OVS - ArticlesOVS - Latest News

വെര്‍ച്വല്‍ അസോസിയേഷന്‍: ഇതിലത്ര പുതുമയൊന്നുമില്ല

പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമി ആയി ഒരാളെ തിരഞ്ഞെടുക്കുന്നതിന് 2021 ഒക്‌ടോബര്‍ മാസം 14-നു വ്യാഴാഴ്ച ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡു സമയം ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല സെമിനാരിയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ ഒരു യോഗം കൂടുവാന്‍ തീരുമാനമായി. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്റുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയനാണ് തൻ്റെ 2021 ജൂണ്‍ 10-ന് പരുമല മാര്‍ ഗ്രീഗോറിയോസ് ആശുപത്രിയില്‍നിന്നും പുറപ്പെടുവിച്ച 108/2021-ാം നമ്പര്‍ കല്പനയിലൂടെ ആണ് നിയമാനുസൃതമായി അസോസിയേഷന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അതോടെ മാസങ്ങള്‍ നീണ്ട ഉദ്വേഗത്തിനും ഊഹാപോഹങ്ങള്‍ക്കും വിരാമമായി.

മുന്‍ഗാമി ജീവിച്ചിരിക്കെ പിന്‍ഗാമിയെ കണ്ടെത്തുക എന്നത് മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് ആരംഭിച്ച പാരമ്പര്യമാണ്. ഹൂദായ കാനോനിലെ …ഒരെപ്പിസ്‌ക്കോയ്ക്ക് തൻ്റെ ജീവിതാവസാനത്തിങ്കല്‍ പോലും പകരം ഒരാളെ അവകാശിയായി നിയമിക്കാന്‍ അധികാരമില്ല… (എഴാം കെപ്പലയോന്‍, രണ്ടാം പെസൂക്ക, ക്ലീമ്മിസിൻ്റെ ഒന്നാം പുസ്തകം -23) എന്ന നിയമത്തിൻ്റെ മറപിടിച്ച് അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാര്‍ ഈ പരമ്പര്യത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു എങ്കിലും നസ്രാണികള്‍ അത് തരിമ്പും വക വെച്ചിരുന്നില്ല. ഇത്തരം പ്രതിബന്ധങ്ങളെ മുഴുവന്‍ മറികടന്നാണ് 1908-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ തൻ്റെ പിന്‍ഗാമി ആയി തിരഞ്ഞെടുത്ത മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെ മാര്‍ ദീവന്നാസ്യോസ് എന്ന പേരില്‍ത്തന്നെ പാത്രിയര്‍ക്കീസിനെക്കൊണ്ടു മെത്രാനായി വാഴിപ്പിച്ചതും ചുമതല കൈമാറിയതും. മലങ്കരയില്‍ മെത്രാനെ തിരഞ്ഞെടുക്കുന്നത് മുന്‍ഗാമി അല്ല, മറിച്ച് പ. സഭ ആണ് എന്നതിനാല്‍ ഈ കാനോന്‍ നിയമം ബാധകമല്ല എന്നത് വേറെ വിഷയം.

ആദ്യ മൂന്നു കാതോലിക്കാമാരും സ്ഥാനം ഏല്‍ക്കുമ്പോള്‍ മലങ്കര മെത്രാന്‍ സ്ഥാനത്ത് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ ആയിരുന്നു. പ. വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്ത ശേഷം 1934-ല്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുത്തു. അതേ വര്‍ഷം പാസാക്കിയ സഭാ ഭരണഘടന ഇരു പദവികളും നിലനിര്‍ത്തി എങ്കിലും ഇരു സ്ഥാനങ്ങളും ഒരേ വ്യക്തിതന്നെ വഹിക്കണമെന്നു നിര്‍ദ്ദേശിച്ചു.

ഇതനുസരിച്ച് ആദ്യം പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമി ആയി ഒരാളെ തിരഞ്ഞെടുത്തത് 1962-ല്‍ ആണ്. ആ വര്‍ഷം മെയ് 17-ന് നിരണത്തു പള്ളിയില്‍ കൂടിയ അസോസിയേഷന്‍ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു. തുടര്‍ന്ന് കോട്ടയം എം.ഡി. സെമിനാരിയില്‍ 1970 ഡിസംബര്‍ 31, അവിടെത്തന്നെ 18980 മെയ് 1, പരുമല സെമിനാരിയില്‍ 1992 സെപ്റ്റംബര്‍ 10, അവിടെത്തന്നെ 2006 സെപ്റ്റംബര്‍ 12 എന്നീ തീയതികളില്‍ മലങ്കര അസോസിയേഷന്‍ കൂടി പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമിയായി ഒരോരുത്തരെ തിരഞ്ഞെടുത്തിട്ടുണ്ട്. പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നാമനിര്‍ദ്ദേശം ചെയ്യുന്ന മേല്പട്ടക്കാരനെ ഐകകണ്‌ഠ്യേന അംഗീകരിക്കുന്ന മഹത്തായ പാരമ്പര്യമാണ് ഇതഃപര്യന്തം നിലനില്‍ക്കുന്നത്.

സഭാ ഭരണഘടനയുടേയും നടപടി ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന നിയുക്ത കാതോലിക്കാ, മെത്രാന്മാര്‍, കൂട്ടു ട്രസ്റ്റിമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് നോട്ടീസ് കല്പന ഇത്തവണയടക്കം എപ്പോഴും തന്നെ ഏതാണ്ട് ആവര്‍ത്തനമാണ്. പക്ഷേ ഇതുവരെയില്ലാത്ത ഒരു പുതിയ നടപടി ഇത്തവണത്തെ കല്പനയിലുണ്ട്. അത് ഇപ്രകാരമാണ്.

…കോവിഡ്-19 മഹാമാരി നിമിത്തം ലോകം മുഴുവനും അതീവക്ലേശം അനുഭവിക്കുന്ന കാലഘട്ടമാണല്ലോ ഇത്. ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടി യോഗങ്ങള്‍ നടത്തുന്നതിന് എല്ലാവരുടേയും സുരക്ഷയെപ്രതി അധികാരികള്‍ നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ മലങ്കര സുറിയാനി ക്രിസ്തായനി അസോസിയേഷന്‍ യോഗം സാധാരണ നടപടിക്രമപ്രകാരം നിശ്ചയിക്കപ്പെട്ട സ്ഥലത്തും, തീയതിയിലും മുഴുവന്‍ അംഗങ്ങളെ ഒരുമിച്ചുചേര്‍ത്ത് നടത്തുവാന്‍ സാദ്ധ്യമല്ലാതെവരുന്ന പക്ഷം, ആവശ്യമെങ്കില്‍, അപ്പോള്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ആയതിന് അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് സുതാര്യമായും, നിയമാനുസൃതമായും ചേരേണ്ടതുണ്ട്. ആയത് സംബന്ധിച്ച വിശദാംശങ്ങള്‍.. .പ്രഖ്യാപിക്കുന്നതും, അപ്രകാരമുള്ള ക്രമീകരണങ്ങള്‍ അപ്പപ്പോള്‍് സ്വീകരിച്ച് നിങ്ങളെ അറിയിക്കുന്നതുമാണ്…

പൂര്‍ണ്ണ പ്രൗഡിയോടെ നടത്തുന്ന മലങ്കര അസോസിയേഷന്‍ എക്കാലവും മലങ്കരയുടെ ഒരു മഹാമേള ആണന്നും, അതിനെ ത്യാജവല്‍ക്കരിക്കാന്‍ ആവില്ലന്നും ഉള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കത്തന്നെ ഇത് തികച്ചും കാലോചിതമായ ഒരു തീരുമാനമാണന്നു പറയാതെ വയ്യ. പക്ഷേ യാഥാര്‍ത്ഥ്യ ബോധത്തോടെ എടുത്ത ഈ തിരുമാനത്തില്‍ പുതുമയൊന്നും ഇല്ലാ എന്നതാണ് വാസ്തവം. കോവിഡിൻ്റെ ഭീഷണിയോ, ആധുനിക വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലമോ ഇല്ലാതിരുന്ന അര നൂറ്റാണ്ടു മുമ്പുതന്നെ -കൃത്യമായി പറഞ്ഞാല്‍ 1965-ല്‍ – വികേന്ദ്രീകൃതമായി അസോസിയേഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുണ്ട്! അതും ഒന്നിലധികം സ്ഥാനങ്ങളിലേയ്ക്ക്!

1965 ഡിസംബര്‍ 28-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനെ സംബന്ധിച്ച് മലങ്കരസഭാ മാസികയുടെ 1965 ഡിസംബര്‍, 1966 ജനുവരി എന്നീ ലക്കങ്ങളില്‍ ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച വാര്‍ത്തകളിലേയ്ക്ക് ഒന്നു കണ്ണോടിക്കാം. ആദ്യം 1965 നവംബര്‍ ലക്കത്തിലെ പ്രസക്ത ഭാഗങ്ങള്‍:

…മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയോഗം 21-10-65-ല്‍ കോട്ടയം പഴയ സെമിനാരിയില്‍വെച്ച് പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ കൂടി…

മലങ്കര അസോസിയേഷന്‍ 1965 ഡിസംബര്‍ 28-ാം തീയതി കോട്ടയം എംഡി. സെമിനാരിയില്‍വെച്ച് കൂടണമെന്നും, മേല്പട്ടസ്ഥാനത്തേക്ക് അഞ്ചുപേരെ തെരഞ്ഞെടുക്കണമെന്നും, മാനേജിംഗ് കമ്മറ്റി അംഗങ്ങളെ പുതുതായി തിരഞ്ഞെടുക്കണമെന്നും നിശ്ചയിച്ചു. (പിന്നീട് മണലില്‍ യാക്കോബ് കത്തനാര്‍ രാജിവെച്ച ഒഴിവിലേയ്ക്ക് കത്തനാര്‍ ട്രസ്റ്റിയായി ഒരാളുടെ തിരഞ്ഞെടുപ്പുകൂടി അജണ്ടായില്‍ ചേര്‍ത്തു)…

…(എച്ച്). ഓരോ പള്ളി ഇടവകയില്‍നിന്നും അസോസിയേഷന്‍ യോഗത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിപുരുഷന്മാര്‍ അതത് ഇടവക മെത്രാപ്പോലീത്തായുടെയോ, ഇടവക മെത്രാപ്പോലീത്താ നിയോഗിക്കുന്ന ആളിൻ്റെയോ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മേല്പട്ടസ്ഥാനത്തേക്കു തിരഞ്ഞെടുക്കാന്‍, എല്ലാ മെത്രാസനങ്ങള്‍ക്കും പൊതുവായ അടിസ്ഥനത്തില്‍ അഞ്ചുപേരെ വീതം നാമനിര്‍ദ്ദേശം ചെയ്യേണ്ടതും, അപ്രകാരം എല്ലാ മെത്രാസനങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരില്‍വെച്ച് അഞ്ചുപേരെ മാനേജിംഗ് കമ്മറ്റി കൂടി ആലോചിച്ച് സിലക്റ്റ് ചെയ്ത്, തിരഞ്ഞെടുക്കാന്‍ അസോസിയേഷന്‍ യോഗത്തിനു ശുപാര്‍ശ ചെയ്യേണ്ടതാകുന്നു…

