സഖറിയായോടുള്ള അറിയിപ്പിൻ്റെ ഞായർ

വി. ഏവൻഗേലിയോൻ ഭാഗം- വി. ലൂക്കോസ് 1: 1-25

സഖറിയാ പുരോഹിതൻ ശുദ്ധതകളുടെ ശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നു. ധൂപം കാട്ടുന്ന നാഴികയിൽ ധൂപപീഠത്തിൻ്റെ വലത്ത് ഭാഗത്ത് ദൂതൻ പ്രത്യക്ഷനായി അത്ഭുതത്തിൻ്റെ ദൂത് പുരോഹിതനെ അറിയിക്കുന്നു. ലോകരക്ഷകൻ്റെ മുന്നോടി വന്ധ്യയായ ഏലിശുബായുടെ ഉദരത്തിൽ വസിക്കുന്നു എന്ന് സ്വർഗ്ഗീയാൽത്ഭുത ദൂത് അതിശുദ്ധതയുടെ സ്ഥാനത്ത് നിന്ന് സഖറിയാ പുരോഹിതൻ ശ്രവിക്കുന്ന സന്ദർഭത്തെയാണ് ഈ വേദഭാഗം വിചന്തനം ചെയ്യുന്നത്.

വന്ധ്യതയുടെ ദുഖത്തിലൂടെയും വാർദ്ധിക്യത്തിൻ്റെ നൈരാശ്യത്തിലൂടെയും കടന്ന് പോകുന്നവരാണ് സഖറിയാ പുരോഹിതനും ഭാര്യ ഏലിശബേത്തും. എങ്കിലും, സ്ഥിരതയോടെ പൂർണ്ണ ക്ഷമയോടെ ദൈവ ശുശ്രൂഷയിലും പ്രാർത്ഥനയിലും അവർ ഉറച്ച് നിന്നു. സഖറിയാ പുരോഹിതൻ ദൈവാനുഗ്രഹത്തിൻ്റെ ശബ്ദം ശ്രവിക്കുന്നത് ആരാധനയുടെ പശ്ചാതലത്തിലാണ്. പരിഭവങ്ങളേതുമില്ലാതെ ആരാധന വിശുദ്ധിയോടെ നിർവ്വഹിക്കുമ്പോൾ സ്വർഗ്ഗം തുറന്ന് ദൂതൻ ഇറങ്ങി വസിക്കുമെന്ന അതിശ്രേഷ്ഠമായ ആത്മീക അനുഭവത്തിൻ്റെ സാക്ഷ്യമാണിത്. ഉപാസകനിലുള്ള പ്രീതിയാണ് യഥാർത്ഥ ദൈവപ്രീതിയെന്ന അടിസ്ഥാന ആത്മീക ബോധ്യത്തിൻ്റെ ദൃഷ്ടാന്തമാണ് സഖറിയാ പുരോഹിതൻ ശ്രവിച്ച ആ ദൈവശബ്ദം.

മനുഷ്യനെ ദൈവസന്നിധിയിലേക്ക് തിരിക്കുവാൻ, അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്ക് തിരിക്കുവാൻ, വഴിപിഴച്ചവരെ നീതിമാന്മാരുടെ പരിജ്ഞാനത്തിലേക്കുയർത്തുവാൻ, കർത്താവിനായി പൂർണ്ണതയുള്ള ജനതയെ ഒരുക്കുവാൻ… ഇങ്ങനെ അതിപ്രധാനമായ പദ്ധതികളായിരുന്നു യോഹന്നാൻ്റെ ജനനോദ്ദേശം. അന്ധകാരത്തിൻ്റെ നടുവിൽ വെളിച്ചമായി കാലസമ്പൂർണ്ണതയിൽ കർത്താവിൻ്റെ വരവ് സാദ്ധ്യമാകുമ്പോൾ, അവൻ്റെ മുന്നോടി രൂപം കൊള്ളുന്നത് വന്ധ്യയായ ഏലിശുബയുടെ ഉദരത്തിലാണ്. സാദ്ധ്യതകൾ അസ്തമിക്കുന്ന ഇടങ്ങളിൽ സ്വർഗ്ഗീയ നാഥൻ മഹാ സാദ്ധ്യതകളുടെ വാതിൽ തുറക്കും. അവയെ തിരിച്ചറിയുവാൻ നാം പ്രാർത്ഥനയിലൂടെ വിശുദ്ധി പ്രാപിക്കണം.

മാനുഷിക ചിന്തയുടെ അളവ് കോലുകൾ കൊണ്ട് സ്വർഗ്ഗീയ പദ്ധതികളെ വിലയിരുത്തുന്ന ഈ കാലത്തിന് നിലച്ച് പോയ പുരോഹിതൻ്റെ സംസാരം താക്കീതാണ്. അത്യുന്നതൻ്റെ പദ്ധതിക്കായി നാം സ്വയം സമർപ്പിതരാകണം.

തിരിച്ചറിവോടെ ആരാധാനയുടെ ശുദ്ധസ്ഥലത്തേക്ക് നമുക്കും കരേറാം. സ്വർഗ്ഗം തുറന്ന് അധിവസിക്കുന്ന മാലഖമാരുടെ മഹത്വ ശബ്ദത്തെ ശ്രവിക്കാം. ദൈവീക കരുണയിൽ വിശുദ്ധിയോടെ അധിവസിക്കാം.
അപ്പോൾ അടയ്ക്കപ്പെട്ട വാതിലുകൾ തുറക്കപ്പെടും. നാം ആത്മാവിൽ ബലപ്പെടും.