EditorialOVS - ArticlesOVS - Latest News

മലങ്കര സഭയുടെ മിഷനും വിഷനും അടുത്ത ദശാബ്ദത്തിൽ

മലങ്കര സഭയെ സംബന്ധിച്ച് സംഭവബഹുലവും, ചരിത്ര പ്രാധാന്യമുള്ളതുമായ ഒരു ദശാബ്ദം പിന്നിട്ട 2021 -ൽ പുതിയ ഒരു ദശാബ്ദത്തിലേക്കു കടന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് സമസ്ത മേഖലയിലും മലങ്കര സഭയ്ക്കുണ്ടായ വളർച്ചയും വിളർച്ചയും, പരിശുദ്ധ സുന്നഹദോസും മാനേജിങ് കമ്മിറ്റിയും യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തേണ്ടതാണ്. അത്തരം സത്യസന്ധമായ വിലയിരുത്തലുകളിൽ നിന്നാണ് 2030 വരെയുള്ള ഈ ദശാബ്ദത്തിൽ മലങ്കര സഭയെ ആത്മീയപരവും, സാമുദായികപരവുമായ കൂടുതൽ അഭിവൃദ്ധിയിലും, ശ്രേയസിലും കെട്ടുറപ്പോടെ നയിക്കാനുള്ള ആശയങ്ങളും, പദ്ധതികളും ആവിഷ്ക്കരിക്കേണ്ടതും, പ്രാവർത്തികമാക്കേണ്ടതും. പൗരസ്ത്യ സത്യവിശ്വാസം (orthodoxy) യുവതലമുറയിലേക്കു കൂടുതൽ ശക്തമായി പ്രചരിപ്പിക്കാനും, ഭാരതത്തിൻ്റെ തദ്ദേശീയ ഓർത്തഡോക്സ് സഭയെ ദേശീയ തലത്തിൽ അർഹിക്കുന്ന തലത്തിലേക്ക് ഉയർത്തുവാനും, കാലോചിതമായ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമായ പ്രവർത്തന രീതികളും, ദീർഘവീക്ഷണത്തോടെയുള്ള നൂതന ആശയങ്ങളും മലങ്കര സഭയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാവിയിലേക്ക്, കുറഞ്ഞപക്ഷം 2030-ൽ മലങ്കര സഭ ആത്മീകമായും, ബൗദ്ധികമായും ഏതു നിലയിലായിരിക്കണം എന്ന് ഇന്ന് ഭാവനയിൽ കാണാനും പോരായ്‌മകളെ പരിഹരിക്കുവാൻ ആവശ്യമായ നിലപാടുകളും, നടപടികളുമാണ് മലങ്കര സഭാ സമിതികളിൽ നിന്നും വിശ്വാസികൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. മലങ്കര സഭയുടെ പുണ്യവാന്മാരായ പിതാക്കന്മാരുടെ ദീർഘവീക്ഷണത്തിൻ്റെയും, ഒഴുക്കിനു എതിരെയുള്ള പ്രതിരോധത്തിൻ്റെയും ഫലമാണ് മലങ്കര സഭ ഇന്ന് അനുഭവിക്കുന്ന എല്ലാ നന്മകളും. 1653-ലെ കൂനൻ കുരിശു സത്യവും 1912-ലെ കാതോലിക്കേറ്റ് സ്ഥാപനവും 1934-ലെ മലങ്കര സഭാ ഭരണഘടനയുമൊക്കെ സഭാ പിതാക്കന്മാരുടെ ഭാവി മലങ്കര സഭാ തലമുറയ്ക്കായുള്ള ഉജ്ജ്വല ശേഷിപ്പുകളായിരുന്നു. പിന്നിട്ട രണ്ടു ദശാബ്ദത്തിൽ കഴിഞ്ഞ പോയ ഓരോ പരിശുദ്ധ സുന്നഹദോസിലേക്കും, സഭാ മാനേജിങ് കമ്മിറ്റികളിലേക്കും പരിശുദ്ധ സഭയുടെ ശോഭനമായ ഭാവിയ്ക്കും സത്യവിശ്വാസ സാക്ഷീകരണത്തിനും ഉതകുന്ന നടപടികൾക്കായി ഉറ്റുനോക്കിയിരുന്ന സഭാസ്നേഹികൾക്ക് സന്തോഷിക്കാൻ ഏറെയൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ “മലങ്കര സഭയുടെ മിഷനും, വിഷനും അടുത്ത ദശാബ്ദത്തിൽ” എന്താകണം എന്ന് ചോദ്യം ഉയർത്തികൊണ്ട്, മലങ്കര സഭയെപ്പറ്റിയുള്ള ഞങ്ങളുടെ സ്വപ്‍നങ്ങളും, പ്രതീക്ഷകളും ഒരു തുറന്ന ചർച്ചയ്ക്കും ചിന്തയ്ക്കുമായും പങ്കു വെയ്ക്കുന്നു.

ഒ.വി.എസ് മാധ്യമം നടത്തിയ ചില ഓൺലൈൻ ചർച്ചകളിലെ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നാണ് “മലങ്കര സഭയുടെ വിഷനും മിഷനും” എന്ന കാതലായ വിഷയത്തിൽ സഭയിൽ വേണ്ടത്ര ഉൾക്കാഴ്ചയും ഏകോപനവുമില്ല എന്ന ചിന്ത ഞങ്ങൾക്ക് ലഭിച്ചത്. പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവാ മുതൽ മലങ്കരയിലെ സാധാരണ വിശ്വാസി വരെ നിരന്തരം ചിന്തിക്കേണ്ടതും, പരസ്പരം പ്രചോദിപ്പിക്കേണ്ടതുമായ ഒരു വിഷയമാണ് മലങ്കര സഭയുടെ വിഷനും മിഷനും. മലങ്കര സഭയിലെ നിർഭാഗ്യകരമായ വ്യവഹാരങ്ങളുടെയും, അനിവാര്യമായ വിധി നടത്തിപ്പിൻ്റെയും അപ്പുറത്തു മലങ്കര സഭയുടെ ശോഭനമായ ഭാവിയ്ക്കും, വളർച്ചയ്ക്കുമായി എന്ത് പദ്ധതികളും, പ്രവർത്തനങ്ങളുമാണ് മലങ്കര സഭാ നേതൃത്വം സ്വീകരിക്കുന്നതെന്ന ചോദ്യം നിരന്തരം ഉയരേണ്ടത് മലങ്കര സഭയുടെ ദീർഘകാല ഭാവിയെപ്പറ്റി സ്വപ്നങ്ങളും, ആശങ്കകളുമുള്ള ഓരോ നസ്രാണിയുടെയും കടമയും അവകാശവുമാണ്. മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും, മാനേജിങ് കമ്മിറ്റിയുമൊക്കെ അതിൻ്റെ നടപടിക്രമങ്ങൾ പാലിച്ചു ഭരണഘടനാപരമായി കൃത്യമായി സമ്മേളിക്കുന്നുണ്ടെങ്കിലും വർത്തമാനകാല വിഷയങ്ങളിലെ അടിയന്തിര പരിഹാര – പ്രതിക്രിയ നടപടികൾക്ക് അപ്പുറം ദീർഘവീക്ഷണവും ഭാവനാപൂർണ്ണമായ ആശയങ്ങളും നടപടികളും ആവിർഭവിക്കുന്നില്ല എന്നത് നിരാശാജനകമാണ്. മലങ്കര സഭയുടെ വ്യവഹാരത്തിലും, വിധി നടത്തിപ്പിലും സഭയുടെ ലക്ഷ്യങ്ങളും, വീക്ഷണങ്ങളും മുങ്ങി പോകാതെയിരിക്കാൻ കൃത്യമായ ഒരു വിചിന്തനവും തുല്യ ശ്രദ്ധയും ഇവയ്ക്കിടയിലുമുണ്ടാകണം. 2030-ൽ ഏറെ അനുഗ്രഹിക്കപ്പെട്ട മലങ്കര സഭയ്ക്കായി, 2020-ലെ മലങ്കര സഭയുടെ ഓരോ മേഖലകളെയും 2010-ലെ നിലയുമായി താരതമ്യം ചെയ്തെങ്കിൽ മാത്രമേ മലങ്കര സഭയുടെയും നസ്രാണി സമുദായത്തിൻ്റെയും വളർച്ചയും വിളർച്ചയും കൃത്യമായി ഗണിക്കാൻ കഴിയൂ. വീണ്ടും ഒരു പത്തു വർഷം (2000) കൂടെ പുറകിലേക്ക് നോക്കി 2020-നെ താരതമ്യം ചെയ്‌താൽ വ്യതിയാനങ്ങൾ കൂടുതൽ വ്യക്തമായി ദർശിക്കാം. മലങ്കര സഭ ഒന്നാകെയും, ഭദ്രാസന തലം മുതൽ ഇടവക തലം വരെയും, പരിശുദ്ധ സുന്നഹദോസ് മുതൽ ആദ്ധ്യാത്മിക സംഘടനകൾ വരെയും ഇത്തരമൊരു വിലയിരുത്തലുകൾക്കും, മലങ്കര സഭയുടെ അടുത്ത ദശാബ്ദത്തിനാവശ്യമായ മികച്ച ആശയങ്ങളും, പ്രവർത്തനങ്ങളും, തിരുത്തൽ നടപടികളും സ്വീകരിക്കണം. മലങ്കരയിലെ പൗരസ്ത്യ സത്യവിശ്വാസ പ്രചാരണവും വെല്ലുവിളികളും സെമിനാരികളുടേയും ദയറാ പ്രസ്ഥാനങ്ങളുടെയും നിലവാരം, മിഷൻ പ്രസ്ഥാനങ്ങളുടെ സ്ഥിതി, വിദ്യാഭ്യാസ-ആതുര സേവന സ്ഥാപനങ്ങളുടെ നിലവാരം, സഭയിൽ വിശ്വാസികളുടെ ആനുപാതിക വളർച്ച, പൗരോഹിത്യ-വിശ്വാസി സമൂഹത്തിൻ്റെ മാറുന്ന ആത്മീയ കാഴ്ചപ്പാടുകൾ, നസ്രാണി സമുദായത്തിൻ്റെ പൊതു ആവശ്യങ്ങളും പ്രതിസന്ധികളും, രാഷ്ട്രീയ- പൊതുസേവന രംഗത്തെ മലങ്കര സഭയുടെ അംഗീകാരം, വിശ്വാസി സമൂഹത്തിൻ്റെ തൊഴിൽ – സമ്പാദ്യ- കുടുംബ സങ്കല്പങ്ങളിലെ മാറ്റങ്ങൾ ഒക്കെ പരിശുദ്ധ സഭയും അതിൻ്റെ ഭരണ സംവിധാനങ്ങളും ആഴത്തിൽ പരിശോധിക്കേണ്ടതും, ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. അത്തരം സ്ഥിതിവിവരങ്ങളുടെ പരിശോധന ഉത്തരവാദിത്തപ്പെട്ട സഭാ സമിതികൾ ചെയ്യട്ടെ എന്നാണ് നിലപാട് എങ്കിലും മലങ്കര സഭ ഒന്നാകെയും പ്രാദേശികമായും ശ്രദ്ധിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ വിഷയങ്ങളെയും അതിലെ നടപടികളെയും പറ്റിയുള്ള ഞങ്ങളുടെ നിലപാടുകൾ അനാവരണം ചെയ്യുന്നു.

മലങ്കര സഭ കൂടുതൽ ജാഗ്രതയും ശ്രദ്ധയും കൊടുത്ത് മെച്ചപ്പെടുത്തണം എന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന ചില മേഖലകൾ ചൂണ്ടി കാണിക്കുന്നു. ഇതിൽ പലതും മുൻപും വിശദമായി പ്രതിപാദിച്ചിട്ടുള്ളതാണ്. പകുതിയെങ്കിലും വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധയും താല്പര്യവും പ്രകടിപ്പിച്ചാൽ തന്നെ 10 വർഷങ്ങൾക്കപ്പുറം മലങ്കര സഭയുടെ ഭാവി കൂടുതൽ മികവുള്ളതാകും, തീർച്ച.

  1. മലങ്കരയിലെ സത്യവിശ്വാസ പ്രചാരണവും, വിശ്വാസ വിപരീതങ്ങളുടെ പ്രതിരോധവും.
  2. പൗരസ്ത്യ കാതോലിക്കേറ്റ് ഓഫീസും മലങ്കര സഭാ ആസ്ഥാനവും
  3. മിഷൻ സ്ഥാപനങ്ങളും, ദയറാ പ്രസ്ഥാനങ്ങളും.
  4. മലങ്കര സഭയുടെ ദേശീയോദ്‌ഗ്രഥനവും, ഓർത്തോഡോക്സ് ബൈബിളും.
  5. പൗരോഹിത്യ തലത്തിൽ സ്വീകരിക്കേണ്ട നടപടികളും, പൊളിച്ചെഴുത്തലുകളും.
  6. ആത്മീയ സംഘടനകളും, സഭയിലെ അൽമായ പങ്കാളിത്തവും.
  7. സ്വയം പര്യാപ്തമാക്കേണ്ട നമ്മുടെ ഭദ്രാസനങ്ങളും, സ്ഥാപനങ്ങളും.
  8. മലങ്കര സഭയുടെ വിദ്യാഭ്യാസ – ചികിത്സ സ്ഥാപനങ്ങളുടെ നിലവാരവും, പുത്തൻ പ്രതീക്ഷകളും
  9. രാഷ്ട്രീയ, പൊതു ക്രൈസ്തവ മേഖലകളിലെ മലങ്കര സഭയുടെ സ്ഥാനവും, കടമയും.
  10. മലങ്കരയിലെ യുവജനങ്ങളുടെ മാറുന്ന കാഴ്ചപ്പാടുകളും, ജീവിത സാഹചര്യങ്ങളും. copyright@ovsonline.in

1). മലങ്കരയിലെ സത്യവിശ്വാസ പ്രചാരണവും, വിശ്വാസ വിപരീതങ്ങളുടെ പ്രതിരോധവും.
ഭാരതത്തിൻ്റെ തദ്ദേശീയ ക്രൈസ്തവ സഭയായ മലങ്കര സഭയ്ക്ക്, പൗരസ്ത്യ സത്യവിശ്വാസം പാരമ്പര്യ നസ്രാണികളുടെ ഇടുങ്ങിയ ഉന്നത ജാതീയ ബോധത്തിനപ്പുറത്തേക്കു എത്രമാത്രം വളർത്താൻ കഴിഞ്ഞു എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. പക്ഷെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലങ്കരയിലെ ഓർത്തഡോക്സ് വിശ്വാസികൾക്കിടയിൽ അഭിവൃദ്ധിയുടെ സുവിശേഷം, കരിസ്മാറ്റിക് പ്രകടനങ്ങൾ തുടങ്ങിയ നിരവധി വേദ – വിശ്വാസ വിപരീതങ്ങളാൽ എത്രയധികം കുടുംബങ്ങൾ നഷ്ടപ്പെട്ടു എന്ന് മലങ്കര സഭയ്ക്ക് എന്തെങ്കിലും ഗ്രാഹ്യമുള്ളതായി തോന്നിയിട്ടില്ല. ഇടവകകൾക്കും, സൺ‌ഡേ സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കും നാട്ടു നടപ്പനുസരിച്ചുള്ള വി. കൂദാശകൾക്കും വേദപഠനങ്ങൾക്കും അപ്പുറം “സത്യവിശ്വാസം” എന്ന മായമില്ലാത്ത പാൽ കുടിക്കേണ്ടതിൻ്റെ ആവശ്യകത ഏറെ വിശ്വാസികൾക്ക് പകർന്നു കൊടുക്കാൻ കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്. മലങ്കര സഭയുടെ വിശ്വാസികളിൽ ഭൂരിപക്ഷത്തിനും ഓർത്തോഡോക്സി എന്നതിൻ്റെ അടിസ്ഥാന തത്വങ്ങളെ പറ്റിയോ, മലങ്കര സഭയുടെ വിശ്വാസം കത്തോലിക്ക – മാർത്തോമാ – പെന്തോകൊസ്തു വിശ്വാസങ്ങളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടു നിൽക്കുന്നത് എന്നും അറിയുന്നില്ല. അവർക്കു ശുദ്ധമായ പാലും, പാൽപ്പൊടിയും, മായം ചേർത്ത പാൽ വെള്ളവും തമ്മിൽ തിരിച്ചറിയുന്നില്ല. തന്മൂലം ആർത്തിയും, അഭിവൃദ്ധിയും, സുഖലോലുപതയും ഒക്കെ തേടുന്ന കേവല ക്രൈസ്തവ നാമധാരികൾ സത്യവിശ്വാസ ആരാധനയിൽ നിന്ന് വഴി തെറ്റി പോകുന്നു. ഓർത്തഡോക്സ് വിശ്വാസം എന്നത് മാമോദീസാ മുതൽ മരണം വരെയും അതിനു ശേഷവും ത്രീയേക ദൈവവിശ്വാസത്തിൽ ആശ്രയിച്ച് നടത്തുന്ന ഒരു ആത്മീയ തീർത്ഥാടനമാണ് എന്ന് വിശ്വാസപരമായ ഉൾക്കാഴ്ച വിശ്വാസികളിൽ ജനിപ്പിക്കുന്നതിൽ നമ്മുടെ പുരോഹിതന്മാർക്കും, പിതാക്കന്മാർക്കും എത്രമാത്രം കഴിയുന്നു എന്നത് സ്വയം പരിശോധനയ്ക്കും, സഭാ സമിതികളുടെ വിലയിരുത്തലുകൾക്കും വിധേയമാക്കപ്പെടണം.

ഓരോ ഓർത്തഡോക്സ് ഇടവകകളും ഓർത്തോഡോക്സിയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രചാരകരും ഗുണഭോക്താക്കളുമാകണം. പുതിയ വിശ്വാസികളെ നേടാനോ, സത്യവിശ്വാസത്തിൽ ഭ്രംശം സംഭവിച്ചവരെ തിരികെ കൊണ്ട് വരുവാൻ കഴിവോ, താല്പര്യമോ ഇല്ലാത്ത ഇടവകകളും, വൈദികരും കുറഞ്ഞപക്ഷം ഭദ്രാസനങ്ങളുടെ മേൽനോട്ടത്തിൽ നിലവിലെ നമ്മുടെ വിശ്വാസികളിലെങ്കിലും സത്യവിശ്വാസത്തെ ഉറപ്പിച്ചു നിർത്താൻ ആവശ്യമായ പ്രചാരണനടപടികൾ സ്വീകരിക്കണം. ഓരോ ഓർത്തഡോക്സ് ഭവനങ്ങളും ഓർത്തോഡോക്സിയുടെ കാവൽ മാടങ്ങളാകണം. തങ്ങളുടെ ഭവനത്തിലേക്ക് അന്യവിശ്വാസ പ്രചാരണത്തിനായി ക്ഷണിക്കാതെ കടന്നു വരുന്ന ആത്മീയ വ്യാപാരികളുടെ മുന്നിൽ സത്യ വിശ്വാസത്തിൻ്റെ പ്രഘോഷകരാകാൻ മലങ്കരയിലെ മാതാപിതാക്കൾക്കും, യുവജനങ്ങൾക്കും കഴിയണം. സത്യവിശ്വാസികളിൽ സംശയം ഉയർത്തി നവ വിശ്വാസ ഇറക്കുമതിക്കാരുടെ മുന്നിൽ അഭിമാനത്തോടെ കർതൃ പ്രാർത്ഥനയും, ദൈവമാതാവിനോടുള്ള യാചനയും, നിഖ്യാ വിശ്വാസപ്രമാണവും ചൊല്ലി പ്രാർത്ഥിക്കാൻ നിൽക്കുന്ന ഒരു നസ്രാണി കുടുംബം സത്യവിശ്വാസത്തിൽ എത്ര ബോധ്യമുള്ളവരാണ് എന്നതിൻ്റെ നിശബ്ദ സാക്ഷ്യമാകണം ഓരോ ഓർത്തഡോക്സ് വിശ്വാസികളുടെയും അഭിമാനകരമായ നിലപാട്.

2). പൗരസ്ത്യ കാതോലിക്കേറ്റ് ഓഫീസും മലങ്കര സഭാ ആസ്ഥാനവും.
ലോകത്തിലെ ഓർത്തഡോക്സ് സഭകളുടെ നിരയിൽ വ്യക്തമായ സ്ഥാനവും, ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ അഭിവാജ്യ ഘടകവുമായ മലങ്കര സഭയുടെ കാതോലിക്കേറ്റ് ഓഫീസും, സഭാ കേന്ദ്ര കാര്യാലയവും ഓർത്തഡോക്സ് സഭാ ശൈലിയിലും, മലങ്കര സഭയുടെ പൗരാണികതയ്ക്കും പെരുമയ്ക്കും അനുസൃതമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നാണ് ഞങ്ങളുടെ ചിന്ത. പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവായുടെ സെക്രട്ടറിമാരായി പ്രവർത്തിക്കേണ്ടത് യുവകോമള ശെമ്മാശന്മാരല്ല, മറിച്ചു കാര്യപ്രാപ്തിയും അനുഭവജ്ഞാനവുമുള്ള ആചാര്യവര്യരായ റമ്പാന്മാരാണ്. ഇത്തരം റമ്പാന്മാരാണ് പരിശുദ്ധ കാതോലിക്കാബാവയെ യാത്രകളിൽ അനുഗമിക്കേണ്ടതും കാതോലിക്കേറ്റ് ഓഫീസ് നിയന്ത്രിക്കേണ്ടതും. പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവായുടെ എക്യൂമെനിക്കൽ ബന്ധങ്ങളും, വിദേശ സഭാ സന്ദർശനങ്ങളും ക്രമീകരിക്കേണ്ടതും, ക്രോഡീകരിക്കേണ്ടതും ഇത്തരമൊരു തിരഞ്ഞെടുക്കപെട്ട സന്യാസി സംഘമാകണം. മലങ്കര സഭാ ആസ്ഥാനത്തിൽ നിന്നും വ്യത്യസ്തമായി ആർക്കും എപ്പോഴും ഏതെങ്കിലും സ്വാധീനമുള്ള വ്യക്തിയുടെ ശുപാർശയിൽ നേരെ ഓടി കയറിചെല്ലാൻ കഴിയുന്നതാകരുത് പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവായുടെ ഓഫീസ്. ആളുകൾക്കു ആദ്യകാലഘട്ടങ്ങളിൽ അല്പം നീരസവും, പരാതിയുമൊക്കെ തോന്നുമെങ്കിലും പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവാമാർ മലങ്കരയിൽ ഓടി നടന്ന് കല്യാണവും മാമോദീസയുമൊക്കെ നടത്തുന്നത് കുറയ്ക്കണം എന്നാണ് എളിയ അഭ്യർത്ഥന. അപ്പോൾ ജാത്യാഭിമാനികളായ നസ്രാണി യുവത പരിശുദ്ധ സിംഹാസനത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ് പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക പിൻഗാമിയായ പരിശുദ്ധ പിതാവിൻ്റെ അടുക്കൽ വന്നു അനുഗ്രഹം വാങ്ങുന്ന ശരിയായ രീതിയിലേക്ക് മലങ്കര സഭ മടങ്ങും. പരിശുദ്ധ കാതോലിക്കാ ബാവായുടെ അനിവാര്യമായ സാന്നിധ്യമുണ്ടാകേണ്ടത് ഓർത്തഡോക്സ് കൺവൻഷനുകളിലും, പട്ടംകൊട ശുശ്രൂഷകളിലും ദേവാലയ കൂദാശകളിലും ഒഴിവാക്കാനാവാത്ത ശവസംസ്കാരങ്ങളിലുമാണ്. വിശുദ്ധ ഹാശാ ആഴ്ചയിലും, ക്രിസ്തുമസ് ശുശ്രൂഷയ്ക്കും പരിശുദ്ധ കാതോലിക്കാ ബാവ കാതോലിക്കേറ്റ് കത്തീഡ്രലായ കോട്ടയം ഏലിയാ കത്തീഡ്രലിലോ, പഴയ സെമിനാരിയിലോ വി. ബലി അർപ്പിക്കുന്നതാണ് മലങ്കര നസ്രാണികൾക്ക് അഭിമാനവും സന്തോഷവും. ഭാരതത്തിലെ തദ്ദേശീയ പൗരാണിക ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവായുടെ ഓഫീസ് പ്രവർത്തനവും, എക്യൂമെനിക്കൽ ബന്ധങ്ങളും, സംബന്ധിക്കേണ്ട പരിപാടികളും കേരളത്തിലെ ഏതെങ്കിലും പ്രാദേശിക സഭകളുടെ നിലവാരത്തിലാക്കാതെ, മറ്റു പ്രമുഖ ഓർത്തഡോക്സ് സഭകളുടെ രീതി അവലംബിക്കണം.

മലങ്കര സഭയുടെ കേന്ദ്ര ആസ്ഥാനം കഴിഞ്ഞ കാലഘട്ടങ്ങളിൽ നിന്നും നിർമാണപരമായി മെച്ചപ്പെട്ടെങ്കിലും ശുശ്രൂഷയ്ക്കും, സഭയുടെ മാധ്യമവിഭാഗം ശക്തമാക്കുക, രേഖ സൂക്ഷിപ്പുകൾ ഡിജിറ്റൽ സാങ്കേതിക തലത്തിലേക്ക് മാറ്റുക, ഓഫിസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഹരിക്കേണ്ടിയിരിക്കുന്നു. മലങ്കര സഭയ്ക്കു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടപെടാൻ പ്രാപ്തരായ ജേർണലിസം കഴിഞ്ഞ സമർത്ഥരായ സഭാ യുവാക്കളെ നിയമിച്ചു കൊണ്ട് ശക്തമായ ഒരു പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് അടിയന്തിരമായി ഉണ്ടാകണം. പ്രതിവർഷം 750 കോടിയുടെ വാർഷിക ബഡ്ജറ്റുള്ള മലങ്കര സഭയ്ക്ക് ഒരു മുഴുവൻ സമയ പി.ആർ.ഒ യും, സജീവമായി പ്രവർത്തിക്കുന്ന ഒരു ന്യൂസ് പോർട്ടലും ഒന്നുമില്ലെന്നത് പരിതാപകരമാണ്. പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പോലും നേരാംവണ്ണം കൈകാര്യം ചെയ്യാൻ താല്പര്യമില്ല. മലങ്കര സഭയുടെ റെക്കോർഡ്‌സ് സൂക്ഷിപ്പ് ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറ്റേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.

3). മിഷൻ പ്രസ്ഥാനങ്ങളും, ദയറാ പ്രസ്ഥാനങ്ങളും.
മലങ്കര സഭയുടെ പല പ്രമുഖ മിഷൻ പ്രവർത്തനങ്ങളും ഏതാണ്ട് അതിൻ്റെ അസ്തമന ബിന്ദുവിലേക്ക് അടുക്കുന്നു എന്നത് ഖേദകരമായ സത്യമാണ്. പല ഭദ്രാസന മെത്രാപ്പോലീത്താമാരും തങ്ങളുടെ ഭദ്രാസന പരിധിയിൽ കാരുണ്യ പ്രവർത്തികളും സാധുജനക്ഷേമ നടപടികളുമൊക്കെ ഏറിയോ കുറഞ്ഞോ ചെയ്യുന്നുണ്ടെങ്കിലും മലങ്കര സഭയുടെ പൊതുവായ കാരുണ്യ-സുവിശേഷ പ്രവർത്തനങ്ങൾക്കും മിഷൻ പ്രസ്ഥാനങ്ങൾക്കും സംഭവിച്ച തളർച്ചയെ തിരിച്ചറിയാനും തിരുത്താനും കഴിയണം. ഭാഗ്യസമരണാർഹരായ തിരുമേനിമാരായ പത്രോസ് മാർ ഒസ്താത്തിയോസ്, ഗീവർഗീസ്‌ മാർ ഒസ്താത്തിയോസ്, സക്കറിയാസ് മാർ തെയോഫിലോസ്, പുതുപ്പാടിയിലെ വന്ദ്യ ഫിലിപ്പ് റമ്പാച്ചൻ എന്നിവർക്ക് ശേഷം മിഷൻ രംഗത്ത് അഭിമാനത്തോടെ ഉയർത്തി കാണിക്കുവാൻ മലങ്കര സഭയിൽ ആരൊക്കെയുണ്ട് ? മലങ്കര സഭയുടെ സാമൂഹിക മുഖമായ മിഷൻ പ്രസ്ഥാനങ്ങൾക്ക് പുതുജീവൻ കൊടുക്കുവാനുള്ള കർമ്മപദ്ധതികൾ പരിശുദ്ധ സുന്നഹദോസ് സ്വീകരിക്കണം. സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ശെമ്മാശന്മാരെ നേരെ പട്ടം കെട്ടി ഇടവകകളിലേക്ക് ഭരണത്തിന് അയക്കാതെ, പട്ടം കൊടയ്ക്കു മുൻപായി ഏറ്റവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും നിർബന്ധിത മിഷൻ പ്രവർത്തനങ്ങൾക്ക് അയക്കണം എന്നാണ് ഈ വിഷയത്തിൽ പറയാനുള്ള ഒരു പരിഹാരമാർഗം. ഒരു നിർബന്ധിത “പോസ്റ്റ് സെമിനാരി മിഷൻ പ്രവർത്തനം” മലങ്കര സഭയ്ക്കുണ്ടായാൽ മനുഷ്യശേഷിയുടെ മെച്ചപ്പെട്ടതും ക്രിയാത്മകവുമായതായ ഒരു ഉപയോഗതലം ദർശിക്കാം എന്ന് മാത്രമല്ല വൈദികവൃത്തിയെ ഉപജീവനമാക്കാൻ ആഗ്രഹിക്കുന്ന കളങ്കങ്ങൾ മലങ്കര സഭയുടെ വഴിയിൽ നിന്ന് ഒഴിഞ്ഞു പൊയ്ക്കോളും .

ഏതു ഒരു ഓർത്തഡോക്സ് സഭയ്ക്കും അതിൻ്റെ ജീവനാഡിയെന്നത് സന്യാസ പ്രസ്ഥാനങ്ങളാണ്. കഴിഞ്ഞ ഒന്ന് – രണ്ടു പതിറ്റാണ്ടു കൊണ്ട് നമ്മുടെ ദയറാ പ്രസ്ഥാനങ്ങൾ എത്ര മാത്രം വളർന്നു എന്നതറിയാൻ കാലക്രമേണ ശൂന്യമായി കൊണ്ടിരിക്കുന്ന നമ്മുടെ ദയറാ പ്രസ്ഥാനങ്ങളിലെ പുതിയ അംഗങ്ങളുടെ എണ്ണം നോക്കിയാൽ മതി. ദയറാ പ്രസ്ഥാനങ്ങളിലെ അംഗങ്ങളുടെ എണ്ണം കുറയുമ്പോൾ അതിൽ നിന്നുള്ള മേല്പട്ടസ്ഥാന തിരഞ്ഞെടുപ്പിൻ്റെ ഗുണ നിലവാരവും കുറയുകയും അത് സഭയെ തന്നെ കാലക്രമത്തിൽ ക്ഷയിപ്പിച്ചു കളയുന്ന തരത്തിലേക്ക് പരിണമിക്കുകയും ചെയ്യും. അതിനാൽ പരിശുദ്ധ സുന്നഹദോസ് അംഗങ്ങൾ മലങ്കര സഭയിലെ ദയറാ പ്രസ്ഥാനങ്ങളെ “വിസിറ്റിംഗ് ബിഷപ്പ്” എന്ന പേരിൽ പങ്കു വെയ്ക്കാതെ, ധീരനായ സത്യവിശ്വാസ പോരാളിയായ ഏതെങ്കിലും ഒരു മെത്രാപ്പോലീത്തയെ “മുഴുവൻ സമയ” ചുമതലയിലേക്ക് ഈ മേഖലയിൽ നിയോഗിക്കണം എന്നാണ് ആഗ്രഹം. സ്വന്തം സാമ്രാജ്യം പോലെ യഥേഷ്ടം ഭരിക്കപ്പെടുന്ന ദയറാകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ – ആതുരസേവന സ്ഥാപനങ്ങളുടെയും അച്ചടക്കവും നിലവാരവും സാമ്പത്തിക സുതാര്യതയും മലങ്കര സഭാ വിശ്വാസികൾക്ക് മെച്ചപ്പെട്ട സേവനവും പരിശുദ്ധ സുന്നഹദോസ് പരിശോധിച്ച് ഉറപ്പു വരുത്തണം .

4). മലങ്കര സഭയുടെ ദേശീയോദ്‌ഗ്രഥനവും, ഓർത്തഡോക്സ് ബൈബിളും.
ഭാരതത്തിൻ്റെ തദ്ദേശീയ ഓർത്തഡോക്സ് സഭയായ മലങ്കര സഭ അതിൻ്റെ കൂടുതൽ തലങ്ങളിലേക്ക് ദേശീയോദ്‌ഗ്രഥനത്തെ അടയാളപ്പെടുത്തണം. ജാതിമത ഭേദമെന്യ ഓരോ ഭാരതീയനും മലങ്കര ഓർത്തഡോക്സ് സഭയുടെ അടയാളങ്ങളെയും കൊടികളെയും തിരിച്ചറിയാനും അഭിമാനിക്കാനും കഴിയുന്ന തരത്തിൽ നമ്മളുടെ സമീപനങ്ങളിൽ മാറ്റം വരുത്തണം. നമ്മുടെ ദേശീയ താല്പര്യങ്ങളെ കൃത്യമായി പ്രകടിപ്പിക്കുവാൻ തക്കവണം മലങ്കര സഭയുടെ സ്ലീബാലംകൃത പീതവർണ പതാകയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയും, സെർബിയൻ ഓർത്തഡോക്സ് സഭയും അവലംബിച്ചിട്ടുള്ള പോലെ ദേശീയ പതാകയുടെ നിറങ്ങളും ചേർക്കുന്നത് മലങ്കര സഭയുടെ സ്വീകാര്യതയെ ഭാരതത്തിൽ കൂടുതൽ ദൃഢമാക്കും. മലങ്കര സഭയുടെ വേദശാസ്ത്രങ്ങളും, വി.കൂദാശകളും ഓറിയന്റൽ ഓർത്തഡോക്സ് പാരമ്പര്യത്തിൽപെട്ട സിറിയൻ ഓർത്തഡോക്സ് – കോപ്റ്റിക് ഓർത്തഡോക്സ് സഭകളിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണെങ്കിലും, മലങ്കര സഭ ഒരു സ്വതന്ത്ര കാതോലിക്കേറ്റ് രൂപീകരിച്ചിട്ടു നൂറ്റാണ്ടു പിന്നിട്ടിട്ടും സ്വന്തമായി ഒരു ഓർത്തഡോക്സ് യൂണിവേഴ്‌സിറ്റിയും ഓർത്തഡോക്സ് ബൈബിളും ഇല്ലാത്തത് ഭാവനാശൂന്യതയുടെ മികച്ച ഉദാഹരണമാണ്. വാസ്തവത്തിൽ പ്രൊട്ടസ്റ്റന്റ് തീയോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും, പ്രൊട്ടസ്റ്റന്റ് വേദപുസ്തകത്തിൽ നിന്നും മലങ്കര സഭയെ രക്ഷിക്കാൻ ഈ ദശാബ്ദത്തിൽ എങ്കിലും കഴിഞ്ഞില്ലെങ്കിൽ വരുന്ന തലമുറകളോട് ചെയ്യുന്ന നീതീകരണമില്ലാത്ത പിടിപ്പുകേടാവും.

5). പൗരോഹിത്യ തലത്തിലെ സ്വീകരിക്കേണ്ട നടപടികളും, പൊളിച്ചെഴുത്തുകളും.
മലങ്കര സഭയിൽ നിലനിൽക്കുന്ന “പ്രീ സെമിനാരി” രീതി നിർത്തലാക്കിയിട്ടു സെമിനാരിയിൽ നിന്നും പഠിച്ചിറങ്ങുന്ന ശെമ്മാശന്മാർക്കു 2 വർഷത്തെ നിർബന്ധിത “പോസ്റ്റ് സെമിനാരി” ചട്ടം വരുത്തണം. 27 -28 വയസുള്ള പാകതയില്ലാതെ അച്ചന്മാരെ ഇടവകയിലേക്കു അയക്കാതെ സഭയുടെ മിഷൻ ഫീൽഡ്, ദയറാ പ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലയിൽ ഉപയോഗിക്കണം. സെമിനാരി വിദ്യാഭ്യാസം ഇല്ലാതെ ഒരു വ്യക്തിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ വൈദിക പട്ടം കൊടുക്കും മുൻപ് മാതൃ ഇടവകയിൽ നിന്നും നിർബന്ധമായും ഒരു സമ്മത പത്രം സമർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകണം. ഓരോ നസ്രാണി ക്രിസ്ത്യാനിയുടെയും അഭിമാനമാണ് അവരുടെ വൈദികരുടെ ഗുണമേന്മ എന്നതിനാൽ ഇതിൻ്റെ പൂർണ ഉത്തരവാദിത്വം സഭയുടെ പരിശുദ്ധ സുന്നഹദോസിനും പിതാക്കന്മാർക്കും മാത്രമാണ്. ക്രിസ്തുവിൻ്റെ പ്രതിപുരുഷരായി കാണപ്പെടുന്ന വൈദികർ അവരുടെ പ്രവർത്തനങ്ങളെയും, ജീവിത രീതികളെയും സ്വയം വിലയിരുത്തി ആവശ്യമെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകണം എന്ന് സമീപകാല സംഭവങ്ങൾ വിളിച്ചു പറയുന്നു. മലങ്കര സഭയുടെ നട്ടെല്ലും, ഭാവിയുമൊക്കെ കാര്യപ്രാപ്തിയും, ക്രിസ്തീയ മൂല്യങ്ങളുമുള്ള വൈദിക സമൂഹത്തിലാണ്. ആയിരക്കണക്കിന് ഗുരുതുല്യരായ വൈദികരെ സംഭാവന ചെയ്ത മലങ്കര സഭ കഴിഞ്ഞ കാലങ്ങളിൽ ചില കളങ്കിത വൈദികരുടെ പേരിൽ നിരന്തരം അപമാനിക്കപ്പെട്ടു. ഇത് തീർത്തും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു തള്ളാൻ കഴിയില്ല. ഇത്തരം പുഴുക്കുത്തുക്കൾ വൈദികർക്ക് ഇടയിൽ ഇനിയുമുള്ളതിനാൽ, വൈദിക സമൂഹം തന്നെ അവരെ തിരുത്തി സന്മാർഗത്തിൽ നയിക്കണം. കുറഞ്ഞത് 10% വൈദികർ എങ്കിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വൈദിക വൃത്തിക്ക് കൊള്ളരുതാത്തവരാണ് എന്ന് ആരെക്കാളും നന്നായി വൈദികർക്ക് അറിയാം. ഇത്തരം മൂല്യശോഷണത്തിനും, ധാർമിക വീഴ്ചയ്ക്കും ഉത്തരവാദിത്തം വൈദിക സംഘത്തിനും, ഭദ്രാസന നേതൃത്വത്തിനും ഒരുപോലെയുണ്ട്. മലങ്കര സഭയുടെ വൈദിക സെമിനാരികളിലെ അച്ചടക്ക വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനും, കളകളെ വെച്ച് വളർത്താതെ നിർദയം പറിച്ചെറിയാനും ഇനിമേൽ മടിക്കരുത്. ഒരു സീനിയർ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ മലങ്കര സഭയിൽ ഒരു അച്ചടക്ക സമിതി ഉണ്ടാവുകയും ഭദ്രാസന വ്യത്യാസമില്ലാതെ വൈദികരെപ്പറ്റി കാര്യമാത്ര പ്രസ്കതമായ ആരോപണമുണ്ടായാൽ നേരിട്ട് പരിശോധിച്ച് മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും വേണം.

മലങ്കര സഭയിലെ മെത്രാന്മാർക്കും, പുരോഹിതർക്കും ഒരു പൊതു “പെരുമാറ്റ ചട്ടം” നടപ്പിൽ വരുത്താനും, അത് വിശ്വാസികൾക്ക് വേണ്ടി പരസ്യപ്പെടുത്താനും പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് തയാറാകണമെന്നാണ് സഭയുടെ ഭാവിയെ കരുതി ഞങ്ങൾക്ക് മുന്നോട്ടു വയ്ക്കാനുള്ള അഭ്യർത്ഥന. സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞു ഇറങ്ങിയാൽ പിന്നെ ഒരു തുടർ വിദ്യാഭ്യാസത്തിൻ്റെയും, അറിവ് പുതുക്കലിൻ്റെയും ആവശ്യം വൈദികർക്കില്ല എന്ന സ്ഥിതി മാറ്റി, 3 വർഷത്തിൽ ഒരിക്കൽ കോട്ടയം സെമിനാരി, നാഗ്പൂർ സെമിനാരി എന്നിവിടങ്ങളിൽ വൈദികർക്കു കുറഞ്ഞത് 2 ദിവസമെങ്കിലുമുള്ള “നിർബന്ധിത” വൈദിക ക്യാമ്പും, കൗൺസിലിങ്ങും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തപ്പെടുന്നത് മലങ്കര സഭയുടെ പൗരോഹിത്യ നിലവാരത്തെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് എത്തിക്കും. പേരിനു മാത്രം മുന്നിൽ അലങ്കാരമായി വിവിധ വിഷയങ്ങളിലെ ധാരാളം അലങ്കര ബിരുദങ്ങൾ ഉണ്ടായിട്ടും അത് ഒന്നും മലങ്കര സഭയുടെ ആത്മീയമായോ, ഭൗതികമായോ ഒരു വളർച്ചയ്ക്കും ഉപകരിക്കാത്ത മെത്രാപ്പോലീത്തന്മാർ, കാലശേഷം തങ്ങളെ മലങ്കര സഭയുടെ ചരിത്രത്തിൽ എങ്ങനെ അടയാളപ്പെടുത്തും എന്ന് സ്വയം ചിന്തിക്കണം. ഏല്പിക്കപ്പെട്ട ക്രൈസ്തവ സാക്ഷ്യം മറന്നു സ്വകാര്യ സ്വത്ത് സമ്പാദനവും, അധികാരഭ്രമവുമായി പായുന്ന നിങ്ങളുടെ കാലശേഷം കബറിൽ പ്രാർത്ഥനാപൂർവ്വം ആദരവോടെ ഒരു തിരി കത്തിക്കാൻ വിശ്വാസികൾ എത്തുന്നില്ലെങ്കിൽ നിങ്ങളുടെ ഈ പരക്കം പാച്ചിലിൻ്റെയും ബുദ്ധിജീവി പരിവേഷത്തിൻ്റെയും സ്വകാര്യ സ്വത്ത് ശേഖരണത്തിൻ്റെയുമൊക്കെ അർത്ഥമെന്ത്? ഏതെങ്കിലും ഘട്ടത്തിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളിൽ ആർക്കെങ്കിലുമെതിരെ ആക്ഷേപങ്ങൾ ഉണ്ടായാൽ, അതിൽ കൃത്യമായി അച്ചടക്ക നടപടികൾ സ്വീകരിച്ചു പരിശുദ്ധ സുന്നഹദോസ് മാതൃക കാട്ടണം. വിവാഹം, മരണം, മാമോദീസ, വീട് കൂദാശ തുടങ്ങിയ സമ്പന്ന വിശ്വാസികളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു നിയന്ത്രണവുമില്ലാതെ കേരളത്തിൽ തെക്കു വടക്കു പായാതെ ഭദ്രാസനത്തിലെ വൈദികർ, വിശ്വാസികൾ തുടങ്ങിയവരുടെ ക്ഷേമത്തിനും ആത്മീയ പുരോഗതിക്കും വേണ്ട കാര്യങ്ങൾ ഭദ്രാസന മെത്രാപ്പോലീത്തന്മാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. copyright@ovsonline.in

