OVS - ArticlesOVS - Latest News

മുടക്കും മൂറോനും വീണ്ടുമെടുത്തു വീശുമ്പോള്‍

നാല്പത്തിയഞ്ചു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1975 ഓഗസ്റ്റ് 21-ന്, അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍ ഒരു ബോംബ് പൊട്ടിച്ചു. അന്നേദിവസമാണ് പാത്രിയര്‍ക്കീസ് തൻ്റെ 360/75-ാം നമ്പര്‍ കല്പനപ്രകാരം പൗരസ്ത്യ കാതോലിക്കാ പ. ബസേലിയോസ് ഔഗേന്‍ പ്രഥമനെ മുടക്കിയത്. അന്നേദിവസം തന്നെ പൗരസ്ത്യ കാതോലിക്കേറ്റില്‍ ഉള്‍പ്പെട്ട മെത്രാന്മാരെയും അദ്ദേഹം മുടക്കി. സൃഷ്ടിച്ചവര്‍ ബോംബോന്നു ഭാവിച്ച മുടക്ക്, വെറും നനഞ്ഞ പടക്കമാണന്നു നാല്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഓഗസ്റ്റ് 20-ന് വീണ്ടും തെളിയിച്ചു. അന്നാണ് ‘യാക്കോബായ സഭയുടെ പ്രാദേശിക സുന്നഹദോസ്’ ആ മുടക്ക് നിലവില്‍ വരുത്തിയത്!

സിറിയയിലെ ഡമാസ്‌ക്കസില്‍വെച്ചു 1975 ജൂണ്‍ 16-ാം തീയതി മുതല്‍ 20-ാം നടന്ന സുന്നഹദോസിൻ്റെ തീരുമാനപ്രകാരമാണത്രെ അന്ന് ഔഗേന്‍ പ്രഥമനേയും മേല്പട്ടക്കാരെയും പാത്രിയര്‍ക്കീസ് മുടക്കിയത്. കേവലം 12 പേര്‍ മാത്രം പങ്കെടുത്ത ഈ സുന്നഹദോസിനെ ‘ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്’ എന്നാണ് മുടക്കു കല്പനയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്! എന്നാല്‍ അക്കാലത്തുതന്നെ മലങ്കരസഭ ഈ വിശ്വാമിത്ര സൃഷ്ടിക്ക് അതെഴുതിയ കടലാസിൻ്റെ വിലപോലും കല്പിച്ചിരുന്നില്ല.

വിചിത്രവും രസകരവുമായ കാരണങ്ങള്‍ നിരത്തി പുറപ്പെടുവിച്ച മുടക്ക്, രണ്ടാം സമുദായക്കേസില്‍ സുപ്രീം കോടതിയുടെ വിശദമായ പരിശോധനയ്ക്കു വിധേയമായി. മുടക്കിനു നിരത്തിയ കാരണങ്ങളെയും നടപടികളേയും തലനാരിഴകീറി പരിശോധിച്ച ശേഷം 1995 ജൂണ്‍ 20-ന് സുപ്രീംകോടതി മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയിലെ ജസ്റ്റീസ് ബി. പി. ജീവന്‍ റെഡ്ഡി, ജസ്റ്റീസ് സുഹാസ് സി. സെന്‍ എന്നിവരെഴുതിയ ഭൂരിപക്ഷ വിധിയിലെ മുടക്കിനേപ്പറ്റിയുള്ള തീര്‍പ്പ് ശ്രദ്ധയമാണ്. copyright@ovsonline.in

… ഞങ്ങളുടെ അഭിപ്രായത്തില്‍ എല്ലാ ആരോപണങ്ങളും, എതു നിലയ്ക്കും മുടക്കിന് അടിസ്ഥാനമാക്കിയിട്ടുള്ള പ്രധാന ആരോപണങ്ങള്‍ നിലവിലില്ലാത്തതും, അവ മുടക്കിനുള്ള നിയമാനുസൃത കരണങ്ങളായി തീരുന്നതല്ലാത്തതുമാകുന്നു. അതനുസരിച്ച് കാതോലിക്കായുടെ മുടക്ക് സാധുവും നിയമാനുസൃതവുമല്ലന്ന് തീരുമാനിച്ചുകൊള്ളുന്നു …’

