ശാസ്ത്രം – ദൈവ വിശ്വാസം: Part – 5

തിരുവെഴുത്തുകളും ദിനോസറുകളും copyright@ovsonline.in

ജുറാസിക് പാർക്ക് എന്ന ഹോളിവുഡ് സിനിമക്ക് ശേഷം കുട്ടികൾ മുതൽ മുതിര്‍ന്നവര്‍ക്ക് വരെ ദിനോസറുകളെ കുറിച്ച്‌ അറിയാൻ താല്പര്യം ഉണ്ടായി. ദിനോസറുകൾ എന്ന ജീവികൾ ഈ ലോകത്ത് വർഷങ്ങൾക്ക്  മുൻപ് ജീവിച്ചിരുന്നു എന്ന് അവയുടെ അസ്ഥിപഞ്ജരങ്ങൾ ലഭിച്ചതില്‍ നിന്നുമാണ് ലോകം മനസ്സിലാക്കിയത്. സൃഷ്ടിയുടെ ആറാം ദിവസം “ഭൂമിയിലെ മൃഗങ്ങളെയൊക്കെയും” ദൈവം സൃഷ്ടിച്ച അതേ ദിവസം തന്നെയാണ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം കല്പിച്ചതും മനുഷ്യ സൃഷ്ടി നടത്തിയതും (ഉല്പത്തി 1: 24 – 27). എന്നാൽ മനുഷ്യൻ ഭൂമിയില്‍ രംഗപ്രവേശം ചെയ്യുന്നതിന് ആറര കോടി വർഷങ്ങൾക്ക് മുൻപ് തന്നെ ദിനോസറുകൾ നാമാവശേഷമായി എന്ന പ്രസ്താവനകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഈ ആശയം, അദ്ധ്യാപകരും, പുസ്തകങ്ങളും, ശാസ്ത്രീയ വാരികകളും, റേഡിയോ, ടെലിവിഷൻ പരിപാടികളും എന്തിനധികം കുട്ടികളുടെ കഥാ പുസ്തകങ്ങൾ പോലും അതീവവ്യഗ്രതയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു! ഇതാണ് യാഥാർത്ഥ്യം എന്നും, ശാസ്ത്രജ്ഞന്മാർ പോലും ഇത് അംഗീകരിച്ചിരിക്കയാണ്  അവർ നമ്മോട് പറയുന്നു. വലിയ ആധികാരികതയോടെ ഇക്കാര്യം പഠിപ്പിച്ച് വരുന്നു!

ദിനോസറുകളുടെ കണ്ടെത്തെൽ
1822-ൽ Mary Ann Mantell ആണ് ഇവയുടെ അസ്ഥികൾ കണ്ടുപിടിച്ചത്. ഭർത്താവ് Dr Gideon Mantell അതിനെ Iguanodon എന്ന് വിളിച്ചു. അതിനുശേഷം പിന്നീട് ഈ  ജീവികളുടെ എല്ലുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻമാർ അതിന് വേറെ പേരുകൾ നൽകി. 1841-ൽ ദിനോസർ 1901-ൽ kronosaurus 1903-ൽ brachiosaurus എന്നീ പേരുകൾ ഉപയോഗിച്ചു തുടങ്ങി. അപ്പോൾ 2,200 ബിസിക്കും (ഇയ്യോബിൻ്റെ ജീവിത കാലഘട്ടം) 95 AD-ക്കും ഇടയിൽ എഴുതിയ തിരുവെഴുത്തുകളിൽ ദിനോസർ (Dinosaur) എന്ന പേര് എവിടെയും ഉപയോഗിച്ച് കാണുന്നില്ല എന്ന് പറയുന്നതിൽ യുക്തി ഇല്ലല്ലോ.

