“നന്മ നിറഞ്ഞ സുമനസുകളിൽ തിരു അവതാരം “

ദൈവകാരുണ്യം ഹിമകണം പോലെ പെയ്തിറങ്ങിയ സുദിനമാണ് ക്രിസ്തുമസ്. പ്രപഞ്ചത്തിൻ്റെ മനസാക്ഷി മനുഷ്യനോടുള്ള സ്നേഹം നിമിത്തം മാംസം ധരിച്ച പുണ്യ ദിനം. മണ്ണും വിണ്ണും ഒന്നായി ദൈവം മനുഷ്യനായിത്തീർന്ന പരിപാവന ദിവസം. ക്രിസ്തുമസ് ദിനങ്ങൾ ആകമാന കാലം എന്നുകൂടി അറിയപ്പെടുന്നു. സന്തോഷത്തിൻ്റെയും, സമാധാനത്തിന്റെയും, സ്നേഹത്തിൻ്റെയും ഭാവങ്ങൾ മനസുകളിൽ ഉരുവാകുന്ന അനർഘ നിമിഷങ്ങൾ.
കാലിക ജീവിതത്തിൽ അധികാരത്തിൻ്റെയും, സമ്പത്തിൻ്റെയും, സുഖലോലുപത നഷ്ടമാകാതിരിക്കാൻ മാനവർ കാവലിരിക്കുമ്പോൾ, നിത്യ സന്തോഷം നൽകുന്ന യേശുവിനെ ഹൃദയത്തിൽ നിന്ന് അപഹരിക്കന്നതിന് കാവലാളാകാൻ നമുക്ക് കഴിയാതെ പോകുന്നു .നിത്യ സന്തോഷത്തിൻ്റെ തിരു അവതാരത്തിന് യൗസേഫിൻ്റെയും,  മറിയത്തിന്റെയും ഒപ്പം ചേർന്നു കാവലൊരികെക്കിയാവണം ക്രിസ്തുമസ് ആഘോഷം. മാനവ ജീവിതം ക്രിസ്തുവിനെ നായകനാക്കി ആഘോഷിക്കപ്പെടാനുള്ളതാണ്. കാരണം ക്രിസ്തു ഉള്ള ആഘോഷം ജീവൻ്റെ സമൃദ്ധിയുടെ ആഘോഷമാണ്.
ക്രിസ്തുമസ് സ്നേഹത്തിൻ്റെയും, അനുരഞ്ജനത്തിൻ്റെയും സന്ദേശമാണ്. സ്വർഗ്ഗവും ഭൂമിയും, ദൈവവും മനുഷ്യനും പരസ്പര ബന്ധിതമാകുന്ന സുദിനം. നല്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർക്കാണ് ക്രിസ്തുമസിൽ യഥാർത്ഥ സന്തോഷം കണ്ടെത്താൻ കഴിയൂ.
ക്രിസ്തുമസ് മാനവകുലത്തിന് ഒരു സാന്ത്വന സ്പർശമാണ് നൽകുന്നത്. തിരുജനനത്തിൻ്റെ പൊരുൾ തേടിയുള്ള യാത്രയിൽ പാതയോരത്തെ ജനത്തിനു നൽകപ്പെട്ട സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും അനുഗ്രഹങ്ങളുടെയും സ്പർശം. ആട്ടിടയർ ആ സന്തോഷത്തിൻ്റെ തനാത്മകതയിൽ പങ്കുചേർന്നു. അതു കൊണ്ടു തന്നെ ഉള്ളിലുണരുന്ന നൊമ്പരത്തിൻ്റെയും, മിഴിയിൽ നിറയുന്ന ജലകണികയുടെയും മധ്യത്തിൽ സാന്ത്വനത്തിൻ്റെ നവ്യാനുഭൂതി പകർന്നു നൽകുന്നതാണ് ക്രിസ്തുമസ്. ഹൃദയം ഹൃദയത്തോട് ഇടപെടുന്ന ധന്യ മുഹൂർത്തമായി ക്രിസ്തുമസ് അനുഭവവേദ്യമായി തീരണം.
ആ രാത്രിയിൽ ദൈവം മണ്ണിൽ മനുഷ്യനായി അവതരിക്കാൻ അല്പം ഇടത്തിനായി കൈ നീട്ടി. മനുഷ്യൻ സ്ഥലം നൽകിയില്ല. മനുഷ്യൻ മാറ്റി വച്ച മനസ്സും, ഹൃദയവും സ്വന്തമാക്കി മിണ്ടാപ്രാണികൾ ദൈവത്തിന് പിറക്കാൻ തങ്ങളുടെ പുൽക്കൂട് നൽകി. നന്മയെ പുണരാൻ ജീവിതത്തെ സന്തോഷപൂർവ്വമാക്കാൻ യേശു പിറന്ന പുൽക്കൂട്ടിലെ മിണ്ടാപ്രാണികളുടെ മനസും ഹൃദയവും നമുക്കും സ്വന്തമാക്കാം.
ക്രിസ്തുമസ് ആശംസകളോടെ …….
    🙏അബി അച്ചൻ🙏