OVS - Latest NewsTrue Faith

ഭക്തിയുടെ വികലരൂപങ്ങള്‍

കമ്പോളസംസ്കാരത്തിന്‍റെ മുഖമുദ്രയാണ് പരസ്യം. പരസ്യത്തിന്‍റെ മാസ്മരികതയില്‍ പലപ്പോഴും വ്യാജന്മാരും, അനുകരണങ്ങളും വിപണി കൈയടക്കുന്നു. ഇതുതന്നെയാണ് ക്രൈസ്തവ ഭക്തിമേഖലയിലും കാണുന്നത്. ഭക്തിയുടെ ചില വികലരൂപങ്ങള്‍ സാധാരണക്കാരെ വളരെവേഗം ‍ആകര്‍ഷിക്കുന്നു. അവ വ്യാജമോ, അനുകരണമോ മാത്രമാണെന്ന് തിരിച്ചറിയാന്‍ വൈകുന്നു. തിരിച്ചറിഞ്ഞാല്‍ തിരുത്താന്‍ ശ്രമിക്കാത്ത സ്ഥിതിവിശേഷം ആയിത്തീരുന്നു. ഇന്ന് ക്രൈസ്തവസഭകളില്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന അഞ്ച് ഭക്തിവികല്പങ്ങളെ ഒന്ന് പരിചയപ്പെടാം. അവയെ ഇങ്ങനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
1). “റിവൈവല്‍” ഭക്തി, 2). “ബോണ്‍ എഗെയിന്‍” ഭക്തി. 3). “പ്രോസ്പിരിറ്റി” ഭക്തി, 4). “സോഷ്യല്‍” ഭക്തി, 5.“കമ്മ്യൂണല്‍” ഭക്തി.

1. റിവൈവല്‍ ഭക്തി
റിവൈവല്‍ എന്ന പദത്തിന് ‘പുതുക്കം’ എന്നാണര്‍ത്ഥം. സഭ ഏതാണെങ്കിലും പുതുക്കമുണ്ടായാല്‍ മതി എന്നാണ് ഈ ഭക്തിയുടെ പ്രധാന പഠിപ്പിക്കല്‍. പുതുക്കം എന്നതിനെക്കുറിച്ച് ഈ ഭക്തിയുടെ വക്താക്കള്‍ക്ക് പ്രത്യേക കാഴ്ചപ്പാടുണ്ട്. സഭാജീവിതം പൊതുവില്‍ പുതുക്കത്തിന്‍റെ ജീവിതമാണെന്നും നമസ്കാരങ്ങള്‍ ചൊല്ലുന്നതും, നോമ്പനുഷ്ഠിക്കുന്നതും, ധാര്‍മ്മികമായി ജീവിക്കുന്നതും പുതുക്കത്തിന്‍റെ ഭാഗമാണെന്നും പറഞ്ഞാല്‍ അതിനോട് അവര്‍ക്കു യോജിപ്പില്ല. പരമ്പരാഗത ഭക്തിജീവിതശൈലിയില്‍ സാധാരണ ഇല്ലാത്ത ചില ഘടകങ്ങളെക്കൂടെ ഉള്‍ക്കൊണ്ടാലേ “പുതുക്ക” മുണ്ടായി എന്നവര്‍ സമ്മതിക്കൂ. ഏതൊക്കെയാണ് ഈ ഘടകങ്ങള്‍?

(1) വ്യക്തിപരമായി ഒരു മാനസാന്തരാനുഭവം പ്രത്യേകിച്ചുണ്ടാകണം.
(2) മാനസാന്തരാനുഭവങ്ങള്‍ സാക്ഷ്യമായി പറയണം.
(3) പാട്ടു പാടുന്നതും, പ്രാര്‍ത്ഥിക്കുന്നതും ഒരു വൈകാരികാനുഭൂതി നല്‍കിക്കൊണ്ടായിരിക്കണം.
(4) പ്രാര്‍ത്ഥന മുഖ്യമായും തനതു പ്രാര്‍ത്ഥനയായിരിക്കണം.

ഈ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ഏതു സഭാവിഭാഗത്തില്‍പ്പെട്ടവരായാലും തരക്കേടില്ല എന്ന ‘റിവൈവല്‍’ നിലപാട് അനേകരെ ആകര്‍ഷിക്കുന്നു. അങ്ങനെ ആകൃഷ്ടരാകുന്നവരെ സാവധാനം ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറ്റിയെടുക്കുവാന്‍ റിവൈവല്‍ നേതൃത്വത്തിനു കഴിയുന്നു. എന്താണ് ഈ മാനസികാവസ്ഥ?

തങ്ങള്‍ക്ക് അംഗത്വമുള്ള പള്ളികളിലെ പരമ്പരാഗത ആരാധനാരീതിയോടും കാര്യങ്ങളുടെ നടത്തിപ്പിനോടും വലിയ എതിര്‍പ്പില്ലായെങ്കിലും ഒട്ടും മതിപ്പില്ലാത്ത ഒരു അവസ്ഥ; ആരാധനയ്ക്ക് പള്ളിയില്‍ പോയാലും റിവൈവല്‍ കൂട്ടായ്മയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന അവസ്ഥ; പള്ളിയിലും ബന്ധുവൃന്ദങ്ങളിലും നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തെ തള്ളിക്കളയുന്നില്ലെങ്കിലും റിവൈവല്‍ കൂട്ടായ്മയ്ക്കുള്ളിലെ സ്നേഹസൗഹൃദത്തിന് രഹസ്യാത്മകവും പ്രത്യേകവുമായ മൂല്യം കല്പിക്കുന്ന അവസ്ഥ. ചുരുക്കത്തില്‍ സഭയ്ക്കുള്ളിലെ സഭയും, പള്ളിയ്ക്കുള്ളിലെ പള്ളിയും ആയി ഇവര്‍ മാറുന്നു.

തങ്ങളോട് ചേരുവാന്‍ മടിക്കുന്നവരെ കൂടുതല്‍ അകറ്റുന്നതോ അവരില്‍ നിന്ന് സ്വയം അകലുന്നതോ ആയ ആത്മീയതാശൈലി സാവധാനം വ്യക്തമാകുന്നു. മറ്റുള്ളവരെ അവരുടെ ജീവിതരീതിയിലും ആത്മീയാനുഷ്ഠാനങ്ങളിലും വിലയിരുത്തി കുറവുള്ളവരായി കാണിക്കുവാന്‍ വ്യഗ്രത ഏറുന്നു. സ്വന്തം ജീവിതശുദ്ധിയെക്കുറിച്ചും പ്രാര്‍ത്ഥനാനുഭവത്തെക്കുറിച്ചും ഒരു ആത്മപ്രശംസകൂടി ആകുന്നതോടെ ‘റിവൈവല്‍’ ഭക്തി അതിന്‍റെ വിശ്വരൂപം പ്രാപിക്കുന്നു. കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ അനുയായികളെ ലഭിക്കുകയും ചെയ്യുന്നതോടെ അതുവരെയും അടക്കിപ്പിടിച്ചിരുന്ന ചില പ്രത്യേകതകള്‍ പ്രകടിപ്പിക്കുവാന്‍ ധൈര്യം വരുന്നു. ഉദാഹരണത്തിന്, ഓര്‍ത്തഡോക്സ് സഭാംഗമാണെങ്കില്‍ കുമ്പസാരത്തിന് വരുന്നത് അനുതപിച്ച് ഏറ്റുപറയാനല്ല. സാക്ഷ്യം പറയാനാണ്. ദുഃഖവെള്ളിയാഴ്ച സ്ലീബാവന്ദനവില്‍ നിന്ന് മാറിനില്‍ക്കുന്നു. വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് കുരിശു മുത്തുവാന്‍ വരാതെയാകുന്നു. പരിശുദ്ധന്മാരുടേയും ശുദ്ധിമതികളുടേയും നാമത്തിലുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളില്‍ നിന്നും ഭക്ത്യാദരവുകളില്‍ നിന്നും മാറിനില്‍ക്കുകയും അവയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. വാങ്ങിപ്പോയവര്‍ക്കുവേണ്ടി അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളെ അര്‍ത്ഥശൂന്യവും വേദവിരുദ്ധവുമായി ചിത്രീകരിക്കുന്നു. ഇങ്ങനെ പലതും.

ഇത്രയുമൊക്കെയാകുമ്പോള്‍ ഭൂരിപക്ഷസമൂഹത്തില്‍ നിന്നും തങ്ങളോടുണ്ടാകുന്ന പ്രതികരണങ്ങളെ യേശുതമ്പുരാനും ശിഷ്യന്മാര്‍ക്കും ആദിമസഭയ്ക്കും ഉണ്ടായ അനുഭവങ്ങളോട് സാമ്യപ്പെടുത്തുകയും, സ്വയം രക്തസാക്ഷി പരിവേഷം കെട്ടുകയും ചെയ്യും. ‘പ്രാര്‍ത്ഥിക്കാതിരുന്നപ്പോള്‍ ആര്‍ക്കും വിഷമമില്ലായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകടിയാണ്. മദ്യപാനത്തിലും ദുര്‍വൃത്തിയിലും ആയവരെക്കുറിച്ച് അന്വേഷിക്കുവാന്‍ നേരമില്ല. കൂട്ടായ്മയ്ക്ക് കൂടുന്നതാണ് കുഴപ്പം.’ ഇങ്ങനെ പലതും പറയുവാനും അവര്‍ക്കുണ്ടാകും. അവസാനം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘ എന്ന ഭാവത്തോടെ തങ്ങളുള്‍പ്പെട്ടിരുന്ന സഭയുമായുള്ള കൂട്ടായ്മയില്‍ നിന്ന് മാറി സ്വന്തം സഭ സ്ഥാപിക്കുവാനോ, പെന്തക്കോസ്ത്, സെക്ടേറിയന്‍ വിഭാഗമായിത്തീരുവാനോ ഇടയാകുന്നു.

മിക്ക റിവൈവല്‍ ഗ്രൂപ്പുകളുടേയും പ്രാരംഭലക്ഷ്യം സഭാഭ്രംശം അല്ല. തങ്ങളുള്‍പ്പെടുന്ന സഭകളില്‍ പുതുക്കം ഉണ്ടാകണം എന്ന നല്ല ഉദ്ദേശ്യം തന്നെയാണ്, ആദ്യമൊക്കെ റിവൈവല്‍ സംഘാടകര്‍ക്കും, അനുഗാമികള്‍ക്കും ഉള്ളത്. പക്ഷേ, സാവധാനം, സാവധാനം, മിക്ക റിവൈവല്‍ ഗ്രൂപ്പുകളും സഭാകൂട്ടായ്മയില്‍ നിന്ന് അകന്നുപോകുന്നു. എന്താണിതിന് കാരണം?

‘പുതുക്കം‘ എന്നതിന്‍റെ മാതൃകയും അടിസ്ഥാന വേദശാസ്ത്രവും പെന്തക്കോസ്ത്, സെക്ടേറിയന്‍ വിഭാഗങ്ങളില്‍ നിന്ന് റിവൈവല്‍ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുവെന്നതാണ് സത്യം. ‘പുതുക്ക‘ത്തിന്‍റെ മാതൃകയായിട്ട് വൈകാരികാനുഭൂതി നല്‍കുവാനുതകുന്ന തരത്തിലുള്ള ‘തനതു‘ പ്രാര്‍ത്ഥനയും, ഇളക്കം വരുത്തുന്ന പാട്ടും കൈയടിയും ഇടയ്ക്ക് സ്തോത്ര ‘ഹാല്ലേല്ലുയ്യാ’കളും സാക്ഷ്യം പറയലുമാണ് ഇവരുടെ മനസ്സിലുള്ളത്. പുതുക്കത്തിന്‍റെ അടിസ്ഥാന വേദശാസ്ത്രം വിശ്വാസത്തിലുള്ള നീതികരണവുമാണ്. ക്രിസ്തുവിന്‍റെ രക്തത്താല്‍ കഴുകി വെടിപ്പാക്കപ്പെട്ടു എന്ന വ്യക്തിപരമായ ബോദ്ധ്യത്തില്‍ നിന്ന് മാത്രമാണ് ‘പുതുക്കം‘ യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നതിനാല്‍ സഭാപരമായ പരമ്പരാഗത കൗദാശികജീവിതത്തില്‍ ‘പുതുക്കം‘ ആവശ്യത്തിനില്ലായെന്ന് അവര്‍ ധരിച്ചുപോകുന്നു.

യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ രക്തത്താല്‍ കഴുകി വെടിപ്പാക്കപ്പെട്ടവരാണ് സഭാമക്കളെന്നും, ജീവിതശുദ്ധിയും, അനുതാപമാനസാന്തര ജീവിതശൈലിയും ദൈവവചന പഠനവും, നിത്യജീവനില്‍ വളരുന്ന പ്രാര്‍ത്ഥനാജീവിതവും സഭാജീവിതത്തിന്‍റെ സ്വഭാവികഘട്ടങ്ങളാണെന്നും മനസ്സിലാകാതെ പോകുന്നു. സഭാജീവിതം തന്നെ പുതുക്ക ജീവിതമാണ്. സ്വച്ഛമായി ഒഴുകുന്ന ഒരു അരുവിയില്‍ ഓരോ നിമിഷവും പുതിയ ജലം പ്രവഹിക്കുന്നു. അതിന്‍റെ ഉറവകള്‍ പക്ഷെ പണ്ടു തൊട്ടേ ഉള്ളവയാണ്. ഇതു പോലെയാണ് സഭാജീവിതവും. അതിന്‍റെ സ്വച്ഛതയും ശാന്തതയും നിര്‍ജ്ജീവാവസ്ഥയെന്ന് തെറ്റിദ്ധരിക്കുന്നതാണ് അപകടം. ധ്യാനാത്മകമായ ആരാധനയുടെയും, ഉപവാസത്തിന്‍റെയും, സ്വയം ത്യാഗത്തിന്‍റെയും വിശുദ്ധജീവിതത്തിന്‍റെയും വിശുദ്ധന്മാരുടെ കൂട്ടായ്മയുടെയും തെളിനീര്‍ കുടിക്കുന്നവര്‍ക്ക് ദാഹശമനം ഉണ്ടാകാതെ പോകില്ല.

ചുരുക്കത്തില്‍ ‘റിവൈവല്‍’ ഭക്തിയുടെ അപകടങ്ങളും, അവ നമുക്കു നല്‍കുന്ന സന്ദേശങ്ങളും താഴെപ്പറയുന്നവയാണെന്ന് തോന്നുന്നു.

(എ) ‘റിവൈവല്‍’ ഭക്തിയുടെ അപകടങ്ങള്‍
(1) ‘റിവൈവല്‍’ അഥവാ പുതുക്കം സഭയ്ക്കുള്ളിലില്ല. അതു പുറത്തു നിന്ന് വരണം എന്ന ധാരണ വളര്‍ത്തുന്നു.
(2) ‘ബാല്യം മുതല്‍ പഠിച്ചും, നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്കൂ’ (2 തിമോത്തി 3:15) ന്നതിനെക്കാള്‍ വ്യക്തിപരമായ മാനസാന്തരസാക്ഷ്യത്തിന് ഊന്നല്‍ നല്‍കുന്നു.
(3) ‘റിവൈവല്‍’ ഭക്തിയിലും, പ്രബോധനത്തിലും, തെളിയുന്ന ആദ്ധ്യാത്മികതയും വേദശാസ്ത്രവും പാശ്ചാത്യമാണ്.
(4) ‘റീവൈവല്‍’ ഭക്തിയുടെ പ്രാര്‍ത്ഥനാശൈലിയില്‍ പലതും പെന്തക്കോസ്ത്, സെക്ടേറിയന്‍ അനുകരണമാണ്.
(5) സമാന്തര പുരോഹിതശ്രേണിയെന്നു വിശേഷിപ്പിക്കാവുന്ന റിവൈവല്‍ നേതൃനിര, സമാന്തര കൂദാശകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന റിവൈവല്‍ ശുശ്രൂഷകള്‍ മുഖേന (ഉദാ. വിടുതല്‍, അഭിഷേകം, കൈവയ്പ്പ്) സഭകള്‍ക്കുള്ളില്‍ തന്നെ സഭകളെ സൃഷ്ടിക്കുന്നു.

(ബി) ‘റിവൈവല്‍’ ഭക്തി നല്‍കുന്ന സന്ദേശം
(1) ജീവിതവിശുദ്ധിയും അനുതാപ-മാനസാന്തര ജീവിതശൈലിയും, ദൈവവചന പഠനവും, നിത്യജീവനില്‍ വളരുന്ന പ്രാര്‍ത്ഥനാ ജീവിതവും സഭാജീവിതത്തിലെ സ്വഭാവിക ഘടകങ്ങളാണെന്ന് പഠിപ്പിക്കണം.
(2) വ്യക്തിപരമായ ശ്രദ്ധയ്ക്കും അന്വേഷണത്തിനും അജപാലന രംഗത്ത് ഊന്നല്‍ നല്‍കുകയും ജനങ്ങളുടെ ആന്തരികദാഹത്തിന് പകര്‍ന്നുകൊടുക്കുവാനുതകുന്ന ആത്മീയ തെളിനീര്‍ ചാലുകളായി ഇടയശുശ്രൂഷകള്‍ മാറുകയും വേണം.
(3) പ്രാര്‍ത്ഥനായോഗങ്ങളിലും മറ്റും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കും കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണം.
(4) ത്രിത്വസ്തുതിയില്‍ ആരംഭിച്ച് നിത്യജീവന്‍റെ താത്പര്യത്തെ വളര്‍ത്തുന്ന യാചനകളും ദൈവവചന ഉള്‍ക്കാഴ്ചകളും ചേര്‍ത്ത് ത്രിത്വസ്തുതിയില്‍ അവസാനിക്കുന്ന തനതു പ്രാര്‍ത്ഥനകള്‍ പ്രാര്‍ത്ഥനായോഗങ്ങളിലും മറ്റും ചൊല്ലുവാന്‍ സഭാംഗങ്ങള്‍ക്കവസരം നല്‍കണം.

2. ബോണ്‍ എഗെയിന്‍ ഭക്തി
ബോണ്‍ എഗെയിന്‍’ എന്ന പദപ്രയോഗത്തിന്‍റെ അര്‍ത്ഥം, വീണ്ടും ജനിച്ചത് എന്നാണല്ലോ. സ്വയമായി വിശ്വസിച്ച് സ്നാനം സ്വീകരിച്ച് പരിശുദ്ധാത്മാവിനെ പ്രാപിച്ചാലേ വീണ്ടും ജനനം ആകൂ എന്ന് പഠിപ്പിക്കുന്നവയാണ് ‘ബോണ്‍ എഗെയിന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിഭാഗങ്ങള്‍.

‘സഭയേതായാലും പുതുക്കം മതി’യെന്ന റിവൈവല്‍ ഭക്തിയുടെ രീതിയല്ല ബോണ്‍ എഗെയിന്‍ ഭക്തിയുടേത്. കാരണം അവര്‍ വ്യക്തമായി പറയുന്നു. ശിശുസ്നാനവും, പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയും, വാങ്ങിപ്പോയവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും വേദാനുസൃതമല്ലെന്നും ആത്മീയവളര്‍ച്ചയ്ക്ക് സഹായകമല്ലെന്നും. അതുകൊണ്ട് സഭ മാറിയേ പറ്റൂ.

സ്കൂളുകളിലും, കോളേജുകളിലും, ഹോസ്റ്റലുകളിലും, സുഹൃത്തുക്കളായി വരുന്ന ‘ബോണ്‍ എഗെയിന്‍‘ സുവിശേഷകരില്‍ കൂടിയാണ് ഈ ഭക്തി കൂടുതല്‍ വ്യാപിക്കുന്നത്. റിവൈവല്‍ ആരാധനാരീതിയോടൊപ്പം, രക്ഷ, വിശ്വാസം, സ്നാനം, ആത്മാഭിഷേകം മുതലായവയെക്കുറിച്ചുള്ള ചില പ്രത്യേക വ്യാഖ്യാനങ്ങളും കൂടി ചേരുമ്പോള്‍ ‘ബോണ്‍ എഗെയിന്‍‘ ഭക്തി ആയെന്നു പറയാം. ‘ബോണ്‍ എഗെയിന്‍‘ പഠിപ്പിക്കല്‍ അനുസരിച്ച് ‘രക്ഷ‘ ഓരോരുത്തരും അവരവര്‍ക്കുവേണ്ടി ഈ ലോകത്തില്‍ വച്ച് പ്രാപിക്കേണ്ടതാണ്. അതിന്‍റെ കേന്ദ്രികഘടകം അങ്ങനെയുള്ളവര്‍ക്ക് ഉണ്ടാകുന്ന ഒരു ‘രക്ഷാനിര്‍ണ്ണയം’ ആണ്. യേശുക്രിസ്തു കര്‍ത്താവും രക്ഷകനുമാണെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നവര്‍ക്കുണ്ടാകുന്നതാണ് രക്ഷാനിര്‍ണ്ണയം. അവര്‍ ‘രക്ഷിക്കപ്പെട്ടവര്‍’ ആണ്.

ബോണ്‍ എഗെയിന്‍’ എന്ന പദവും ബോണ്‍ എഗെയിന്‍ ഭക്തിക്കാരുടെ രക്ഷാശാസ്ത്രവും പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. മുതിര്‍ന്നവരുടെ സ്നാനം പ്രാപിച്ചവര്‍ മാത്രമേ ‘ബോണ്‍ എഗെയിന്‍’ ആകുന്നുള്ളു എന്ന പഠിപ്പിക്കല്‍ തെറ്റാണ്. ക്രിസ്തീയസ്നാനം എന്നുപറഞ്ഞാല്‍ അതില്‍ ‘വീണ്ടും ജനനം’ അഥവാ ‘ബോണ്‍ എഗെയിന്‍‘ അനുഭവമാണുണ്ടാകുന്നത്. ക്രിസ്തീയസ്നാനം ആര്‍ക്കുംതന്നെ, വിശ്വാസമില്ലാത്ത സ്നാനം അല്ല. വിശ്വാസത്തിലുള്ള സ്നാനം ആണ് കുഞ്ഞുങ്ങള്‍ക്കും നല്‍കുന്നത്. അവര്‍ക്ക് വിശ്വസിക്കുവാനുള്ള കൃപ ദൈവം നല്‍കുന്നു. വിശ്വാസം, യുക്തിപരമായ ബോദ്ധ്യപ്പെടലല്ല, ‘ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയവുമാണ്’ എന്ന് വചനം (എബ്രാ 11:1) പഠിപ്പിക്കുന്നു. ഒരു കുഞ്ഞിന് തന്‍റെ മാതാപിതാക്കളിലുള്ള വിശ്വാസം യുക്തിപരമായ ബോദ്ധ്യപ്പെടലല്ല. ‘ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയ‘വുമാണ് . അതുപോലെ ഒരു കുഞ്ഞിന് ദൈവത്തിലും വിശ്വാസമുണ്ടാകും. അങ്ങനെയുള്ള വിശ്വാസത്തിന് ശിശുക്കള്‍ അര്‍ഹരായതുകൊണ്ടാണ്, യേശുക്രിസ്തു ദൈവരാജ്യയോഗ്യത ശിശുക്കള്‍ക്ക് നല്‍കിയത്. ‘ശിശുക്കളെ എന്‍റെയടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടയരുത്, ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ’ (മര്‍ക്കോ. 10:14). ഇതു കൂടാതെ, വിശ്വാസത്തെ ഒരു ദാനമായിട്ടാണ് പുതിയനിയമം കാണുന്നത്. ‘കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങള്‍ കാരണമല്ല. ദൈവത്തിന്‍റെ ദാനമത്രേയാകുന്നു‘ (എഫെസ്യ) 2:8). വിശ്വാസത്തിന്‍റെ ദാനം പ്രാപിച്ച് വീണ്ടും ജനനമുണ്ടായി ദൈവമക്കളായി ദൈവകൃപയില്‍ വളരുന്നവരെല്ലാം ‘ബോണ്‍ എഗെയിന്‍‘ ആണ്. ബോണ്‍ എഗെയിന്‍ ആകുവാനുള്ള വാഗ്ദത്തം അതിരുകളും ഉപാധികളും ഇല്ലാതെയാണ് ദൈവം തന്നിരിക്കുന്നത്. ‘വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചുവരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ’ (അപ്പോ.പ്ര.2:39). വാഗ്ദത്തം പ്രാപിക്കുന്നതിന് പ്രായമോ യുക്തിപരമായ അവസ്ഥയോ ഒരു തടസമായിരുന്നെങ്കില്‍ പുതിയനിയമത്തില്‍ അതു സൂചിപ്പിക്കുമായിരുന്നു. കുടുംബങ്ങളായി വീണ്ടും ജനനത്തിന്‍റെ സ്നാനം സ്വീകരിച്ചതിനെക്കുറിച്ച് പറയുന്ന അവസരങ്ങളില്‍ (അപ്പോ. പ്ര. 16:15, 33:1, 1 കൊരി. 1:16) ഒന്നില്‍പോലും കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തിയെന്ന് പറയുന്നില്ല. കുഞ്ഞുങ്ങള്‍ സ്വര്‍ഗ്ഗീയപിതാവിനെ അറിഞ്ഞിരിക്കുന്നു എന്ന് പറയുകയും (1 യോഹ 2:13) അവര്‍ വിശുദ്ധര്‍ ആയിരിക്കുന്നു എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് (1 കൊരി. 7:14) അവര്‍ വീണ്ടും ജനിച്ചവരാകയാലാണ് (പുതിയനിയമത്തില്‍ ‘വിശുദ്ധര്‍‘ എന്ന പദം വിശ്വാസികളെ സൂചിപ്പിക്കുവാനാണ് ഉപയോഗിച്ചിരിക്കുന്നത്). വീണ്ടുംജനനം പ്രാപിച്ചവര്‍ ക്രിസ്തീയ വിശ്വാസത്തിലും അനുഭവത്തിലും വളര്‍ത്തപ്പെടണം എന്നുള്ളതിന് യാതൊരു തര്‍ക്കവുമില്ല. പ്രായത്തിനനുസരിച്ച് ക്രിസ്തീയ പരിജ്ഞാനത്തില്‍ വളരണം എന്നുള്ളത് അനിഷേദ്ധ്യ പരമാര്‍ത്ഥമാണ്. ഈ വസ്തുതയാണ് വി. പൗലോസ്, തിമോത്തിയോസിനെ ഓര്‍മ്മിപ്പിച്ചത്: ‘നീയോ, ഇന്നവരോടു പഠിച്ചു എന്ന് ഓര്‍ക്കുകയും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷക്ക് ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതല്‍ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്ക’ (2 തിമോത്തി. 3:14, 15).

