OVS - Latest NewsOVS-Kerala News

ജോർജ് പോൾ: ഓർമപ്പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി ∙ കേരളത്തിലെ വ്യവസായ ലോകത്തിനു പുതുപ്രകാശമേകിയ സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ വൈസ് ചെയർമാനും മലങ്കര ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റിയുമായിരുന്ന ജോർജ് പോളിനെപ്പറ്റിയുള്ള ഓർമപ്പുസ്തകം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നു പുറത്തിറക്കിയ പുസ്തകം–‘എ ലൈഫ് ഓഫ് പർപ്പസ്, ലിവ്ഡ് വിത് പാഷൻ’– മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലതയ്ക്കു കൈമാറി പ്രകാശനം ചെയ്തു.

വിജയത്തിന്റെ രസക്കൂട്ട് കൃത്യമായി അലിയിച്ചു ചേർത്ത വ്യവസായിയായിരുന്നു ജോർജ് പോളെന്നും സിന്തൈറ്റ് രാജ്യത്തെ മുൻനിര സ്ഥാപനമായതിനു പിന്നിലുള്ള ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചരിത്രമാണെന്നും ജേക്കബ് മാത്യു പറഞ്ഞു. വിപണിയിലെ മാറ്റങ്ങൾക്കൊപ്പം സ്വയം മാറണമെന്നു വിശ്വസിച്ച ജോർജ് ഓരോ ഘട്ടത്തിലും അതു പാലിച്ചു. ഒരു ജീവിതം കൊണ്ട് ഒട്ടേറെ മേഖലകളിൽ കയ്യൊപ്പിടാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും ജേക്കബ് മാത്യു പറഞ്ഞു.

ഓർത്തഡോക്സ് സഭാ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് പ്രഫ.ടൈറ്റസ് വർക്കി, പ്രഫ. എം.പി. മത്തായി, പൗലോ ജോർജ് എന്നിവർ പ്രസംഗിച്ചു. വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രതിഭ പ്രസരിപ്പിച്ച ജോർജ് പോളിനെപ്പറ്റി വിവിധ മേഖലകളിലെ പ്രമുഖർ എഴുതിയ കുറിപ്പുകളും അദ്ദേഹത്തിന്റെ വിജയമന്ത്രങ്ങളെപ്പറ്റി പ്രിയപ്പെട്ടവരുടെ ഓർമക്കുറിപ്പുകളും പുസ്തകത്തിലുണ്ട്.

പ്രഫ. ടൈറ്റസ് വർക്കി, പി.ടി. ഏലിയാസ്, ഡോ. കുര്യൻ തോമസ്, ജോയ്സ് തോട്ടയ്ക്കാട്, വർഗീസ് ജോൺ, ജേക്കബ് കുരുവിള, ജോർജ് പോളിന്റെ ഭാര്യ ലിസ ജോർജ്, മകൻ പൗലോ ജോർജ് എന്നിവർ ചേർന്നാണു പുസ്തകം തയാറാക്കിയത്.

 Copied From :- Malayala Manorama