ബഹു. ജസ്റ്റീസ് കെമാൽ പാഷ അവർകൾക്ക് – ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്

ബഹു. ജസ്റ്റീസ് കെമാൽ പാഷ അവർകൾക്ക്,
സർ,
2020 ജനുവരിയിൽ അങ്ങ് കോതമംഗലം ചെറിയപള്ളിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഞാൻ അങ്ങേയ്ക്ക് ഒരു കത്ത് അയച്ചിരുന്നു. എന്നാൽ കത്തുകിട്ടി എന്നൊരു മറുപടിപോലും അങ്ങ്‌ നൽകിയില്ല. ഒരു പക്ഷെ അങ്ങയുടെ കാഴ്ചപ്പാടിൽ അത്തരം കത്തുകൾക്കൊന്നും യാതൊരു പ്രസക്തിയും ഇല്ലായിരിക്കാം. ആ കത്ത് താങ്കൾ വായിക്കയെങ്കിലും ചെയ്തു എന്നു വിചാരിക്കുന്നു. സത്യസന്ധമായ ഒരു പ്രതികരണം തരുവാൻ സാധിക്കില്ല എന്നതുകൊണ്ടാകാം അങ്ങ് മറുപടി അയയ്ക്കാതിരുന്നത് എന്ന് ഞങ്ങൾ കരുതുന്നു. അങ്ങ് ഹൈക്കോടതി ജഡ്ജി ആയിരുന്നത്രയും കാലം നീതിയുംനിയമവും സത്യവും നടപ്പാക്കിയിരുന്ന ഒരു ന്യായാധിപനായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. പക്ഷെ പദവിയിൽ നിന്നും വിരമിച്ചപ്പോൾ യോഗ്യമല്ലാത്ത രീതിയിൽ പ്രസ്താവനകൾ അങ്ങ് നടത്തുന്നു എന്നറിയുന്നതിൽ ഖേദമുണ്ട്. സഭാതർക്കം സംബന്ധിച്ച് അടുത്തയിടെ അങ്ങ് പുറത്തുവിട്ട വീഡിയോയിലെ ചില അസത്യങ്ങളും തെറ്റിദ്ധാരണകളും ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്.

   2017 ലെ സുപ്രീംകോടതി വിധി മാനിക്കാൻ അങ്ങ് നിർബന്ധിതനായതിനാൽ മാനിക്കുന്നു എന്നു പറയുന്നു. പിന്നീട് കോടതിയെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ വിധിയാണെന്ന് അങ്ങ് തന്നെ പറയുന്നു. കൊച്ചുകുട്ടികൾ കളികളിൽ ഏർപ്പെടുമ്പോൾ തോറ്റുകഴിഞ്ഞാൽ എതിരാളിയിൽ വെറുതേ കള്ളക്കളി ആരോപിക്കുകയും, കള്ളക്കളി എടുത്താണ് തോൽപ്പിച്ചത് എന്നു പറയുകയും ചെയ്യാറുണ്ട്. അതുപോലുള്ള കുട്ടികളുടെ അവസ്ഥയിലേക്ക് അങ്ങ് അധപ്പതിച്ചുപോയതിൽ ദുഖിക്കുന്നു. അങ്ങ് ഉൾപ്പെടെ മുപ്പതോളം ന്യായാധിപന്മാർ വിവിധ കാലങ്ങളിൽ വിവിധ നിലകളിലുള്ള കോടതികളിൽ കേട്ടിട്ടുള്ള കേസാണ് ഇത്. സുപ്രീംകോടതിയിലെ തന്നെ 1958 ൽ, 5 ജഡ്ജിമാർ, 1995ൽ മൂന്നുപേർ 2017 ൽ 2 പേർ, കൂടാതെ അനുബന്ധകേസുകളിൽ അനേകം സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജിമാർ, കീഴ്‌ക്കോടതി ജഡ്ജിമാർ എല്ലാം കേട്ട് ഒരേ ദിശയിൽ 1934 ലെ ഭരണഘടനപ്രകാരം മലങ്കരസഭയിലെ പള്ളികൾ ഭരിക്കപ്പെടണം എന്ന് വിധി എഴുതി. എന്നിട്ടും കോടതിയെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ ഒരു വിധി എന്നു പറഞ്ഞാൽ അങ്ങ് ഉൾപ്പെടുന്ന ന്യായാധിപന്മാരുടെ സംഘം മുഴുവനും തെറ്റിദ്ധരിപ്പിക്കപ്പെടാൻ കാത്തിരിക്കുന്ന “പൊട്ടന്മാരാണ്” (ആ വാക്ക് ഉപയോഗിക്കുന്നതിൽ ക്ഷമിക്കണം) എന്നാണോ അങ്ങ് അർത്ഥമാക്കുന്നത്.