ദിനോസറുകളുടെ കാലഘട്ടം
65 മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു എന്ന് കരുതപ്പെട്ടിരുന്ന ടൈറാനോസോറസ് റെക്സ് (Tyrannosaurus rex) എന്ന ദിനോസറിൻ്റെ അസ്ഥിയിൽ നിന്നും പാലിയന്റോളജിസ്റ് ഡോ. മേരി ഷ്വെയ്റ്റ്സർ (Dr Mary Schweitzer) ചുവന്ന രക്താണുക്കളും കൊളാജെൻ (collagen) എന്ന പ്രോട്ടീനും എല്ലിലെ കോശങ്ങളായ ഓസ്റ്റിയോസൈറ്റുകളും (osteocytes) ഒപ്പം തന്നെ ഡി എൻ എ-യും കണ്ടെത്തിയത് ആണ് പരിണാമവാദികൾക്കു വളരെ ഞെട്ടല്‍ ഉണ്ടാക്കിയ സംഭവമാണ്. (https://www.smithsonianmag.com/science-nature/dinosaur-shocker-115306469/).

65 മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ടൈറാനോസോറസ് റെക്സിൻ്റെ ഡി എൻ എ എങ്ങനെ ആണ് കേടുകൂടാതെ ഇരിക്കുക? ടൈറാനോസോറസിൻ്റെ മാത്രം അല്ല മറ്റു പല ദിനോസറിൻ്റെയും അസ്ഥികളിൽ നിന്നും പിന്നീട് ഇത് പോലെ സോഫ്റ്റ് ടിഷ്യു കണ്ടെടുക്കപ്പെട്ടു. ( https://edition.cnn.com/2017/02/03/world/dinosaur-rib-195-million-year-old-collagen-history/index.html ). എന്നാൽ പരിണാമ സിദ്ധാന്തം എന്ന അത്ഭുതങ്ങളുടെ മഹാകലവറയിൽ സോഫ്റ്റ് ടിഷ്യു കോടിക്കണക്കിനു വർഷങ്ങൾ കേടു കൂടാതെയിരിക്കുന്നതൊക്കെ വെറും നിസ്സാരം മാത്രം.

തെളിവുകൾ ദിനോസറുകൾ മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു എന്നതിന് എതിരാണ്. പക്ഷെ പരിണാമം നടക്കണമെങ്കിൽ മില്യൺ കണക്കിന് വർഷങ്ങൾ വേണം. മില്യൺ വർഷങ്ങൾ ഇല്ല എങ്കിൽ പരിണാമ മതം ഇല്ല. അപ്പോൾ മില്യൺ കണക്കിന് വർഷങ്ങൾ എന്നതിന് എതിരായ എന്ത് കണ്ടുപിടിത്തം നടന്നാലും അവർ എങ്ങനെ എങ്കിലും വ്യാഖ്യാനിച്ചു മില്യൺ വർഷങ്ങളിൽ എത്തിക്കും.

മനുഷ്യനും ദിനോസറുകളും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു – ചില തെളിവുകൾ

മനുഷ്യൻ്റെയും ദിനോസറുകളുടെയും കാല്പാടുകളും മറ്റ് അവശിഷ്ടങ്ങളും

1. ടെക്സാസിലുള്ള പ്രസിദ്ധമായ പാലക്സിനദീതടം അതുപോലെ ഗ്ലന്റോസും നമ്മുടെ സവിശേഷ ശ്രദ്ധയെ ആകർഷിക്കുന്നു. ഇവിടെ മനുഷ്യൻ്റെയും ദിനോസറുകളുടെയും കാല്പാടുകൾ ഇടകലർന്ന് കിടക്കുന്നു. മാത്രമല്ല ഇതേ സ്ഥലത്ത് നിന്നും മനുഷ്യൻ്റെ പല്ലുകളും ഫോസിലായി മാറിയ മനുഷ്യ വിരലുകളും ലഭിച്ചിട്ടുണ്ട്.
2. ടർക്ക്മാനിയായിൽ ദിനോസറുകൾക്ക് ഒപ്പം മനുഷ്യ പാദമുദ്രകളും കണ്ടെത്തിയത് റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പുരാവസ്തു ഗവേഷണങ്ങളിലൂടെ ലഭിച്ച രൂപങ്ങളും ചിത്രങ്ങളും

പുരാവസ്തു ഗവേഷണങ്ങളിലൂടെ ലഭിച്ച രൂപങ്ങളും ചിത്രങ്ങളും മനുഷ്യനും ദിനോസറുകളും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നു. പഴയ കാലങ്ങളിൽ ഇവ ഡ്രാഗണുകൾ എന്ന് പല നാടുകളിലും അറിയപ്പെടുന്നു. ഈ പറയുന്ന ഡ്രാഗണുകളും ദിനോസറുകളും ഒന്നാണെങ്കിൽ പരിണാമ വാദികളുടെ മില്യൺ കണക്കിനു വർഷങ്ങൾ ഒക്കെ വെറും മുത്തശ്ശി കഥകൾ മാത്രമാകും.

1. ബി. സി 600-ൽ, നെബൂഖദ്‌നേസർ രാജാവിൻ്റെ കാലത്ത് ബാബിലോണിലെ ഇഷ്താർ ഗേറ്റിലുളള ഡ്രാഗണിൻ്റെ രൂപങ്ങൾ.
2. എ.ഡി രണ്ടാം നൂറ്റാണ്ടിലെ ഒരു മൊസൈക്ക്‌. അതിൽ രണ്ട്‌ ദിനോസറുകൾ കഴുത്ത് പിണച്ച്‌ വെച്ചിരിക്കുന്ന രൂപങ്ങൾ.
3. യുണൈറ്റഡ്‌ ഈജിപ്തിൽ നിന്ന്. ആദ്യ ഫറവോയുടെ വിജയം സൂചിപ്പിക്കുന്ന സ്ലേറ്റ്‌ ഫലകം. കഴുത്ത്‌ നീണ്ടിരിക്കുന്ന ഡ്രാഗൺ.
4. അടുത്തതും ഈജിപ്തിൽ നിന്ന് തന്നെ. ബി.സി. 12. വീണ്ടും കഴുത്ത്‌ നീണ്ടിരിക്കുന്ന ഡ്രാഗൺ രൂപങ്ങൾ.
5. ഗ്രാൻഡ്‌ കാന്യനിൽ നിന്നുള്ള ഡ്രാഗണിൻ്റെ ചിത്രം.
6. വൈക്കിംഗ്‌ ഷിപ്പിലെ ഡ്രാഗണിൻ്റെ തല.
7. എ.ഡി ഒന്നാം സഹസ്രാബ്ദത്തിലെ പേർഷ്യൻ ബ്രോൺസ്‌ പത്രങ്ങളിലെ ഡ്രാഗൺ രൂപങ്ങൾ.
8. ചൈനയിലെ ഹാൻ രാജവംശ കാലഘട്ടത്തില്‍ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന (206 ബി. സി – എ. ഡി. 220) ഡ്രാഗൺ വെങ്കല പ്രതിമ.
9. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ്, ചൈനയിലെ ഹോങ്‌ഷാൻ സംസ്കാര കാലത്തെ മറ്റ് മൃഗങ്ങളുടേതിൻ്റെ കൂടെ തന്നെ ഉള്ള ഡ്രാഗൺ രൂപത്തില്‍ ഉള്ള കൊത്തുപണികൾ.

തെളിവുകള്‍ ഇനിയും അനേകം ഉണ്ട്. എല്ലുകൾ പെറുക്കി കഥകൾ മെനയുന്ന “പരിണാമ വാദികളായ ശാസ്ത്രജ്ഞന്മാർ” ഈ പുരവസ്തു തെളിവുകളെ പരിഗണിക്കാതെ തള്ളിക്കളയൂന്നത്‌ തീര്‍ച്ചയായും യഥാര്‍ത്ഥ ശാസ്ത്രത്തിന് എതിരാണ്.

ദിനോസറുകളെ കുറിച്ച്‌ തിരുവെഴുത്തുകളിൽ എന്ത് പറയുന്നു.
തിരുവെഴുത്തുകളിൽ റ്റാനിന്‍, ബഹീമോത്, ലിവയഥാൻ (tanniyn, behemoth, leviathan) എന്ന് മൂല ഭാഷയായ ഹീബ്രുവിൽ വിളിക്കുന്ന ചില ജീവികളെ നാം കാണുന്നു. ചില പരിഭാഷയിൽ ഈ ജീവികൾക്ക് മൂല ഭാഷയിലെ ഈ പേരുകളാണ് കൊടുത്തിരിക്കുന്നത് എന്നാൽ മറ്റു പല പരിഭാഷകളിലും തിമിംഗലം, നദിഹയം, മഹാസർപ്പം എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഹീബ്രു വാക്കായ റ്റാനിന്‍ 28 പ്രാവശ്യം  തിരുവെഴുത്തുകളിൽ പ്രത്യക്ഷപ്പെടുന്നു. ബഹീമോത്, ലിവയഥാൻ ഏകദേശം പരസ്പര സാമ്യമുള്ള ജീവികളാണ്. റ്റാനിന്‍ എന്നത് പൊതുവായി ഉപയോഗിക്കുന്ന പദമാണ്. ദിനോസർ എന്ന വാക്ക് 1841-ൽ ആണ്‌ ആദ്യമായി ഉപയോഗിക്കുന്നത്. അതായത് തിരുവെഴുത്തുകളിൽ റ്റാനിന്‍, ബഹീമോത്, ലിവയഥാൻ എന്ന വാക്കുകൾ ഉപയോഗിച്ച്‌ എഴുതിയതിനു നാലായിരത്തോളം വർഷങ്ങൾക്കു ശേഷം. ബഹീമോതിനേ (Behemoth) കുറിച്ച് ഇയ്യോബിൻ്റെ പുസ്തകത്തിൽ 40: 15-24 പറയുന്നത് വായിച്ചാൽ ഇത് ദിനോസറിനെ കുറിച്ചു ഉള്ള വിശദമായ വിവരണം ആണ്‌ എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം. 2,200 BC -ൽ തിരുവെഴുത്തുകളിൽ ഹീബ്രു ഭാഷയിൽ ഉപയോഗിച റ്റാനിന്‍, ബഹീമോത്, ലിവയഥാൻ എന്നീ പേരുകൾക്ക് പകരമായി ഇന്ന്‌ മറ്റു ചില പേരുകളില്‍ ഇവ അറിയപ്പെടുന്നു.

1841 -ൽ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൻ്റെ ആദ്യ ഡയറക്ടറായിരുന്ന റിച്ചാർഡ് ഓവൻ (Richard Owen) ദിനോസർ എന്ന പേര് നൽകി. 1901-ൽ kronosaurus 1903-ൽ brachiosaurus തുടങ്ങിയ പേരുകളും നല്‍കപ്പെട്ടു.

ബഹീമോത് (behemoth) എന്ന ജീവിയെ കുറിച്ച് തിരുവെഴുത്തുകളിൽ.

1). ഞാൻ നിന്നെപ്പോലെ (യഥാർത്ഥത്തിൽ ഞാൻ നിന്നോടൊപ്പം എന്നാണ് വേണ്ടത് – ഇംഗ്ലീഷിൽ “Look at Behemoth, which I made along with you” എന്നാണ്‌) ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലേ! (ഇയ്യോബ് 40 :15) ദൈവവചനം എത്ര വ്യക്തമാണെന്ന് നോക്കുക: ഇയ്യോബ് (അതായത് മനുഷ്യൻ) ബഹീമോതും (അതായത് ദിനോസർ) ഒരേദിവസത്തിൽ ഉണ്ടാക്കപ്പെട്ടവരാണ്. “ഞാനുണ്ടാക്കിയ” എന്ന് ദൈവം പറയുന്നത് ശ്രദ്ധിക്കുക.
2). “ദേവദാരു തുല്യമായ അതിൻ്റെ വാൽ അത് ആട്ടുന്നു; അതിൻ്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു” (40: 17) നദീഹയം എന്ന ഈ മൃഗം ആനയാണെന്ന് ചില വ്യാഖ്യാതാക്കൾ പറയാറുണ്ട്. പക്ഷെ ആനയുടെ വാൽ ഒരിക്കലും ദേവദാരു പോലെയല്ല. ഈ വിശേഷണത്തിൽ നിന്നും ഇവിടെ പരാമര്‍ശിക്കപ്പെട്ട മൃഗത്തിൻ്റെ വാല്‍ വളരേ വലിപ്പമുള്ളതും ദേവദാരുവിനോട് രൂപ സാദൃശ്യമുള്ളതും ആണ്. ദേവദാരു മരം മുകളിലേക്ക് ചൂണ്ടപ്പെട്ടിരിക്കും. ആഗഫ! ,ശ പ്രത്യേകിച്ച് നാച്ചുറൽ ഹിസ്റ്ററിമ്യൂസിയത്തിലെ ഗവേഷകർ തിരുവെഴുത്തുകൾ വായിച്ചിരുന്നെങ്കിൽ ദിനോസറുകളുടെ വാൽ മുകളിലേക്ക് ചൂണ്ടപ്പെട്ടിരിക്കും എന്ന വസ്തുത ഇയ്യോബിൻ്റെ പുസ്തകത്തിൽ നിന്ന് മനസ്സിലാക്കാമായിരുന്നു. ഇതറിഞ്ഞിരുന്നെങ്കിൽ ചില വർഷങ്ങൾക്ക് മുമ്പ് അവരുണ്ടാക്കിവച്ച ദിനോസർ മാതൃകകളുടെ വാലുകൾ മുകളിലേക്ക് തിരിച്ച് വയ്ക്കാനായി ലോകമെമ്പാടുമുള്ള അവരുടെ മ്യൂസിയങ്ങൾ അടച്ചിടേണ്ടിവന്ന ഗതികേട് ഒഴിവാക്കാമായിരുന്നു! ദിനോസർ മാതൃകകളുടെ വാൽ അവർ ആദ്യം താഴേക്കാണ് വച്ചിരുന്നത്. എന്നാൽ ദിനോസറുകളുടെ ഭാരം കൂടിയ വാലുകൾ താഴേക്കിരുന്നാൽ അവയുടെ കാല്പാടുകൾ പതിഞ്ഞിടത്ത് വാലുകളുടെ പാടുകളും കാണപ്പെടണമെന്നവർ മനസ്സിലാക്കി. പക്ഷെ ഈ കാല്പാടുകളോടൊപ്പം വാലിൻ്റെ പാടുകൾ ഉണ്ടായിരുന്നില്ല. ഇതിൽ നിന്നും ദിനോസറുകളുടെ വാൽ മുകളിലേക്കാണ് ഇരിക്കേണ്ടത് എന്നവർ തിരിച്ചറിഞ്ഞു. ഈ പുനഃക്രമീകരണം ചെയ്യാനാണ് തങ്ങളുടെ മ്യൂസിയങ്ങൾ കുറെക്കാലത്തേക്ക് അടച്ചിടേണ്ടി വന്നത്.

3). “അതിൻ്റെ അസ്ഥികൾ ചെമ്പുകുഴൽ പോലെയും എല്ലുകൾ ഇരുമ്പഴി പോലെയും ഇരിക്കുന്നു” (40:18). കുഴിച്ചെടുത്ത ഫോസിലുകൾ വെളിപ്പെടുത്തുന്നതുപോലെ തന്നെ, ദിനോസറുകളുടെ എല്ലുകളുടെ ശക്തി വ്യക്തമാക്കുന്ന വിശദീകരണമാണ് ഈ വാക്യം.
4). “അത് ദൈവത്തിൻ്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്” ജീവിച്ചിരുന്ന മൃഗങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയവയായിരുന്നു ദിനോസറുകൾ എന്ന് സകലരും അംഗീകരിക്കുന്നു. ഇന്ന് നമ്മൾ “ബ്രാക്കിയോസോറസ് (Brachisaurus)” എന്ന് വിളിക്കുന്നവയെ ആയിരുന്നിരിക്കണം ഇയ്യോബ് കണ്ടത്. തൊണ്ണൂറ് ടൺ ഭാരവും എൺപത് അടി (25 മീറ്റർ) നീളവും ഉള്ളതായിരുന്നു ഈ മൃഗം. തീർച്ചയായും അത് ദൈവത്തിൻ്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത് തന്നെയല്ലേ?

5). “നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല” (40:23). ഈ മൃഗത്തിൻ്റെ വലിപ്പവും വലിയ ഭാരവും നിമിത്തം അത് വളരെപ്പതുക്കെയാണ് നടന്നിരുന്നത് എന്നും ഈ വാക്യം വ്യക്തമാക്കുന്നു.
6). അത് നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിൻ്റെ മൂക്കിൽ കയർ കോർക്കാമോ? (40:24) ബ്രാക്കിയോസോറസുകളുടെ ഒരു പ്രത്യേകത മറ്റ് മൃഗങ്ങളുടേതു പോലെ ഇവയുടെ നാസാരന്ധങ്ങൾ അതിൻ്റെ മൂക്കിൻ്റെ അറ്റത്തായിരുന്നില്ല; പ്രത്യുത തലയുടെ മുകളിലുള്ള ഒരു എല്ലിൻ കൂടിനുള്ളിലായിരുന്നു!

ഇയ്യോബിൻ്റെ പുസ്തകത്തിലെ (ഇയ്യോബ്. 40 :15 – 24) വിവരണങ്ങൾ വായിക്കുന്ന ഏതൊരാൾക്കും ദിനോസറുകളെന്ന് ഇന്ന്‌ നാം പറയുന്ന മൃഗം തന്നെ ആണ്‌ തിരുവെഴുത്തുകളിൽ പറയുന്ന “ബഹീമോത്” (behemoth) എന്ന് വ്യക്തമാകും. (ഡോ. ഫരീദ് അബു റാമേ – ബൈബിൾ ആധികാരികമെന്ന് ശാസ്ത്രം തെളിയിക്കുന്നു. P. 140 – 146)

ലിവ്യാഥാൻ (Leviathan) എന്ന ജീവിയെ കുറിച്ച് തിരുവെഴുത്തുകളിൽ.

1). അതിനെ കാണുമ്പോൾ തന്നേ അവൻ വീണുപോകുമല്ലോ.
2. അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; അതിൻ്റെ പുറങ്കുപ്പായം ഊരാകുന്നവനാർ?
3). അതിൻ്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും? അതിൻ്റെ മുഖത്തെ കതകു ആർ തുറക്കും? അതിൻ്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
4). ചെതുമ്പൽനിര അതിൻ്റെ ഡംഭമാകുന്നു;  അതിൻ്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു.
5). അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; വാൾകൊണ്ടു അതിനെ എതിർക്കുന്നത് അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.ഗദ അതിന്നു താളടിപോലെ തോന്നുന്നു; അതിൻ്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
6). കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീർക്കുന്നു.
7). ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു. അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു. (ഇയ്യോബ്.41: 1-34)
8). വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു. അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു. (സങ്കീർത്തനങ്ങൾ.104:25 -26)
9). അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തൻ്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയുകയും (യെശയ്യാ 27:1).

ഇതിൽ നിന്നും മനസ്സിലാക്കാം ലിവ്യാഥാൻ കടലിൽ ജീവിക്കുന്ന ഒരു ഉഭയചരജീവിയാണ്. ഹീബ്രു ഭാഷയിൽ ഉഭയചരജീവിക്ക്‌ റ്റാനിന്‍ എന്ന പദമാണ് ഉപയോഗിക്കുന്നത് അപ്പോൾ ലിവ്യാഥാൻ എന്നത് റ്റാനിന്‍, മഹാ സർപ്പം, ഡ്രാഗൻ, എന്നീ വിശേഷണം വരുന്ന ജീവിയാണ്.

ബഹീമോത് വലുതാണെങ്കിൽ ലിവ്യാഥാൻ ഭയങ്കരവും ഭയാനകവുമായ ജീവിയാണ്.

ഈ ജീവിയെ ചിലർ മുതല അല്ലെങ്കില്‍ ചീങ്കണ്ണി എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ കടലിൽ ജീവിക്കുന്നവയല്ല. അവ കൂടുതൽ സമയവും കരയിൽ ആണ് ജീവിക്കുന്നത്. ഇവയെ ഉപദ്രവിച്ചാൽ ആക്രമിക്കാൻ വായ തുറക്കും, എന്നാൽ ഇവിടെ പറയുന്നു ലിവ്യാഥാൻ എന്ന ജീവിയെ ഉപദ്രവിച്ചാൽ വായ തുറക്കുകയില്ല. ആയുധങ്ങൾകൊണ്ട് അതിനെ മുറിവേൽപ്പിക്കാൻ കഴിയില്ല എന്നും പറയുമ്പോൾ മുതലയും ചീങ്കണ്ണിയും ഇതിന് വിപരീതമാണ്ന്ന് ഇതിൽ നിന്നും വ്യക്തം. അവയുടെ തുലാ തട്ടുകൾ കഠിനമാണ് എന്ന് മനസ്സിലാക്കാം.

തുടർന്ന് വായിച്ചാൽ ഇയ്യോബിൻ്റെ പുസ്തകം 41;18-21 അതിൻ്റെ മൂക്കിൽനിന്ന് പുകയും വായിൽ നിന്ന് ജ്വാലയും പുറപ്പെടുവിക്കുന്നു. ഇതിനു സാമ്യം ഉള്ള ജീവി സെൻട്രൽ അമേരിക്കയിലെ ബൊംബാർഡിയർ വണ്ടുകളാണ്, ഈ വാക്യങ്ങളുടെ വെളിച്ചത്തിൽ മുതലയും ചീങ്കണ്ണിയും അല്ല എന്ന് തീർത്തും പറയാം എന്നാൽ ബൊംബാർഡിയർ വണ്ടുകൾ മറ്റു  മാനദണ്ഡങ്ങളിൽ പെടാത്തതുകൊണ്ട് അവയും പുറന്തള്ളപ്പെടുന്നു.

ഈ വാക്യങ്ങളിൽ പറഞ്ഞത് വെച്ച് നമ്മുടെ മനസ്സിൽ വരുന്ന ചിത്രം കഥകളിൽ നമ്മൾ വായിച്ചിരിക്കുന്ന  ഡ്രാഗണെ പറ്റിയായിരിക്കും. ഇതുവരെ കണ്ടു പിടിച്ചിരിക്കുന്നു പല അസ്ഥിപഞ്ജരത്തിലും വിശദീകരിക്കപെടാത്ത ചില ദ്വാരങ്ങൾ പല്ലുകൾക്കിടയിൽ ഉണ്ട്. ഒരുപക്ഷേ  ഈ ദ്വാരങ്ങളിൽ തീ ഉണ്ടാക്കാൻ കഴിയുന്ന വാതകങ്ങൾ ഉണ്ടായിരിക്കാം. ലിവ്യാഥാനെ കുറിച്ചുള്ള ഈ വിവരണവുമായി യോജിച്ചുപോകുന്ന ജീവി ക്രോനോസറസ് (kronosaurus) ആണ്.

ഈ ശാസ്ത്ര കാലഘട്ടത്തില്‍ സഭയും തിരുവെഴുത്തുകളും വെറും അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവ എന്ന് ചിലർ പരിഹസിക്കുമ്പോൾ  ഓർക്കുക 65 മില്യൺ വർഷങ്ങൾക്കു മുമ്പ് അപ്രത്യക്ഷമായ ദിനോസറുകൾ എന്ന് പരിണാമവാദികള്‍ വാദിക്കുന്നവയേ കുറിച്ച് 2,200 B.C -യിൽ പരിശുദ്ധാത്മാവിനാൽ എഴുതിയ തിരുവെഴുത്തുകളിൽ കൊടുത്തിരിക്കുന്നത് അതിൻ്റെ ശാസ്ത്രീയവും ചരിത്രപരമായ സത്യതക്കും തെളിവുകൾ ആണ്‌. copyright@ovsonline.in

ശാസ്ത്രം – ദൈവ വിശ്വാസം: Part – 6

error: Thank you for visiting : www.ovsonline.in