് ബസേലിയോസ് മാർതോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്‌ത്യ കാതോലിക്കായായി സ്‌ഥാനാരോഹണം ചെയ്‌തു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ 2018 മാർച്ച് 23ന് വിശുദ്ധ മൂറോൻ കൂദാശ നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ 2012 മാർച്ച് ഏഴിനും കോട്ടയം എംഡി സെമിനാരിയിൽ 2017 മാർച്ച്് ഒന്നിനും കൂടിയ മലങ്കര അസോസിയേഷൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

https://www.facebook.com/watch/?v=188529116558637

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു.