EditorialOVS - ArticlesOVS - Latest News

അംശവടിയിൽ ഇത്തിൾക്കണ്ണികൾ ചുറ്റുന്നുവോ?

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ 13 വർഷത്തെ നിശ്ശബ്ദവും, നിസ്വാർത്ഥവുമായ സഭാ സേവനം പൂർത്തീകരിക്കുന്ന ഈ ദിവസം (സെപ്റ്റംബർ 12), മലങ്കര സഭയെ ഗുരുതരമായി ബാധിച്ചിരിക്കുന്ന ചില വിഷയങ്ങൾക്ക് എതിരെ ഞങ്ങൾ “നിശ്ശബ്ദതയുടെ നാട” മുറിക്കുകയാണ്. പ്രസ്തുത വിഷയത്തിലേക്ക് പ്രവേശിച്ച്, കാരണത്തെയും കാരണക്കാരെയും പ്രഹരിക്കുന്നതിന് മുൻപായി, വളരെ ലഘുവായ രീതിയിൽ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന ഈ എളിയ പ്രസ്ഥാനം മലങ്കര സഭയെ ഏത് നിലയ്ക്കാണ് കാണുന്നത് എന്ന് പറഞ്ഞു തുടങ്ങാം. മലങ്കര സഭയെയും, അതിൻ്റെ പൗരസ്ത്യ കാതോലിക്കേറ്റിനോടും, അതിൽ കാലാകാലങ്ങളിൽ വാണരുളുന്ന മലങ്കര മെത്രാപോലീത്ത – കാതോലിക്കാ ബാവ തിരുമേനിമാരോടും അങ്ങേയറ്റം സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി ആത്മാഭിമാനത്തോടെ മലങ്കര സഭയിൽ സജീവമായി ആളും, അർത്ഥവുമായി ജാഗ്രതയോടെ നിൽക്കുന്ന അൽമായ പ്രസ്ഥാനമാണ് “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ”. മാർത്തോമാ ശ്ലീഹായുടെ ശ്ലൈഹീക പാരമ്പര്യം പേറുന്ന മലങ്കര സഭയും, അതിൻ്റെ ആത്മീയ നേതൃത്വവും ഞങ്ങളുടെ അഭിമാനവും, അഹങ്കാരവുമാണെങ്കിലും, മലങ്കര സഭ എന്നത് പരിശുദ്ധ കാതോലിക്ക ബാവയോ, അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരോ, പുരോഹിത വിഭാഗങ്ങളോ മാത്രമാണ് എന്ന് ഞങ്ങൾ കരുതുന്നില്ല. ലക്ഷക്കണക്കിന് സാധാരണ വിശ്വാസികൾക്ക് ഒപ്പം ഇവരൊക്കെയും ചേരുന്നതാണ് പരിശുദ്ധ സഭ എന്ന ക്രിസ്തുവിൻ്റെ മണവാട്ടി. ആ പരിശുദ്ധ സഭയോടും അതിൻ്റെ യശ്ശസ്സിനോടും, ഭാവിയോടും മാത്രമാണ് ഞങ്ങൾക്ക് പ്രതിപത്തിയും, വിധേയത്വവുമുള്ളത്. മലങ്കര സഭയെ നിരന്തരം വിവാദത്തിലും, അപമാനത്തിലും തള്ളിവിടുന്ന സഭയുടെ ഇടനാഴികളിലെ ഇടവേളകളില്ലാത്ത സാന്നിധ്യമായ ‘ഇത്തിൾകണ്ണികൾക്ക്’ എതിരെ ഇത്രയും കാലം മൗനം പാലിക്കാൻ നിർബന്ധിതമായത്, മലങ്കര സഭയുടെ നേതൃത്വം കൂടെ അനാവശ്യമായി അതിൻ്റെ അപമാനം പേറേണ്ടി വരും എന്ന തിരിച്ചറിവിലായിരുന്നു.

പക്ഷേ, ആ സൗജന്യം ഒരു സ്ഥിരം രക്ഷാകവചകമാക്കി ഈ ഗൂഢ സംഘം ഉപയോഗിക്കുന്നതിനാലും, സഭയുടെ നേതൃതത്തിന് ഇത്തരക്കാരെ തിരിച്ചറിയുവാനും, നിലയ്ക്ക് നിർത്താനും അറിയാത്ത സ്ഥിതിക്ക് ഇനിയും മൗനം തുടരുന്നത് ഞങ്ങളുടെ പൂർവ്വ പിതാക്കന്മാർ പൊറുക്കില്ല എന്നത് ഞങ്ങളെ തുറന്ന പ്രതികരണത്തിന് പ്രാപ്തരാക്കുന്നു. ഏതെങ്കിലും അടച്ചിട്ട മുറിയിൽ അടക്കം പറഞ്ഞ് തീർക്കാൻ ശ്രമിച്ചാൽ പരിഹരിക്കപ്പെടാൻ പോകുന്നതല്ല ഈ വിഷയങ്ങളുടെ വ്യാപ്‌തിയും, വിസ്തൃതിയും എന്ന കൃത്യമായ ബോധ്യത്തിലുമാണ് ഞങ്ങൾ അക്ഷരങ്ങൾ നിരത്തുന്നത്, ഇത് നേതൃത്വത്തിനോട് നേരിൽ കണ്ടു പറയേണ്ടിയിരുന്നു എന്ന് ഉപദേശിക്കുന്നവരോട് പറയാനുള്ളത്. മലങ്കര സഭയിലെ സ്ഥാനികളോടല്ല ഈ പ്രസ്ഥാനത്തിൻ്റെ വിധേയത്വം, സ്ഥാനങ്ങളോടാണ്. ആയതിനാൽ മലങ്കര സഭയുടെ നന്മയെ കരുതി ഞങ്ങൾ പറയുന്ന നീരീക്ഷണങ്ങളും, നിലപാടും മൂലം ഞങ്ങൾക്ക് നേരെ വരാൻ സാധ്യതയുള്ള ഓരോ ദുരാരോപണങ്ങളെയും, ഒറ്റപ്പെടുത്തലുകളെയും, പാർശ്വവർത്തികളുടെ കുല്സിത പ്രചാരണങ്ങളെയും ഞങ്ങൾ അശ്ശേഷം ഭയപ്പെടുന്നില്ല.

മലങ്കര സഭയുടെ ആത്മീയ അദ്ധ്യക്ഷനെയും, നേതൃത്വത്തെയും കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയന്ത്രിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് ഒരേപോലെ അവകാശപ്പെടുകയും, അഭിനയിക്കുകയും ചെയ്യുന്ന വ്യകതികളും അവരുടെ പിണിയാളുകളും കൂടെ മലങ്കര സഭയ്ക്കുണ്ടാക്കുന്ന നാണക്കേടുകളുടെയും, അട്ടിമറികളുടെയും അവസാന ദൃഷ്ടാന്തമാണ് യാക്കോബായ വിഭാഗത്തിൻ്റെ ഒരു സൈബർ പേജിൽ ഇടം പിടിച്ച ഒരു ശബ്ദരേഖ. പ്രസ്തുത ശബ്‌ദരേഖയിലെ പ്രതിപാദ്യ വിഷയത്തിനെ പറ്റിയോ, അതിൽ പരാമർശിക്കപ്പെടുന്ന വ്യകതികളുടെ സേവനങ്ങളെ പറ്റിയോ ഞങ്ങൾക്ക് ഒരു എതിരഭിപ്രായവുമില്ല എന്ന് മുന്നമേ പറഞ്ഞ് കൊള്ളട്ടെ. എന്നാൽ അത് മാത്രമല്ല ഞങ്ങളുടെ പ്രതികരണം, മറ്റനേകം സമാന ഗുരുതര വിഷയങ്ങളെ പരോക്ഷമായി പരാമർശിക്കാൻ കൂടിയാണ് എന്നത് വ്യക്തമാക്കുന്നു. മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവായുമായുള്ള ഈ നാശഹേതുവായ വ്യക്തിയുടെ സ്വകാര്യ സംഭാഷണം എങ്ങനെയാണ് ഇത്തരത്തിൽ ദുരുപയോഗപ്പെട്ടത് എന്നത് വളരെയധികം ചിന്തനീയമാണ്. മലങ്കര സഭയെ വളരെയധികം ദോഷമായി ബാധിക്കുന്ന ഒരു വിഷയമായതിനാലും, വ്യക്തികളുടെ നെറികെട്ടതും വഴിവിട്ടതുമായ പ്രവർത്തനം മൂലം പരിശുദ്ധ സഭയും, പിതാക്കന്മാരും പൊതു സമൂഹത്തിൽ തലകുനിക്കേണ്ടി വരുന്നത്‌ ആത്മാഭിമാനമുള്ള ഒരു നസ്രാണിക്കും അംഗീകരിക്കുവാൻ കഴിയുകയില്ല. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ ഒരു സംഭാഷണം റെക്കോർഡ് ചെയ്യുന്നതും, അത് കൈമാറ്റം ചെയ്യുന്നതും എത്രയധികം അപമാന്യവും, അപകടകരവുമാണ്?. ഇത്തരത്തിൽ മലങ്കര സഭയിലെ സ്ഥാനികളുടെ എത്രയധികം സംഭാഷണങ്ങളും, രേഖകളും ദുഷ്ടലാക്കോടെ സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യപ്പെട്ടെക്കാം ഭാവിയിൽ?. മലങ്കര സഭയുടെ ആസ്ഥാനത്തേയും, ആത്മീയ നേതൃത്തെയും കാളകൂട വിഷം പോലെ ബാധിച്ചിരിക്കുന്ന ഈ ഇത്തിൾസംഘം എത്തരത്തിലാണ് മലങ്കര സഭയുടെ നയങ്ങളെയും നിലപാടുകളെയും സ്വാധീനിക്കുന്നത് എന്നത് കേൾവിക്കാർക്കു ആശ്‌ചര്യകരമാണ്, ചിലപ്പോഴൊക്കെ അരോചകവുമാണ്,‌ അതുപോലെ അത് അഭിമാനിയായ മലങ്കര നസ്രാണിയ്ക്ക് അപമാനവുമാണ്. അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർ പോലും ചൂണ്ടി കാണിക്കാനും, നടപടികൾ ആവശ്യപ്പെടാനും മടിക്കുമ്പോൾ ഈ ഗൂഢ സംഘം സമർത്ഥമായി മെത്രാപ്പോലീത്തന്മാരെയും അവരുടെ പാർശ്വവർത്തികളേയും എപ്പോഴും വിരുദ്ധ ചേരികളിൽ ശത്രുതാമനോഭാവത്തോടെ അവിശ്വാസം നിറച്ചു നിർത്തുവാനും നന്നായി ശ്രദ്ധിക്കുന്നു. മലങ്കര സഭയുടെ മെത്രാപ്പോലീത്തന്മാരുടെ പരസ്പര വിശ്വാസക്കുറവും, സ്വകാര്യ ലക്ഷ്യങ്ങളും, കേവലം സ്ഥാനമോഹങ്ങൾക്ക് വേണ്ടി ഈ വിസർജ്യങ്ങളെ ചുമക്കാൻ മടിക്കാത്ത അന്തസില്ലാത്ത കുറെ അല്മായരുമാണ് ഈ സംഘത്തിൻ്റെ ഊർജവും, ഇന്ധനവും.

മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ നിശ്ചയദാർഢ്യത്തെയും, പ്രാർത്ഥനാജീവിതത്തെയും, ഗ്രാമീണ നിഷ്ങ്കളങ്ക പെരുമാറ്റത്തെയും അങ്ങേയറ്റം ആദരവോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങൾ എക്കാലവും കാണുന്നത്. പരിശുദ്ധ പിതാവ് പല സന്ദർഭങ്ങളിലും ഈ പ്രസ്ഥാനത്തിനോട് വളരെ താല്പര്യത്തോടെയും, സ്നേഹത്തോടെയുമാണ് പെരുമാറിയിരിക്കുന്നത് എന്നത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. പരിശുദ്ധ പിതാവ് “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ്റെ ” ലോഗോ പ്രകാശന വേളയിൽ ഒരു മാധ്യമം എന്ന രീതിയിൽ മലങ്കര സഭയുടെ എന്ത് വിഷയത്തെയും പരാമർശിക്കാനും, സഭാ അധ്യക്ഷനുൾപ്പെടെയുള്ള സ്ഥാനികളുടെ നിലപാടുകളെ വസ്തു നിഷ്‌ഠപരമായി വിമർശിക്കാനും മടിക്കേണ്ടതില്ലെന്ന് നൽകിയ പ്രബോധനം ഞങ്ങൾക്ക് എന്നും പ്രചോദനവും വഴികാട്ടിയുമാണ്. പരിശുദ്ധ കാതോലിക്കാ ബാവായുടെ നിഷ്ക്കളങ്കതയും, വിശ്വാസവും ദുരുപയോഗിച്ച് പരിശുദ്ധ പിതാവിനെ തങ്ങളുടെ ഗൂഢ താല്പര്യ സംരക്ഷണാർത്ഥം ഉപയോഗിക്കുകയും, പരിശുദ്ധ പിതാവിനെയും സഭയെയും അപകീർത്തിപ്പെടുത്തുകയും, നിരന്തരം അപകടത്തിൽ ചാടിക്കുകയും ചെയ്യുന്ന കുൽസിത സംഘത്തിന് എതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. നൂറുകണക്കിന് സത്യസന്ധരും, നിർമലമായ സഭാ സ്നേഹമുള്ളവരും, തലമുറകൾ നീളുന്ന മലങ്കര സഭാ പാരമ്പര്യമുള്ളവരും, പ്രതിഭാശാലികളുമായ നസ്രാണി വ്യക്തിത്വങ്ങൾ മലങ്കര മെത്രാപ്പോലീത്തയ്ക്ക് കരുത്തായി ഒരു വിളിക്ക് കാതോർത്തു നിൽക്കുമ്പോൾ ഇത്തരമൊരു നിലവാരമില്ലാത്ത മൂന്നാംകിട സംഘത്തിന് മലങ്കര സഭയുടെ അധികാരത്തിൻ്റെ ഇടനാഴികളിൽ പ്രവേശനം കൊടുത്തത് അംഗീകരിക്കാൻ കഴിയുന്നതല്ല. മലങ്കര സഭയ്‌ക്കും, പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്കും ഇത്തരമൊരു നിഴൽ സംഘത്തിൻ്റെ സംരക്ഷണവും, ഉപദേശവും വേണമോ ഈ സഭയെ മികവോടെ നയിക്കുവാൻ? അതിശക്തമായ ഭരണക്രമീകരണവും, ജനാധ്യപത്യ സമതികളുമുള്ള മലങ്കര സഭയുടെ നേതൃത്തെയും തീരുമാനങ്ങളെയും, സമൂഹത്തിൽ അവമതിപ്പ് മാത്രമുള്ള ഇത്തരത്തിൽ ഒരു ചെറിയ ഇത്തിൾ കണ്ണി സംഘത്തിന് സ്വാധീനിക്കാൻ കഴിയുന്നു എന്നത് അതീവ ഗൗരവകരമായ ഒരു സംഗതിയാണ് എന്ന് നേതൃത്വം തിരിച്ചറിഞ്ഞ് പെരുമാറുന്നില്ലെങ്കിൽ സ്വാഭാവികമായി മലങ്കര സഭ തന്നെ വരും ദിനങ്ങളിൽ കൂടുതൽ പ്രതിരോധത്തിലാകും.

 ജനാധിപത്യ സ്വഭാവം കൂടെ ഇടകലർന്ന മലങ്കര സഭയിലെ, മലങ്കര മെത്രാപ്പോലീത്തന്മാർക്ക് ചുറ്റും എക്കാലത്തും പ്രതിഭാധനരും, ആഡ്യത്വവുമുള്ള നസ്രാണികൾ സഹായത്തിനായി നിലയുറപ്പിച്ചിരുന്നു എന്നത് സത്യമാണ്. പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ കാലത്തെ സഭയുടെ പ്രതിസന്ധിയിൽ സഭയ്ക്ക് കരുത്തായി നിന്നതും സർവ്വ ശ്രീ മാമൻ മാപ്പിളയും, ഇലഞ്ഞിക്കൽ ജോൺ ജേക്കബും, ചാക്കോ സൂപ്രണ്ടും ഉൾപ്പെടെ തറവാടികളായ നസ്രാണി പുരുഷ കേസരികളായിരുന്നു. പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവായുടേയും, പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവായുടേയും ഭരണ കാലത്തും ദേവലോകത്ത് സ്വാധീനമുള്ള വ്യക്തികളായി പൊതുസമൂഹത്തിൽ ബഹുമാനിക്കപ്പെട്ടിരുന്ന ശ്രീ കെ എം ചെറിയാൻ്റെയും, ശ്രീ സി എം സ്റ്റീഫൻ്റെയും, ശ്രീ. കെ എം മാത്യുവിൻ്റെയും, ശ്രീ പി.സി അലക്സാണ്ടറിൻ്റെയും, ശ്രീ ആർ ബാലകൃഷ്‌ണപിള്ളയുടെയും ഒക്കെ പേരുകൾ കേട്ടിരുന്നു. പക്ഷേ ഇന്നത്തെ നേതൃത്യത്തെ ചുറ്റിപറ്റി ഉപദേശകരായും, സംരക്ഷകരായും സ്വയം വേഷം കെട്ടി നടക്കുകയും, പരിശുദ്ധ സഭയെയും അതിൻ്റെ പിതാവിനെയും സംരക്ഷിക്കാൻ എന്ന വ്യാജേന സൈബർ കുറ്റകൃത്യങ്ങളും, ഭീഷണികളും, ബ്ലാക്ക് മെയ്‌ലിംഗും, വ്യകതിഹത്യകളുമായി നടക്കുന്ന ഈ സംഘത്തെ എന്തിനോട് ഉപമിക്കണം എന്നത് വായനക്കാർക്കു വിടുന്നു. പരിശുദ്ധ സഭയോടും, പരിശുദ്ധ ബാവ തിരുമേനിയോടും അതീവ സ്നേഹവും, ആദരവുമുണ്ടായിരുന്ന എത്രയധികം നിസ്വാർത്ഥരായ അൽമായ വ്യക്തിത്വങ്ങളെ കഴിഞ്ഞ വർഷങ്ങളിൽ തെറ്റിദ്ധരിപ്പിച്ച് സഭയുടെ നേതൃത്വത്തിൽ നിന്നും ഇവർ അകറ്റിയെന്നത് ഒരു വേദനാജനകമായ സത്യമാണ്. “കൂടെ നടക്കുന്നവർക്ക് കൊണ്ടു നടക്കുന്നവരുടെ വിലയറിഞ്ഞില്ലെങ്കിലും, കൊണ്ടു നടക്കുന്നവർക്ക് കൂടെ നടക്കുന്നവരുടെ വിലയും നിലയുമറിയണം”, അതില്ലാത്തതാണ് ഇന്ന് മലങ്കര സഭയുടെ നാണക്കേട് എന്ന് അർത്ഥശങ്കയില്ലാതെ പറയേണ്ടി വരുന്നതിൽ ഞങ്ങൾക്ക് അതീവ വ്യസനമുണ്ട്. തിരുത്തുവാനും തിരുത്തലുകൾ ആവശ്യപ്പെടാനും ഇനിയും സമയമുണ്ട്, ദയവായി മടിക്കരുത്.

‘ഇത്തിൾ’ എന്നത് ഒരു ചെടിയാണ്, മറ്റു മരങ്ങളുടെ ആശ്രയത്തിൽ മാത്രം ജീവിക്കുന്ന ഒരു സസ്യം. തനിക്ക് ജീവിക്കാനായി വൃക്ഷത്തിൻ്റെ ജീവൻ ഊറ്റിയെടുക്കുന്നതിനാൽ കാലക്രമത്തിൽ ആ മരം പിഴുതു വീഴും. തുടർന്ന് ആ ഇത്തിളിൻ്റെ കൂട്ടം മറ്റൊരു മരത്തിൽ അള്ളിപിടിക്കുന്നത് കാണാം. മുന്നമേൽ മാറ്റപ്പെടേണ്ടത് മുറിച്ചുമാറ്റിയില്ലെങ്കിൽ ഒരു സമൂഹത്തെ തന്നെ അതു ഇല്ലാതാക്കിയെന്നു വരും. തലമുറകൾക്ക് സത്യവിശ്വാസം പകർന്നു നൽകുന്ന, എന്നും നില നിൽക്കുന്ന പരിശുദ്ധ സഭയിലാകണം നമ്മുടെ നോട്ടം, അതിൻ്റെ നിലനിൽപ്പിനും, കെട്ടുറപ്പിനും വേണ്ടിയാകണം നമ്മൾ ഒരുമിച്ച് പ്രയത്നിക്കേണ്ടത്.

മലങ്കര സഭ 1934 ഭരണഘടനയുടെയും, ബഹു സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തിൽ വിധി നടത്തിപ്പിലൂടെ ഒരു ശാശ്വത സമാധാനത്തിലേക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ നീങ്ങുമ്പോൾ ആവശേത്തോടെയും, ആഹ്ളാദത്തോടെയും, അഭിമാനത്തോടെയും ദൈവത്തിനു സ്തുതിയും, കാതോലിക്കേറ്റിന് ജയ് വിളിയും മുഴുക്കേണ്ടേ ആയിരക്കണക്കിന് വിശ്വാസ സംരക്ഷകരുടെ നെഞ്ചിലെ നീറ്റലായി, ഒരു നാണക്കേടായി ഇത്തരം ഇത്തിൾ കണ്ണികൾ ഉണ്ടാകാൻ അനുവദിക്കരുത് എന്ന് ഏവരോടും വിനീതമായ അഭ്യർത്ഥിക്കുന്നു.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ.