യോഹന്നാൻ സ്നാപകൻ്റെ ജനനം

വി. ഏവൻഗേലിയോൻ ഭാഗം :- വി. ലൂക്കോസ് 1:57-80

അന്ധകാരത്തിലും മരണനിഴലിലും ഇരുന്നവർക്ക് പ്രകാശമായി ഉദയ നക്ഷത്രം ജനിച്ചിരിക്കുന്നു. സ്വർഗ്ഗീയ പുത്രന് വഴിയൊരുക്കുവാൻ വന്ധ്യയായ ഏലിശുബ വാർദ്ധിക്യത്തിൽ യോഹന്നാൻ സ്നാപകന് ജന്മം നൽകുന്നു.

സ്വർഗ്ഗീയ കൃപയുടെ അതി മഹത്തായ സാക്ഷ്യവുമായാണ് യോഹന്നാൻ സ്നാപകൻ ജനിക്കുന്നത്. വന്ധ്യയായ ഏലിശുബ വാർദ്ധിക്യത്തിൽ പുത്രന് ജന്മം നൽകിയതിലൂടെ ഇഷ്ടന്മാരും അയൽക്കാരും ദൈവകരുണയെ തിരിച്ചറിയുന്നു; സന്തോഷിക്കുന്നു. സ്വർഗ്ഗീയ നാഥനിൽ നിന്ന് നന്മ പ്രാപിച്ച് ആത്മീക നിറവിൻ്റെ സാക്ഷികളായി കർത്തൃ സന്നിധിയിൽ ചാർചക്കാരൊത്ത് സ്തുതി കരേറ്റുന്ന സഖര്യാവും ഏലിശുബയും, ദൈവ കൃപയിൽ കൃതജ്ഞതാ സ്തുതികൾ അർപ്പിച്ച് മാതൃകയായി നിലകൊള്ളുന്നു.

തൻ്റെ ജനനത്താൽ പിതാവിൻ്റെ നാവിൻ്റെ ബന്ധനം അഴിയുകയും, മാതാവിൻ്റെ വന്ധ്യത്വം നീങ്ങുകയും, മാമോദീസായുടെ ഉദരം അവനാൽ തുറക്കപ്പെടുകയും ചെയ്തു; ഇങ്ങനെ അത്ഭുതമായി പിറന്ന പൈതലിന് നൽകുവനായി തിരഞ്ഞെടുത്ത നാമം ‘യോഹന്നാൻ‘ എന്നാണ്. അനുനിമിഷം നാം അനുഭവിക്കുന്ന ദൈവ കൃപയ്ക്ക് മുൻപിൽ നന്ദി ഉള്ളവരാകണം എന്ന ഓർമ്മപെടുത്തലാണ് ഈ നാമം.

ദൈവം കരുണ ചെയ്തു, ദൈവം കൃപാലുവാണ് എന്നൊക്കെ അർത്ഥമുള്ള നാമം നൽകുന്നതിലൂടെ കർത്താവിൻ്റെ മുന്നോടി എന്ന അവനിൽ ഏല്പിക്കപ്പെട്ട നിയോഗം ഉറപ്പിക്കപ്പെടുകയാണ്. പൂർണ്ണ നീതിയോടു കൂടി തന്നിൽ ഏൽപ്പിക്കപ്പെട്ട കർത്തവ്യം യോഹന്നാൻ ഭംഗിയായി നിറവേറ്റി. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ Identity Crisis വലിയ പ്രതിസന്ധിയാകുന്ന കാലത്ത് കർത്താവിന് വഴിയൊരുക്കിയ ‘ദൈവ കൃപയുള്ള‘ ഈ ജീവിതം ഏറെ പ്രസക്തമാണ്.

