True Faith

ദൈവമാതാവിനോടുള്ള അറിയിപ്പ് ഞായർ.

വിശുദ്ധ വേദഭാഗം. വി.ലൂക്കോസ്.1:26-38.

ജീവിതത്തിലെ ചില അഭിവാദനങ്ങൾ നമുക്ക് അപരിചിതമായും അത്ഭുതമായും ഒക്കെ തോന്നാം. അത്തരത്തിൽ ഒരു അഭിവാദനം ഗബ്രിയേൽ മാലാഖയിലൂടെ ലഭിച്ച നിർമ്മല കന്യകയായ അമ്മയെ ആണ് നാം ഈ ദിനം ഓർമ്മിക്കുന്നത്.

എല്ലാവരും നമ്മെ ബഹുമാനിക്കണം, സ്നേഹിക്കണം, കരുതണം ഇതൊക്കെയാണല്ലൊ നമ്മുടെ ഹൃദയവിചാരങ്ങൾ. പക്ഷേ, അവിചാരിതമായി ഇവയൊക്കെ ലഭിക്കുമ്പോൾ എപ്രകാരമായിരിക്കും നാം പെരുമാറുക എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇവിടെ പരിശുദ്ധ അമ്മക്ക് ലഭിച്ച വന്ദനവും അതിന് കൊടുത്ത പ്രതികരണവും ശ്രദ്ധേയമാണ്. “കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്.” (v.28) ഇത് എന്ത് വന്ദനം എന്ന് മനസിൽ വിചാരിച്ചിരുന്ന മറിയയോട് ദൂതൻ ദൈവത്തിൻ്റെ പദ്ധതി വിശദീകരിക്കുന്നു. പരിശുദ്ധാത്മാവിലുടെ അവളിൽ ഉത്ഭവിക്കുവാനുള്ള വിശുദ്ധപ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും എന്ന സദ്വർത്തമാനം അറിയിച്ചു. അതിന് മറിയത്തിൻ്റെ മറുപടിയോ : “ഇതാ, ഞാൻ കർത്താവിൻ്റെ ദാസി; നിൻ്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്ന് പറഞ്ഞു” (v.38 ).

ദൈവഹിതത്തെ സംശയലേശമെന്യേ ഉൾക്കൊണ്ട്, സ്വജീവിതത്തിൽ ആ ഹിതാനുസരണം തന്നെതന്നെ താഴ്ത്തി വർത്തിച്ച പരിശുദ്ധ അമ്മ എന്നും നമുക്ക് മാതൃകയും ആശ്രയവുമാണ്.

നമ്മുടെ ജീവിതങ്ങളിലും ദൈവഹിതത്തെ സംശയലേശമെന്യേ ഉൾക്കൊള്ളുവാനും എളിമപ്പെട്ടു ജീവിക്കാനും പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയും മദ്ധ്യസ്ഥതയും ഹേതുവാകട്ടെ.