അവിടെ തീര്‍ന്നു പരിശുദ്ധ മുടക്കിൻ്റെ കഥ! അവിടെയും അവസാനിക്കുന്നില്ല. 2019 സെപ്റ്റംബര്‍ 27-ന് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്, ‘ഹിസ് ഹോളിനസ് മോര്‍ ബസേലിയോസ് പൗലൂസ്, കാതോലിക്കോസ്’ (H. H. Mor Baselios Paulose, Catholicos) എന്ന് അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ EI 62/19 നമ്പര്‍ കത്തില്‍ മൂന്നാമത്തെ വസ്തുതയായി, ‘…അധികാരത്തിലിരുന്ന നമ്മുടെ മുന്‍ഗാമികള്‍ 1958-ലേയും 1995-ലേയും ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഉത്തരവുകളെ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണ്…’ (… 3. Our predecessors in office had openly accepted Judgements of Apex Court of India of 1958 and 1995…) എന്നു വ്യക്തമാക്കുന്നു. അതിനര്‍ത്ഥം 1995-ലെ വിധിക്കുശേഷം അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ഈവാസ് പാത്രിയര്‍ക്കീസു തന്നെ 1975-ലെ മുടക്ക് അസാധുവാണന്ന് അംഗീകരിച്ചിരുന്നു! അകാനോനികമായ മുടക്ക്, മുടക്കിയ പാത്രിയര്‍ക്കീസിൻ്റെ പിന്‍ഗാമി തന്നെ അസാധുവാണന്ന് പ്രഖ്യാപിച്ചശേഷം 25 വര്‍ഷംകൂടി കഴിഞ്ഞ് ‘യാക്കോബായ സഭയുടെ പ്രാദേശിക സുന്നഹദോസ്‘ നടപ്പിലാക്കിയത് ഏതു കാനോന്‍ നിയമപ്രകാരമാണന്നുകൂടി വിശദീകരിക്കേണ്ടതായിരുന്നു.

ഇതു കൂടാതെതന്നെ 2020-ലെ ‘മുടക്കുനടത്തിപ്പ്‘ കുറെയേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവയിലേയ്ക്ക് കടക്കുംമുമ്പ് 1975 ഓഗസ്റ്റ് 21-ന് 360/75-ാം നമ്പറായി അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ച മുടക്കു കല്പനയിലെ പ്രസക്തഭാഗം പരിശോധിക്കാം.

‘…വീണ്ടും നാം പ്രഖ്യാപിക്കുന്നതെന്തെന്നാല്‍ – നിങ്ങള്‍ സഭയുടെ സംസര്‍ഗ്ഗത്തില്‍ നിന്നും സ്വയം അന്യനായിരിക്കുകയാലും എല്ലാവിധ അധികാരങ്ങളില്‍ നിന്നും സ്ഥാനമാനങ്ങളില്‍ നിന്നും പദവികളില്‍നിന്നും അവകാശങ്ങളില്‍ നിന്നും ഉരിയപ്പെട്ടിരിക്കുകയാലും നിങ്ങള്‍ സഭയുടെ ഒരംഗം അല്ലാതായിരിക്കുന്നു. സഭയില്‍ എന്തെങ്കിലും ചുമതല വഹിക്കുവാന്‍ ഒരു സഭാംഗത്തിനുള്ള അധികാരാവകാശങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇനി മേലാല്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍പെട്ട ഏതെങ്കിലും പള്ളികളിലോ ചാപ്പലുകളിലോ മറ്റ് സ്ഥാപനങ്ങളിലോ പ്രവേശിക്കുവാനോ മതപരമായ ശുശ്രൂഷകളോ പ്രാര്‍ത്ഥനകളോ ആരാധനയോ നടത്തുവാനോ നിങ്ങള്‍ക്കു യാതൊരു അവകാശവുമുണ്ടായിരിക്കുന്നതല്ല.

മതപരമായ കര്‍മങ്ങളിലോ പ്രാര്‍ത്ഥനകളിലോ കൂദാശകളിലോ ആരാധനയിലോ നിങ്ങളോടു കൂടി സംബന്ധിക്കുകയോ സഹകരിക്കുകയോ ചെയ്യുന്ന മെത്രാപ്പോലീത്താമാരോ വൈദികരോ അത്മായക്കാരോ ആയ എല്ലാ ആളുകളും വി. സഭയുടെ സംസര്‍ഗ്ഗത്തിനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയ വിശ്വാസത്യാഗികളും സഭയ്ക്ക് അന്യന്മാരുമായി പരിഗണിക്കപ്പെടുന്നതാണെന്നും നാം പ്രഖ്യാപിക്കുന്നു…’

‘പൗരസ്ത്യ കാതോലിക്കാ ബസേലിയോസ് ദ്വിതീയന്‍’ മൂവാറ്റുപുഴ കാതോലിക്കേറ്റ് അരമനയില്‍നിന്നും 1975 ഒക്‌ടോബര്‍ 15-ന് ‘മലങ്കരസഭയിലെ സത്യവിശ്വാസികളുടെ അറിവിലേയ്ക്കായി’ പ്രസിദ്ധീകരിച്ച ഈ ശരി തര്‍ജ്ജമ അനുസരിച്ചാണെങ്കില്‍ പാത്രിയര്‍ക്കീസിൻ്റെ മുടക്ക് ഉടന്‍ പ്രാബല്യത്തില്‍വന്നതും അന്നുമുതല്‍ നിലവിലിരിക്കുന്നതുമാണ്.

ഇനി സംശയങ്ങളിലേയ്ക്ക്.

1). തല്‍ക്ഷണ പ്രാബല്യത്തോടുകൂടി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ച മുടക്കു കല്‍പ്പന 45 വര്‍ഷങ്ങള്‍ക്കുശേഷം പ്രാബല്യത്തില്‍ വരുത്തുന്നത് എന്തിന്? മുമ്പ് എന്നെങ്കിലും ഈ ‘ഉടക്ക്‘ പിന്‍വലിയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്തതായി അറിവില്ല.

2). ‘ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്’ തീരുമാനപ്രകാരം പാത്രിയര്‍ക്കിസ് അയച്ച മുടക്കുകല്പന നടപ്പിലാക്കാനോ, മരവിപ്പിക്കാനോ, പിന്‍വലിയ്ക്കാനോ യാക്കോബായ സഭയുടെ ഇന്ത്യയിലെ പ്രാദേശിക സുന്നഹദോസിന് അധികാരമുണ്ടോ? 1975-ല്‍ മുടക്കു നടത്തുമ്പോള്‍ ഈ പ്രാദേശിക സുന്നഹദോസേ് നിലവിലില്ലായിരുന്നു എന്നു മാത്രമല്ല, അവരെ പ്രത്യക്ഷമായോ പരോക്ഷമായോ അധികാരപ്പെടുത്തുന്ന സൂചനകളൊന്നും കല്പനയില്‍ കാണുന്നുമില്ല.

3). 1995-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി അസാധുവാക്കിയ മുടക്ക് വീണ്ടും പ്രാബല്യത്തില്‍ വരുത്തുക എന്നത് കോടതിയലക്ഷ്യമല്ലേ? കോടതി വിധി അംഗീകരിക്കില്ല എന്നു മാത്രം പറയരുത്. പിന്നെന്തിനു വീണ്ടും വീണ്ടും കോടതിയില്‍ പോകുന്നു എന്ന മറുചോദ്യമുയരാം. മാത്രമല്ല, ഈ കോടതി വിധി പാത്രിയര്‍ക്കീസ് അംഗീകരിച്ചതുമാണ്.

4). 1995-ല്‍ അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് തന്നെ 1995-ലെ സുപ്രീം കോടതി വിധി അംഗീകരിച്ചതിലൂടെ പരോക്ഷമായി പിന്‍വലിച്ച 1975-ലെ മുടക്ക് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി അദ്ധ്യക്ഷനായ യാക്കോബായ സഭയുടെ ഇന്ത്യയിലെ പ്രാദേശിക സുന്നഹദോസിന് അധികാരമുണ്ടോ? അതിന് ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് അനുവാദമോ അംഗീകാരമോ നല്‍കിയിട്ടുണ്ടോ?

5). 1975 ഓഗസ്റ്റ് 21-ന് പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ച മുടക്ക് 45 വര്‍ഷങ്ങള്‍ക്കു ശേഷം 2020 ഓഗസ്റ്റ് 20-നാണ് പ്രാദേശിക സുന്നഹദോസ് പ്രാബല്യത്തിലാക്കിയത്. ആ തീയതിയ്ക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ? അതോ തലേന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുടെ ഇടവകയായ മുളന്തുരുത്തിപ്പള്ളി, കോടതി വിധിപ്രകാരം റവന്യൂ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് കോടതി നിയന്ത്രണത്തിലാക്കിയതിൻ്റെ പ്രതികരണമോ?

6). 2020-ലെ മുടക്കുനടത്തലിന് മുന്‍കാല പ്രാബല്യം ഉണ്ടോ? ഉണ്ടങ്കില്‍ എന്നുവരെ? അതോ 2020 ഓഗസ്റ്റ് 20 മുതല്‍ മാത്രമേ ഉള്ളോ?

ചോദ്യങ്ങള്‍ അപ്രകാരം നില്‍ക്കട്ടെ. വ്യക്തമായ മറുപടികള്‍ ഉണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി. പക്ഷേ ഈ മുടക്കുനടത്തലിൻ്റെ അനന്തരഫലങ്ങള്‍ പ്രാദേശിക സുന്നഹദോസിൻ്റെ സെക്രട്ടറി അന്നു നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ‘ഓര്‍ത്തഡോക്‌സ് സഭ‘ എന്നു മലങ്കരസഭയെ വിശേഷിപ്പിക്കാന്‍ സമീപകാലത്തുണ്ടായ വൈഷമ്യം മൂലമാകാം. 1958-ന് മുമ്പ് ഉപയോഗിച്ചിരുന്നതും പിന്നീട് പ്രചാരലുപ്തമായതുമായ ‘മെത്രാന്‍കക്ഷി’ എന്നു സുന്നഹദോസ് സെക്രട്ടറി വിശേഷിപ്പിച്ചത്. അതു പോകട്ടെ. പത്രസമ്മേളനത്തിൻ്റെ കാതലായ ഭാഗം ഇപ്രകാരം സംഗ്രഹിക്കാം.

1). ഇനി മുതല്‍ മലങ്കരസഭയില്‍നിന്നും വിവാഹത്തിനായി വരുന്ന വധുക്കളെ മൂറോനഭിഷേകം നടത്തി മാത്രമേ സ്വീകരിയ്ക്കു.
2). മലങ്കരസഭയിലേയ്ക്കു ദേശകുറി നല്‍കില്ല.
3). മലങ്കരസഭയില്‍ മാമോദീസാ മുങ്ങേണ്ടിവരുന്ന കുട്ടികളെ മൂറോന്‍ പൂശി മാത്രമേ സ്വീകരിയ്ക്കു.
4). മലങ്കരസഭയിലെ വൈദീകരെ പ്രാര്‍ത്ഥനകളിലും കൂദാശകളിലും സഹകരിപ്പിയ്ക്കില്ല.

ചുരുക്കത്തില്‍, വി. മൂറോന്‍ ആണ് മുടക്കുനടത്തിപ്പിൻ്റെ കാതല്‍ എന്നു വ്യക്തം. അതാകട്ടെ തീക്കളിയും. 1911-ല്‍ രൂപംകൊണ്ട മുന്‍ ബാവാ – പാത്രിയര്‍ക്കീസ് – കക്ഷിയിലെ മുന്‍വൈദീകാദ്ധ്യക്ഷന്മാരാരും കളിയ്ക്കാന്‍ ഭയപ്പെട്ടതും തയാറാകാഞ്ഞതുമായ കളിയും.

1932-ലാണ് ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ആദ്യമായി മൂറോന്‍ കൂദാശ ചെയ്തത്. പിന്നീട് 1951-ലും അദ്ദേഹം മൂറോന്‍ കൂദാശ നടത്തി. 1932-ല്‍ മൂറോന്‍ കൂദാശ ചെയ്തപ്പോള്‍ സ്വദേശിയാല്‍ കൂദാശ ചെയ്യപ്പെടുന്ന സ്വദേശി മൂറോന്‍ എന്ന നിലയില്‍ ‘ഖദര്‍ മൂറോന്‍‘ എന്ന് ചിലര്‍ പരിഹസിച്ചങ്കിലും 1947-ല്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടിയതിനാലാവണം 1951-ല്‍ അതുണ്ടായില്ല. പക്ഷേ ഇക്കാലത്തൊന്നും അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷി നേതാക്കള്‍ മൂറോന്‍ കൂദാശയ്ക്കുള്ള അധികാരം പാത്രിയര്‍ക്കീസിനു മാത്രമാണന്ന് ഘോരഘോരം വാദിയ്ക്കുമ്പോള്‍ത്തന്നെ ഈ മൂറോനെ അവമതിയ്ക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ഒരു വധുവിനെയും ശിശുവിനെയും രണ്ടാമത് മൂറോന്‍ പൂശുകയും ചെയ്തില്ല. ‘ബസേലിയോസ് കാതോലിക്കാ എന്നു വിളിയ്ക്കുന്ന പുന്നൂസ് അവര്‍കള്‍’ എന്നു പേരുചേര്‍ത്ത് ഒന്നാം പ്രതിയാക്കി സമുദായക്കേസ് ഫയല്‍ ചെയ്ത ‘ആലുവായിലെ വലിയ തിരുമേനി‘ എന്നറിയപ്പെടുന്ന കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് പോലും അതിനു മുതിര്‍ന്നില്ല. അവര്‍ക്കു കാനോന്‍ അറിയാമായിരുന്നു. ദൈവഭയവും ഉണ്ടായിരുന്നു.

1958-ല്‍ മലങ്കരസഭാ സമാധാനം ഉണ്ടായ ശേഷം മലങ്കരസഭയില്‍ ഉപയോഗിച്ചു വന്നിരുന്നത് 1951-ല്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ കൂദാശ ചെയ്ത മൂറോനായിരുന്നു. 1967-ല്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ മൂറോന്‍ കൂദാശ നടത്തി. മുന്‍ യാക്കോബായ വിഭാഗത്തിലെ പല മെത്രാന്മാരും അവരുടെ സഹോദരങ്ങളും അനേകം കത്തനാരുമാരും ഈ മൂറോനാല്‍ അഭിഷേകം ചെയ്യപ്പെട്ടതാണ് എന്ന ചിലരുടെ വാദംകൂടി ഇവിടെ പരിഗണിയ്ക്കാം.

1967-ല്‍ കൂദാശ ചെയ്ത മൂറോനാണ് 1975-ല്‍ മുടക്കുമ്പോള്‍ മലങ്കരയില്‍ ഉപയോഗത്തിലുള്ളത്. 1975-ല്‍ മുടക്കിനു മുമ്പ് ആ മൂറോന്‍ തീര്‍ച്ചയായും സാധുവായിരുന്നു എന്ന് മുന്‍ യാക്കോബായ പക്ഷത്തിനു സമ്മതിക്കാതെ തരമില്ല. കാരണം 1967-ലെ മൂറോന്‍ കൂദാശയ്ക്ക് അന്നത്തെ പാത്രിയര്‍ക്കീസ് ആശംസാ കല്പനപോലും അയച്ചിരുന്നു. 1975-നു ശേഷം ആ മൂറോൻ്റെ സ്ഥിതി എന്തായി? അതിൻ്റെ ‘നല്‍വരവും‘ കാതോലിക്കായുടേയും മെത്രാന്മാരുടേയും പട്ടത്വത്തിൻ്റെ കൂടെ മുടക്കു കല്പനയാല്‍ ഉരിയപ്പെട്ടോ?

ഇനി മറ്റൊരു കൂട്ടരുണ്ട്. 1995-2002 കാലത്ത് മലങ്കരസഭയുടെ കുടക്കീഴിലേയ്ക്കു മടങ്ങിയ മുന്‍ യാക്കോബായ വിഭാഗക്കാര്‍. ഈ കാലഘട്ടത്തില്‍ ജനിച്ച പെണ്‍കുട്ടികളോക്കയും 18-25 എന്ന ഒത്ത വിവാഹ പ്രായത്തില്‍ നില്‍ക്കുകയാണ്. അവരില്‍ ഭൂരിപക്ഷത്തേയും സ്വാഭാവികമായും അഭിഷേകം ചെയ്തിരിക്കുന്നത് 1982-ല്‍ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത മൂറോന്‍ കൊണ്ടാണ്. അവരെ എന്തുചെയ്യും? വീണ്ടും മൂറോന്‍ പൂശുമോ ഇല്ലയോ? പൂശുമെങ്കില്‍ മലങ്കരസഭയിലേയ്ക്ക് മടങ്ങിയതിനാല്‍ അവരെ (അവരെ മാത്രം) അഭിഷേകം ചെയ്തപ്പോള്‍ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത മൂറോന്‍, ഇപ്പോള്‍ മുന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ വിശേഷിപ്പിക്കുന്നതുപോലെ, ‘കാച്ചിയ എണ്ണ‘ മാത്രമായോ?

ദേശകുറിയുടെ കാര്യം. ഇന്ന് മുന്‍ യാക്കോബായ വിഭാഗത്തിലെ ഒരു പട്ടക്കാരനും നല്‍കുന്ന ദേശകുറിക്ക് നിയമസാധുതയില്ല. കാരണം നിയമാനുസൃതമായി നിയമിക്കപ്പെട്ട വികാരിക്കു മാത്രമാണ് ദേശകുറി നല്‍കാന്‍ അധികാരം. ദേശകുറി നിഷേധിപ്പെട്ട ആരെങ്കിലും കോടതിയെ സമീപിക്കുകയോ, ആ പള്ളിയുടെ നിയമനുസൃത വികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന പട്ടക്കാരൻ്റെ കൈയ്യില്‍നിന്നും ദേശകുറി വാങ്ങിക്കുകയോ ചെയ്താല്‍? ഇടവകയ്ക്കു വിവാഹ വരുമാനനഷ്ടം ആവും ആത്യന്തികഫലം. ഇനി നിയമാനുസൃത വികാരിയുടെ ദേശകുറി വേണമെന്നു മലങ്കരസഭ നിര്‍ബന്ധം പിടിച്ചാലോ? പ്രാദേശിക സുന്നഹദോസിൻ്റെ തീരുമാനം ഗോപി!

കാനോനികവും സാധുവുമായ മാമോദീസ മുങ്ങി മൂറോനഭിഷേകം പ്രാപിക്കാത്ത ഒരാള്‍ക്കും യാതൊരു കൂദാശയും നല്‍കാന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ അനുവദിയ്ക്കുന്നില്ല. ഔഗേന്‍ പ്രഥമന്‍ കൂദാശ ചെയ്ത മൂറോന് തകരാറില്ലന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ത്തന്നെ 1977-ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ മൂറോന്‍ കൂദാശ ചെയ്തു. ആ സംഭവം കഴിഞ്ഞിട്ട് 43 വര്‍ഷമായി. ആ മൂറോനാല്‍ അഭിഷേകം ചെയ്യപ്പെട്ടവര്‍ക്ക് മുന്‍ യാക്കോബായ പക്ഷത്തിൻ്റെ വാദപ്രകാരമാണങ്കില്‍ വി. കര്‍ബാന, വിവാഹം, പട്ടത്വം ആദിയായി യാതൊരു കൂദാശയും നല്‍കാന്‍ പാടില്ല! 1977-നടുത്ത് ഈ മൂറോന്‍ സ്വീകരിച്ചവര്‍ക്ക് മക്കളും ഒരു പക്ഷേ കൊച്ചുമക്കളും ആവാന്‍ സമയമായി. അത്തരം എത്ര ആയിരങ്ങള്‍ക്ക് ഇക്കാലത്തിനിടയില്‍ മുന്‍ യാക്കോബായ പക്ഷത്തെ മേല്പട്ടക്കാരും പട്ടക്കാരും സകലമാന കൂദാശകളും നല്‍കിയിട്ടുണ്ട്? 1975-ലെ മുടക്കു കല്പന അവലംബിച്ചാല്‍ ഇപ്രകാരം ‘…സംബന്ധിക്കുകയോ സഹകരിക്കുകയോ ചെയ്യുന്ന മെത്രാപ്പോലീത്താമാരോ വൈദികരോ അത്മായക്കാരോ ആയ എല്ലാ ആളുകളും വി. സഭയുടെ സംസര്‍ഗ്ഗത്തിനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയ വിശ്വാസത്യാഗികളും സഭയ്ക്ക് അന്യന്മാരുമായി പരിഗണിക്കപ്പെടുന്നതാണെന്നും….’ പാത്രിയര്‍ക്കീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ വൈദീകരുടെ കാര്യം എങ്ങിനെയാവും?

ദേവാലയ ശുശ്രൂഷകള്‍ പോകട്ടെ, ഇതേ കാരണത്താല്‍ത്തന്നെ സ്വന്തം സ്വന്ത- ബന്ധുജനങ്ങളാണെങ്കിലും മലങ്കരസഭാംഗങ്ങളുടെ ഭവനങ്ങളില്‍ നടക്കുന്ന ഭവനകൂദാശ, മരണാനന്തര കര്‍മ്മങ്ങള്‍ മുതലായവയില്‍ പങ്കെടുക്കുന്ന മുന്‍ യാക്കോബായ പക്ഷത്തെ മേല്പട്ടക്കാരും പട്ടക്കാരും കുറഞ്ഞത് 2020 ഓഗസ്റ്റ് 20 മുതലെങ്കിലും ‘സമ്പര്‍ക്കവ്യാപനസിദ്ധാന്തപ്രകാരം‘ മുടക്കപ്പെട്ടവരാകില്ലേ? അതോ ഇനി അത്തരം ‘പോക്കുവരത്തുകള്‍‘ ഇനി വേണ്ടന്നു വയ്ക്കുമോ?

ഇതിനൊക്കെയുള്ള ഉപശാന്തികള്‍ പത്രസമ്മേളനത്തില്‍ത്തന്നെ സുന്നഹദോസ് സെക്രട്ടറി വിശദീകരിക്കുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും, പട്ടക്കാര്‍ വിവേചന ബുദ്ധിയോടെ ഈ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും, ‘നല്ലവരായ മെത്രാന്‍ കക്ഷിക്കാരുടെ കാര്യത്തില്‍’ അനുഭാവപൂര്‍വം പെരുമാറണമെന്നും ആണ് അവയുടെ രത്‌നച്ചുരുക്കം. ചുരുക്കത്തില്‍, ആളുംതരവും കണ്ട് മൂറോന്‍ പൂശുകയോ പൂശാതിരിയ്ക്കുകയോ ചെയ്യാം. അതായത്, ചിലപ്പോഴൊക്കെ മലങ്കര സഭയുടെ മൂറോന്‍ സംപൂജ്യം, മറ്റു ചിലപ്പോള്‍ അതേ മൂറോന്‍ വട്ടപ്പൂജ്യം! ഇതെങ്ങനെ ശരിയാകും?

കുറെ കൈയ്യടി വാങ്ങാനും അപൂര്‍വം ചില സ്ഥലങ്ങളിലെങ്കിലും കലഹങ്ങള്‍ സൃഷ്ടിക്കാനുമല്ലാതെ ഈ സുന്നഹദോസ് നിശ്ചയംകൊണ്ട് മറ്റ് എന്തെങ്കിലും പ്രയോജനമുണ്ടോ? അദ്ധ്യക്ഷം വഹിച്ചവരും, പ്രസ്താവിച്ചവരും, കൈയ്യടിച്ചു പാസാക്കിയവരും ഒന്നു ചിന്തിക്കണം. 1911 മുതല്‍ സമീപകാലംവരെ മുന്‍ പാത്രിയര്‍ക്കീസ് പക്ഷത്തെ നയിച്ച മേല്പട്ടക്കാര്‍ ഇത്തരമൊരു ഹീനപ്രവര്‍ത്തിക്കു മുതിരുമായിരുന്നോ? ഇപ്പോഴത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഈ നടപടിക്കു കൂട്ടു നില്‍ക്കുമോ?

1975-ലെ മുടക്കിൻ്റെ തൃണമൂല്യം മനസിലാക്കിയ മലങ്കരസഭ അന്നും ഇന്നും ആരോടും മുടക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുടക്ക് അതിൻ്റെ സര്‍വ തലങ്ങളിലും കാനോന്‍ വിരുദ്ധവും അസാധുവുമാണന്ന ആദ്യ നിലപാടില്‍ത്തന്നെ ഇന്നും മലങ്കരസഭ ഉറച്ചു നില്‍ക്കുകയാണ്. 1995-ലെ സുപ്രീം കോടതി ഭൂരിപക്ഷ ബഞ്ച് ഈ നിലപാട് നിരുപാധികം ശരിവെച്ചതോടെ ആ ആദ്ധ്യായം അവസാനിച്ചു. പക്ഷേ ആ ശൂന്യമാക്കപ്പെട്ട (null and void) മുടക്കിൻ്റെ പേരില്‍ ഇപ്പോള്‍ കാണിക്കുന്ന വിക്രിയകള്‍ കാണുന്ന ആരെങ്കിലും നിര്‍ദ്ദിഷ്ട സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്, നിലവിലില്ലാത്ത 1975-ലെ മുടക്ക് നിരുപാധികം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അവരെ കുറ്റം പറയനാവില്ല.

തങ്ങളെ മുടക്കിയത് പിന്‍വലിക്കാന്‍ കൂപ്പുകൈകളോടെ അപേക്ഷിക്കുകയോ മുട്ടിലിഴയുകയോ ചെയ്യാന്‍ തയാറാകാതെയിരുന്ന മലങ്കരസഭ, മുടക്കിനു മുമ്പുതന്നെ പാത്രിയര്‍ക്കീസിനെ പുറംതള്ളാനുള്ള ആര്‍ജ്ജവത്വം കാണിച്ചിരുന്നു. 1970 മുതല്‍ ഊറിക്കൂടിയ പ. മാര്‍ത്തോമ്മാശ്ലീഹായുടെ പട്ടത്വും സിംഹാസനവും, ഡെലിഗേറ്റ് നിയമനം, ‘ഹിസ് ഹോളിനസ്‘ – ചുവന്നമഷി ഉപയോഗം, അമാലോഗിയാ മുതലായ വിഷയങ്ങള്‍ അപ്പോഴേയ്ക്കും തര്‍ക്കവിതര്‍ക്കങ്ങളിലൂടെയും കത്തിടപാടുകളിലൂടെയും വഷളായിരുന്നു. ഇതിനൊക്കെ മകുടം ചാര്‍ത്തിക്കൊണ്ട് പാത്രിയര്‍ക്കീസ് ഏകപക്ഷിയമായും നിയമവിരുദ്ധമായും മലങ്കരയില്‍ മെത്രാന്മാരെ വാഴിച്ചുകൂട്ടുവാന്‍ തുടങ്ങി. ഇതിനു പരിസമാപ്തി കുറിച്ചുകൊണ്ട് 1974 ഓഗസ്റ്റ് 3-ന് മലങ്കരസഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസിനെ നിയമാനുസൃതം പുറംതള്ളി. സുന്നഹദോസ് നിശ്ചയങ്ങളുടെ പ്രസക്തഭാഗം.

‘…മേല്‍ പ്രസ്താവിച്ച വസ്തുതകള്‍ സസൂക്ഷ്മം വിചിന്തനം ചെയ്തതില്‍, പ. യാക്കൂബ് iii പാത്രിയര്‍ക്കീസ് 1958-ല്‍ അദ്ദേഹത്തെ മലങ്കരസഭ സ്വീകരിച്ച വ്യക്തമായ വ്യവസ്ഥകളെ അവഗണിച്ച് ആ വ്യവസ്ഥകളില്‍നിന്നു പിന്‍മാറിയിരിക്കുന്നു എന്നും, ഏതു ഭരണഘടനയ്ക്ക് വിധേയമായി അദ്ദേഹം സ്വീകരിക്കപ്പെട്ടുവോ ആ മലങ്കരസഭാ ഭരണഘടനയില്‍ അനുശാസക്കപ്പെട്ടിട്ടുള്ള അവകാശപദവികള്‍ തന്നിമിത്തം സ്വയം അദ്ദേഹം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും സുന്നഹദോസിനു ബോദ്ധ്യപ്പെടുകയും, സുന്നഹദോസ് അപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുന്നു…’

തള്ളപ്പെട്ടവനും ഉരിയപ്പെട്ടവനും’ ഇത്യാദി ആലങ്കാരിക ഭാഷയൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും ഇത് ശരിക്കും ഒരു മുടക്കുതന്നെയായിരുന്നു. തൻ്റെ മോഹങ്ങള്‍ പൂവണിയുകയില്ലന്നും, മലങ്കരസഭ തൻ്റെ ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കില്ലന്നുമുള്ള തിരിച്ചറിവും, അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ ദിനംപ്രതിയെന്നോണം ഉപയോഗിക്കുന്ന മുടക്ക്’ എന്ന വജ്രായുധം തനിക്കു പരിക്കുപറ്റുംവിധം തിരികെ ഏറ്റതിലുള്ള ജ്യാള്യതയും, അതിൻ്റെ പ്രതികാരബുദ്ധിയുമാണ് 1975-ലെ മുടക്കില്‍ കലാശിച്ചത്.

ഈ ജാള്യതയുടെ ബാക്കിപത്രമാണ് 1975 ജനുവരി 10-ന് കാതോലിക്കായെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള പാത്രയര്‍ക്കീസിൻ്റെ 15/75-ാം നമ്പര്‍ കത്ത്. കത്ത് നിരാകരിച്ചുകൊണ്ടും, ‘…പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിൻ്റെ 3-8-74-ലെ തീരുമാനത്തിനു ശേഷം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭാ ഭരണഘടന അങ്ങേക്കു നല്‍കിയിരുന്ന എല്ലാ അധികരാവകാശങ്ങളും അങ്ങു സ്വയം നഷ്ടപ്പെടുത്തുകയും, അവ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു…’ എന്ന് ഔഗേന്‍ പ്രഥമന്‍ തിരിച്ചടിക്കുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്കായുടെ മറുപടി ശരിവെച്ചുകൊണ്ട് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയം പാസാക്കുകയും, ആ വിവരം പാത്രിയര്‍ക്കീസിനെ സുന്നഹദോസ് സെക്രട്ടറി രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതിൻ്റെ പുറകയാണ് 1975-ലെ ‘തിരുമുടക്ക് എഴുന്നള്ളി വന്നത്.

