മണർകാട് പള്ളി 1934-ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി.

കോട്ടയം: മണർകാട് സെൻറ്‌ മേരീസ് സുറിയാനി കത്തീഡ്രൽ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം കോട്ടയം അഡീഷനൽ സബ് കോടതി അംഗീകരിച്ചു. ഈ ഭരണഘടന അംഗീകരിക്കുന്ന ഇടവകക്കാരുടെ യോഗം വിളിച്ചുകൂട്ടി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കണമെന്നും ആ കമ്മിറ്റിക്ക് കത്തീഡ്രലിൻ്റെ ഭരണം കൈമാറണമെന്നും സബ് ജഡ്ജി എസ്. സുധീഷ് കുമാർ ഉത്തരവിട്ടു.

കത്തീഡ്രലിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോലുകളും റെക്കോർഡുകളും പണവും ഓർത്തഡോക്സ് സഭ നിയമിച്ച വികാരിക്കു കൈമാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി ഭരണം നടത്തുന്നതു തടയരുതെന്നും കോടതിവിധിയിൽ പറയുന്നതായി വാദിഭാഗം അഭിഭാഷകൻ എം.സി. സ്കറിയ പറഞ്ഞു. 2019 ജനുവരി 23-നു ഫയൽ ചെയ്ത കേസിലാണ് വിധി. മണർകാട് കത്തീഡ്രലിൽ ഓർത്തഡോക്സ് സഭ നിയമിച്ച വികാരി ഫാ. ലൈജു മർക്കോസ്, ഇടവകാംഗങ്ങളായ വി.വി. മാത്യു, എം.എ. ചെറിയാൻ, സന്തോഷ് ജോർജ് എന്നിവരാണ് കേസ് നൽകിയത്.

മണർകാട് സെൻറ്‌ മേരീസ് കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്യാടത്ത്, ട്രസ്റ്റിമാരായ സി.പി. ഫിലിപ്, സാബു ഏബ്രഹാം, രഞ്ജിത് മാത്യു, മാത്യു ജേക്കബ്, ഷാജി മാത്യു, മെൽവിൻ വി. കുരുവിള എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു കേസ്. മണർകാട് കത്തീഡ്രൽ കേസ് പ്രത്യേകമായി പരിഗണിക്കണമെന്നും പ്രത്യേക തെളിവുകൾ പരിഗണിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടതായി പള്ളിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അനിൽ ഡി. കർത്താ അറിയിച്ചു.

സമാധാന അന്തരീക്ഷത്തിന് കാരണമാകട്ടെയെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: മണർകാട് പള്ളിയെ സംബന്ധിച്ച വിധി സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ കാരണമാകണമെന്ന് ഓർത്തഡോക്സ് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ആഹ്വാനം ചെയ്തു. നിലവിലില്ലാത്ത വിശ്വാസ വ്യത്യാസങ്ങളുടെ പേരു പറഞ്ഞ് ഇനിയും വിഘടിച്ചു നിൽക്കാതെ കോടതി തീർപ്പ് അനുസരിച്ച് ഒരു ആട്ടിൻകൂട്ടമായി 1958 മുതൽ 1975 വരെ നിലനിന്നതുപോലെ തുടരാൻ ഈ വിധി കാരണമായിത്തീരുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരേ ആരാധനയും ഒരേ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഇരുവിഭാഗവും തമ്മില്‍ കലഹിപ്പിക്കുവാനുള്ള ചില തല്പരകക്ഷികളുടെ സ്ഥാപിത താല്പര്യം ജനം മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.

മണര്‍കാട് പള്ളി മാര്‍ത്തോമ്മാക്കാരൻ്റെ ഔദാര്യമല്ല: കോടതി വിധിയാണ്!

error: Thank you for visiting : www.ovsonline.in