6). ആത്മീയ സംഘടനകളും, സഭയിലെ അൽമായ പങ്കാളിത്തവും.
സൺ‌ഡേ സ്കൂൾ, യുവജനപ്രസ്ഥാനം, വിദ്യാർത്ഥി പ്രസ്ഥാനം, മർത്തമറിയ സമാജം, ബാലികാ-ബാല സമാജം, സുവിശേഷ സംഘം, ദിവ്യബോധനം തുടങ്ങിയ മലങ്കര സഭയിലെ കൈവഴികളിലെ ജലത്തിൻ്റെ ലഭ്യത ക്രമേണ കുറയുന്നതായും പല ഭാഗത്തും ഒഴുക്ക് തടസപ്പെടുന്നതായും കഴിഞ്ഞ ഒരു ദശാബ്ദം സൂക്ഷമായി പരിശോധിച്ചാൽ മനസിലാകും. ആത്യന്തികമായി ഇത്തരം കൈത്തോടുകളെ വേണ്ടവണ്ണം പരിപാലിച്ചില്ലെങ്കിൽ മഹാനദിയാകുന്ന മലങ്കര സഭയുടെ വിസ്തീർണ്ണവും, ആഴവും പരിമിതപ്പെടുന്നതിലേക്ക് കാലം നൊടിയിടയിൽ കൂട്ടിക്കൊണ്ടു പോകും എന്നത് ജാഗ്രതയോടെ നിരന്തരം അഭിമുഖീകരിക്കേണ്ട ഒരു വസ്തുതയാണ്. മുകളിൽ പറഞ്ഞ ഓരോ പ്രസ്ഥാനത്തിനും മലങ്കര സഭയുടെ വിശ്വാസ പ്രചാരണത്തിലും ആരാധനാ ജീവിതത്തിലും സാമൂഹിക മേഖലകളിലുമുള്ള പങ്കും പങ്കാളിത്തവും മനസിലാക്കി ഓരോ പ്രസ്ഥാനത്തിൻ്റെയും താഴേ തട്ട് മുതൽ വേണ്ട പ്രതിക്രിയകൾ ചെയ്യേണ്ടതാണ്. ഓർത്തഡോക്സിയുടെ മധുരവും മലങ്കര സഭയുടെ ചരിത്രവും പൗരാണികതയുമൊക്കെ തലമുറകളിലേക്ക് പകർന്നു കൊടുക്കേണ്ട സൺ‌ഡേ സ്കൂൾ പ്രസ്ഥാനങ്ങൾക്ക് അതിനു കഴിയുന്നുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. വിവിധ സഹോദര സഭാ വിശ്വാസികളിൽ നിന്നും വിവാഹം കഴിച്ചു വരുന്ന സഹോദരിമാരാണ് പൊതുവെ സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നതിനാൽ, അവരുടെ അജ്ഞതയും മനോഭാവവുമൊക്കെ സൺ‌ഡേ സ്കൂൾ പാഠ്യപദ്ധതിയുടെ അന്തസത്തയെ ചോർത്തിക്കളയുന്നു എന്നാണ് നീരീക്ഷണം. സൺ‌ഡേ സ്കൂൾ പാഠ്യ പദ്ധതിയിൽ ഓർത്തോഡോക്സിയുടെ വിശ്വാസ പൊരുളുകളെപ്പറ്റിയും, ഇതര മത- ക്രൈസ്തവ വിശ്വാസങ്ങളിൽ നിന്നും ഓർത്തഡോക്സ് വിശ്വാസം എങ്ങനെ വേറിട്ട് നിൽക്കുന്നു എന്ന് കൂടുതൽ വിശദീകരിക്കുന്നതിന് ഒപ്പം സൺ‌ഡേ സ്കൂൾ അധ്യാപർക്കായി ഓരോ ക്ലാസ്സിലേക്കായി ഒരു റഫറൻസ് പുസ്തകവും ഉപകാരപ്രദമാണ്. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കേവല രാഷ്ട്രീയ നേതാക്കന്മാരുടെ നേതൃ പരിശീലന കളരിയാക്കി കൊണ്ട് നടക്കുന്നതിൽ ഭദ്രാസന മെത്രാപ്പോലീത്തന്മാർക്കും വൈദികർക്കുമുള്ള പങ്കു നിസാരമല്ല. മലങ്കര സഭയോട് ആത്മാർത്ഥമായ സ്നേഹമുള്ള, വീറുള്ള യുവ നസ്രാണികളിലെ സാമുദായിക നേതൃഗുണം വളർത്തിയെടുക്കേണ്ട ഇത്തരം സ്ഥാനങ്ങൾ രാഷ്ട്രീയ നോമിനികൾക്കും ഇഷ്ടക്കാർക്കും വീതം വെച്ച് കൊടുക്കുന്നത് അവസാനിപ്പിക്കാൻ മലങ്കരയിലെ യുവസമൂഹം തന്നെ മുന്നിട്ടിറങ്ങണം.

മലങ്കര സഭയിൽ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് കരുത്തായി പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ കാലഘട്ടത്തിലെ പോലെ കേവല സ്തുതിപാഠകർക്കു അപ്പുറം സഭ സ്നേഹികളും കാര്യപ്രാപ്തിയുള്ളവരുമായ സുശക്തമായ ഒരു അൽമായ നേതൃനിരയെ വളർത്തിയെടുക്കണം. രാഷ്ട്രീയ – മാധ്യമ- സാമൂഹിക മേഖലകളിലെ സഭയുടെ പ്രചാരണവും പ്രതിരോധവും ഇവരാകണം. മലങ്കര സഭയുടെ ആത്മീയ സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തുകയും, അൽമായ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി കൂടുതൽ കാര്യക്ഷമമാക്കി പ്രവർത്തിപ്പിക്കാൻ പരിശുദ്ധ കാതോലിക്കാ ബാവയും സഭാ നേതൃത്വവും തയ്യാറാകണം. വിരമിച്ച സഭാ വിശ്വാസികളായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നിയമജ്ഞർ, വിവിധ മേഖലകളിലെ പ്രതിഭശാലികളായവരെ ഒക്കെ മലങ്കര സഭയ്ക്ക് വിവിധ തലത്തിൽ സമർത്ഥമായി ഉപയോഗിക്കാൻ കഴിയണം. മലങ്കര സഭ നാം ഓരോരുത്തരുടേയും സ്വന്തമാണ് എന്നും അതിനെ പരിപാലിക്കേണ്ടതും, പരിപോഷിപ്പിക്കേണ്ടതും ഓരോ വിശ്വാസികളുടെയും പരമായ കടമയാണ് എന്ന സന്ദേശവും പ്രചരിപ്പിക്കപ്പെടണം.

7). സ്വയം പര്യാപ്തമാക്കണ്ടേ നമ്മുടെ ഭദ്രാസനങ്ങളും സ്ഥാപനങ്ങളും.
അടുത്ത ദശകത്തിൽ മലങ്കര സഭയിലെ ഓരോ ഭദ്രാസനകളും സ്ഥാപനങ്ങളും സാമ്പത്തികമായ സ്വയം പര്യാപ്‌തതയിലേക്ക് എത്തുവാൻ ഉതകുന്ന കർമപദ്ധതികൾ നടപ്പിൽ വരുത്തണം. ഭദ്രാസനങ്ങളുടെ ചിലവിനാവശ്യമായ വരുമാന മാർഗങ്ങൾ കണ്ടത്തുകെയും, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള പ്രസ്ഥാനങ്ങൾ ഇത്തരം സാമ്പത്തികമായ പിന്നോക്ക ഭദ്രാസന പരിധയിൽ ആരംഭിക്കണം. മാറുന്ന സാഹചര്യത്തിൽ ഗൾഫ്, അമേരിക്ക -യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വരുമാന പ്രതീക്ഷ അവസാനിപ്പിച്ച്, ഓരോ ഭദ്രാസനത്തിനും, അതിൻ്റെ ചാരിറ്റി പദ്ധതികൾക്കമുള്ള ചിലവിലേക്കായി ആവശ്യമായ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. അശാസ്ത്രീയവും, അനാവശ്യവുമായ ഭദ്രാസന വിഭജനങ്ങൾ ഇനി ഒരു ദശകത്തിലേക്കു ആവർത്തിക്കപ്പെടരുത്. മുൻപ് നടത്തിയ ഭദ്രാസന വിഭജനങ്ങൾ കൊണ്ട് മലങ്കര സഭയ്ക്ക് ബാധ്യതകളും, ചിലവുകളും വർധിച്ചതല്ലാതെ ഗുണപരമായ ഏതെങ്കിലും ഒരു മാറ്റം സഭാ തലത്തിലോ, വിശ്വാസി തലത്തിലോ കാണുവാൻ സാധിക്കുന്നില്ല. കല്യാണം, മാമോദീസ, വീട് കൂദാശ തുടങ്ങിയ ആഘോഷങ്ങൾക്ക് കുറച്ചു മെത്രാന്മാരെ കൂടെ തെക്കൻ പ്രദേശങ്ങളിൽ ലഭിച്ചു എന്നതിന് അപ്പുറം കെ.എസ്.ആർ.ടി.സി യുടെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൻ്റെ ബോർഡ് പോലെയുള്ള പുതിയ ഭദ്രാസനങ്ങൾ കൊണ്ട് കാര്യമായ മെച്ചമൊന്നുമില്ല എന്നതാണ് കഴിഞ്ഞ ഒരു ദശാബ്ദം തന്ന അനുഭവപാഠം. ഭൂമിശാസ്ത്രപരമായ ഭദ്രാസന വിഭജനമാണ് സഭയ്ക്ക് അഭികാമ്യം.

