വാഴ്ത്തപ്പെട്ട മാര്‍ അല്‍വാറിസും ചാലില്‍ കൊച്ചുകോരയും മുളന്തുരുത്തി പള്ളിയും

ഗോവാ സ്വദേശിയും ഇന്ത്യാ, ഗോവാ, സിലോണ്‍ ഇടവകകളുടെ മെത്രാപ്പോലീത്തായുമായിരുന്ന വാഴ്ത്തപ്പെട്ട അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും മുളന്തുരുത്തി പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റായിരുന്ന ചാലില്‍ കൊച്ചുകോരയും തമ്മില്‍ എന്തു ബന്ധം?

മാര്‍ അല്‍വാറീസ് 1836 ഏപ്രില്‍ 29-ന് പോര്‍ട്ടുഗീസ് ഗോവയിലെ വെര്‍ണ എന്ന സ്ഥലത്ത് ജനിച്ചു. വിദ്യാഭ്യാസാനന്തരം റോമന്‍ കത്തോലിക്കാ സഭയിലെ വൈദീകനായി. സ്വതന്ത്ര ചിന്തകന്‍, ബഹുഭാഷാ പണ്ഡതന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, സാമൂഹിക പരിഷ്‌കര്‍ത്താവ്, ദീനദയാലു എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായി.

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യപാദത്തില്‍ പോര്‍ട്ടുഗീസ് ഗോവ, ബ്രിട്ടീഷ് ഇന്ത്യ, സിലോണ്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച ഒരു മത വിപ്ലവമായിരുന്നു സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനം (Independent Catholic Movement). റോമാ പാപ്പായുടെ പരമാധികാരത്തെ ചോദ്യം ചെയ്ത സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനം, ഈ പ്രദേശങ്ങളിലെ റോമന്‍ കത്തോലീക്കാ സഭയെ പിടിച്ചുകുലുക്കി. പോര്‍ട്ടുഗീസ് ഗോവ, ബ്രിട്ടീഷ് ഇന്ത്യ, സിലോണ്‍ എന്നീ സ്ഥലങ്ങളിലെ സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനത്തിൻ്റെ നേതാക്കള്‍ പാദ്രെ അല്‍വാറീസ്, ഡോ. പെഡ്രോ മനൊവേല്‍ ലിസ്ബാവോ പിന്റോ എന്നിവര്‍ ആയിരുന്നു.

ഫിലിപ്പൈന്‍സില്‍ ഒഴികെ, റോമില്‍നിന്നും പൂര്‍ണ്ണമായി അകന്ന സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനം മലങ്കര സഭയുമായി അടുത്തു. തുടര്‍ന്ന് കോട്ടയം പഴയ സെമിനാരിയില്‍വെച്ച് 1889 ജൂലൈ 29-ന് പാദ്രെ അല്‍വാറീസിനെ മാര്‍ യൂലിയോസ് എന്ന സ്ഥാനനാമത്തോടെ ഇന്ത്യാ, ഗോവാ, സിലോണ്‍ ഇടവകകളുടെ മെത്രാപ്പോലീത്താ ആയി വാഴിച്ചു. പ. പരുമല തിരുമേനി, മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് (പിന്നീട് ഒന്നാം കാതോലിക്കാ) കടവില്‍ മാര്‍ അത്താനാസ്യോസ് എന്നിവരായിരുന്നു കാര്‍മ്മികര്‍.

അതോടെ മാര്‍ അല്‍വാറീസ് ഈ ദേശങ്ങളിലെ സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനത്തിൻ്റെ കേന്ദ്രബിന്ദു ആയി. അഭൂതപൂര്‍വമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഗോവയിലും കൊങ്കണ്‍ പ്രദേശങ്ങളിലും ശ്രീലങ്കയിലെ കൊളംബോ, മാന്നാര്‍ എന്നിടങ്ങളിലും തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലും അനേക വൈദീകരും അനേകായിരം ജനങ്ങളും റോമന്‍ കത്തോലിക്കാ സഭവിട്ട് ഇടവകകള്‍ സഹിതം മലങ്കര സഭയോട് ചേര്‍ന്നു.

റോമന്‍ കത്തോലിക്കാ സഭയും വെറുതെയിരുന്നില്ല. മാര്‍ അല്‍വാറീസിൻ്റെ വൈദീകര്‍ ഗോവയില്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലുംവെച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്തു. മാര്‍ അല്‍വാറീസിനെ പലപ്രാവശ്യം ഗോവയിലെ പോര്‍ട്ടുഗീസ് സര്‍ക്കാര്‍ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഗോവയില്‍നിന്നും രക്ഷപെട്ട് ബ്രിട്ടീഷ് ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടേണ്ടിപോലും വന്നു. പക്ഷേ ഇതൊന്നും മാര്‍ അല്‍വാറീസിനെ തളര്‍ത്തിയില്ല. അദ്ദേഹം തൻ്റെ പ്രവര്‍ത്തനവുമായി സുധീരം മുമ്പോട്ടു പോയി.

ആളും അര്‍ത്ഥവും ആദ്യകാലം മുതല്‍തന്നെ മാര്‍ അല്‍വാറീസ് മിഷൻ്റെ പരാധീനത ആയിരുന്നു. വൈദീകരുടെ സേവനവും പണവും അദ്ദേഹം മലങ്കര സഭയോട് നിരന്തരമായി അഭ്യര്‍ത്ഥിച്ചിരുന്നു. സാമൂഹിക – ഭാഷാപരമായ കാരണങ്ങളാല്‍ പലഘട്ടങ്ങളിലായി ഏതാനും വൈദീകരുടെ സേവനം താല്‍ക്കാലികമായി പ്രദാനം ചെയ്യുവാന്‍ മാത്രമേ മലങ്കരസഭയ്ക്ക് സാദ്ധ്യമായൊള്ളു. വ്യവഹാര പരമ്പരകളില്‍പ്പെട്ട് ഉഴറിയിരുന്ന മലങ്കരസഭയ്ക്ക് സമ്പത്തിക സഹായം എന്നത് അചിന്ത്യമായിരുന്നു. എങ്കിലും മലങ്കര മെത്രാപ്പോലീത്താമരായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ എന്നിവര്‍ പല ഇടവകപള്ളികളേക്കൊണ്ടും മാര്‍ അല്‍വാറീസിന് സാമ്പത്തിക സഹായം നല്‍കിച്ചിരുന്നു.

ഈ വസ്തുത പ. പരുമല തിരുമേനിയും ശരിവയ്ക്കുന്നുണ്ട്. അദ്ദേഹം 1899 ഏപ്രില്‍ 7-ന് അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അബ്ദല്‍ന്ശീഹാ ദ്വിതീയനയച്ച കത്തില്‍ … ആബൂന്‍ യൂലിയോസ് അല്‍വാറിസ് ഇപ്പോള്‍ കൊളംബോയിലാണ്… അദ്ദേഹത്തിൻ്റെയും, ശിഷ്യന്മാരുടെയും ജോലി കൂടുതലും കത്തോലിക്കരുടെ ഇടയിലാണ്; പക്ഷേ, വളരെ അധികം പണം ആവശ്യപ്പെടുന്നുണ്ട്. പണത്തിൻ്റെ കുറവുകാരണം അദ്ദേഹത്തിൻ്റെ വേല അദ്ദേഹം വിചാരിക്കുംപോലെ നടക്കുന്നില്ല. അദ്ദേഹവും ശിഷ്യന്മാരും നിരന്തരം ഞങ്ങളില്‍ നിന്നും കാശ് ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ എവിടെനിന്ന് അവര്‍ക്ക് കൊടുക്കും; അദ്ദേഹത്തെക്കാള്‍ അധികം ഞങ്ങള്‍ കാശിന് ആവശ്യക്കാരാണ്. എന്നാല്‍ ഞങ്ങളുടെ ഇല്ലായ്മയില്‍നിന്നും കുറേശ്ശെ, കുറേശ്ശെ അവരുടെ നിലനില്പിനായി ഞങ്ങള്‍ സഹായിക്കുന്നുണ്ട്… എന്നു രേഖപ്പെടുത്തുന്നു. ഇതായിരുന്നു എക്കാലത്തേയും സ്ഥിതി.

