True Faith

ഏലിശ്ബായുടെ അടുക്കലേക്കുള്ള മറിയാമിൻ്റെ യാത്രയുടെ ഞായർ

വി.ലൂക്കോസ് 1: 39-56.

ആശംസകളും വന്ദനങ്ങളും പ്രഹസനങ്ങളായി പരിണമിക്കുന്ന ഈ ലോകത്ത് മറിയാമിൻ്റെ ഈ യാത്രയും ഏലിശ്ബായ്ക്ക് നൽകിയ വന്ദനവും ചിന്തനീയമാണ്.

സ്ത്രീ ജീവിതം അപ്രസക്തമായിരുന്ന കാലത്ത് ദൈവകൃപയുടെ സ്പർശം അനുഭവിച്ച് പ്രസക്തരായ രണ്ട് സ്ത്രീരത്നങ്ങൾ സംഗമിക്കുകയാണിവിടെ. പരിശുദ്ധാത്മാവിനാലുള്ള വിമലീകരണമാണ് യഥാർത്ഥ വിമോചനമെന്ന് ഏലിശുബയും പരി. അമ്മയും ഈ കൂട്ടായ്മയിലൂടെ വ്യക്തമാക്കുന്നു. മലനാട്ടിൽ നിന്ന് ക്ലേശങ്ങൾ സഹിച്ച് യഹൂദ്യയിലേക്ക് യാത്ര ചെയ്ത പരി. മറിയമും ‘എൻ്റെ കർത്താവിൻ്റെ അമ്മ എൻ്റെ അടുക്കൽ വരുവാൻ മാനം എനിക്ക് എവിടെ നിന്നുണ്ടായി’ എന്ന് സ്വയം താഴ്ത്തിയ ഏലിശുബയും ദൈവകരുണയ്ക്ക് മുന്നിൽ വിനയാന്വരാകുന്ന അനുഭവമാണ് യഥാർത്ഥ ആത്മീകതയെന്ന് വ്യക്തമാക്കുന്നു..

ആത്മാർത്ഥത എന്നത് വാക്കിൽ മാത്രം ഒതുങ്ങി പോകുന്ന ഒന്നായി ഇന്നിൻ്റെ ലോകത്ത് വശേഷിക്കുമ്പോൾ, ആത്മാർത്ഥമായ ശുശ്രുഷയുടെയും ആതിഥേയത്വത്തിൻ്റെയും മകുടോതാദഹരണങ്ങളായി നിലകൊള്ളുകയാണ് ഇന്ന് നാം വായിച്ചു കേട്ട സ്ത്രീരത്നങ്ങൾ രണ്ടും.

കൃപദാനങ്ങളിൽ നിറഞ്ഞ് തെളിമയുള്ള ആത്മീക ജീവിതത്തിന് പരി. ദൈവമാതാവ് നൽകുന്ന മാർഗ്ഗദർശനമാണ് ‘മറിയാമിൻ്റെ പാട്ട്’ അഥവാ ‘മാവുർബോ’ ഹീനാവസ്ഥയിൽ നിന്ന് ഭാഗ്യാവസ്ഥയിലേക്കാനയിക്കുന്ന ദൈവകൃപയെ തിരിച്ചറിയുവാനുള്ള ആഹ്വാനമാണിത്.

സർവ്വശക്തൻ ഉയർത്തുന്നവരെ സർവ്വ തലമുറകളും ആദരിക്കുമെന്നും, അതിനാൽ ദൈവതിരുമുൻപാകെ സദാ താഴ്മയുളവരാകണമെന്നും അമ്മ മറിയം ഓർമിപ്പിക്കുന്നു. സർവ്വ കൃപകൾക്കും അനുഗ്രഹങ്ങൾക്കും സ്തുതി കരേറ്റുന്ന പരി. ദൈവമാതാവിൻ്റെ ഈ സ്തുതിപ്പ് ആത്മാവിൽ നാമും ഉച്ചരിക്കണം.

ഉദയനക്ഷത്രത്തെ വഹിച്ചവളായ ഏലിശ്ബായുടെയും നീതിയുടെ സൂര്യനെ വഹിച്ചവളായ കന്യകമറിയാമിൻ്റെയും പ്രാർത്ഥനകളാൽ കർത്താവേ! നിൻ്റെ കൃപയെ സ്തോത്രം ചെയ്യുവാൻ ഞങ്ങളുടെ ബലഹീനതയെ ശക്തിപ്പെടുത്തണമെ.
– ആമ്മീൻ.