OVS - Latest NewsSAINTS

കല്ലടയിലെ വിശുദ്ധൻ: മാർ അന്ത്രയോസ് ബാവാ

മൂന്ന് നൂറ്റാണ്ടുകളിൽ അധികമായി മലങ്കര സഭാ മക്കൾക്ക്, പ്രത്യേകാൽ തെക്കൻ മലങ്കരയിൽ എങ്ങും കീർത്തി കേട്ട വിശുദ്ധനാണ് മാർ അന്ത്രയോസ് ബാവാ. 1678 പരിശുദ്ധ പിതാവ് സിറിയായില്‍ നിന്ന് മലങ്കരയിലേക്ക് എഴുന്നള്ളി. കൊടുങ്ങല്ലൂരിൽ വന്നു ചേർന്ന പിതാവ് ആദ്യമായി പ്രസിദ്ധമായ മുളന്തുരുത്തി
മാർത്തോമൻ പള്ളിയിൽ എത്തുകയും ദീർഘകാലം അവിടെ താമസിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയും ഉപവാസവും കൈമുതലായിരുന്ന പിതാവ് മുളന്തുരുത്തിയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോൾ ചില പള്ളി പ്രമാണിമാരുടെ താൽപര്യത്താൽ, ബാവാ പള്ളിയിലേക്ക് പ്രാര്‍ഥിക്കാന്‍ വരവേ ബോധപൂർവ്വം പള്ളിപൂട്ടി ഇട്ടു. പൂട്ടിയ വാതിലിനരികെ ബാവ വന്നു നിന്ന് കണ്ണുനീരോടെ “മാർതോമാനെ വാതില്‍ തുറ” എന്നു മൂന്ന് വട്ടം വാതിലിൽ മുട്ടി വിളിക്കുകയും, ഉടനെ വാതില്‍ തനിയെ തുറക്കപ്പെടുകയും ബാവാ പള്ളിയകത്ത് കയറി പ്രാർത്ഥന നടത്തുകയും ചെയ്തതായി ചരിത്രം സാക്ഷിക്കുന്നു. ബാവായുടെ വകയായിരുന്ന മനോഹരമായ “ശീമ കാസ” എന്ന് വിളിക്കപ്പെടുന്ന സ്വർണ്ണ കാസാ ഇന്നും മുളന്തുരുത്തി പള്ളിയില്‍ സുക്ഷിച്ചു വരുന്നു. മുളന്തുരുത്തിയിൽ നിന്നും യാത്ര തിരിച്ച പിതാവ് തുടർന്ന്
പുരാതന ക്രൈസ്തവ കേന്ദ്രങ്ങളായ വെട്ടിക്കൽ, കുറുപ്പംപടി, പിറവം മണര്‍കാട്,പുത്തന്‍കാവ്‌ എന്നിവിടങ്ങളിലെ പള്ളികളില്‍ താമസിച്ച് സഭാ മക്കളെ വിശ്വാസത്തില്‍ ഉറപ്പിക്കുവാന്‍ കഠിനപരിശ്രമം ചെയ്തു. കുറുപ്പംപടി പള്ളിയിൽ പരിശുദ്ധ പിതാവിൻ്റെ തങ്കത്തിൽ തീർത്ത ഒരു രൂപം ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പുത്തൻകാവ് ആറ്റ് തീരത്ത് പിതാവ് സ്ഥാപിച്ച കൽക്കുരിശ് ഇന്ന് മാർ അന്ത്രയോസ് ചാപ്പൽ മദ്ബഹായിൽ കാണാം. പുത്തൻകാവിൻ്റെ കാവൽ പിതാവായി പരിശുദ്ധ പിതാവിനെ ജനം കരുതുന്നു. പുത്തൻകാവിൽ നിന്നും കടമ്പനാട് വഴി കുണ്ടറയിൽ എത്തിയ ബാവാ കുണ്ടറ വലിയപള്ളി മേടയിൽ ദീർഘകാലം വസിച്ചു. അദ്ദേഹത്തിൻ്റെ യാത്രയ്ക്ക് ഒരു വെള്ള കുതിരയെ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
കൂടാതെ ചൂരൽ കൊണ്ടുള്ള വടിയും അതിലൊരു കുരിശും ഉപയോഗിച്ചിരുന്നു. കുണ്ടറയിൽ താമസിക്കുമ്പോൾ പട്ടുകുപ്പായവും, മുടിയും തലപ്പാവും ധരിച്ചിരുന്നതായി പഴമക്കാർ സാക്ഷിക്കുന്നു. തുടർന്ന് 1682ൽ പുരാതനമായ കല്ലട വലിയ പള്ളിയിൽ എത്തിച്ചേർന്നു തൻ്റെ ശിഷ്ട കാലം അവിടം ആസ്ഥാനമാക്കി. കുഭം 18 ന് കാലം ചെയ്തു, കല്ലട പള്ളിയുടെ മദ്ബഹായിൽ തെക്ക് വശത്ത് കബറടക്കപ്പെട്ടു. ബാവാ കല്ലടയിൽ താമസിച്ച പള്ളി മേട, ഉപയോഗിച്ച കിണർ, വന്നിറങ്ങിയ പള്ളിക്കടവ് എന്നിവ ഇന്നും കാണുവാൻ സാധിക്കും.
തെക്കന്‍ മലങ്കരയിൽ “കല്ലട വല്യപ്പൂപ്പന്‍” എന്നാണ് പരിശുദ്ധ പിതാവ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ കുണ്ടറ, കല്ലട മേഖലകളിലെ ദേവാലയങ്ങൾ, പുത്തൻകാവ്, കുറുപ്പംപടി, മുളന്തുരുത്തി തുടങ്ങിയ പള്ളികളിൽ പരിശുദ്ധൻ്റെ ഓർമ്മ സമുചിതമായി ആചരിച്ചു വരുന്നു.

ഒൻപതാം നൂറ്റാണ്ടിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ കല്ലട ആറിൻ്റെ തീരത്ത് സ്ഥാപിതമായ കല്ലട വലിയ പള്ളി തെക്കൻ മലങ്കരയിലെ പുരാതന ക്രൈസ്തവ കേന്ദ്രമാണ്. ദേശത്തെ പത്ത് ഇടവകകളുടെ മാതൃ ദേവാലയമാണ് കല്ലട വലിയ പള്ളി. 2008 ൽ പരിശുദ്ധ മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ കല്ലട വലിയ പള്ളിയെ അതിൻ്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് തെക്കൻ മലങ്കരയിലെ പ്രഥമ തീർഥാടന കേന്ദ്രമായി ഉയർത്തി.