രക്ഷിക്കപ്പെട്ടു’ എന്ന നിര്‍ണ്ണയത്തില്‍ രക്ഷാശാസ്ത്രത്തെ ഒതുക്കുന്നതു ശരിയല്ല. ‘രക്ഷിക്കപ്പെട്ടു‘ എന്ന് പറഞ്ഞാല്‍ രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിച്ചു എന്നേ അര്‍ത്ഥമുള്ളൂ. ക്രിസ്തുവേശുവിലായിത്തീര്‍ന്ന് അവസാനംവരെ ക്രിസ്തുവേശുവില്‍ വളരുന്നവര്‍ക്കേ, ശിക്ഷാവിധിയില്‍ നിന്ന് മോചനം അവകാശപ്പെടാനാവൂ.

‘വിശ്വാസത്താല്‍ നീ നിലനില്‍ക്കുന്നു. ഞെളിയാതെ ഭയപ്പെടുക. സ്വഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്‍റെ ഖണ്ഡിതവും, നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നെ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും‘ (റോമ. 11:20-22).

അതുകൊണ്ട് രക്ഷയുടെ അനുഭവത്തിന്‍റെ മൂന്ന് അവസ്ഥകളും ചേര്‍ത്തു വേണം രക്ഷാശാസ്ത്രം മനസ്സിലാക്കുവാന്‍. വീണ്ടുംജനനത്തിന്‍റെ സ്നാനം പ്രാപിച്ച് ദൈവരാജ്യാനുഭവത്തിലേക്ക് പ്രവേശിച്ചവരെ പൊതുവില്‍ ‘രക്ഷിക്കപ്പെട്ടു‘ (ഉദാ. റോമ. 8:24, എഫേസ്യ 2:8) എന്നും, അവര്‍ അതില്‍ വളരുമ്പോള്‍ ‘രക്ഷിക്കപ്പെടുന്ന‘ (അപ്പോ. പ്ര. 2:47, 1 കൊരി. 1:18) എന്നും, രക്ഷയുടെ പൂര്‍ത്തീകരണം ആത്യന്തികമായി പ്രാപിക്കുമ്പോള്‍ ‘രക്ഷിക്കപ്പെടും‘ (അപ്പോ. പ്ര 15:11, റോമ. 5:10) എന്നുമാണ് പുതിയനിയമം പഠിപ്പിക്കുന്നത്.

കൂടാതെ, വീണ്ടും ജനനത്തിന്‍റെ ക്രിസ്തീയസ്നാനത്തില്‍ നിന്ന് വ്യത്യസ്തമായി ‘ആത്മാഭിഷേകം‘ പ്രാപിക്കണം എന്ന് ബോണ്‍ എഗെയ്ന്‍ ഭക്തിക്കാര്‍ പഠിപ്പിക്കുന്നത് തെറ്റാണ്. വെള്ളത്താലും ആത്മാവിനാലും ഉള്ള ഒരേ സ്നാനത്തെക്കുറിച്ചാണ് യേശുക്രിസ്തു പഠിപ്പിച്ചത് (യോഹ. 3:5). കേവലം ജലസ്നാനം കൊണ്ട് ക്രിസ്തീയസ്നാനം ആകുന്നില്ല. ജലസ്നാനവും, പരിശുദ്ധാത്മപ്രാപ്തിയും ചേര്‍ന്നാലേ ക്രിസ്തീയ സ്നാനം പൂര്‍ത്തീകരിക്കപ്പെടുന്നുള്ളു. (ഉദാ. അപ്പോ. പ്ര. 19:1-7). പരിശുദ്ധാത്മപ്രാപ്തിയോടുള്ള വീണ്ടും ജനനസ്നാനം സ്വീകരിച്ചവര്‍ക്ക് വീണ്ടും പരിശുദ്ധാത്മാഭിഷേകം ആവശ്യമില്ല. ആത്മാവിന്‍റെ പുതുക്കം അഥവാ ജ്വലനം ഉണ്ടായിക്കൊണ്ടിരുന്നാല്‍ മതി. അതിനുവേണ്ടിയാണ് കൗദാശികജീവിതവും വചനധ്യാനവും ഉപവാസവും പ്രാര്‍ത്ഥനയും ഒക്കെ.