ഈ സംഭവ വികാസങ്ങളുടെ ബാക്കിപത്രമാണ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് 2019 സെപ്റ്റംബര്‍ 27-ന് പൗരസ്ത്യ കാതോലിക്കായ്ക്ക് അയച്ച കത്തില്‍ കാണുന്നത്. ആ കത്തിലെ ‘…അങ്ങയുടെ മുന്‍ മുന്‍ഗാമിയുടെ അദ്ധ്യക്ഷതയില്‍ 1975-ല്‍ കൂടിയ സുന്നഹദോസിൻ്റെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായുള്ള സകലബന്ധവും വിശ്ചേദിച്ചുകൊണ്ടും, അതുവഴി സ്വയം ശീര്‍ഷകത്വം പ്രഖ്യാപിച്ചുകൊണ്ടുമുള്ള തീരുമാനങ്ങള്‍ പരസ്യമായും വ്യക്തമായും പിന്‍വലിക്കണമെന്ന് അങ്ങയുടെ നല്ല മനസിനോട് നാം ആഹ്വാനം ചെയ്യുന്നു…‘ (…We hereby call upon your good self to openly and categorically withdraw the decisions taken by the Synod under your erstwhile predecessor in 1975 cutting off all connections with the Patriarch of Antioch, thus declaring autocephaly…) എന്ന ഭാഗം, കേവലം തന്നെ പുറംതള്ളുന്ന 1975-ലെ മലങ്കര എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍ പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ്. ഇത്തരമൊരു അപേക്ഷ മലങ്കരസഭ ഇന്നുവരെ പുറപ്പടുവിച്ചിട്ടില്ല. പുറപ്പെടുവിക്കുകയുമില്ല. കാരണം വ്യക്തം.

വി. കര്‍ബാന, വി. മൂറോന്‍ മുതലായ കൂദാശകളെ നിസാരവല്‍ക്കരിയ്ക്കുന്നത് തീക്കൊള്ളികൊണ്ടു തലചൊറിയുന്നതിന് തുല്യമാണന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ മനസിലാക്കണം. ബൈസന്റൈന്‍, നെസ്‌തോറിയ, റോമന്‍ കത്തോലിക്കാ എന്നീ വിശ്വസ ഐക്യമില്ലാത്ത സഭകളുടെ മൂറോന്‍പോലും ഓറിയന്റല്‍ സഭകള്‍ അംഗീകരിയ്ക്കുമ്പോള്‍ മലങ്കരസഭയുടെ മൂറോന്‍ മാത്രം അവിശുദ്ധം എന്നു തട്ടിവിടുന്നത് വിശ്വാസമൊന്നുമല്ല; വെറു യുദ്ധതന്ത്രം മാത്രമാണ്. സര്‍ക്കാര്‍ രാജ്യനിയമം നടപ്പാക്കുമ്പോള്‍ അതിനു ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് തടയിടാനുള്ള ശ്രമത്തില്‍ ഖുറാനും മൂറോനുമൊക്കെ ആയുധമാക്കുന്നവര്‍ ആസന്നഭാവിയില്‍ അതു തിരിച്ചടിക്കുമെന്നുകൂടി തിരിച്ചറിയണം.

1665-ല്‍ മലങ്കരയിലെത്തി വടക്കന്‍പറവൂര്‍ മാര്‍ത്തൊമ്മന്‍ പള്ളിയില്‍ കബറങ്ങിയ യേറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ്, 1668 കുംഭം 5-ന് പറവൂര്‍, കണ്ടനാട്, മുളന്തുരുത്തി പള്ളികളിലെ പട്ടക്കാര്‍ക്ക് അയച്ച കല്‍പ്പനയിലെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്. റോമാ സഭയിലൂടെയല്ലാതെ രക്ഷയില്ലാ എന്ന റോമന്‍ വാദത്തെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു:

‘...ഈ ഇടവകയിലെ അസംഖ്യം മെത്രാന്മാരും, പട്ടക്കാരും, ശെമ്മാശന്മാരം, സ്ത്രീപുരുഷന്മാരും (മാര്‍ത്തോമ്മാ ശ്ലീഹാ മുതല്‍) ആയിരത്തി അറുന്നൂറു കൊല്ലങ്ങള്‍ക്കിടയില്‍ മരിച്ചുപോയിട്ടുണ്ട്. അവരെല്ലാവരും നരകത്തിന് അവകാശികളായിപോയെന്ന് നിങ്ങള്‍ വിചാരിക്കുന്നവൊ? ഒരിക്കലുമില്ല. അങ്ങനെ പറയുന്നവര്‍ ദൈവഭൂഷകന്മാരാകുന്നു. അവരില്‍ പിശാചു വസിക്കുന്നു…’

മുടക്കും മൂറോനും എടുത്തു ആയുധമാക്കി തലങ്ങുംവിലങ്ങും വീശുന്ന മുന്‍ യാക്കോബായ വിഭാഗം നേതൃത്വത്തിനുള്ള ഏറ്റവും പ്രസക്തമായ ഉപദേശം അബ്ദല്‍ ജലീദ് ബാവായുടെ ഈ സന്ദേശമാണ്. copyright@ovsonline.in

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 03 – 10 – 2020)