OVS - ArticlesOVS - Latest NewsOVS-Kerala News

സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് എത്രയും ബഹുമാനപ്പെട്ട കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്

സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് എത്രയും ബഹുമാനപ്പെട്ട കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവിന് വന്ദനം
അഭിവന്ദ്യ പിതാവേ അവിടുത്തെ തൃക്കരങ്ങൾ ചുംബിച്ചുകൊണ്ട് ഏതാനും കാര്യങ്ങൾ അറിയിക്കുവാൻ ആഗ്രഹിക്കുന്നു.

   അങ്ങ് നേതൃത്വം നൽകുന്ന സിറോമലബാർ സഭയുടെ സിനഡ്, മലങ്കരസഭാ പ്രശ്‌നത്തെക്കുറിച്ച് നടത്തിയ പ്രസ്താവന പത്രങ്ങളിൽ കണ്ടു. വർഷങ്ങളായി നടന്നുവരുന്ന ഒരു തർക്കത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ രണ്ടുപക്ഷത്തെയും നിലപാടുകൾ വിശദമായി വിലയിരുത്തേണ്ടതായിരുന്നു എന്ന ചിന്ത ആദ്യമേ രേഖപ്പെടുത്തട്ടെ. അഭി. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് തിരുമേനിയോടൊപ്പം രണ്ടുവട്ടം ഞാൻ അങ്ങയുടെ അരമനയിൽ വന്ന് ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചത് ഓർക്കുന്നു. ഞങ്ങൾ ബോധിപ്പിച്ച ചിലകാര്യങ്ങൾ പ്രസ്താവനയിൽ ഉൾപ്പെടുത്തിയതിലുള്ള നന്ദി അറിയിക്കുന്നു. കോടതിവിധി നടപ്പാക്കണം എന്ന് പറഞ്ഞത് ഉചിതമായി. നീതിന്യായ വ്യവസ്ഥയെ അങ്ങ് അംഗീകരിക്കുന്നു എന്നു കാണുന്നതിൽ സന്തോഷം. കോവിഡ് നിബന്ധന പാലിക്കുന്നതിനെക്കുറിച്ച് പറഞ്ഞതും ഉചിതമായി. ഈ കോവിഡ് കാലത്ത് വിശ്വാസം സംരക്ഷിക്കാനെന്ന വ്യാജേന വലിയ ആൾക്കുട്ടം സൃഷ്ടിക്കുന്നതിന്റെ അപകടം വലുതാണ്. ഇനി പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ ഓരോന്നായി എടുക്കാം.

  നിയമം വ്യാഖ്യാനിച്ചു നടപ്പാക്കുമ്പോൾ സമാധാനം ഉറപ്പുവരുത്തണമെന്നും, സാവകാശം നടപ്പാക്കണമെന്നും പറഞ്ഞിരിക്കുന്നു; സന്തോഷം. സമാധാന ലംഘനത്തിലൂടെ നിയമം നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് സഭ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു കോടതിവിധി ഉണ്ടായാൽ പരമാവധി സമയം കാത്തിരുന്ന ശേഷവും ഒരു വിഭാഗം അനുസരിക്കുന്നില്ല എങ്കിൽ പിന്നെ ബലപ്രയോഗമല്ലാതെ മറ്റെന്താണ് സർക്കാരിനുമുന്നിലുള്ള പോംവഴി എന്നുകൂടി ചിന്തിക്കണമേ. മുളന്തുരുത്തിയിൽ ബലപ്രയോഗം വേണ്ടിവന്നപ്പോൾ അതിന്റെ പിറ്റേന്ന് വിധി നടപ്പാക്കിയ പാലക്കാട് ജില്ലയിലെ ചാലിശേരിപള്ളിയിൽ ഒരു സംഘർഷവുമില്ലാതെ വിധി നടപ്പായി, കാരണം അവിടുത്തെ ജനങ്ങൾ സമാധാനപ്രിയരായിരുന്നു. അവരിൽ ബഹു ഭൂരിഭാഗവും 1934 ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാറായി. കടമറ്റം, പുത്തൻകുരിശ്, ഇടമറുക്, മുതലായപള്ളികളും സമാധാനപരമായി വിധി നടപ്പാക്കിയതിന്റെ ഉദാഹരണങ്ങളാണ്.

  മുളന്തുരുത്തിയിൽ വിധിനടത്തിപ്പ് പെട്ടെന്നാണ് ഉണ്ടായത് എന്ന വാദം പാത്രിയർക്കീസ് വിഭാഗംനടത്തുന്ന ഒരു കുപ്രചരണം മാത്രമാണ്. മുളന്തുരുത്തി പള്ളിയുടെ കേസ് 2019 ഒക്‌ടോബർ മാസത്തിൽ തീർപ്പായതാണ്. ഒരു കൂട്ടർ വിധി അംഗീകരിക്കുവാൻ കൂട്ടാക്കാഞ്ഞതിനാൽ 2020 മേയ് വരെ കാത്തിരുന്ന ശേഷം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. അതു ലഭിക്കയും ചെയ്തു. മറുകക്ഷി വീണ്ടും രണ്ടു വിധികൾക്കും റിവ്യൂ കൊടുത്തു. അതും തീർപ്പായ ശേഷം വീണ്ടും കാത്തിരുന്നു. എന്നിട്ടും അനുസരിക്കാൻ കൂട്ടാക്കാതെ വന്നപ്പോഴാണ് ജൂലൈ മാസത്തിൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചത്. അതിന്റെ അന്തിമ അവസ്ഥയാണ് 17ാം തീയതി കണ്ടത്. പെട്ടെന്നുണ്ടായ ഒരാക്രമണമാണത് എന്ന് ഒരുവിഭാഗം പറഞ്ഞത് അങ്ങ് പൂർണ്ണമായി വിശ്വസിച്ചുവോ? വിധി നടപ്പാക്കാൻ കോടതിതന്നെ 5 ദിവസത്തെ സമയം കൊടുത്തിരുന്നു. അതിന്റെ അവസാന നിമിഷമാണ് ബലപ്രയോഗം വേണ്ടിവന്നത്. പോലീസ് ആക്ഷൻ ഉണ്ടായ സമയത്ത് ഓർത്തഡോക്‌സ്‌കാർ ആരും പരിസരത്തുണ്ടായിരുന്നില്ല. ഞങ്ങളുടെ സാന്നിധ്യം കൊണ്ടല്ല അവിടെ പ്രശ്‌നമുണ്ടായത്. ബലപ്രയോഗമല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ പോലീസ് എടുത്ത തീരുമാനമാണ്.

  സമവായത്തിലൂടെ സമാധാനപൂർവം പ്രശ്‌നം പരിഹരിക്കുവാൻ എത്രയോ വട്ടം ശ്രമിച്ചതാണ്. 1972 – 73 കാലത്ത് പ്രശ്‌നം ആരംഭിച്ചപ്പോൾ മുതൽ ചർച്ചകളും ആരംഭിച്ചതാണ്. ചർച്ചകൾ പരാജയപ്പെട്ടപ്പോഴാണ് കേസുകൾ ആരംഭിച്ചത്. കേസുകൾ നടക്കുമ്പോഴും ചർച്ചകൾ തുടർന്നു. ക്രിസ്തീയ നേതാക്കളും, സിവിൽ, പോലീസ് അധികാരികളും, മന്ത്രിസഭാ ഉപസമിതികളും, മുഖ്യമന്ത്രിമാരും എല്ലാം ചർച്ച ചെയ്തു. പരിഹാരം മാത്രം ഉണ്ടായില്ല. കോടതിയുടെ തീർപ്പുകൾ നടപ്പാക്കുന്നത് പരമാവധി നീട്ടിക്കിട്ടുന്നതിനുള്ള ഉപാധി മാത്രമായാണ് മറുവിഭാഗം ചർച്ചയെ കാണുന്നത്. ആ കുടുക്കിൽ പലപ്രാവശ്യം ഞങ്ങൾ അകപ്പെട്ടതാണ്; ഇനിയും അതിൽ വീഴണമോ? 1995 ൽ സുപ്രീംകോടതി തന്നെ ഈ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് മാർഗരേഖ നൽകിയതാണ്. അതിനായി ഒരു മദ്ധ്യസ്ഥനെയും നിയമിച്ചു. പക്ഷെ എന്തുണ്ടായി! അന്നും ആദ്യത്തെ രണ്ടു മീറ്റിംഗുകൾക്കുശേഷം ചർച്ച അലസി. 2017 ൽ സുപ്രീം കോടതി വിധിവന്നപ്പോൾ, അത് പണം കൊടുത്ത് സമ്പാദിച്ച വിധിയാണ് എന്ന് ഞങ്ങളെ ആക്ഷേപിക്കുന്നതിനുപകരം, അതിനെ അംഗീകരിക്കുന്നു എന്ന് ഒരു വാക്കെങ്കിലും മറുഭാഗം പറഞ്ഞുവോ? അതുകൊണ്ട് ഏറ്റവും വലിയ അധികാരമുള്ള മദ്ധ്യസ്ഥനായ സുപ്രീംകോടതി പറഞ്ഞിട്ട് ചെവിക്കൊള്ളാത്തവർ ഇനി ആരുപറഞ്ഞാൽ കേൾക്കും?

  “യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുക്കുമ്പോൾ…” എന്നൊരു പ്രയോഗം പ്രസ്താവനയിൽ കണ്ടു. അതിനുപകരം ഇപ്രകാരം, “1958 ലെ ഉഭയസത ഉടമ്പടിയനുസരിച്ച്, ഇരുവരും കൂടിച്ചേർന്ന് 1934 ലെ ഭരണഘടന അനുസരിച്ച ഭരിച്ചുകൊണ്ടിരുന്ന പള്ളികളിൽ, 1973 മുതൽ പാത്രിയർക്കീസ് വിഭാഗം അനധികൃതമായി പിടിച്ചെടുത്ത് കൈവശം വച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന പള്ളികൾ” എന്നു പറഞ്ഞിരുന്നെങ്കിൽ സത്യമാകുമായിരുന്നു. ഈ പ്രശ്‌നം അപഗ്രഥിക്കുമ്പോൾ, 1973 മുതൽ പിറവം, കണ്ടനാട്, മുളന്തുരുത്തി, കോതമംഗലം, കടമറ്റം, അങ്കമാലി, അകപ്പറമ്പ് ആദിയായ പള്ളികളിൽ നിന്ന് ഓർത്തഡോക്‌സ് വൈദികരെയും ജനങ്ങളെയും നിഷ്‌ക്കരുണം പുറത്താക്കിയ വിവരം ആരും ഓർക്കാറില്ല. കാരണം അന്ന് ബഹുജന മാദ്ധ്യമങ്ങളോ, റ്റി. വി. ചാനലുകളോ ഇല്ലായിരുന്നു. കണ്ണുനീരോടെ പള്ളികൾ വിട്ട് ഇറങ്ങേണ്ടിവന്ന ഓർത്തഡോക്‌സ്‌കാരുടെ ദുഖം ദൈവം കണ്ടതിന്റെ ഫലമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഓർത്തഡോക്‌സ്‌കാർ 45 വർഷത്തോളം അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾക്ക് ദൈവം നൽകിയ പ്രതിഫലമാണ് ഈ കോടതിവിധികൾ. “യാക്കോബായ സഭയുടെ കൈവശമുള്ളപള്ളികൾ ” എന്നല്ല, “യാക്കോബായ സഭ അനധികൃതമായി പിടിച്ചെടുത്ത് 45 വർഷത്തോളം കൈവശം വച്ച പള്ളികൾ ” എന്ന പ്രയോഗമാണ് ശരി.

  കോവിഡ് പശ്ചാത്തലത്തെക്കുറിച്ച് പ്രസ്താവനയിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ സമാധാന ലംഘനം നടത്തുന്നതും, നിയമം തെറ്റിക്കുന്നതും ആരാണ്? മുള്ളരിങ്ങാടുപള്ളിയിൽ വിധിനടപ്പാക്കിയതിനെ തുടർന്ന് കോവിഡ് പടർന്നു. ആരാണ് കൂട്ടം കൂടിയത്? കോടതിയുടെ വിധി നടപ്പാക്കുന്നതിനിടയിൽ കൂട്ടം കൂടേണ്ട ആവശ്യകത എന്താണ്. കോവിഡ് പശ്ചാത്തലത്തിൽ മുളന്തുരുത്തിയിൽ എന്തുകൊണ്ടാണ് ബലപ്രയോഗം വേണ്ടിവന്നത്? പാത്രിയർക്കീസ് വിഭാഗത്തിലെ ഒരു മെത്രാപ്പോലീത്ത പോലീസിനോടു പറയുന്നതു കേട്ടു: Take me by force എന്ന്. അപ്പോൾ ഇത് സമൂഹ മദ്ധ്യത്തിൽ സ്വയം നീതീകരിക്കുന്നതിനുവേണ്ടി കെട്ടിച്ചമച്ച ഒരു സംഘർഷമല്ലായിരുന്നോ? സഹതാപ തരംഗം സൃഷ്ടിക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്ത ഒരു നാടകമല്ലായിരുന്നോ? ഇക്കാര്യം അങ്ങെയ്ക്ക് മനസിലായിക്കാണും എന്നു കരുതുന്നു.