ചുരുക്കത്തില്‍ ‘ബോണ്‍ എഗെയ്ന്‍‘ ഭക്തിയുടെ അപകടങ്ങളും, അവ നമുക്കു നല്‍കുന്ന സന്ദേശങ്ങളും താഴെപ്പറയുന്നവയാണെന്ന് തോന്നുന്നു.

എ) ‘ബോണ്‍ എഗെയിന്‍’ ഭക്തിയുടെ അപകടങ്ങള്‍
(1) അപ്പോസ്തോലികമായി പ്രാപിച്ച് പരിപാലിച്ചു പോരുന്നവയെ (1 കൊരി. 11:23, 2 തെസ്സ. 2:15) വ്യര്‍ത്ഥ ‘പിതൃപാരമ്പര്യ’മായി (പത്രോ. 1:18, ഗലാ. 1:14) മുദ്രയടിച്ച് തള്ളിക്കളയുന്നു.
(2) സ്നാനം, രക്ഷ, ആത്മാനുഭവം മുതലായവയെക്കുറിച്ചുള്ള വചനത്തില്‍ ‘കൂട്ടുചേര്‍ക്കുകയും’ (2.കൊരി. 2:17) വചനത്തെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി കോട്ടിക്കളയുകയും (2 പത്രോ. 3:16) ചെയ്യുന്നു.
(3) യേശുവിന്‍റെ നാമത്തിനു വേണ്ടിയുള്ള കഷ്ടനഷ്ടങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്ന നടപടികളിലൂടെ കുടുംബങ്ങളില്‍ ശൈഥില്യം വിതയ്ക്കുന്നു.
(4) വൈകാരിക മൂര്‍ച്ഛയില്‍ അല്‍പ്പനേരത്തേക്കെങ്കിലും താളംതെറ്റിപ്പോകുന്ന മനസ്സിന്‍റെ ചില ജല്പനങ്ങളെയും, തോന്നലുകളെയും പരിശുദ്ധാത്മാവിന്‍റെ ഭാഷണമായി പ്രതിഷ്ഠിക്കുന്നു.
(5) വാങ്ങിപ്പോയ, വിശ്വാസികളും, ‘വിശുദ്ധ’രുടെ ഗണങ്ങളും ചേര്‍ന്ന ‘സാക്ഷികളുടെ സമൂഹ’ (എബ്രായ. 12:1) ത്തിന്‍റെ കൂട്ടായ്മയെ നിഷേധിക്കുന്നു. ആരാധനയില്‍ അവരെ അനുസ്മരിക്കുന്നതിനെ ഒഴിവാക്കുന്നുവെന്ന് മാത്രമല്ല, അതിനെ തെറ്റായി പഠിപ്പിക്കുകയും ചെയ്യുന്നു.
(6) രക്ഷയുടെ അനുഭവത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടവും സാമൂഹ്യവ്യതിയാനവും സുപ്രധാനമാണ്. പക്ഷേ ഇതിനെ അവഗണിച്ച് കേവലം ആത്മരക്ഷയില്‍ മാത്രം ശ്രദ്ധിക്കുന്നു.
(7) ദൈവശാസ്ത്രം പാശ്ചാത്യവും, ആത്മീയത വൈകാരികവുമാകുന്നതിനാല്‍, സുവിശേഷപ്രവര്‍ത്തനത്തെ മതം മാറ്റമായും സഭാവളര്‍ച്ചയായും രൂപപ്പെടുത്തുന്നു.

ബി) ബോണ്‍ എഗെയിന്‍ ഭക്തി നല്‍കുന്ന സന്ദേശം
1. ക്രിസ്തീയ സ്നാനം, വീണ്ടുംജനനം അഥവാ ‘ബോണ്‍ എഗെയിന്‍’ അനുഭവം തന്നെയാണെന്ന് വ്യക്തമായി പഠിപ്പിക്കണം. ക്രിസ്തീയസ്നാനം പ്രാപിച്ചവര്‍ ആത്മാഭിഷേകം പ്രാപിച്ചവര്‍ തന്നെയാണെന്നും സംശയെന്യേ പഠിപ്പിക്കണം.
2. സ്നാനം പ്രാപിച്ചവര്‍ക്ക് അവരുടെ വളര്‍ച്ചയനുസരിച്ച് വിശുദ്ധജീവിതത്തില്‍ യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കുവാനാണ് സണ്‍ഡേസ്കൂളും, മറ്റ് ആദ്ധ്യാത്മികപ്രസ്ഥാനങ്ങളും എന്ന് വ്യക്തമാക്കണം.
3 ആധുനിക ജീവിതസാഹചര്യത്തില്‍ ക്രൈസ്തവ സാക്ഷ്യത്തിനുപകരിക്കുന്ന അനേകം കാര്യങ്ങളുണ്ട്. അവയെ വിവേചിച്ചറിഞ്ഞ് കൃപാവരങ്ങളായി പ്രയോജനപ്പെടുത്തണം.

3. പ്രോസ്പിരിറ്റി ഭക്തി
പ്രോസ്പിരിറ്റി’ എന്ന ഇംഗ്ലീഷ് പദത്തിന് പുകഴ്ച, സമൃദ്ധി എന്നൊക്കെ അര്‍ത്ഥം കൊടുക്കാറുണ്ട്. ലൗകികമായ പുകഴ്ചയിലും സമൃദ്ധിയിലും ലക്ഷ്യംവച്ചുകൊണ്ടും, ലക്ഷ്യം നേടുന്നതിന്‍റെ സാക്ഷ്യം നിര്‍വ്വഹിച്ചുകൊണ്ടും, വളര്‍ന്നുവരുന്ന കൂട്ടായ്മ പ്രസ്ഥാനങ്ങളെയാണ് ‘പ്രോസ്പിരിറ്റി’ ഭക്തിയെന്ന് വിശേഷിപ്പിക്കുന്നത്. റിവൈവല്‍ ഭക്തിയുടെയും ബോണ്‍ എഗെയിന്‍ ഭക്തിയുടെയും ചില രീതികളെ പ്രോസ്പിരിറ്റി ഭക്തിയില്‍ ചേര്‍ത്തിട്ടുണ്ട്. വിഷയം വച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക, ലക്ഷ്യം നേടുവാന്‍ ഉപവാസപ്രാര്‍ത്ഥന നടത്തുക, കൂട്ടായ്മയിലെ ചില സിദ്ധന്മാരുടെ പ്രത്യേക മദ്ധ്യസ്ഥതക്ക് പ്രാമാണികത്വം നല്‍കുക മുതലായവ പ്രോസ്പിരിറ്റി ഭക്തിയുടെ രീതികളില്‍ ചിലതാണ്. പ്രോസ്പിരിറ്റി ഭക്തി, ലോകായതത്വമാണെന്ന് അവരൊരിക്കലും സമ്മതിക്കയില്ല താനും. രോഗസൗഖ്യവും, ജീവിതനടത്തിപ്പും ചോദിച്ചുവാങ്ങുന്നത് വേദപുസ്തകപ്രകാരമല്ലേയെന്നും അവര്‍ തിരിച്ചു ചോദിക്കുകയും ചെയ്യും.

