OVS - Latest NewsSAINTS

വിശുദ്ധ മത്തായി ഏവൻഗേലിസ്ഥൻ – വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

ദൈവത്തിൻ്റെ ദാനം എന്നർത്ഥമുള്ള വിശുദ്ധ മത്തായി ശ്ലീഹാ ഇസാഖാർ ഗോത്രത്തിലെ അൽഹായുടെ മകനായിരുന്നു. ലാബി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഒന്നാം നൂറ്റാണ്ടിൽ കഫർന്നഹൂമിൽ ജനിച്ചു വളർന്ന മത്തായി ഹേരോദാ അഗ്രീപ്പാ രാജാവിൻ്റെ കാലഘട്ടത്തിൽ ചുങ്കപിരിവുകാരനായിരുന്നു. തങ്ങളുടെ അധികാരികള്‍ക്ക് വേണ്ടി കൂടുതല്‍ ചുങ്കം പിരിക്കുന്നതിനനുസരിച്ചായിരുന്നു ചുങ്കപ്പിരിവുകാരുടെ ജീവിത മാർഗ്ഗം. ആ കാലഘട്ടങ്ങളിൽ റോമന്‍ സാമ്രാജ്യത്തിനുവേണ്ടി യഹൂദിയായില്‍ ചുങ്കം പിരിച്ചുകൊണ്ടിരുന്നവരെ സമൂഹത്തില്‍ വെറുക്കപ്പെട്ടവരും കൊള്ളരുതാത്തവരുമായിട്ടായിരുന്നു ജനം കണക്കാക്കിയിരുന്നത്. ചുങ്കം പിരിക്കുന്നതിന് പലവിധേനെയും ജനങ്ങളെ പീഡിപ്പിച്ചിരുന്നതാകാം ഇതിന് പ്രധാന കാരണം.

ഗലീലി സമുദ്രത്തിനു സമീപത്തുള്ള കാപ്പര്‍നാമിലെ വിശുദ്ധ പത്രോസിന്റെ ഭവനത്തിനടുത്ത് വെച്ചാണ് യേശുവും മത്തായിയുമായുള്ള ആദ്യകൂടിക്കാഴ്ച നടന്നതെന്ന്‍ കരുതപ്പെടുന്നു. ചുങ്ക സ്ഥലത്തു നിന്നു തന്നെ യേശു അവനെ നേരിട്ട് വേർതിരിക്കുകയും, ചുങ്കം പിരിക്കുന്ന ജോലി ഉപേക്ഷിച്ച് ക്രിസ്തുവിൻ്റെ പാദ പിന്തുടരുകയും, ക്രിസ്തുവിൻ്റെ ശിക്ഷ്യഗണത്തിൽ ചേർക്കപ്പെടുകയും ചെയ്തു. മത്തായിയെ തന്റെ ശിക്ഷ്യഗണത്തിലേക്കുയര്‍ത്തിയത് യേശുവിന്റെ ആഗോള രക്ഷാകര ദൗത്യത്തിന്റെ ഭാഗമായിരുന്നു എന്ന് വിശുദ്ധ വേദപുസ്തകം സാക്ഷി കരിക്കുന്നു. ചുങ്കപ്പിരിവുകാരനായ മത്തായിയെ തന്റെ പ്രഥമശിക്ഷ്യഗണത്തിലേക്ക് യേശു വിളിച്ചത് യാഥാസ്ഥിതികരായ അന്നത്തെ മതപുരോഹിതര്‍ക്കും, യഹൂദ സമൂഹത്തിനും അസൂയ പൂക്കുന്നതിനും ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു. “എന്ത് കൊണ്ടാണ് നിങ്ങളുടെ ഗുരു, ചുങ്കക്കാരുടേയും പാപികളുടേയും ഒപ്പം ഭക്ഷണം കഴിക്കുന്നത്? എന്നതായിരുന്നു അവരുടെ പ്രധാന ചോദ്യം. എന്നാല്‍ “ഞാന്‍ നീതിമാന്‍മാരെയല്ല പാപികളെ വിളിക്കുവാനാണ് വന്നിരിക്കുന്നത്” എന്ന യേശുവിന്റെ മറുപടി അവരുടെ ചിന്തകൾക്കും അറിവുകൾക്കുമപ്പുറമായിരുന്നു

പിന്നിട്ടുള്ള തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. ആദിത്യ മര്യാതകളിലും താഴ്മയിലും നിഗുണനായിരുന്നു വിശുദ്ധ മത്തായി. തന്മൂലം ക്രിസ്തുവിന് തൻ്റെ ആദിത്വം നൽകിയത് കൊണ്ട് ജനങ്ങൾ അവനെ പാപി എന്ന് ചിത്രീകരിച്ചിരിക്കുന്നു. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് നമുക്ക്‌ ലഭ്യമായിട്ടുള്ളതെങ്കിലും, ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് മത്തായി എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും ആദ്യത്തെതായിട്ടാണ് കണക്കാക്കപ്പെടുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷങ്ങൾ പ്രധാനമായും യഹുദാ ക്രിസ്ത്യാനികൾക്കുവേണ്ടി എഴുതപ്പെട്ടവയാണ്. ക്രിസ്തു യേശുവിനെക്കുറിച്ചും അവൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പഴയ നിയമത്തിൽ യേശു തമ്പുരാനെക്കുറിച്ച് പറഞ്ഞിട്ടുള്ള പ്രവചനങ്ങളെക്കുറിച്ചും വിശുദ്ധ മത്തായി ശ്ശീഹാ തൻ്റെ 28 അദ്ധ്യായങ്ങളടങ്ങിയ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.ക്രിസ്തുവിന്റെ മരണത്തെത്തുടർന്ന്‌ എ.ഡി 41 നും 50 നും ഇടയിൽ മത്തായി തന്റെ സുവിശേഷ വിവരണം എഴുതി. യേശു മിശിഹായാണെന്നും തന്റെ രാജ്യം ആത്മീയമായി പൂർത്തീകരിക്കപ്പെട്ടുവെന്നും തന്റെ വിവരണം സഹജനത്തെ ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം അറമായയിൽ പുസ്തകം എഴുതിയത്.

എ.ഡി 42 ന് ശേഷം പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം മറ്റ് ദേശങ്ങളിലേക്ക് പുറപ്പെട്ടതായി കരുതപ്പെടുന്നു. എത്യോപ്യ,പേർഷ്യ, മാസിലോനിയാ, സിറിയ പാർത്തിയാ തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷങ്ങൾ അറിയിച്ചതായി കരുതപ്പെടുന്നു. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ ജനങ്ങളേയും ശിക്ഷ്യപ്പെടുത്തുകയും പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ അവരെ ജ്ഞാനസ്നാനപ്പെടുത്തുകയും, ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ ചെയ്യുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുവിന്‍” എന്ന യേശുവിന്റെ വാക്കുകള്‍ ക്രിസ്തുവിന്റെ മരണത്തിന്റേയും ഉയർത്തേഴുന്നേൽപ്പിന്റേയും സ്വര്‍ഗ്ഗാരോഹണത്തിന്റേയും, കൂടാതെ പെന്തക്കൊസ്താനുഭവങ്ങളുടേയും ഒരു ദൃക്സാക്ഷി എന്ന നിലയില്‍ വിശുദ്ധ മത്തായിയും പരാമര്‍ശിക്കുന്നു എന്നതിന് വിശുദ്ധ തിരുവേഴുത്തുകൾ സാക്ഷിയാണ്. വിശുദ്ധ മത്തായിയും യേശുവുമായിട്ടുളള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശുദ്ധ മര്‍ക്കോസിന്റെയും, വിശുദ്ധ ലൂക്കോസിൻ്റയും വിവരണം മത്തായിയുടെ സ്വന്തം വിവരണത്തോട് സാമ്യമുണ്ട്.

ശിഷ്യൻമാരിൽ പതിനൊന്ന് പേരെയും പോലെ അപ്പസ്തോല ദൌത്യത്തിനിടെ വിശുദ്ധ മത്തായി ശ്ശീഹായും 1070 കൾക്ക് മുമ്പ് വച്ച് വാളാൽ രക്തസാക്ഷിത്വം വരിച്ചതായി റോമന്‍ രക്തസാക്ഷിത്വ വിവരണമനുസരിച്ച് കരുതപ്പെടുന്നു. വിശുദ്ധ മത്തായിയുടെ തിരുശേഷിപ്പുകൾ 1080- ൽ സലെർനോയിൽ (ഇറ്റലി) കണ്ടെത്തി.

പരിശുദ്ധ സഭ ഫെബ്രുവരി 24 ന് വിശുദ്ധ മത്തായി ശ്ലീഹായുടെ ഓർമ്മ ആചരിക്കുന്നു.

Feedback to: varghesepaul103@gmail.com
WhatsApp: 9497085736