…(ജെ). മേല്‍ വിവരിച്ചിട്ടുള്ള പ്രകാരം ഇടവക മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഓരോ മെത്രാസനത്തിലും ചേരുന്നയോഗം, അതത് മെത്രാസനത്തില്‍നിന്നും മാനേജിംഗ് കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കേണ്ടവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടതാകുന്നു…

ഇനി 1996 ജനുവരി ലക്കം മലങ്കര സഭാ വാര്‍ത്ത:

…മേല്പട്ട സ്ഥനത്തേക്ക് അഞ്ചുപേരെ തിരഞ്ഞെടുക്കുക, പുതിയ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക, വൈദീകട്രസ്റ്റിസ്ഥാനം രാജിവെച്ച ദി. ശ്രീ. മണലില്‍ യാക്കോബു കത്തനാര്‍ക്കു പകരം തല്‍സ്ഥാനത്തേയ്ക്കു ഒരാളെ തിരഞ്ഞെടുക്കുക,… എന്നിവയ്ക്കായി പ. കാതോലിക്കാബാവാ തിരുമനസ്സിലെ 591/65, 601/65 എന്നീ കല്പനപ്രകാരം മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്യേഷന്‍ യോഗം 1965 ഡിസംബര്‍ 28-ാം തീയതി കോട്ടയം എം.ഡി. സെമിനാരി അങ്കണത്തില്‍ …ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ഔഗേന്‍ പ്രഥമന്‍ ബാവാ തിരുമനസിലെ… അദ്ധ്യക്ഷതയില്‍ കൂടി…

…അനന്തരം മേല്പട്ട സ്ഥാനത്തേക്കു താഴെ പേര്‍ പറയുന്നവരെ തിരഞ്ഞെടുക്കുന്നു എന്ന പ്രമേയം ദി. ശ്രീ കോനാട്ട് ഏബ്രഹാം കത്തനാര്‍ അവതരിപ്പിക്കുകയും ശ്രീ കെ.എ. ജോര്‍ജ്ജ് കുരിശിങ്കല്‍ പിന്താങ്ങുകയും ചെയ്തു. യോഗം ഏകണ്ഠമായി പാസാക്കുകയും ചെയ്തു…

… അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളില്‍… 86 അംഗങ്ങളെ യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു…
… അടുത്തതായി വൈദീക ട്രസ്റ്റിയുടെ തിരഞ്ഞെടുപ്പാണ് നടന്നത് … ഫാ. പി.പി. ജോസഫ് എം.എ. തഴെ പറയുന്ന പ്രമേയം അവതരിപ്പിച്ചു … വൈദീക ട്രസ്റ്റിയായി വ. ദി . ശ്രി റ്റി.എസ് ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പായെ ഈ യോഗം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ശ്രി കെ.എന്‍. ചാക്കോ ബി.എ., ബി.എല്‍. പിന്താങ്ങുകയും യോഗം ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു …

അന്ന് അസോസിയേഷന്‍ യോഗം എം.ഡി. സെമിനാരിയില്‍ നടന്നെങ്കിലും അസോസിയേഷന്‍ തിരഞ്ഞെടുപ്പുകള്‍ മുമ്പുതന്നെ ഭദ്രാസന തലത്തില്‍ വികേന്ദ്രീകൃതമായി നടന്നിരുന്നു. ഇന്നും മാനജിംഗ് കമ്മറ്റി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഇതേ രീതിയിലാണ്.

1965-ല്‍ കേരളത്തിനു പുറത്ത് തുലോം പരിമിത സംഖ്യ ഇടവകകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ അന്ന് ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളും തുശ്ചമായിരുന്നു. ഇന്ന് ലോകത്ത് എവിടെനിന്നും ഡിജിറ്റലായി ഹാജര്‍ വെക്കാനും, യോഗത്തില്‍ പങ്കെടുക്കാനും, ആവശ്യമെമെങ്കില്‍ വോട്ട് രേഖപ്പെടുത്താനുമുള്ള സൗകര്യങ്ങളുണ്ട്. അതോടൊപ്പം പകര്‍ച്ചവ്യധിയുടെ ഭയാനക ഭീഷണിയും.

അസോസിയഷന്‍ യോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് വ്യക്തിപരമായി എതിരാണ്. പക്ഷേ മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പൂര്‍ണ്ണയോഗം പരുമലയില്‍ അസാദ്ധ്യമെങ്കില്‍ തല്‍ക്കാലം 2021 ഒക്‌ടോബര്‍ 14 അസോസിയേഷന്‍ വികേന്ദ്രീകൃതമായോ വെര്‍ച്വല്‍ ആയോ നടക്കട്ടെ. ഒന്നുകില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണ്ണമായും ഓണ്‍ലൈന്‍. അല്ലെങ്കില്‍ കേരളത്തിലെ ഭദ്രാസനങ്ങള്‍ അതത് ഭദ്രാസനത്തിലെ സൗകര്യപ്രദമായ സ്ഥലത്ത് നിശ്ചിത സമയം ഒന്നിച്ചുകൂടിയും, ബാഹ്യകേരള ഭദ്രാസന പ്രതിനിധികള്‍ വ്യക്തിപരമായും ഓണ്‍ലൈനില്‍ വരികയും ചെയ്യട്ടെ. മലങ്കര സഭയുടെ ഇതഃപര്യന്തമുള്ള കീഴ്‌വഴക്കമനുസരിച്ച് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു മെത്രാപ്പോലീത്താ മാത്രമേ സ്ഥനാര്‍ത്ഥിയായി ഉള്ളൂ എങ്കില്‍ വോട്ടിംഗ് ആവശ്യമില്ല. അസോസിയേഷന്‍ ഭംഗിയായി നടക്കും.

ഇനി ഈ യോഗവ്യവസ്ഥയുടെ പുറത്ത് പുതിയ വ്യവഹാരത്തിനു പഴുതു വല്ലതുമുണ്ടോ എന്ന് പ. പിതാവിൻ്റെ നോട്ടിസു കല്പന എടുത്തുവെച്ച് ഇഴകീറിയോ, ഗതി, ഘടകം, വ്യക്ഷേപകം മുതലായ വ്യാകരണ നിയമങ്ങള്‍ ഉപയോഗിച്ചോ പരിശോധിച്ചിട്ടു കാര്യമില്ല. ബഹു. ഇന്ത്യന്‍ സുപ്രീം കോടതി പോലും ഓണ്‍ലൈനായി കേസുകേള്‍ക്കുന്ന കൊറോണാക്കാലമാണിത്.

2021 ജൂണ്‍ 10-ലെ നോട്ടീസു കല്പന പുറത്തിറങ്ങിയതോടുകൂടി കിളിപോയ ചിലരുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന പ. പിതാവിൻ്റെ ഉത്തരകൊറോണാ ആരോഗ്യസ്ഥിതിവെച്ച് പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെ അദ്ദേഹം കാലംചെയ്യുമെന്നു സ്വപ്നംകണ്ട്, അങ്ങിനെയുണ്ടാകുന്ന അരാജകത്വത്തില്‍നിന്നും മുതലെടുത്ത് വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാന്‍ കോപ്പുകൂട്ടിയവര്‍. പഞ്ചതന്ത്രത്തിലെ മുട്ടനാടിൻ്റെ പിമ്പേ നടന്ന കുറുക്കൻ്റെ ഗതിയായി അവര്‍ക്ക്. അവര്‍ക്കറിയില്ല; മലങ്കരയുടെ ചരിത്ര ഭീഷ്മാചാര്യരായ ഇസഡ്. എം. പാറേട്ടിൻ്റെ ഭാഷയില്‍, മലങ്കര സഭയെ പരിപാലിക്കുന്നത് പ്രതികാരപ്രേമി ആണന്ന്.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 16 ജൂണ്‍ 2021)