സൂക്ഷ്മമായി പരിശോധിച്ചാല്‍, ‘അതിഭാഷണത്താല്‍ ഉത്തരം കിട്ടു‘മെന്നുള്ള തരത്തില്‍ വികലമെന്ന് യേശുക്രിസ്തു വിശേഷിപ്പിച്ച ഭക്തി തന്നെയാണിതെന്ന് മനസ്സിലാക്കാം (മത്തായി 6:7). യാചിപ്പിന്‍ നിങ്ങള്‍ക്കു ലഭിക്കും എന്ന് പറഞ്ഞ യേശുക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനാശൈലിയില്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. (1) ദൈവഹിതത്തിന് ഒന്നാം സ്ഥാനം (2) ദൈവരാജ്യം അഥവാ ദൈവഭരണം ഐഹികമല്ല എന്ന ബോദ്ധ്യം (3) കുരിശും കഷ്ടതയും ആണ് ദൈവകരുതലിന്‍റെയും തലോടലിന്‍റെയും പ്രത്യക്ഷലക്ഷണങ്ങള്‍.

ഈ മൂന്നു ഘടകങ്ങളെയും അവഗണിക്കുന്ന പ്രോസ്പിരിറ്റി ഭക്തി യഥാര്‍ത്ഥത്തില്‍ പിന്തുണ തേടുന്നത് രണ്ടുതരം ആളുകളില്‍ നിന്നാണ്. ഒന്ന്, സാമ്പത്തിക സൗകര്യമുള്ളവരെങ്കിലും, മനസ്സമാധാനം തേടുന്നവര്‍. രണ്ട്, ജീവിതഭാരങ്ങളില്‍ നെടുവീര്‍പ്പിടുന്നവര്‍. ഒന്നാമത്തെ വിഭാഗം ആളുകള്‍ക്ക്, ഇപ്പോഴുള്ള സാമ്പത്തികസൗകര്യങ്ങള്‍ നഷ്ടപ്പെടാതെയുള്ള ഒരു മനസ്സമാധാനം വേണം. രണ്ടാമത്തെ വിഭാഗം ആളുകള്‍ക്ക്, ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ അത്ഭുതകരമായി ഒന്ന് തരണം ചെയ്യണം. ഇവര്‍ക്ക് രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായ ചില ആത്മീയ പദ്ധതികള്‍ പ്രോസ്പിരിറ്റി ഭക്തിയിലുണ്ട്. മനംമാറ്റവും ജീവിതവ്യതിയാനവും, സാമൂഹ്യവ്യതിയാനവും അനാവശ്യമെന്ന് പറയുകയില്ലെങ്കിലും അവയില്ലാതെതന്നെ ക്രിസ്തുവില്‍ സന്തോഷമനുഭവിക്കാമെന്നും ഉദ്ദിഷ്ടകാര്യലബ്ധി സാധിക്കുമെന്നും വന്നാല്‍ അതായിരിക്കുമല്ലോ പലര്‍ക്കും താല്പര്യം. ഇതുതന്നെയാണ് പ്രോസ്പിരിറ്റി ഭക്തിയുടെ ആകര്‍ഷകണവും. കുരിശില്ലാത്ത ഭക്തി വെറും നാടും മാത്രമാണ്.

4. സോഷ്യല്‍ ഭക്തി
സമൂഹത്തിന്‍റെ ഉന്നമനത്തിനുവേണ്ടിയുള്ള പരിശ്രമം അതില്‍ത്തന്നെ ആരാധനയാണെന്നും മര്‍ദ്ദിതരുടെയും ചൂഷിതരുടെയും പക്ഷം പിടിച്ച് അവര്‍ക്കായി ധര്‍മ്മസമരങ്ങള്‍ നടത്തുന്നതിലാണ് ആത്മീയത എന്നും പഠിപ്പിക്കുന്ന സോഷ്യല്‍ ഭക്തിയും ഇന്നുണ്ട്. മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ മക്കളുടെ മിസ്രയീമില്‍ നിന്നുള്ള പുറപ്പാടിന്‍റെയും, ലാറ്റിനമേരിക്കന്‍ വിമോചന ദൈവശാസ്ത്രത്തിന്‍റെയും ചുവടുപിടിച്ചാണ് ‘സോഷ്യല്‍ ഭക്തി‘ ജനകീയമാകുന്നതെങ്കിലും യഥാര്‍ത്ഥ വിമോചന ദൈവശാസ്ത്രത്തിന് സോഷ്യല്‍ ഭക്തിയില്‍ ഒതുങ്ങാത്ത പല മാനങ്ങളുമുണ്ട്.

‘പ്രതികരണവും’, ‘പക്ഷംചേരലും’, ‘വിമോചനവും’ ഈ ഭക്തിയുടെ പല്ലവികളാണ്. വികലമായിത്തീര്‍ന്നിട്ടുള്ള ഈ ഭക്തിയുടെ പ്രധാന ബലഹീനത വ്യക്തിപരമായ വിശുദ്ധജീവിതത്തിനും, ദൈവത്തോടുള്ള പ്രാര്‍ത്ഥനാസംസര്‍ഗ്ഗത്തിനു വലിയ വില കൊടുക്കാതിരിക്കുന്നുവെന്നതാണ്. സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ എന്തും ആകാം എന്ന ധാരണയും സോഷ്യല്‍ ഭക്തി വളര്‍ത്തിയെടുക്കുന്നു. ദൈവത്തോടുള്ള ബന്ധവും, ജീവിതവിശുദ്ധിയും ഇല്ലാത്ത സാമൂഹ്യപ്രതിബദ്ധത പൈശാചികം മാത്രമാണ്.

