പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു.
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ ബാവായുടെ അന്ത്യം ഇന്നു പുലർച്ചെ 2.35-ന് ആയിരുന്നു. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് വളരെ കാലമായി ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അർബുദചികിത്സ തുടരുകയായിരുന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളന്നൂർ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. പഴഞ്ഞി ഗവ. ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്ന അദ്ദേഹം തുടർന്ന് കോട്ടയം സിഎംഎസ് കോളജിൽനിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂൺ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു. 1982 ഡിസംബർ 28-നു കൂടിയ മലങ്കര അസോസിയേഷൻ മേൽപട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ 1985 മേയ് 15-നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി വാഴിച്ചു. തുടർന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്‌ടോബർ 12-ന് പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു. പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്‌ത്യ കാതോലിക്കായായി സ്‌ഥാനാരോഹണം ചെയ്‌തു.
ആര്‍ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്‌നേഹവും പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭൗതികശരീരം 12 തിങ്കള്‍ വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ ഗ്രിഗോറിയന്‍ ടിവി, എ.സി.വി ചാനല്‍ എന്നിവ തല്‍സമയം സംപ്രേഷണം ചെയ്യും. വിശ്വാസികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പശ്ചാത്തലത്തില്‍ പുഷ്പചക്രങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
13 ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 3 മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.