കാര്‍ഷിക ബില്ലിലെ വ്യവസ്തകള്‍ ദുരൂഹം അഡ്വ. ബിജു ഉമ്മന്‍

നടപടിക്രമങ്ങള്‍ മറികടന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്ലുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. വ്യവസായ മേഖലയ്ക്ക് സമാനമായി കാര്‍ഷിക മേഖല ഉദാരവല്‍ക്കരിക്കപ്പെടുമ്പോള്‍ ശാക്തീകരിക്കപ്പെടുന്നത് കോര്‍പ്പറേറ്റുകളാണോ സാധാരണ കര്‍ഷകരാണോ എന്ന സംശയം ദുരീകരിക്കപ്പെടണം.

താങ്ങുവില ഇല്ലാതാകും, പ്രദേശിക ചന്തകള്‍ അസ്തമിക്കും, 85 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാകും, വിലപേശാന്‍ കര്‍ഷകര്‍ക്കുളള അവകാശം ദുര്‍ബലമാകും, കുത്തകകള്‍ക്ക് നിയന്ത്രണമില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുവാനുളള അവസരം സൃഷ്ടിക്കും. ഈ ആശങ്കകളെല്ലാം അങ്ങേയറ്റം ഗൗരവമുളളതാണ്.

കര്‍ഷകരുടെ ഉല്പാദന, വ്യാപാര, വാണിജ്യ(പ്രോത്സാഹന)ബില്‍ കര്‍ഷക (ശാക്തീകരണം, സംരക്ഷണം) വിലസ്ഥിരതാ കാര്‍ഷികസേവന കരാര്‍ ബില്‍, അവശ്യസാധന നിയമ ഭേദഗതി ബില്‍ എന്നിവ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷക മനസ്സുകളില്‍ ആശങ്കയുടെ വിത്തുപാകിയിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കരുത്. മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകനു മേല്‍ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കുത്തകകള്‍ക്ക് മേല്‍കൈ നല്‍കുന്നത് പരിസ്ഥിതി ധ്വംസത്തിനും വഴിതെളിക്കും. കര്‍ഷകരുടെ അംഗീകാരത്തോടെ നടപ്പാക്കാന്‍ കഴിയാത്ത നിയമങ്ങള്‍ ജനഹിതം മനസ്സിലാക്കി പിന്‍വലിക്കുകയാണ് ഉചിതമെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.

error: Thank you for visiting : www.ovsonline.in