     1934 ലെ ഭരണഘടന ആരും കണ്ടിട്ടില്ല എന്നു താങ്കൾ പറയുന്നത് നുണയല്ലേ. ആരും കാണാത്ത ഒരു സാധനം മൂല്യവത്താണ് എന്ന് ഏതെങ്കിലും കോടതി വിധിക്കുമോ. 1995 ൽ ഈ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി പറഞ്ഞത് രേഖകാണാതെയാണോ? ഭേദഗതി നിർദ്ദേശങ്ങൾ ചൊദിച്ച് കോടതിതന്നെ നടപ്പാക്കിയത് രേഖ കാണാതെയായിരുന്നോ? 1967 ൽ ഇരുവിഭഗവും ഒരുമിച്ചു നിന്ന കാലത്ത് ഭരണഘടന ഇരുവരും ചേർന്ന് ഭേദഗതി ചെയ്തപ്പോഴും പാത്രിയർക്കീസ് വിഭാഗം അത് കണ്ടില്ലായിരുന്നോ? 1934 ൽ നിലവിൽ വരുകയും, നിരവധി പ്രാവശ്യം കേസുകൾക്കായി വിവിധ കോടതികളിൽ ഹാജരാക്കപ്പെടുകയും, അനുകൂല വിധി സമ്പാദിക്കയും, നിരവധിതവണ ഭേദഗതി ചെയ്യപ്പെടുകയും ചെയ്ത ഭരണഘടനയുടെ ഒറിജിനൽ എവിടെ എന്നു ചോദിക്കുന്നതിൽ ഒരു പ്രസക്തിയുമില്ല എന്നു മനസിലാക്കിയതുകൊണ്ടല്ലേ ആ വാദത്തിന് കോടതികൾ യാതൊരു പ്രസക്തിയും നൽകാത്തത്?

സിവിൽ വ്യവഹാരത്തിൽ വിധിനടത്തിപ്പ് നടപടിയിൽ കൂടി കടന്നുപോകണം എന്ന് അങ്ങ് പറയുന്നുണ്ട്. ഓർഡർ 21 CPC യേക്കുറിച്ചും പറയുന്നു. വിധിനടത്തിപ്പിന് പ്രത്യേകം കോടതികൾ ഉണ്ട് എന്നും അവയിൽക്കൂടി കാര്യം സാധിച്ചെടുക്കണം എന്നും, അതിന്റെ നൂലാമാലകളും കാലതാമസവും എല്ലാം അങ്ങ് വിവരിക്കുന്നുണ്ട്. സതിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം പാത്രിയർക്കീസ് വിഭാഗം കോടതിയിൽ ഉന്നയിച്ചതാണല്ലോ. കോടതി അതിന്മേൽ വാദം കേട്ടശേഷം നിയമമറിയാവുന്ന ജഡ്ജിമാർ പറഞ്ഞു ഈ കേസിൽ വിധി നടത്തിപ്പിന്റെ ആവശ്യമില്ല. ഇവിടെ വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറേണ്ട ആവശ്യമില്ല. ഭരണക്രമം ഏതാണ് എന്നു നിശ്ചയിച്ചാൽ മാത്രം മതി. അതിന് വിധി നടത്തിപ്പ് പ്രക്രിയയുടെ ആവശ്യമില്ല. മുളന്തുരുത്തി, ചാലിശേരി, പള്ളികളുടെ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു: ഈ കേസിൽ വിധി നടത്തിപ്പ് പ്രക്രിയയുടെ ആവശ്യമില്ല എന്നും, വിധിനടത്തിപ്പിന് ബലപ്രയോഗം വേണ്ടിവന്നാൽ അതിന് പോലീസ് ഇടപെടേണ്ടതിന് ഉത്തരവുകൾ നൽകാൻ വിധിനടത്തിപ്പ് കോടതിക്ക് അധികാരം ഇല്ല എന്നും, അത് ചെയ്യേണ്ടത് ഹൈക്കോടതി ആണ് എന്നും. ഒരു പക്ഷെ അങ്ങയുടെ നിയമ ജ്ഞാനം സുപ്രീംകോടതി ജഡ്ജിമാരുടേതിലും ഉയരത്തിലായതുകൊണ്ടാവാം അങ്ങ് ഒരു പക്ഷം പിടിച്ച് സംസാരിക്കുന്നത് എന്നു കരുതിപ്പോകുന്നു. ഇക്കാര്യത്തിൽ പോലീസിന് വിധി നടത്തിക്കൊടുക്കാനുള്ള അധികാരമില്ല എങ്കിൽ പിന്നെ കേരളഹൈക്കോടതി ഒന്നിലധികം പ്രാവശ്യം എന്തിനാണ് പോലീസ് സംരക്ഷണം അനുവദിച്ചത്. കാലതാമസം കോടതി വ്യവഹാരങ്ങളിൽ ഉള്ളതാണെന്ന് പറയുമ്പോൾ അങ്ങു മറന്നുപോകുന്നു 45 വർഷത്തിൽ അധികമായി കേസ് നടത്തുന്നു. സുപ്രീംകോടതി വിധി വന്നിട്ട് 3 വർഷം കഴിഞ്ഞു. കോടതി പറഞ്ഞിരുന്നു എങ്കിൽ വീണ്ടും ഞങ്ങൾ കാത്തിരിക്കുമായിരുന്നു. പക്ഷെ കോടതി പറഞ്ഞു ഈ കേസിൽ വിധി നടത്തിപ്പ് നടപടി ആവശ്യമില്ല. പിന്നെന്തിന് ഞങ്ങൾ അനാവശ്യമായി കഷ്ടപ്പെടണം?

