OVS - Latest NewsTrue Faith

അഗ്നിമയനായ മോർ ഇഗ്നാത്തിയോസ് ; ധീര സത്യവിശ്വാസ പാലകൻ

പരിശുദ്ധ സഭയുടെ സത്യവിശ്വാസ പാരമ്പര്യത്തെ നിലനിർത്തിയ പരിശുദ്ധനും, അന്ത്യോഖ്യയിലെ മുന്നാമത്തെ പാത്രിയർക്കീസും, സഭയുടെ ധീര രക്തസാക്ഷിയുമായിരുന്നു മാർ ഇഗ്നാത്തിയോസ് നുറോനോ. ഇദ്ദേഹം സിറിയാ നഗരത്തിൽ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തെ തീയ്ക്കു അടുത്തവൻ അഥവാ അഗ്നിമയൻ എന്ന് വിളിക്കുന്നു. നമ്മുടെ കർത്താവു മാറോടണച്ച ബാലൻ എന്നും മാർ ഇഗ്നാത്തിയോസിനെ വിളിക്കപെടുന്നു. (മത്തായി 19:14 യേശുവാകട്ടെ അവരോട് പൈതങ്ങള്‍ എന്‍റെ അടുക്കല്‍ വരുവാന്‍ സമ്മതിപ്പിന്‍. നിങ്ങള്‍ അവരെ വിലക്കരുത്. എന്തെന്നാല്‍ ഇവരെപ്പോലെയുള്ളവരുടേതാകുന്നു സ്വര്‍ഗ്ഗരാജ്യം എന്ന് പറഞ്ഞു.)മാർ ഇഗ്നാത്തിയോസിന്റെ ദൈവികദർശന വേദഭാഗം ഇതായിരുന്നു.

എ ഡി 37 ഫെബ്രുവരി 22 ആം തീയതി പത്രോസ് ശ്ലീഹ അന്ത്യോക്യയിൽ സഭയുടെ സിംഹാസനം സ്ഥാപിച്ചതായി സഭയുടെ പ്രഥമ ചരിത്രകാരൻ സേവേറിയോസ് എഴുതിയിരിക്കുന്നു. മാർ ഇഗ്നാത്തിയോസ് വളരെ മുമ്പുതന്നെ ജീവിച്ചിരുന്നതിനാൽ, അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ചരിത്രങ്ങൾ ചുരുക്കമാണ്. സിറിയയിലെ അന്ത്യോക്യയിലെ ബിഷപ്പായിരുന്ന വിശുദ്ധ യോഹന്നാൻ സുവിശേഷകന്റെ ശിഷ്യനായിരുന്നു അദ്ദേഹം. ഇഗ്നാത്തിയോസ് അദ്ദേഹത്തിന് ശേഷം ബിഷപ്പായി. അദ്ദേഹം സഭയിലും ജനങ്ങൾക്കിടയിലും മാതൃകാ ഇടയനായി അധിവേഗം ശോഭിച്ചു. അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകൾ മനസിലാക്കാനും അവരുടെ വിശ്വാസങ്ങൾ ശരിയായി നടപ്പാക്കാനും തന്റെ ജനത്തെ മാർ ഇഗ്നാത്തിയോസ് പ്രബോധിപ്പിച്ചു.

സൂർ ,സൈഡോൺ ,കൈസര്യ ,മുതലായ സ്ഥലങ്ങളിൽ സുവിശേഷ പ്രചാരണം നടത്തി സഭയിൽ ക്രിസ്തീയ വിശ്വാസത്തിലേക്ക് ജനങ്ങളെ ചേർത്തു കൊണ്ടിരുന്നു. എ ഡി 51ൽ ഒന്നാം ശ്ലൈഹീക സുന്നഹദോസ് വിളിച്ചു കൂട്ടിയ പത്രോസ് ശ്ലീഹ എ ഡി 53 വരെ അന്ത്യോക്യയിൽ തന്നെ ഉണ്ടായിരുന്നു.

ഇക്കാലത്താണ് എവോദിയൊസിനെയും,ഇഗ്നാത്തിയോസിനെയും ,തന്റെ പിൻഗാമികളായ വഴിച്ചത്. എവോദിയോസ് യെഹൂദാ ക്രിസ്ത്യാനികളുടെയും ,ഇഗ്നാത്തിയോസ് വിജാതീയ ക്രിസ്ത്യാനികളുടെയും ചുമതലകൾ ഏറ്റെടുത്തു. എ ഡി 67 ൽ പത്രോസ് ശ്ലീഹായെ റോമിൽ കൊണ്ടുപോയി കുരിശിൽ തൂക്കി കൊന്നു. എ ഡി 68ൽ എവോദിയോസ് കാലം ചെയ്തതിനെ തുടർന്ന് മോർ ഇഗ്നാത്തിയോസ് അന്ത്യോക്യയുടെ പരമാധ്യക്ഷനായി തീർന്നു. ഏകദേശം 40 വർഷത്തോളം മാർ ഇഗ്നാത്തിയോസ് സഭയുടെ പാത്രിയർക്കീസ് ആയിരുന്നു.

ഇദ്ദേഹം അന്ഗ്നിമയന്മാരായ മാലാഖമാർ രണ്ടു നിരകളായി നിന്ന് ദൈവത്തെ സ്തുതിക്കുന്നതായി ഒരു ദർശനത്തിൽ കാണുകയും ,തന്റെ ഭരണത്തിന് കീഴിലുള്ള സർവ്വ ദേവാലയങ്ങളിലും ,ഗായക സംഘത്തെ അപ്രകാരം ക്രമീകരിക്കുകയും ചെയ്തു. മദ്ബഹയിൽ ശുശ്രൂഷക്കാർ രണ്ടു നിരകളായി നിൽക്കുന്ന രീതി നമുക്ക് ഉണ്ടായതു അങ്ങനെ ആണ്.

എ ഡി 98 നും ,117 നും ഇടയ്ക്കു റോമാ ഭരിച്ചിരുന്ന ട്രാജൻ ചക്രവർത്തിയുടെ കാലത്തു വിഗ്രഹാരാധനയിലേക്കു തിരിയാത്തതിനാലും വിഗ്രഹാരാധനയ്ക്ക് എതിരെ പ്രവർത്തന്നതിനാലും ജനങ്ങളെ തന്റെ വിശ്വാസത്തിലേക്ക് അടുപ്പിക്കുവാൻ ശ്രമിക്കുന്നതിനാലും വിശുദ്ധ ഇഗ്നാത്തിയോസിനെ വധ ശിക്ഷക്ക് വിധിക്കുകയും കാരാഗൃഹത്തിലേക്ക് അടയ്ക്കപ്പെടുകയും ചെയ്തു.

തന്നെ ബന്ധിക്കുവാൻ ചങ്ങലയുമായി വന്ന സൈനികരെ കണ്ടിട്ട് നിലത്തു മുട്ടുകുത്തി ,ചങ്ങലയെ ചുബിച്ചു മരണം സ്വീകരിക്കുവാൻ ഇദ്ദേഹം തയാറായി.ഇദ്ദേഹത്തെ അന്ത്യോക്യയിൽ നിന്ന് റോമിലേക്ക് കൊണ്ടുപോയ അവസരത്തിൽ പോലും ലേഖനങ്ങൾ അയച്ചു തന്റെ സഭയെ സ്വാന്തനപ്പെടുത്തി കൊണ്ടിരുന്നു.

മാർ ഇഗ്നാത്തിയോസ് ഒരിക്കലും മരിക്കാൻ ഭയപ്പെട്ടില്ല. യേശുവിന്റെ പുനരുത്ഥാനം സാധ്യമാക്കിയ പുതിയ ജീവിതത്തിലേക്കാണ് തന്റെ മരണമെന്നു തൻ്റെ ജനത്തോട് അദ്ദേഹം പറഞ്ഞു. “നിങ്ങൾ എന്റെ വഴിയിൽ നിൽക്കാതിരുന്നാൽ ഞാൻ ദൈവത്തിനുവേണ്ടി സന്തോഷത്തോടെ മരിക്കുമെന്ന് അറിയിക്കാനാണ് ഞാൻ എല്ലാ സഭകൾക്കും എഴുതുന്നത്. . ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: അകാല ദയ കാണിക്കരുത്. കാട്ടുമൃഗങ്ങൾക്ക് ഞാൻ ആഹാരം നൽകട്ടെ” എന്ന് അദ്ദേഹം തൻ്റെ കത്തുകളിലൂടെ ജനങ്ങളെ തൻ്റെ മരണം മുമ്പ് തന്നെ അറിയിച്ചിരുന്നു. റോമിലെ സഭക്ക് എഴുതിയ ഒരു ലേഖനത്തിൽ തന്റെ രക്തസാക്ഷി മരണത്തെ തടയരുത് എന്നും ,അങ്ങനെ എനിക്ക് “നിങ്ങളുടെ സ്നേഹത്താൽ രക്തസാക്ഷി ആയി തീരുവാൻ കഴിയാതെ വന്നേക്കാം” എന്നും എഴുതിയിരിക്കുന്ന രേഖകൾ ഉണ്ട്. താൻ കർത്താവിനായി മരിക്കുവാൻ എന്നും തയാറായിരുന്നു എന്ന് ഇത് കാണിക്കുന്നു.

എ ഡി 107ൽ ഡിസംബറിൽ റോമിലെ കൊളോസിയത്തിൽ വച്ച് ഇദ്ദേഹത്തെ സിംഹക്കൂട്ടിൽ ഇട്ടു.ഇദ്ദേഹത്തിന്റെ ദീർഘമായ പ്രാർത്ഥന തീരും വരെ സിംഹങ്ങൾ ശാന്തരായി ഇരുന്നു എന്നും , പ്രാർത്ഥന കഴിഞ്ഞപ്പോൾ സിംഹങ്ങൾ ഇദ്ദേഹത്തെ ചീന്തി കീറി കൊന്നു കളഞ്ഞു എന്നും ചരിത്ര രേഖകളിൽ പറപ്പെടുന്നു.പിന്നീട് മാർ ഇഗ്നാത്തിയോസിന്റെ അസ്ഥികൾ തിരികെ അന്ത്യോക്യയിലേക്കു കൊണ്ടുപോയതായി ചരിത്ര രേഖകൾ പറയുന്നു.

ധീര രക്തസാക്ഷിയായ മാർ ഇഗ്നാത്തിയോസിന്റെ ഒരു കുർബ്ബാന തക്സ ഇന്നും പരിശുദ്ധ സഭയിൽ ഉപയോഗിച്ചു വരുന്നു.. വിശുദ്ധ ഇഗ്നാത്തിയോസ് പല അമൂല്യ ഗ്രന്ഥങ്ങൾ എഴുതുകയും ,ഏഴു ലേഖനങ്ങൾ വഴി സഭയെ സമ്പുഷ്ടമാക്കുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധ സഭ ഡിസംബർ 20 ആം തീയതി ഈ പരിശുദ്ധ പിതാവിന്റെ ഓർമ്മ കൊണ്ടാടുന്നു.

എഴുതിയത്:
വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ
varghesepaul103@gmail.com

Ref:
1.”St. Ignatius of Antioch Foley, Leonard
2.”St. Ignatius of Antioch.” The Catholic Encyclopedia Vol. 7
3. “St. Ignatius of Antioch”, Lives of Saints, John J.Crawley