OVS - Latest NewsOVS-Kerala News

അശരണർക്ക് സഹായഹസ്തം നീട്ടി കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

വിശപ്പ് ആണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ വികാരം എന്ന ബോധ്യത്തോടെ ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നിർധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി മാതൃക ആവുകയാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം പ്രവർത്തകർ. ആദ്യഘട്ടമായി 500 ഓളം കിറ്റുകൾ വിതരണം ചെയ്ത് അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയാണ്. ഇടുക്കി ജില്ലയിലെ മലയോര മേഖലയായ ഇടമറുക് പ്രദേശങ്ങളിലും തുടർന്ന് പുതുവേലി, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കുന്നയ്ക്കാൽ, വാളകം, കോലഞ്ചേരി, ഊരമന, പിറവം, നെച്ചൂർ, മുളക്കുളം, പാമ്പാക്കുട, പെരുവ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കിറ്റുകൾ എത്തിച്ചത്.

കൂടാതെ ജാതിമത ഭേദമന്യേ കോളനികളിൽ അധിവസിക്കുന്നവർക്കും, കോവിഡ് കാലത്തും രാപ്പകൽ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന ആംബുലൻസ് ഡ്രൈവർന്മാർക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് ഒരു പടി കൂടി കടന്നിരിക്കുകയാണ് ഇവർ. ഒരു പറ്റം യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമത്തോട് ഒപ്പം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ പിന്തുണയും കരുതലും ഇവർക്ക് ഊർജം പകരുന്നുണ്ട്. ഇത് കൂടാതെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൻ്റെ കീഴിൽ 18ാളം ജീവകാരുണ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രക്തദാന ക്യാമ്പ് നടത്തിയും, കോവിഡ് രോഗികൾക്ക് മരുന്ന് എത്തിച്ചും, കിറ്റുകൾ വിതരണം ചെയ്തും ഈ മഹാമാരിയുടെ കാലത്ത് ഇവർ മാതൃക ആവുകയാണ് എന്നതിൽ സംശയമില്ല. അന്നം യഥാർത്ഥ കൈകളിലേക്ക് സേവന സന്നദ്ധതയോടെ കണ്ടനാടിൻ്റെ യുവത എന്ന സന്ദേശം ഉയർത്തിപിടിച്ച് കൊണ്ട് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ജോമോൻ ചെറിയാൻ, ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നു.കൂടാതെ ഭദ്രാസനത്തിലെ വിവിധ യുവജനപ്രസ്ഥാനം യുണിറ്റുകൾ രാപ്പകൽ ഇല്ലാതെ അവർ അവരുടെ പ്രദേശങ്ങളിൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. രണ്ടാം ഘട്ടമായി ഓൺലെൻ ക്ലാസ്സിന് ഡാറ്റാ റിചാർജ്ന് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഡാറ്റാ റിചാർജ്‌ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വ്യാപൃതരായിരിക്കുകയാണ് ഇവർ.