20 കുടുംബങ്ങൾക്കുവേണ്ടി 2000 കുടുംബങ്ങളുടെ അവകാശം ഹനിക്കുന്നു എന്ന ആരോപണം അങ്ങ് ഉന്നയിക്കുന്നു. അങ്ങ് കേട്ട കേസുകളിൽ മുഴുവനും ഭൂരിപക്ഷം ന്യൂനപക്ഷം നോക്കിയാണോ വിധി പറഞ്ഞത്. ഇൻഡ്യൻ ട്രസ്റ്റ ആക്ട് എന്താണെന്ന് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. എന്റെ കഴിഞ്ഞ കത്തിൽ ആ വിഷയങ്ങളെല്ലാം ഞാൻ വിശദമായി പ്രതിപാദിച്ചതാണ് വീണ്ടും ആവർത്തിക്കുന്നില്ല. സിവിൽ തർക്കത്തിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും പ്രശ്‌നമാണോ? നിയമം നടപ്പാക്കുമ്പോൾ നീതി മരിക്കുന്നു എന്നുപറഞ്ഞാൽ ഇൻഡ്യൻ നിയമങ്ങൾ നീതിയുക്തമല്ല എന്നല്ലേ അതിന്നർത്ഥം. എതിരായി വിധി വരുന്നത് ദൈവങ്ങൾ കണ്ണടച്ചിരിക്കുന്നതുകൊണ്ടാണ് എന്ന് അങ്ങു പറയുന്നതും അവസരത്തിനൊത്തുള്ള ഒരു വാദം എന്നല്ലേയുള്ളു. 45 വർഷങ്ങളായിട്ട് ഞങ്ങൾക്കു നിഷേധിക്കപ്പെട്ടിരുന്ന നീതിയെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത്. മുളന്തുരുത്തി പള്ളിയിൽ 4 ആഴ്ചകൾ കഴിഞ്ഞ് ഒരാഴ്ച ആരാധനയ്ക്കായി വരുമ്പോൾ ഞങ്ങൾക്ക് കറന്റ് പോലും തരാതെ ഞങ്ങളെ പീഡിപ്പിച്ചതിനെക്കുറിച്ച് എന്താണ് അങ്ങ് ഒന്നും പറയാത്തത്. ദൈവം ശരിയായി കണ്ണുതുറന്ന് ഓർത്തഡോക്‌സ്കാരൻ അനുഭവിക്കേണ്ടിവന്ന പീഡകൾ കണ്ടതുകൊണ്ടാണ് കോടതിവിധികൾ ഇപ്രാരം ലഭിക്കുന്നത്.

വിധി അനുകൂലമായി ലഭിച്ചു എങ്കിലും, നടത്തിയെടുക്കുന്നത് injustice എന്നു മനസിലാക്കി പള്ളികളും സ്ഥാപനങ്ങളും സ്വമേധയാ വിട്ടുകൊടുക്കേണ്ടതാണ് എന്ന് താങ്കൾ പറയുന്നു. 1958 ൽ ഇരുവിഭാഗവും സമാധാന കരാറുണ്ടാക്കി, ഞങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന കോടതിച്ചിലവ് വേണ്ടെന്നു വച്ചു. പക്ഷെ കൃത്യം 12 വർഷം കഴിഞ്ഞപ്പോൾ ആ സമാധാന ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ചവരോട് ആണോ ഇനിയും ഞങ്ങൾ ഹൃദയ വിശാലത കാണിക്കേണ്ടത്? കരാറിൽ നിന്ന് പിന്മാറിയപ്പോൾ ആ കോടതിച്ചിലവ് എങ്കിലും തരേണ്ടതായിരുന്നു. സർ, വിധി ഞങ്ങൾക്ക് അനുകൂലമാണെന്നോ, ഞങ്ങൾ കേസ് ജയിച്ചു എന്നോ മറുഭാഗം എന്നെങ്കിലും സതിച്ചിട്ടുണ്ടോ? ഞങ്ങൾ പണവും സ്വാധീനവും ഉപയോഗിച്ചു വിധി സമ്പാദിച്ചു എന്നല്ലേ അവരുടെ സഭാതലവൻ ഉൾപ്പെടെയുള്ളവർ പറയുന്നത്. ഓർത്തഡോക്‌സ്‌കാർ പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം കൊടുത്തു എന്നും അതിൽ ദുരൂഹതയുണ്ട് എന്നും പരസ്യമായി അവർ പ്രസംഗിച്ചില്ലേ. കോടികൾ കൊടുത്താണ് വിധി സമ്പാദിച്ചത് എന്ന് റ്റി. വി. ചാനലിനോട് പരസ്യമായി പറഞ്ഞില്ലേ. ഇപ്പോഴും മുളന്തുരുത്തി പള്ളിയുടെ വിധി സ്വാധീനത്തിൽ സമ്പാദിക്കാൻ ഞങ്ങൾ ശ്രമിച്ചു എന്ന രീതിയിൽ അസത്യ പ്രചാരണം മുളന്തുരുത്തി പ്രദേശത്ത് വ്യാപകമായി അവർ നടത്തുകയാണ്. ക്രിസ്തീയത തൊട്ടുതീണ്ടാത്തവർ ക്രിസ്തീയത പ്രസംഗിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. അതുപോലെതന്നെ കേരളത്തിലെ ഇതരസഭകൾ എല്ലാവരും അവരുടെ ചരിത്രത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തിൽ കേസ് പറഞ്ഞിട്ടുള്ളവരും വിധി നടപ്പാക്കി എടുത്തിട്ടുള്ളവരും ആണ്. എന്നിട്ടും ഞങ്ങളോട് ഇത് ക്രിസ്തീയമല്ല എന്നു പറയുന്നത് എന്തൊരു വിരോധാഭാസമാണ്.

അനുരഞ്ജനത്തെക്കുറിച്ച് താങ്കൾ പറയുന്നു. അത് കഴിഞ്ഞ കത്തിൽ ഞാൻ പറഞ്ഞു കഴിഞ്ഞതാണ്. വീണ്ടും ആവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമാധാനപരമായി പോകുവാൻ എത്രയോശ്രമങ്ങൾ നടത്തിയിട്ടും സാധിക്കാതെ വന്നപ്പോഴാണല്ലോ കേസ് ആരംഭിച്ചത്. പല കേസുകളും അവരാണ് ആരംഭിച്ചത് എന്ന സത്യം താങ്കൾക്കറിയാമോ?ഭൂരിപക്ഷത്തെ കാൽക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കരുത് എന്ന് അങ്ങ് പറയുന്നു. സർ ഇവിടെ ആര് ആരെയാണ് കാൽക്കീഴാക്കാൻ നോക്കുന്നത്. We will stand together and worship together and administer the properties of our church together എന്നാണ് ഓർത്തഡോക്‌സ് സഭ പറഞ്ഞിട്ടുള്ളത്. അങ്ങിനെ ചെയ്താൽ അവരുടെ കുറേ മെത്രാന്മാരുടെയും വൈദികരുടെയും പണിപോകുമോ എന്ന ഭീതിയിൽ അവർ ഉണ്ടാക്കുന്ന കലഹമല്ലേ ഈ സഭയിലെ പ്രശ്‌നങ്ങൾ. യഹോവയുടെ ഭവനമായ പള്ളികൾ പിടിച്ചെടുത്ത് അവിടെ നിന്ന് പ്രാർത്ഥിച്ചാൽ പ്രയോജനമുണ്ടാവില്ല എന്ന് പറഞ്ഞത് ശരി. ഞങ്ങളുടെ കണ്ണുനീർ അങ്ങ് കണ്ടിട്ടില്ല. ഞങ്ങൾ രഹസ്യമായി കരഞ്ഞിട്ടേയുള്ളു. ഞങ്ങളുടെ കണ്ണുനീർ ദൈവം കാണുവാനേ ഞങ്ങൾ ആഗ്രഹിച്ചുള്ളു. അത് ദൈവം കണ്ടതിന്റെ ഫലമാണ് ഈ കോടതിവിധികൾ. തേൻ ശേഖരിക്കുന്ന തേനീച്ചകളിൽ നിന്നും അത് മോഷ്ടിക്കുന്ന മനുഷ്യരെക്കുറിച്ച് പറഞ്ഞുവല്ലോ. 1973 മുതൽ ഞങ്ങളുടെ പള്ളികൾ കൈയേറി സകല സമ്പത്തും കൊള്ളയടിച്ച പാത്രിയർക്കീസ് വിഭാഗത്തെക്കുറിച്ച് അങ്ങയെ ആരും ബോധ്യപ്പെടുത്തിക്കാണില്ല. ഇപ്പോൾ വിധി നടപ്പാകുമ്പോഴും, പള്ളികളിൽ നിന്ന് സകല സ്വത്തും മോഷ്ടിക്കുന്നത് ആരാണ് എന്ന് അന്വേഷിക്കണം. വിധി നടപ്പായി എന്നു പത്രത്തിൽ കാണും. പക്ഷെ പള്ളിയെന്നു പേരു പറയാൻ ഒരു ഹാൾ മാത്രം അവശേഷിപ്പിച്ചിട്ടാണ് അവർ പോകുന്നത്. പള്ളിയുടെ വാതിലും ജനലും വരെ അവർ മോഷ്ടിക്കുകയാണ്. ഇതുപോലുള്ള കുത്സിത പ്രവൃത്തനങ്ങൾ തുടർന്നാൽ ദൈവം ഇനിയും അവർക്ക് ഇതിലും വലിയ ശിക്ഷയാവും കരുതി വച്ചിരിക്കുന്നത്. വിട്ടുവീഴ്ചകൾ ചെയ്തപ്പോഴെല്ലാം ഞങ്ങൾക്ക് കൂടൂതൽ വേദനയും നഷ്ടവും ഭീഷണിയുമാണ് പ്രതിഫലമായി ലഭിച്ചിട്ടുള്ളത്.

തങ്ങളെ ആശയപരമായോ നേരിടുന്നവരെയെല്ലാം അക്രമത്തിലൂടെ കീഴടക്കുന്ന സ്വഭാവമാണ് പാത്രിയർക്കീസ് വിഭഗം എന്നും കാട്ടിയിട്ടുള്ളത്. ചുരുങ്ങിയത് ഈ അക്രമം എങ്കിലും അവസാനിപ്പിക്കുവാൻ ആഹ്വാനം ചെയ്യണം എന്ന അപേക്ഷയോടെ ചുരുക്കുന്നു. ആരെങ്കിലും പറഞ്ഞുതരുന്ന സത്യവിരുദ്ധമായ വസ്തുതകൾ പ്രസ്താവിക്കാതെ, സത്യം മനസിലാക്കാനുള്ള ഉൾക്കണ്ണുകൾ ദൈവം അങ്ങേയ്ക്ക് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്

error: Thank you for visiting : www.ovsonline.in