  സമാധാനത്തിനുവേണ്ടി കക്ഷികൾ വിട്ടുവീഴ്ച ചെയ്യണം എന്നു പറയുന്നു. ശരിയാണ്, വിട്ടുവീഴ്ചകൾ ചെയ്യാതെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടുകയില്ല. പിതാവേ പറഞ്ഞാലും, ഓർത്തഡോക്‌സ് സഭ വിട്ടു വീഴ്ചകൾ ചെയ്തില്ലേ? ഇപ്പോഴും കേസുകൾ ഒന്നുമില്ലാത്ത ഇരുന്നൂറോളം പള്ളികൾ പാത്രിയർക്കീസ് വിഭാഗത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുണ്ട്. അവിടെയൊന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. ഞങ്ങളിൽ രണ്ടുപേരെ കൊല്ലുന്ന സാഹചര്യം വരെ ഉണ്ടായിട്ടും അക്രമം കൊണ്ട് തിരിച്ചടിച്ചുവോ? പാത്രിയർക്കീസ് വിഭാഗത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളാൻ തയ്യാറായില്ലേ? ഇപ്പോഴും തയ്യാറാണുതാനും. അവർ ചെയ്ത ദുഷ്ടതകൾ എല്ലാം മറന്ന് ഒരുമിച്ചു നിന്ന് ആരാധിക്കുവാനും ഭരണം നടത്തുവാനും തയ്യാറാണ്. അനേകവട്ടം ചതിക്കപ്പെട്ടിട്ടും, വീണ്ടും വിണ്ടും അവരുമായി ചർച്ചയ്ക്കു തയ്യാറായില്ലേ? ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോാശ്ലീഹായ്ക്ക് പട്ടത്വമില്ല എന്നു പറഞ്ഞതും കേട്ടു സഹിച്ചില്ലേ? അനേകം പള്ളികളിൽ അവരുടെ ആട്ടും തുപ്പും കളിയാക്കലും കേട്ട് ഞങ്ങളുടെ ജനവും പുരോഹിതന്മാരും ആസംയമനം പാലിച്ചില്ലേ? ഇപ്പോഴും അക്രമത്തിലൂടെ എല്ലാം പിടിച്ചടക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പിന്നെ നിയമ ലംഘനം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ നിയമപാലകർ ബലപ്രയോഗം നടത്തുന്നതിനെ എങ്ങിനെ കുറ്റപ്പെടുത്താനാവും.

 നാലു വർഷങ്ങൾക്ക് മുമ്പ് ചേലക്കര പള്ളിയിൽ ഒരു ശനിയാഴ്ച വൈകുന്നേരം സന്ധ്യപ്രാർത്ഥനനടത്തിക്കൊണ്ടിരുന്ന ഒരു ഓർത്തഡോക്‌സ് വൈദികനെയും ജനങ്ങളെയും നിയമം ലംഘിച്ചു എന്നാരോപിച്ച് പള്ളിയിൽ നിന്ന് വലിച്ചിറക്കി 4 ദിവസം ജയിലിൽ അടച്ചപ്പോൾ പിതാവേ അങ്ങോ, അങ്ങെയുടെ സിനഡോ പ്രതികരിച്ചു കണ്ടില്ലല്ലോ. 1994 ൽ പെരുമ്പാവൂർ പള്ളിയിൽ വി. കുർബാന അർപ്പിച്ചുകൊണ്ടിരുന്ന പുല്ലാംകുടിയിൽ ഫാ. കുര്യാക്കോസ് എന്ന വൈദികനെ പോലീസ് അറസ്റ്റ് ചെയ്ത് കാസായും പീലാസായും കൈയിൽ എടുപ്പിച്ച് റോഡിൽകൂടെ നടത്തി, തിരുബലിയെ അപമാനിച്ചപ്പോഴും നിങ്ങളാരും പ്രതികരിച്ചുകേട്ടില്ലല്ലോ; ശരിയാണ് ഇതൊന്നും ആരും അറിഞ്ഞുകാണില്ല. കാരണം ഓർത്തഡോക്‌സ് വൈദികർ നിരത്തിൽ കൂടെ  ‘എന്നെ വലിച്ചിഴയ്ക്കൂ, എന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകൂ’ എന്നൊന്നും പറഞ്ഞിരുന്നില്ല. മുളന്തുരുത്തിയിൽ നടന്ന നാടകത്തെ തിരിച്ചറിയാൻ അങ്ങയ്ക്ക് സാധിച്ചുകാണുമല്ലോ.

 കോവിഡ് ദുരിതനാളുകളിൽ മാത്രമല്ല, കോവിഡാനന്തര കാലത്തും സമാധാനാന്തരീക്ഷം പുലരണമെന്നതാണ് ഓർത്തഡോക്‌സ് സഭയുടെ ആഗ്രഹം. ഒരു പക്ഷത്തെ മാത്രം കേട്ട് അവരെ പിന്താങ്ങിക്കൊണ്ട് പ്രസ്താവനകൾ നടത്തരുതെന്ന് അപേക്ഷ. ഞങ്ങൾക്കെല്ലാം വേണ്ടിയും, സഭയ്ക്കുവേണ്ടിയും, ഓർത്തഡോക്‌സ് യാക്കോബായ സഭകളിൽ മാത്രമല്ല, ലോകത്തിലെ എല്ലാ ക്രിസ്തീയ സഭകളിലും സമാധാനവും ശാന്തിയും പുലരാൻ വേണ്ടി പ്രർത്ഥിക്കണമേ എന്ന അപേക്ഷയോടെ നിർത്തുന്നു.

എന്ന് വിനയപൂർം

ഫാ. ജോൺസ് എബ്രഹാം കോനാട്ട്.