ഈ ദൃശ്യത്തിലേയ്ക്കാണ് ചാലില്‍ കൊച്ചു കോര കടന്നുവരുന്നത്. മുളന്തുരുത്തി ചാലില്‍ കുഞ്ഞിച്ചെറിയയുടേയും കോനാട്ട് ഉണിച്ചാരുടേയും പുത്രനായ ചെറിയത് കോര എന്ന കൊച്ചുകോരയെ ആധുനിക മുളന്തുരുത്തിയുടെ ശില്പി എന്നു വിശേഷിപ്പിക്കാം. വടക്കന്‍ പ്രദേശങ്ങളില്‍ മലങ്കര സഭയുടെ ആദ്യ ഇംഗ്ലീഷ് വിദ്യാലയമായ മുളന്തുരുത്തി സെന്റ് തോമസ് സ്‌കൂള്‍ 1887-ല്‍ ഇദ്ദേഹത്തിൻ്റെ ശ്രമഫലമായി സ്ഥാപിച്ചു. ഈ സ്‌കൂള്‍ പിന്നീട് 1914-ല്‍ സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. സര്‍ക്കാര്‍ ആശുപത്രി, രജിസ്റ്റര്‍ കച്ചേരി, അഞ്ചല്‍ ഓഫീസ് തുടങ്ങി മുളന്തുരുത്തിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിൻ്റെ ശ്രമഫലമായാണ്. ചോറ്റാനിക്കര-പിറവം റോഡിൻ്റെ നിര്‍മ്മാണവും അത് മുളന്തുരുത്തി പള്ളിയെ സ്പര്‍ശിക്കുന്നവിധം പുനര്‍ രൂപകല്പന ചെയ്യപ്പെട്ടതും ഇദ്ദേഹത്തിൻ്റെ പരിശ്രമത്താലാണ്. മുളന്തുരുത്തി പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിൻ്റെ പ്രഥമ പ്രസിഡന്റും ചാലില്‍ കൊച്ചുകോര ആയിരുന്നു.

കൊച്ചി രാജാവില്‍നിന്നും രണ്ടു പ്രാവശ്യം കീര്‍ത്തിമുദ്ര നേടിയ ചാലില്‍ കൊച്ചുകോര കൊച്ചി രാജകീയ ദര്‍ബാറിലെ അംഗമായിരുന്നു. പിതാവിൻ്റെ മരണത്തെത്തുടര്‍ന്ന് 1891-ല്‍ മുളന്തുരുത്തി പള്ളി മാനുഷ്യം സ്ഥാനം ഏറ്റെടുത്ത കൊച്ചുകോരയുടെ നേതൃത്വത്തിലാണ് മുളന്തുരുത്തി പള്ളിയും പള്ളിമേടയും നവീകരിച്ചത്. മരണപര്യന്തം മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന അദ്ദേഹം പ. വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം ഉറച്ചുനിന്ന ജനനായകന്മാരില്‍ ഒരുവനായിരുന്നു.