8). മലങ്കര സഭയുടെ വിദ്യാഭ്യാസ – ചികിത്സാ സ്ഥാപനങ്ങളുടെ നിലവാരവും പുത്തൻ പ്രതീക്ഷകളും.
പീരുമേട് എഞ്ചിനീയറിംഗ്, പരുമല സെന്റ് ഗ്രീഗോറിയോസ് തുടങ്ങിയ സ്ഥാപനങ്ങളെ ഒഴിച്ച് നിർത്തിയാൽ മലങ്കര സഭയുടെ ഭൂരിപക്ഷം വിദ്യാഭ്യാസ – ആതുരസേവന സ്ഥാപനങ്ങളും ഇന്നത്തെ ആധുനിക നിലവാരത്തിൽ ശരാശരി മാത്രമാണ് എന്നാണ് അനുഭവം. നിലവിലുള്ള നമ്മുടെ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഒപ്പം ധൂർത്തും, സ്വജനപക്ഷപാതവും, വെട്ടിപ്പുമൊക്കെ മൂലം സഭയ്ക്ക് ബാധ്യതയായ വെള്ളാനകളായ ചെറുകിട സ്ഥാപനങ്ങൾ ഒഴിവാക്കാനും മടിക്കേണ്ടതില്ല. മാറുന്ന തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ചു നമ്മുടെ യുവജനതയെ പ്രാപ്‌തമാക്കുവാൻ ഉതകുന്ന കൂടുതൽ തൊഴിൽ അധിഷ്ഠത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലങ്കര സഭയ്ക്കും ലഭിക്കേണ്ടിയിരിക്കുന്നു. മലങ്കര സഭയ്ക്കായി സ്വകാര്യ മേഖലയിൽ ലോ കോളേജ് എന്ന ദീർഘകാല സ്വപ്നത്തിന് ഒപ്പം, വടക്കൻ ഭദ്രാസനങ്ങളിൽ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മൾട്ടീമീഡിയ, ജേർണലിസം, നഴ്സിംഗ്, പാരാമെഡിക്കൽ, ബയോടെക്നോളജി, റീഹാബിലിറ്റേഷൻ തുടങ്ങിയ കോഴ്സുകൾക്കായി പുതിയ ഒരു കോളേജ് ആരംഭിക്കുന്നതും ഈ ദശകത്തിൽ എത്രയും വേഗം സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു. സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മലങ്കര സഭാ വിശ്വാസികളുടെ തൊഴിൽ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിശീലനം നൽകുവാനും സഹായകരമായ സ്ഥാപനങ്ങൾ ഓരോ ഭദ്രാസനവും വിഭാവനം ചെയ്യണം.

മലങ്കര സഭയുടെ വിദ്യാഭ്യാസ -ആതുര രംഗത്ത് വരുന്ന തൊഴിൽ നിയമനങ്ങൾ സുതാര്യമാക്കി, അഭ്യസ്തവിദ്യരായ സഭാ വിശ്വാസികൾക്ക് പ്രഥമ പരിഗണന കൊടുക്കാൻ സഭയും ഭദ്രാസനങ്ങളും തയ്യാറാകണം. മലങ്കര സഭയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ മേഖലകളിലെ നിയമനങ്ങളിലും നിർമാണങ്ങളിലും കൂടുതൽ സുതാര്യവും മാതൃകാപരവുമായ നടപടികളാണ് സ്വീകരിക്കേണ്ടത്.

9). രാഷ്ട്രീയ, പൊതു ക്രൈസ്തവ മേഖലകളിലെ മലങ്കര സഭയുടെ സ്ഥാനവും, കടമയും.
മലങ്കര സഭയുടെ പൗരാണികതയ്ക്കും, ശക്തിക്കും അനുസരിച്ചുള്ള സ്ഥാനമോ അവകാശങ്ങളോ രാഷ്ട്രീയ – പൊതു രംഗത്ത് നമ്മൾക്ക് ലഭിക്കാതെയായിട്ട് രണ്ടു നൂറ്റാണ്ടുകളായി. മലങ്കര സഭാ തർക്കം രാഷ്ട്രീയ – പൊതു രംഗത്ത് മലങ്കര സഭയുടെ വിലപേശൽ ശക്തിയെ അത്രമാത്രം ദുർബലപ്പെടുത്തുകയും ഈ അവസരം തരാതരം രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതര ക്രൈസ്തവ സഭകളും സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. ഓർത്തഡോക്സുകാരെ യാക്കോബായക്കാരും യാക്കോബായക്കാരെ ഓർത്തഡോക്സുകാരും അതും പോരാതെ ഓർത്തഡോക്സ് വിശ്വാസികളായ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വലതുപക്ഷ അനുഭാവികളും തിരിച്ചും വാശിയോടെ തോല്പിച്ചതോടെ, 1970-കളിൽ 24 നിയമസഭാസാമാജികർ വരെയുണ്ടായിരുന്ന മലങ്കര സഭയ്ക്ക് ഇന്ന് രണ്ടു കക്ഷികളുടെയും കൂടെ ചേർത്താലും ഒരു കൈയിലെ വിരലെണ്ണം തികയ്ക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിച്ചു. ഇതിൻ്റെയൊക്കെ ഗുണഭോക്താക്കൾ ആര് എന്ന് ചുറ്റം നോക്കിയാൽ മലങ്കര സഭയെ രണ്ടു കക്ഷണമാക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറായ ക്രൈസ്തവ സമുദായങ്ങൾ ഒക്കെ തന്നെയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പതിവിൽ കവിഞ്ഞ പ്രാധാന്യവും പരിഗണയും മലങ്കര സഭാ വിശ്വാസികൾക്ക് ലഭിക്കുകയും 250-ൽ പരം ആളുകൾ വിജയിക്കുകയും ചെയ്തത് നിയമസഭാ തിരഞ്ഞെടുപ്പിലും മലങ്കര സഭയ്ക്ക് അർഹമായ പ്രാധാന്യം തിരികെ ലഭിക്കുന്നതിന് സഹായകരമാകും എന്ന ശുഭപ്രതീക്ഷ ഈ വേളയിലുണ്ട്. ഏതു മുന്നണി മലങ്കര സഭയിൽ ആർക്കു ഒരു അവസരം കൊടുത്താലും സങ്കുചിത കക്ഷി രാഷ്ട്രീയത്തിനപ്പുറം മലങ്കര സഭാ വിശ്വാസികൾ ജയിക്കണം എന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.

നിലയ്ക്കൽ പ്രശ്ന സമയമടക്കം മൂന്ന് പതിറ്റാണ്ടുകൾക്ക് പുറകിൽ മലങ്കര സഭയ്ക്കും പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവാ സ്ഥാനത്തിനും കേരള പൊതുസമൂഹത്തിലും ക്രൈസ്തവ സമുദായത്തിലുമുണ്ടായിരുന്ന സ്വാധീനവും ശക്തിയും ഇന്ന് നമ്മൾക്ക് കൈമോശം വന്നിരിക്കുന്നു. മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവയ്‌ക്കും, സഭാ സമിതികൾക്കും നസ്രാണി സമൂഹത്തിൻ്റെ ഇടയിൽ നേതൃപരമായ ഒരു സ്ഥാനവും അവകാശവുമുണ്ട്. അത് തിരിച്ചറിഞ്ഞു മലങ്കര സഭയെ മാത്രമല്ല പൊതു ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും ഉചിതമായ നടപടികൾ സ്വീകരിക്കാനും നിലപാട് പറയാനുമുള്ള ആർജ്ജവത്വം കാണിക്കണം. ന്യൂനപക്ഷ സ്കോളർഷിപ്പ്, മുന്നോക്കസംവരണം, ഹാഗിയ സോഫിയ തുടങ്ങിയ ക്രൈസ്തവരെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ പക്വമായ നിലപാടുകൾ പരസ്യമായി പറയാൻ മലങ്കര സഭാ നേതൃത്വം മടിക്കേണ്ട കാര്യമില്ല. സഭാ തർക്കത്തിൽ ചുറ്റിവരിയപെട്ട് കിടക്കുന്നതിനാൽ ഇതൊക്കെ കെ.സി.ബി.സി പറഞ്ഞാൽ മതിയെന്ന് മനോഭാവം മലങ്കര സഭയുടെ പ്രസ്കതി പൊതുസമൂഹത്തിൽ കുറയ്ക്കും.

10). മലങ്കരയിലെ യുവജനങ്ങളുടെ മാറുന്ന കാഴ്ചപ്പാടുകളും, ജീവിത സാഹചര്യങ്ങളും.
ഏതു ഒരു സമൂഹത്തിൻ്റെയും ഭാവിയും നിലനില്പും അതിലെ അംഗങ്ങളുടെ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളുമായി ഇഴകി ചേർന്നിരിക്കുന്നു എന്നത് ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. തൊഴിൽ, കുടുംബ ജീവിതം, ലഹരി ഉപയോഗം, തുടങ്ങിയ നിരവധി വിഷയങ്ങളിൽ മലങ്കര സഭയിലെ യുവജനതയുടെ കാഴ്ചപ്പാടുകളും സാഹചര്യങ്ങളും കഴിഞ്ഞ ദശാബ്ദത്തിൽ നിന്നും വളരെയേറെ മാറി. ഇതിനു ഒപ്പം മാറുന്ന വിദ്യാഭാസ- തൊഴിൽ സംസ്ക്കാരത്തിന് അനുസരിച്ചു അവരെ നന്നായി ജീവിക്കാൻ പര്യാപ്‌തരാക്കേണ്ട ധാർമികമായ ചുമതല മലങ്കര സഭയ്ക്കുമുണ്ട്. മൂന്ന് നാല് പതിറ്റാണ്ടായി ഗൾഫ് മേഖലയെ ജീവിതമാർഗത്തിനായി വളരെയധികം ആശ്രയിച്ചിരുന്ന മലങ്കരയിലെ യുവജനതയ്ക്കു ഗൾഫിലെ തൊഴിൽ പ്രതിസന്ധിയും, മാറുന്ന സാഹചര്യങ്ങൾ ഒക്കെ പരിഗണിക്കുമ്പോൾ പുതിയ വരുമാന- തൊഴിൽ മേഖലകൾ കണ്ടത്തേണ്ടി വരും. ഗൾഫ് പ്രേമം മൂലം സർക്കാർ സേവന മേഖലയിലെ നസ്രാണി യുവതയുടെ പങ്ക്‌ ഇന്ന് വളരെയധികം ശുഷ്‌കമാണ്. അതിസമർത്ഥരായ നമ്മുടെ യുവജനത സർക്കാർ മേഖലകളോട് കാണിക്കുന്ന വിമുഖത അവസാനിപ്പിച്ച്, നന്നായി പരിശ്രമിച്ച് കൂടുതൽ തൊഴിൽ സർക്കാർ – അർദ്ധ സർക്കാർ മേഖലകളിൽ തേടേണ്ടിയിരിക്കുന്നു. നസ്രാണി യുവതയെ സർക്കാർ-പൊതുമേഖലകളിലെ തൊഴിൽ നേട്ടത്തിനായി, മലങ്കര സഭ, കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി മൂന്ന് – നാല് PSC കോച്ചിങ് സെന്റർ ആരംഭിക്കണം. മാവേലിക്കര സെന്റ് പോൾസ് സെന്റർ, അടൂർ എപ്പിപ്പാനിയോസ് സെന്റർ ഉൾപ്പെടെയുള്ള സഭാ സ്ഥാപനങ്ങളെ ആഴ്ചയിൽ 2 ദിവസമെങ്കിലുമുള്ള തൊഴിൽ പരീക്ഷ പരിശീലന കേന്ദ്രങ്ങളാക്കണം. അത് പോലെ യുവകർഷകരെയും, യുവ സംഭരംഭകരെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള പദ്ധതികൾ മലങ്കര സഭാ ബഡ്ജറ്റിലും, ഭദ്രാസന പദ്ധതികളിലും ഇടം പിടിക്കണം.

നസ്രാണി യുവജനങ്ങൾക്കിടയിൽ ശക്തി പ്രാപിക്കുന്ന കുടുംബ ശൈഥല്യം, ലഹരി ഉപയോഗം എന്നിവയ്ക്ക് എതിരെ മലങ്കര സഭയുടെ മാനവ വിഭവശേഷി വകുപ്പിൻ്റെ മേൽനോട്ടത്തിൽ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സാധ്യതകളെ ഉപയോഗിച്ചു ശക്തമായ ബോധവത്കരണവും, ദിശാബോധവും നൽകണം. രണ്ടു ദശകങ്ങൾക്കു പിന്നിൽ ഒരു നസ്രാണി യുവാവിൻ്റെ ശരാശരി വിവാഹ പ്രായം 26 – 27 ആയിരുന്നെങ്കിൽ, 2020 ൽ അത് 30 – 31 ആണ്. യുവതികളുടെ ശരാശരി പ്രായം 26 ആണ്. ഓരോ പത്തുവർഷത്തിലും നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിൽ ക്രൈസ്തവർ താഴേക്കു പോകുന്നതിൻ്റെയും, വർധിച്ച വരുന്ന വന്ധ്യതാ പ്രശ്നങ്ങളുടെയും പ്രധാന കാരണം ഈ വികല കാഴ്ച്ചപ്പാടാണ്. പൊതുവെ സാമ്പത്തികമായി മധ്യവർഗ കുടുംബങ്ങളിൽ ജനിച്ച വിഭ്യാസമ്പന്നരായ നമ്മുടെ യുവസമൂഹവും അവരുടെ മാതാപിതാക്കളും പോലും വിവാഹം, കുടുംബം എന്നീ യാഥാർഥ്യങ്ങളോട് കാണിക്കുന്ന മനോഭാവം പുനഃപരിശോധിക്കേണ്ടതാണ്. 68 വയസ് ശരാശരി പുരുഷ മരണനിരക്കുള്ള കേരളത്തിൽ, ഒരു നസ്രാണി യുവാവ് 30 വയസിൽ രണ്ടു കുട്ടികൾ എങ്കിലുമുള്ള ഒരു കുടുംബമായി തീരേണ്ടതു വ്യകതിപരമായും സമുദായികപരമായും അനിവാര്യതയാണ്. അമിതമായ പ്രായോഗിക ചിന്തയിലും അനാവശ്യമായി സൃഷ്ടിക്കപ്പെടുന്ന ജീവിത പ്രാരാബ്ധങ്ങളിലും ജീവിത സുഖലോലുപതയിലും ഒഴിവുകഴിവുകൾ കണ്ടെത്തുന്ന യുവജനത 35 വയസിൽ ജനിക്കുന്ന ഒരു കുഞ്ഞിനെ സ്വയം പര്യാപതതയിൽ എത്തിക്കാൻ 60 വയസിലും നിർബന്ധിത അദ്ധ്വാനത്തിന് പോകേണ്ട അവസ്ഥ ഒന്ന് ഊഹിച്ചു നോക്കുക.

According to the UN Population Division, a total fertility rate (TFR) of about 2.1 children per woman is called replacement-level fertility. If replacement level fertility is sustained over a sufficiently long period, each generation will exactly replace itself. ഐക്യരാഷ്ട്ര സഭയുടെ പഠനം അനുസരിച്ചു ഒരു സമൂഹം നിലനിന്നു പോകാൻ ഒരു സ്ത്രീയ്ക്ക് ശരാശരി 2.1 കുട്ടികൾ വേണെമെന്നിരിക്കെ സുറിയാനി നസ്രാണികൾക്കിടയിൽ ഇന്ന് ശരാശരി 1.5 -യോ അതിൽ താഴെയോ മാത്രമാണ് എന്ന് ബോധ്യം മലങ്കര സഭയുൾപ്പെടെയുള്ള സുറിയാനി സഭകളുടെ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷയത്തെ ഗൗരവമായി കാണുകയും അതിനെ ദൈവിക സങ്കല്പത്തിലൂന്നിയ കാഴ്ചപ്പാട് കൊണ്ട് ബോധവത്കരിക്കാൻ ശ്രമിക്കുന്നത് സിറോ മലബാർ സഭയും പരമ്പരാഗത പെന്തോകൊസ്ത് കൂട്ടായ്മകളും മാത്രമാണ്. ഇന്ന് 50 വയസുള്ള ഒരു സുറിയാനി നസ്രാണിയുടെ വീട്ടിൽ വോട്ടവകാശമുള്ള ശരാശരി 3 (അപ്പൻ, അമ്മ, മൂത്ത കുട്ടി ) പേർ മാത്രമുള്ളപ്പോൾ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പരമ പ്രാധാന്യം കൊടുക്കുന്ന അന്യ സമുദായ സഹോദരങ്ങളുടെ വീട്ടിൽ കുറഞ്ഞത് 5 വോട്ട് എങ്കിലും ഉണ്ടാകും. രാഷ്ട്രീയത്തിലും കച്ചവടങ്ങളിലും പൊതു രംഗത്തും നസ്രാണികൾ പിന്തള്ളപ്പെടുന്നതിൻ്റെ കാരണം പ്രത്യേകം പരാമർശിക്കേണ്ടല്ലോ. 2011-ൽ പത്തനംതിട്ട ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങൾ ഒഴിവാക്കപ്പെട്ടതു കേവലം ഉയർന്ന വിദേശ കുടിയേറ്റം കൊണ്ട് മാത്രമല്ല എന്ന് തിരിച്ചറിയാൻ സമുദായ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. copyright@ovsonline.in

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

പറയാതെ വയ്യ- OVS Editorial