5. കമ്മ്യൂണല്‍ ഭക്തി
‘കമ്മ്യൂണല്‍’ എന്ന പദംകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്, സാമൂദായികത്വമെന്നാണ്. ഒരു ‘സമുദായം’ അഥവാ ‘വര്‍ഗ്ഗം‘ എന്ന നിലയില്‍ ചില അവകാശങ്ങളും ചടങ്ങുകളും ഒക്കെയായി മാറുന്ന സഭാ ജീവിതത്തെയാണ് കമ്മ്യൂണല്‍ ഭക്തികൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത്. ‘സഭ‘യെന്ന പദം അലങ്കാരത്തിനുപയോഗിക്കും, പക്ഷെ കാര്യങ്ങളുടെ പോക്ക് ‘സമുദായം‘ എന്ന നിലയിലാണ്. അപ്പോള്‍ പിന്നെ, സമുദായക്കേസ് എന്നത് സമുദായസംസ്കാരത്തിന്‍റെ പൈതൃകമായി കാണുന്നവര്‍ സമുദായത്തിന് നേതൃത്വം കൊടുക്കുന്നവരായി ഉണ്ടാകും. കേസുനടത്തിപ്പാണ് സഭാസേവനം എന്നും അവര്‍ ധരിച്ചു പോകുന്നു. കൗദാശികാനുഭവത്തെക്കാള്‍ ഉപരിയായി സാമുദായിക ആചാരങ്ങളായി മാറുന്ന ‘കൊച്ചിനെ മുക്കലും’, ‘കല്യാണവും’ ‘അന്ത്യകൂദാശയും’ ‘ശവമടക്കും’, ‘ചാത്തവും’, ‘പെരുന്നാളും’, ‘ഘോഷയാത്രയും’ ഒക്കെയുള്ള കമ്മ്യൂണല്‍ ഭക്തിയാണ് പല പുരാതനസഭകളുടെ മുഖ്യധാരയില്‍ ഇന്ന് കാണുവാന്‍ കഴിയുന്നത്.

കമ്മ്യൂണല്‍ ഭക്തിയില്‍ കൈമോശം വരുന്നത് പലതുമുണ്ട്. ദൈവമക്കളുടെ ആത്മീയസംതൃപ്തി, അര്‍ത്ഥപൂര്‍ണ്ണമായ ആരാധനാജീവിതം, ഫലപ്രദമായ ക്രിസ്തീയസാക്ഷ്യം, നേതൃത്വത്തെക്കുറിച്ചുള്ള മതിപ്പ്, ഇങ്ങനെ പലതും. നേതൃത്വത്തോട് ബഹുമാനമുള്ളതുകൊണ്ടോ, ദൈവഭയം നേതൃഭയമായി വിചാരിക്കുന്നതുകൊണ്ടോ, വലിയ എതിര്‍പ്പൊന്നും പുറത്തുകാട്ടാതെ കമ്മ്യൂണല്‍ ഭക്തിയോടൊപ്പം റിവൈവല്‍ ഭക്തിയെ ചേര്‍ത്ത് ആത്മീയസംതൃപ്തി നേടുകയാണ് പലരും. ഈ പോക്ക് അധികകാലം പോകാന്‍ സാദ്ധ്യമല്ല.

‘കമ്മ്യൂണല്‍’ ഭക്തിയുടെ അതിപ്രസരങ്ങളെ സഭാഭക്തിയിലേക്ക് പൊരുത്തപ്പെടുത്തി, സഭാശുശ്രൂഷയില്‍ കൂടി ദൈവമക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന കാര്യങ്ങളെ മുന്‍ഗണനാക്രമത്തില്‍ പുനഃക്രമീകരിക്കുകയെന്ന തികച്ചും ഗൗരവതരമായ ഒരു ദൗത്യം സഭയ്ക്കുണ്ട്. ഇത് പ്രസംഗങ്ങളിലും, പത്രക്കുറിപ്പുകളിലും ഒതുങ്ങുന്ന ഒരു ദൗത്യമല്ല. സഭയുടെ മുഴുവന്‍ ശ്രദ്ധയും അപ്രകാരം ആകുന്നതും അല്ലാതിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം സാധാരണ ജനങ്ങള്‍ക്കാണ് വേഗം മനസ്സിലാകുന്നത്.

ഉപസംഹാരം
ഭക്തിയുടെ ശരിയായ പാതയില്‍ ജനത്തെ നയിക്കുകയാണ് ആത്മീയ നേതൃത്വത്തിന്‍റെ ചുമതല. ‘ജനവികാര‘ത്തെ മാത്രമോ, ഒച്ചവയ്ക്കുന്നവരുടെ ശബ്ദത്തെയോ കണക്കിലെടുത്തുകൊണ്ട് അവരെ മാത്രം പിന്‍പറ്റുകയല്ല നേതൃത്വത്തിന്‍റെ ധര്‍മ്മം. ‘മുന്‍ഗണനയും’ ‘ശരി‘യും വിവേചിച്ചറിഞ്ഞ് അതില്‍ മുന്‍നടന്ന് മറ്റുള്ളവരെ ബോധവല്‍ക്കരിച്ച് ആ വഴിയില്‍ അണികളെ നടത്തുകയാണ് നേതൃത്വത്തിന്‍റെ ദൗത്യം. വികലമായ ഭക്തികളുടെ പരിണതഫലം എങ്ങനെയെന്ന് വി.വേദപുസ്കത്തില്‍ യിരമ്യാവ് 8-ാം അദ്ധ്യായം നല്ലവണ്ണം വരച്ചുകാട്ടുന്നുണ്ട്.

ഫാ. ഡോ. ജേക്കബ്ബ് കുര്യന്‍
Courtesy: പൗരസ്ത്യ ക്രൈസ്തവ ദർശന കർമ്മയോഗി
Editor: Fr. Dr. T. P. Elias
Publishers : Pradeepthy Publications, Meembara

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