Ancient ParishesOVS - Latest News

ശതോത്തര സിൽവർജൂബിലി നിറവിൽ മുളക്കുളം പാറേൽ പള്ളി.

കൊല്ലവർഷം 1070 കന്നി മാസം 13-നു, (ഇപ്പോൾ AD 1895 സെപ്റ്റംബർ 13 എന്ന് കണക്കാക്കി വരുന്നു) ശിലാ സ്ഥാപനം നടത്തിയ തീയതി അനുസരിച്ചു 13.9.2020 -ൽ 125 വർഷങ്ങൾ പൂർത്തി ആയി. കൂദാശ നടത്തി സഭക്ക് സമർപ്പിച്ച തീയതി അനുസരിച്ചു മുളക്കുളം പാറേൽ പള്ളി ശതോത്തര നാളുകളുടെ നിറവിൽ. copyright@ovsonline.in

ലഘു ചരിത്രം
മുളക്കുളം വലിയ പള്ളി ഇടവകയുടെ കിഴക്ക് ഭാഗത്തുള്ള ഇടവകക്കാരുടെ ദീർഘ കാലമായിട്ടുള്ള ആഗ്രഹം ആയിരുന്നു വിശുദ്ധ കുർബാന അർപ്പിക്കുവാൻ തക്ക വിധം ഒരു ചാപ്പൽ വേണം എന്നത്. കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന വൈദീകർ അതിനു മുൻകൈ എടുത്തു. വെള്ളിയാമാരിൽ യാക്കോബു കാത്തനാർ അതിനു ഉതകുന്ന സ്ഥലം കണ്ടെത്തി. കാശ് ഉണ്ടാക്കി. തികയാതെ വന്ന തുക വലിയ പള്ളി നൽകി. സ്ഥലം വാങ്ങി.

കൊല്ലവർഷം 1070 കന്നി മാസം 13-നു, (ഇപ്പോൾ AD 1895 സെപ്റ്റംബർ 13 എന്ന് കണക്കാക്കി വരുന്നു) മേടമനയിൽ സ്കറിയാ കാത്തനാർ ശിലാ സ്ഥാപനം നടത്തി. തുടർന്ന് വെള്ളിയാംമാരിൽ യാക്കോബ് കാത്തനാരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.

മുളക്കുളം വലിയ പള്ളി ഇടവകക്കാരുടെയും നാട്ടുകാരുടെയും ആൽമാർത്ഥമായ സഹകരണത്തോടെ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ AD 1897 ജൂൺ മാസത്തിൽ പൂർത്തി ആക്കി. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് തിരുമേനി (പിന്നീട് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഥമ കാതോലിക്കാ ബാവ) 29.6.1897 -ൽ പത്രോസ് പൗലോസ് സ്ലീഹന്മാരുടെ നാമം നൽകി വിശുദ്ധ കൂദാശ ചെയ്ത് സഭക്ക് സമർപ്പിച്ചു അതാണ് St. പീറ്റേഴ്സ് & St. പോൾസ് പാറേൽ പള്ളി, മുളക്കുളം. ആദ്യ കാലത്ത് വർഷം തോറും പെസഹ കുർബാനയും ജൂൺ 29, പത്രോസ് പൗലോസ് സ്ലീഹാൻമാരുടെ പെരുന്നാളും മാത്രം നടത്തിപ്പൊന്നു.

പുതുക്കിയ പാറേൽ പള്ളി
നൂറിലേറെ വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച നമ്മുടെ പള്ളി പൗരാണിക രീതിയിൽ ഉള്ളതായിരുന്നു. പള്ളിയുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പുതുക്കി പണിയെണ്ടുന്ന അവസ്ഥയിൽ ആയി. അതിന് വേണ്ടുന്ന തുടക്കം കുറിച്ചത് അന്ന് വികാരി ആയിരുന്ന ഫാ. വർഗീസ്.എo.വർഗീസ് (ജിനോ അച്ഛൻ) ആണ്. പല പള്ളികൾ പോയി കണ്ടു. പൗരാണികമായ മോഡലിൽ ഉള്ള ഒരു പള്ളിയുടെ മോഡലിൽ പ്ലാൻ ഉണ്ടാക്കി, എസ്റ്റിമേറ്റ് ഉണ്ടാക്കി. തുക ഒന്ന് ഒന്നര കോടി രൂപാ വരുന്നു. വെറും 100 കുടുംബങ്ങൾ മാത്രം ഉള്ള നമ്മുടെ ഇടവകയ്ക്ക് വഹിക്കുവാൻ പറ്റുന്നതിനേക്കാൾ വളരെ കൂടുതൽ ആയിരുന്നു അത്. ചിലവ് കുറഞ്ഞ രീതിയിൽ പണിയാവുന്നതും കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാവുന്നതുമായ മറ്റൊരു പ്ലാൻ ഉണ്ടാക്കി. അത് അഷ്ടഭുജ മാതൃകയിൽ (octagon shape) ആണ്. ഭദ്രാസന മെത്രപൊലീത്ത സേവേറിയോസ് തിരുമേനിയെ കാണിച്ചു അനുമതി കിട്ടി.

പള്ളിയുടെ പുനർ നിർമ്മാണത്തിനു കൂട്ടുമ്യലിൽ ശ്രീ ജോയി വർഗീസിനെ കൺവീനർ ആയും ശ്രീ ജോയി പൂക്കുന്നേൽ ട്രഷറർ ആയും ഒരു നിർമ്മാണ കമ്മിറ്റിയെ പള്ളിയുടെ പൊതുയോഗം തിരഞ്ഞെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുവാൻ ഇടവകയിലെ തന്നെ സിവിൽ എഞ്ചിനീയരും ഡിസൈനറും ആയ ശ്രീ. സനിഷ് ജോയിയെ ചുമതലപ്പെടുത്തി. തുടർന്ന് ഭദ്രാസന മെത്രാപോലീത്ത സേവേറിയോസ് തിരുമേനി 2010 ഏപ്രിൽ 10-നു ശിലാസ്ഥാപനം നടത്തി, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടവകക്കാരുടെയും, കേരളത്തിലും കേരളത്തിനു വെളിയിലും വിദേശത്തും ഉള്ള അഭ്യുദയകാംക്ഷികളുടെയും സഹകരണത്താലും പണികൾ പുരോഗമിച്ചു. സേവേറിയോസ് തിരുമേനി ഇടക്കിടക്ക് പള്ളിയിൽ സന്ദർശിച്ചു ആവശ്യം ആയ ഉപദേശങ്ങൾ നൽകി. സാമ്പത്തീക ബുദ്ധിമുട്ട് അറിഞ്ഞു ആവശ്യം ആയ സഹായം തരുകയും ചെയ്തു, അത് നന്ദിയോടെ ഓർമ്മിക്കുന്നു. ബഹുമാനപ്പെട്ട ജിനോ അച്ഛൻ സ്ഥലം മാറിപോയതിന് ശേഷം ബഹുമാനപ്പെട്ട പുളിക്കാശേരിൽ സ്കറിയ. പി. ചാക്കോ കോർഎപ്പിസ്‌കോപ്പ അച്ഛൻ നേതൃത്വം നൽകി. നിർമ്മാണങ്ങൾ പൂർത്തിയാക്കിയ സമയത്തു ബഹുമാന്യർ ആയ വി. എ മാത്യൂസ് അച്ഛൻ വികാരിയും ടി. വി ആന്ഡ്റൂസ് അച്ഛൻ സഹ വികാരിയും ആയിരുന്നു.

2013 ജനുവരി 31-നും ഫെബ്രുവരി 1-നും ആയി പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ സേവ്റിയോസ് തിരുമേനിയുടെയും അങ്കമാലി ഭദ്രാസന മെത്രാപോലീത്ത പോളികർപ്പോസ് തിരുമേനിയുടെയും കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രപൊലീത്ത മാർ അത്താനാസ്യോസ് തിരുമേനിയുടെയും സഹ കാർമ്മികത്വത്തിലും വിശുദ്ധ കൂദാശ നടത്തി. വിശുദ്ധ കുർബാന പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും സേവേറിയോസ് തിരുമേനിയുടെയും പോളികാർപ്പോസ് തിരുമേനിയുടെയും സഹ കാർമ്മികത്വത്തിലും അർപ്പിച്ചു.copyright@ovsonline.in

മുളക്കുളം മോര്‍ യൂഹാനോന്‍ ഈഹിദോയോ വലിയ പള്ളി: ചരിത്രവഴികളിലൂടെ