OVS - Latest NewsOVS-Kerala News

വ്യാജ പ്രസ്താവനകൾ അവസാനിപ്പിക്കണം: ഓർത്തഡോക്സ് സഭ

പാമ്പാടി: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഇടവകയായ മണർകാട് സെന്റ്‌ മേരീസ് പള്ളിയെ സംബന്ധിച്ച് പാത്രിയർക്കീസ് വിഭാഗം പ്രചരിപ്പിക്കുന്നത് സത്യ വിരുദ്ധവും, നീതിന്യായ കോടതികളെ വെല്ലുവിളിക്കുന്നതുമായ കാര്യങ്ങൾ ആണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. പി കെ. കുറിയാക്കോസ്, മണർകാട് പള്ളി ഇടവക യോഗം ഉൽഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു. കോട്ടയം ജില്ലാ കോടതിയിൽ നിന്നും സമീപകാലത്തുണ്ടായ വിധിന്യായം ദീർഘനാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം വിധിച്ചതാണ്. അഞ്ചംഗ നിയമജ്ഞരെ വച്ചാണ് പാത്രിയർക്കീസ് വിഭാഗം കോടതിയിൽ വാദിച്ചത്, വാദിക്കുവാനും തെളിവുകൾ സമർപ്പിക്കുവാനും വേണ്ടി ധാരാളം അവസരങ്ങളാണ് ബഹുമാനപ്പെട്ട കോടതി നൽകിയിട്ടുള്ളത്. മണർകാട് പള്ളിയിൽ സേവനം ചെയ്തിട്ടുള്ള വികാരിമാരും അവരെ അവിടെ നിയോഗിച്ച മെത്രാന്മാരും ആരൊക്കെയാണെന്ന് പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകും.

വ്യാജ പ്രസ്താവനകൾ പുറപ്പെടുവിച്ച് നീതിന്യായ വ്യവസ്ഥകളെ നിഷേധിക്കുന്ന രീതി ഇനിയും തുടരരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിയുടെയും പള്ളി സ്വത്തുകളുടെയും ഗുണഭോക്താക്കൾ ഇടവകക്കാർ തന്നെയാണെന്നും മറിച്ചുള്ള അടിസ്ഥാനരഹിത പ്രസ്താവനകളിൽ ഇടവകവിശ്വാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇടവക വികാരി ഫാ. ലൈജു മർക്കോസ് അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു. പള്ളിയിൽ നിലവിലുള്ള A, B, C സ്ളാബുകളായി ഇടവകക്കാരെ വേർതിരിച്ചിട്ടുള്ളതും, ഇടവക പട്ടക്കാരോടുള്ള വേർതിരുവുകളും അവസാനിപ്പിച്ച്‌ ഭരണഘടനനുസൃതം പള്ളി ഭരിക്കപ്പെടുമെന്നും കൈക്കാരൻ വി.വി മാത്യു പ്രസ്താവിച്ചു.കൈക്കാരൻ സന്തോഷ് ജോർജ് സ്വാഗതവും സെക്രട്ടറി എം.എ ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.

മണർകാട് പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി.