OVS - ArticlesOVS - Latest News

ആരാധനാ പരിഭാഷയിലെ അവൈദീക സാന്നിദ്ധ്യം

ലോകമെമ്പാടുമുള്ള ഓര്‍ത്തഡോക്‌സ് സഭകളില്‍ വി. വേദപുസ്തകവും ആരാധനാ ക്രമങ്ങളും സ്വഭാഷയിലേയ്ക്കു പരിഭാഷപ്പെടുത്തുക എന്നത് പുരാതനകാലം മുതലേ ഉള്ള പതിവാണ്. അര്‍മ്മീനിയാ പോലുള്ള രാജ്യങ്ങളില്‍ അക്ഷരമാല ഉണ്ടാക്കിയത് പോലും ആ സഭയുടെ സ്ഥാപകനായ പ്രബോധകനായ വി. ഗ്രിഗറി (Gregory the Illuminator) -യാണ്. ഇതരസഭാ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ പലരും തെറ്റിദ്ധരിക്കുന്നതുപോലെ മേല്പട്ടക്കാരുടെയും ആശ്രമവാസികളായ സന്യാസിമാരുടെയും മാത്രം സംഭാവനകളല്ല മലങ്കര സഭയുടെ ആരാധനാക്രമങ്ങള്‍. അവരില്‍ കത്തനാരുമാരും അവൈദീകരുണ്ട്. കാലപ്രവാഹത്തില്‍ അവരില്‍ പലരും വിസ്മൃതിയിലാണ്ടു. പലരും ബോലരേയും തമസ്‌ക്കരിച്ചു. പലരുടേയും സംഭാവനകള്‍ മറ്റുചിലര്‍ക്ക് ചാര്‍ത്തി നല്‍കാന്‍ ശ്രമം നടക്കുന്നു. മലയാളത്തിലേയ്ക്കുള്ള പ്രധാന പരിഭാഷകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയാണ് ഈ കുറിപ്പ്.

1809-ല്‍ അന്ത്യോഖ്യന്‍ സഭയുടെ പാശ്ചാത്യ സുറിയാനി ക്രമം മലങ്കര സഭ ഔദ്യോഗികമായി അംഗീകരിച്ചു. അതിനുമുമ്പു 1806-ല്‍ത്തന്നെ നാലു സുവിശേഷങ്ങളുടെ പരിഭാഷ പൂര്‍ത്തിയായിരുന്നു. അച്ചടിച്ചു തരാമെന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ്റെ വാഗ്ദാന പ്രകാരം അന്നത്തെ സഭാദ്ധ്യക്ഷനായ വലിയ മാര്‍ ദീവന്നാസ്യോസിൻ്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ ഏറ്റവും മികച്ച പണ്ഡിതനായ കായംകുളം പീലിപ്പോസ് റമ്പാനാണ് പരിഭാഷ നിര്‍വഹിച്ചത്.

1807 കുംഭം 18-നാണ് കണ്ടനാട്ട് പള്ളിയില്‍വെച്ച് പീലിപ്പോസ് റമ്പാന്‍ സുവിശേഷ പരിഭാഷ ആരംഭിച്ചത്. അങ്കമാലി ചക്കരയകത്തൂട്ട് ഇട്ടൂപ്പ് കത്തനാര്‍, മാവേലിക്കര വെല്യപെരുമ്പിഴ കൊച്ചിട്ടി തരകന്‍ എന്നിവരായിരുന്നു സഹായികള്‍. ബുക്കാനന്‍ ശമ്പളം കൊടുത്തയച്ച തിമ്മപ്പന്‍ പിള്ളയ്ക്ക് പകര്‍ത്തി എഴുതുക എന്ന ജോലി മാത്രമാണ് നല്‍കിയത്. ഈ വിവരങ്ങള്‍ വ്യക്തമായി സമകാലികമായ നിരണം ഗ്രന്ഥവരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1811-ല്‍ ബോംബയിലെ കൂറിയര്‍ പ്രസില്‍ അച്ചടിച്ച നാലു സുവിശേഷങ്ങള്‍ കേരളത്തിലെത്തി.

1820-ല്‍ കോനാട്ട് അബ്രഹാം മല്‍പ്പാന്‍ ഒന്നാമന്‍ വി. കുര്‍ബാനക്രമവും നിത്യനമസ്‌ക്കാരങ്ങളും മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി. ഈ കൃതി ഇന്നും കൈയ്യെഴുത്തായിത്തന്നെ ശേഷിക്കുന്നു. എന്നാല്‍ 1850-കള്‍ മുതല്‍ വി. കര്‍ബാന ക്രമത്തിൻ്റെ വിവിധ പതിപ്പുകള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്.

ഗദ്യപദ്യങ്ങള്‍ ഇടകലര്‍ന്ന പാശ്ചാത്യ സുറിയാനി കുര്‍ബാനക്രമം യഥാതഥമായി മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്താന്‍ ആരംഭിച്ചത് പ. പരുമല തിരുമേനിയാണ്. കൃത്യാന്തര ബഹുലത കാരണം അദ്ദേഹം അത് അക്കാലത്തെ ഏറ്റവും പ്രഗത്ഭ പണ്ഡിതന്മാരും മലങ്കര മല്പാന്മാരുമായ വട്ടശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് മലങ്കര മെത്രാപ്പോലീത്താ), കോനാട്ട് മാത്തന്‍ കത്തനാര്‍ (പിന്നീട് കോര്‍എപ്പിസ്‌ക്കോപ്പ) എന്നിവരെ ഏല്പിച്ചു. 1902-ല്‍ പ്രസിദ്ധീകരിച്ച ക്യംതാ നമസ്‌ക്കാരവും കുര്‍ബാനക്രമവും ചേര്‍ന്ന ഈ കൃതിയുടെ വിജ്ഞാപനത്തില്‍ പരിഭാഷകര്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു.

‘…സാധാരണമായി നമ്മുടെ കര്‍ത്താവിൻ്റെ പുനരുത്ഥാനത്തിൻ്റെ ഓര്‍മ്മയെ കൊണ്ടാടുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ഞായറാഴ്ച ദിവസങ്ങള്‍ക്കു പൊതുവെ ഉപയോഗപ്പെടുത്തത്തക്കവണ്ണമുള്ള പല ഗാനങ്ങളും നമ്മുടെ പിതാവായ നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് സുറിയാനി മട്ടുകളില്‍ തന്നെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തുവച്ചിരുന്നത് അവിടുത്തെ കൃത്യന്തരബാഹുല്യം നിമിത്തം പൂര്‍ത്തിയാക്കുവാനോ പരിശോധിച്ചു നന്നാക്കുവാനോ ഇടയാകാതെ കിടന്നുപോകയാല്‍ ഞങ്ങളെ ഏല്‍പിക്കുകയും ഞങ്ങള്‍ രണ്ടാളും കൂടി ഈ ഗാനങ്ങളെ സുറിയാനി മൂലത്തോട് ഒത്തുനോക്കി പോരാത്തവയെ ചേര്‍ത്ത് കണ്ടത്തില്‍ ഈപ്പന്‍ ഗീവറുഗീസു അവര്‍കളുടെ സഹായത്താല്‍ സുറിയാനി വൃത്തങ്ങള്‍ക്കു ഭേദം കൂടാതെ ഉണ്ടാക്കി ശരിപ്പെടുത്തുകയും ഇടയ്ക്കിടയ്ക്കുള്ള മസുമുറാകള്‍, പ്രാര്‍ത്ഥനകള്‍ മുതലായവയെ ചേര്‍ത്തു ക്രമപ്പെടുത്തുകയും ചെയ്തിട്ടുള്ളതാകുന്നു ഈ ചെറിയ പുസ്തകം…’

പരിഭാഷകര്‍ മുഖവരയില്‍ സൂചിപ്പിക്കുന്നതുപോലെ അക്കാലത്തെ പ്രശസ്ത കവിയും മലയാള ഭാഷാ പ്രവീണനും മലയാള മനോരമ പത്രാധിപരുമായിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയാണ് ഇന്നും ഭേദഗതികളില്ലാതെ ഉപയഗത്തിലിരിക്കുന്ന രൂപഭദ്രതയുള്ള ഈ പ്രാര്‍ത്ഥനാ പുസ്തകത്തിലെ പദ്യഭാഗങ്ങള്‍ രചിച്ചത്. തൻ്റെ സുഹൃത്തും അറിയപ്പെടുന്ന ഗദ്യ-പദ്യ രചയിതാവും കോട്ടയം എം.ഡി. സെമിനാരി അദ്ധ്യാപകനും മലയാള മനോരമയുടെ കവിതാ പംക്തി കൈകാര്യം ചെയ്തിരുന്ന വ്യക്തിയുമായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സഹായവും വര്‍ഗീസ് മാപ്പിള ഇക്കാര്യത്തില്‍ തേടിയിരുന്നു.

മലങ്കരസഭയുടെ രണ്ടാം പരിഭാഷായുഗം ആരംഭിക്കുന്നത് 1944-ലാണ്. വകുപ്പടിസ്ഥാനത്തില്‍ വര്‍ക്കിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ അതില്‍ അംഗമായ വട്ടക്കുന്നേല്‍ വി. കെ. മാത്യുവിനെ പള്ളിക്കെട്ടിടങ്ങളും ആരാധനയും എന്ന വകുപ്പുകളുടെ ചുമതലയാണ് ഏല്‍പ്പിച്ചത്. പില്‍ക്കാലത്ത് കിഴക്കിൻ്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ആയി വളര്‍ന്ന അദ്ദേഹം ഇതേപ്പറ്റി തൻ്റെ ആത്മകഥയില്‍ ഇപ്രകാരം പറയുന്നു.

‘…പ. ബാവാ തിരുമനസ്സിലെ അനുമതിപ്രകാരം സഭാകവി വെണ്ണിക്കുളം സി. പി. ചാണ്ടിയുടെ സഹായത്തോടുകൂടി ഞാന്‍ ആ ദൗത്യം യഥോചിതം നിര്‍വഹിച്ചു. ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ബുധനാഴ്ച നമസ്‌കാരം, വി. കുര്‍ബ്ബാനയുടെ രണ്ടാം ഭാഗം, ദുഃഖവെള്ളിയാഴ്ച ഗീതങ്ങള്‍, ഹുത്തോമ്മ, കൂദാശക്രമങ്ങള്‍ എന്നിവ ഞാന്‍ അക്കാലത്ത് ഇപ്രകാരം രചിച്ചിട്ടുള്ള ആരാധനക്രമങ്ങളാണ്…’

ആത്മകഥയില്‍ പരിഭാഷയിലെ സ്വന്തം പങ്ക് അദ്ദേഹം വെളിപ്പടുത്തുന്നുണ്ടെങ്കിലും 1948 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഈ കൃതികളിലെല്ലാം തൻ്റെ പേര് പ്രസാധകന്‍ എന്നു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിവര്‍ത്തകന്‍ എന്ന സ്ഥാനം വെണ്ണിക്കുളം സി. പി. ചാണ്ടിക്കു നല്‍കി. എന്നാല്‍ സുറിയാനിയില്‍ നിന്നും പരിഭാഷപ്പെടുത്തിയത് പ. വട്ടക്കുന്നേല്‍ ബാവാ ആണെന്നും താന്‍ ആ ഗദ്യ പരിഭാഷ ഉപയോഗിച്ച് പദ്യ രചന നടത്തുകയും സാഹിത്യഭംഗി വരുത്തുകയും മാത്രമാണ് ചെയ്തതെന്നു സഭാകവി സി. പി. ചാണ്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പ. വട്ടക്കുന്നേല്‍ ബാവായെ കൂടാതെ പ. ഔഗേന്‍ പ്രഥമന്‍ ബാവാ, മലങ്കര മല്പാന്‍ കോനാട്ട് അബ്രഹാം മല്പാന്‍ രണ്ടാമന്‍, യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ എന്നിവരുടെ രചനകള്‍ക്കും കാവ്യങ്ങള്‍ രചിച്ചതും ഭാഷാ ശുദ്ധി വരുത്തിയതും സഭാകവി സി. പി. ചാണ്ടിയാണ്.

സി. പി. ചാണ്ടിയുടെ പ്രതിഭ ആരാധനാഗീത രചനയ്ക്ക് ആദ്യം ഉപയോഗിച്ചതും അദ്ദേഹത്തെ പ. വട്ടക്കുന്നേല്‍ ബാവായ്ക്ക് പരിചയപ്പെടുത്തിയതും പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാനാണ്. പാത്താമുട്ടം റമ്പാച്ചൻ്റെ പ്രാര്‍ത്ഥനയോഗമിത്രം, എട്ടു നോമ്പില്‍, മാര്‍ തോമ്മാ ശ്ലീഹാ എന്നീ കൃതികളില്‍ ‘…ഈ പുസ്തകത്തിലെ ഗീതകങ്ങളുടെ രചയിതാവ് ശ്രീ. സി. പി. ചാണ്ടി ആകുന്നു…’  എന്ന രീതിയില്‍ അനുസ്മരിച്ചിട്ടുണ്ട്.

പ. വട്ടക്കുന്നേല്‍ ബാവാ വി. കുര്‍ബാനക്രമത്തിൻ്റെ രണ്ടാം ഭാഗവും സ്ലീബാ നമസ്‌ക്കാരം എന്നു പൊതുവേ അറിയപ്പെടുന്ന ബുധനാഴ്ച നമസ്‌ക്കാരവും പരിഭാഷപ്പെടുത്തി 1902-ലെ വി. കുര്‍ബാനക്രമം, ക്യംതാ നമസ്‌ക്കാരം എന്നിവയുമായി കൂട്ടിച്ചേര്‍ത്താണ് 1960-ല്‍ പ്രസിദ്ധീകരിച്ചത്. ആ പതിപ്പില്‍ പരിഭാഷകരുടെ പേരോ മുഖവരയോ പ്രസ്താവനയോ ഒന്നുമില്ല. അദ്ദേഹം സ്വന്തം പേരോ സ്വന്ത സംഭാവനകളോ പരസ്യപ്പെടുത്തുന്നതില്‍ എക്കാലത്തും വിമുഖനായിരുന്നു എന്നതായിരിക്കാം അതിനു കാരണം. അദ്ദേഹം തൻ്റെ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പവകാശം സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വകുപ്പിന് കൈമാറുന്നതുവരെ നിയമപരമായ ആവശ്യത്തിന് പ്രസാധകന്‍ എന്ന നിലയില്‍ മാത്രം തൻ്റെ പേര് വെച്ചിരുന്നു. ആ പതിവാണ് ഇന്നും എം.ഒ. സി. പബ്‌ളിക്കേഷന്‍സ് പിന്തുടരുന്നത്. അതേ സമയം പാമ്പാക്കുട മാര്‍ യൂലിയോസ് പ്രസ് പരിഭാഷകരുടെ പേര് ഉപയോഗിച്ചിരുന്നു.

2018-ല്‍ ശ്രേഷ്ടാനുമതിയോടെ എം.ഒ.സി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പെരുന്നാളുകള്‍ക്കുള്ള പ്രുമിയോന്‍ -സെദറ – ഹൂത്തോമാ പുസ്തകത്തിൻ്റെ നിര്‍മ്മിതിയില്‍ മുപ്പതോളം പേര്‍ രചനാ പങ്കാളികള്‍ ആയിട്ടുണ്ട്. അവരില്‍ ഈ ലേഖകനടക്കം മേല്പട്ടക്കാര്‍, പട്ടക്കാര്‍, അവൈദീകര്‍ എന്നിവര്‍ ഉള്‍പ്പെടെ 90 വയസുള്ളവര്‍ മുതല്‍ 16 വയസുള്ളവര്‍ വരെ ഉള്‍പ്പെടുന്നു. എങ്കിലും അവരുടെ പേര് കീഴ്‌വഴക്കമനുസരിച്ച് രേഖപ്പെടുത്തിയിട്ടില്ല.

കാലക്രമത്തില്‍ ഇവരുടെയെല്ലാം പേരുകള്‍ വിസ്മൃതിയില്‍ ആണ്ടുപോകും. അതിനൊരു ശാശ്വത രേഖ ഉണ്ടാകേണ്ടത് അത്യന്താപേഷിതമാണ്. കാരണം പല സഭകളിലും വേദപുസ്തകത്തിൻ്റെയും ആരാധനാ സാഹിത്യത്തിൻ്റെയും ആദ്യ പരിഭാഷകരെ പരിശുദ്ധന്മാരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലങ്കരയിലാകട്ടെ ആദ്യ സുവിശേഷ പരിഭാഷകനായ കായംകുളം പീലിപ്പോസ് റമ്പാനും, ആരാധനാ സാഹിത്യത്തില്‍ ബഹുഭൂരിപക്ഷത്തിൻ്റെയും പദ്യ പരിഭാഷകനായ സഭാകവി സി. പി. ചാണ്ടിയും സഭാപഞ്ചാംഗത്തില്‍പ്പോലും ഇടംപിടിച്ചിട്ടില്ല!

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 5 സെപ്റ്റംബര്‍ 2020)