ഇനി മാര്‍ അല്‍വാറീസും ചാലില്‍ കൊച്ചുകോരയും തമ്മിലുള്ള ബന്ധത്തെപ്പറ്റി. പീഢയിലും ദാരിദ്ര്യത്തിലും കഴിയുന്ന മാര്‍ അല്‍വാറീസിനെപ്പറ്റി അനേകം കിംവദന്തികള്‍ അക്കാലത്ത് റോമന്‍ കത്തോലിക്കര്‍ പ്രചരിപ്പിച്ചിരുന്നു. അവയിലൊന്ന് അദ്ദേഹം മരിച്ചുപോയി എന്ന് 1921-ല്‍ പ്രചരിച്ച വാര്‍ത്തയാണ്. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അനധികൃത മുടക്കിനെ തുടര്‍ന്ന് 1911 ജൂണ്‍ 15-ന് പരസ്യ കല്പനയിലൂടെ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ച മാര്‍ അല്‍വാറീസിനെ സമുദായ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ചാലില്‍ കൊച്ചുകോരയ്ക്ക് നേരിട്ട് പരിചയം ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ട്.

ഏതായാലും മുകളില്‍ പരാമര്‍ശിച്ച വ്യാജവാര്‍ത്തയെ തുടര്‍ന്ന് 1921 മെയ് 29-ന് ഞായറാഴ്ച മുളന്തുരുത്തി പള്ളി ഇടവകക്കാരുടെ ഒരു യോഗം ചാലില്‍ കൊച്ചുകോര പള്ളിയില്‍ വിളിച്ചുകൂട്ടി. മാര്‍ അല്‍വാറീസിൻ്റെ ചരമത്തെക്കുറിച്ചുള്ള വാര്‍ത്ത വ്യാജമാണന്നും, …മെത്രാപ്പോലീത്താ സുറിയാനിസഭയ്ക്കുവേണ്ടി ചെയ്തിട്ടുള്ള നന്മ വിലമതിച്ചുകൂടാത്തതാണന്നും, അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി ഏറ്റം ശോചനീയമാണന്നും… യോഗത്തെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ സഹായിക്കുന്നതിനായി മാര്‍ അല്‍വാറീസ് മിഷന്‍ റിലീഫ് ഫണ്ട് രൂപീകരിക്കുന്നതിനും നിശ്ചയിച്ചു. യോഗത്തിൻ്റെ പ്രധാന നിശ്ചയങ്ങള്‍.

1). മാര്‍ അല്‍വാറീസിനെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം.
2). മാര്‍ അല്‍വാറീസ് മിഷന്‍ റിലീഫ് ഫണ്ടിലേയ്ക്ക് പിരിവ് ആരംഭിക്കണം. അത് മറ്റ് ഇടവകകളിലും പ്രാദേശിക കമ്മറ്റികള്‍ ഉണ്ടാക്കി വികസിപ്പിക്കണം.
3). തിരുവനന്തപുരം പള്ളി വികാരിയും കാനോന്‍ വിദഗ്ദനുമായ പൂതകുഴിയില്‍ അബ്രഹാം കത്തനാരുടെ നേതൃത്വത്തില്‍ ഇതൊരു സ്ഥിരം സംവിധാനമാക്കണം.
4). ആവശ്യത്തിനു പണം പിരിഞ്ഞതിനുശേഷം ഒരു ശെമ്മാശനയോ പട്ടക്കാരനെയോ ഗോവയിലേയ്ക്ക് അയച്ച് അവിടെ മാര്‍ അല്‍വാറീസു മെത്രാപ്പോലീത്തായ്ക്ക് ഒരു ചാപ്പലും വീടും പണിയിച്ചു കൊടുക്കണം.
5). പണം ഉണ്ടായ ശേഷം …കുളമ്പില്‍ ഇപ്പോള്‍ നിസഹായനായി കിടന്നു അശ്രാന്ത പരിശ്രമം ചെയ്യുന്ന മാര്‍ അല്‍വാറീസു മെത്രാപ്പോലീത്തായുടെ അനന്തിരവനെ (പാദ്രെ അല്‍വാറീസ്) സഹായിക്കുന്നതിന് ഒരു പട്ടക്കാരനെ അയയ്ക്കണം…
6). ഈ കാര്യസാദ്ധ്യത്തിനായി ചാലില്‍ കൊച്ചുകോര പ്രസിഡന്റും ചാത്തുരുത്തില്‍ മത്തായി വര്‍ക്കി സെക്രട്ടറിയും ഖജാന്‍ജിയും ആയി ഒരു പത്തംഗ കമ്മറ്റി രൂപീകരിച്ചു.