ഈ ജനനം സഖറിയാ പുരോഹിതന് വിമുക്തിയും വിമോചനവുമായിരുന്നു. മൗനകാലം പൂർത്തിയാക്കി നിലച്ച് പോയ നാവുകൾ കൊണ്ട് പുരോഹിതൻ ആദ്യം ഇങ്ങനെ ഉച്ചരിച്ച് തുടങ്ങുന്നു: “യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ.” വിചാരധാരയെ തുറക്കുന്ന മൗനത്തിലൂടെയും ആത്മ മിഴികളെ പ്രാകാശിപ്പിക്കുന്ന അനുതാപത്തിലൂടെയും അന്തരാത്മാവിൽ നിന്ന് സഖറിയാ പുരോഹിതൻ പ്രവചിക്കുകയാണ്. ‘നീതിസൂര്യന് വഴിയൊരുക്കുവാൻ, പാപമോചനം മൂലമുള്ള രക്ഷാപരിജ്ഞാനം കൊടുക്കുവാൻ, ഇരുളിലും മരണ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശമാകുവാൻ, സമാധാന മാർഗ്ഗം തെളിക്കുവാൻ; നീയോ പൈതലേ അത്യുന്നതൻ്റെ പ്രവാചകൻ എന്ന് വിളിക്കപ്പെടും’. മൗനം തീക്ഷ്ണതയുള്ള ആത്മാനുഭവമാണെന്ന തിരിച്ചറിവ് ഇവിടെ ഉണ്ടാക്കുന്നു. പുത്രൻ്റെ നിയോഗങ്ങളെക്കുറിച്ച് പൂർണ്ണ ബോധ്യമുള്ള പിതാവ് തിരിച്ചറിവിൻ്റെ സുവിശേഷമാണ് ഈ കാലത്തിന് പകരുന്നത്.

ആത്മീക സുഗന്ധം പ്രവഹിക്കുന്ന തലമുറയ്ക്ക് ആത്മാവിൽ ബലപ്പെട്ട് വളരുന്ന പൈതങ്ങൾ അനിവാര്യമാണെന്നും സ്നാപക യോഹന്നാൻ്റെ ജനനം നമ്മെ ഓർമിപ്പിക്കുന്നു. ജനിച്ച് വീഴുന്ന ഒരോ പൈതലും നിയോഗങ്ങളുടെ പൂർത്തീകരണത്തിലേക്ക് എത്തുവാൻ, യോഹന്നാനെ പോലെ ദൈവകരുണയെ പ്രാപിച്ച് ആത്മാവിൽ ബലപ്പെടണം. അതിനായി ആത്മീയ വഴിയിൽ അവരെ നയിക്കാനുള്ള ബാദ്ധ്യത നമ്മിൽ ഓരോരുത്തരിലും ഉണ്ട്.ആ കർത്തവ്യം ഭംഗിയായി നിറവേറ്റി രക്ഷിതാവിൻ്റെ മുന്നോടിയുടെ ജനനത്തിൽ നമുക്കും സന്തോഷിക്കാം, സ്തുതി പാടാം.

“തൻ്റെ സ്‌നേഹംമൂലം ഇറങ്ങിവന്ന് കരുണയോടെ മനുഷ്യവർഗ്ഗത്തെ ദർശിക്കുകയും പാപികൾക്കു വഴി ഒരുക്കുവാനായിട്ട് തനിക്കു മുമ്പായി യോഹന്നാനെ പറഞ്ഞയയ്ക്കുകയും അവൻ്റെ ജനനത്താൽ ആകാശത്തെയും ഭൂമിയെയും സന്തോഷിപ്പിക്കുകയും ചെയ്തവനായ മിശിഹാ തമ്പുരാനു സ്തുതി. നിൻ്റെ സ്ഥാനപതിയുടെ പ്രാർത്ഥനയാൽ ഞങ്ങളുടെ അയോഗ്യതകളെ ഓർക്കാതെ ഞങ്ങളുടെ സ്തുതിപ്പുകളെ കൈക്കൊള്ളുകയും ഞങ്ങളുടെ യാചനകളെ നൽകുകയും ചെയ്യണമെ – ആമ്മീൻ”.