OVS - Latest NewsOVS-Kerala News

പഠനവും പരീക്ഷയും സ്മാർട്ടാക്കി ഓർത്തോഡോക്സ് സഭാ സൺഡേ സ്കൂൾ

കോട്ടയം: അദ്ധ്യാപനം, പഠനം, പരീക്ഷ നടത്തിപ്പ് എന്നിവയിൽ പൂർണ്ണ ഡിജിറ്റൽ വൽക്കരണം നടപ്പാക്കി ഓർത്തഡോക്സ് സഭാ സൺഡേ സ്കൂൾ അസോസിയേഷൻ. കോവിഡ്-19ന്റെ സാഹചര്യത്തിൽ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഒരുമിച്ചിരുന്ന് വേദപഠനം സാധ്യമാവത്തെ വന്നതോടെയാണ് സഭ ഓൺലൈൻ പഠന മാർഗങ്ങൾ തേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബാലപാഠ ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ വഴിയും പ്രീ റെക്കോർഡഡ് വീഡിയോ ക്ലാസ്സുകളുടെ സഹത്തിലൂടെയും പഠന പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞു.

അമേരിക്കൻ സോഫ്റ്റ്വയർ കമ്പനിയായ സി ക്യൂബസ് വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടുകൂടി 2020 വാർഷിക പരീക്ഷ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ 47000തോളം വരുന്ന വിദ്യാർത്ഥികൾക്ക് നടത്തി. ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ അനുകരണീയ മാതൃകകളാണ് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രവർത്തനങ്ങളെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

https://ossaebodhanam.org/ എന്ന വെബ്സൈറ്റിലൂടെ വീഡിയോ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയ മലയാളി പ്രവാസിയും കുവൈത്ത് ഇടവകാംഗവുമായ ഷെറി കുര്യനെയും ഓൺലൈൻ പരീക്ഷയ്ക്ക് മൊബൈൽ ആപ്പ് വികസിപ്പിച്ച സി ക്യൂബസ് ( ZCubes) കമ്പനി പ്രൊഡക്ട് ആർക്കിടെക്റ്റ് ശ്രീ.വരുൺ കെ ജോർജിനെയും പരിശുദ്ധ കാതോലിക്കാ ബാവാ മൊമെന്റോ നൽകി ആദരിച്ചു. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പരിശുദ്ധ കാതോലിക്കാ ബാവാ അനുമോദിച്ചു.

സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഡയറക്ടർ ഫാ. ഡോ. വർഗ്ഗീസ് വർഗ്ഗീസ്, പബ്ലിക്കേഷൻ ഓഫീസർ പ്രഫ. ചെറിയാൻ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.