1921 ജൂലൈ ലക്കം കാതോലിക സഭ മാസികയില്‍ ഈ യോഗത്തിൻ്റെ വിശദമായ റിപ്പോര്‍ട്ട് പ്രദ്ധീകരിക്കുകയും മാസികാ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും മാര്‍ അല്‍വാറീസ് മിഷന്‍ റിലീഫ് ഫണ്ട് യാഥാര്‍ത്ഥ്യമായില്ല. രണ്ടു മാസത്തിനുള്ളില്‍ – 1921 സെപ്റ്റംബര്‍ 9-ന് – ചാലില്‍ കൊച്ചുകോര അപ്രതീക്ഷിതമായി മൃതിയടഞ്ഞു. അതോടെ ഈ സഹായ ശ്രമം നാഥനില്ലാതെയായി.

…ഞാന്‍ എൻ്റെ വിശ്വാസത്തെ ഒരിക്കലും മരണക്കിടക്കയില്‍പോലും ഉപേക്ഷിക്കുകയില്ല. അങ്ങിനെ ഉപേക്ഷിക്കുന്നതായി ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാണെന്നുള്ളതിനു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു… എന്ന് തൻ്റെ മരണത്തിനു മുമ്പ് അക്രൈസ്തവരും ഉന്നത ഉദ്യോഗസ്ഥരുമായ തൻ്റെ സ്‌നേഹിതരെ പറഞ്ഞേല്‍പ്പിച്ച, …നമ്മുടെ അല്‍വാറീസ് മെത്രാച്ചനെ നിങ്ങള്‍ അറിയുമല്ലോ… തൊണ്ണൂറിലധികം വയസ്സു ചെന്നാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം താന്‍ പിടിച്ചിരുന്ന വിശ്വാസത്തില്‍ നല്ല ഉറപ്പുള്ളവനായിരുന്നു… എന്ന് പ. വട്ടശ്ശേരില്‍ തിരുമേനി സാക്ഷിച്ച, അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ രണ്ടുവര്‍ഷത്തിനു ശേഷം 1923 സെപ്റ്റംബര്‍ 23-ന് കാലം ചെയ്തു. അതോടെ മാര്‍ അല്‍വാറീസ് മിഷന്‍ റിലീഫ് ഫണ്ട് അപ്രസക്തമായി.

യാഥാര്‍ത്ഥ്യമായില്ലെങ്കിലും മാര്‍ അല്‍വാറിസിൻ്റെ ലത്തീന്‍ മിഷന് ചാലില്‍ കൊച്ചുകോരയുടെ നേതൃത്വത്തില്‍ മുളന്തുരുത്തി പള്ളിക്കാര്‍ നീട്ടിയതു പോലൊരു സഹായഹസ്തം മറ്റൊരിടത്തുനിന്നും ഉണ്ടായില്ല. അതിൻ്റെ ദുരന്തഫലമാണ് തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും പരന്നുകിടന്ന അദ്ദേഹത്തിൻ്റെ സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനം ഇന്ന് കേവലം ബ്രഹ്മവാറിലെ കൊങ്കിണി സമൂഹം മാത്രമായി ഒതുങ്ങിയത്. copyright@ovsonline.in

ഡോ. എം. കുര്യന്‍ തോമസ് 
(മലങ്കര സഭ , സെപ്റ്റംബര്‍ 2020)

error: Thank you for visiting : www.ovsonline.in