ഇടമറുക് പള്ളിയും കുട്ടന്തടത്തിൽ കുടുബവും

ഇടമറുകു പള്ളിയുടെ പുനർ കൂദാശാ ദിനത്തിൽ എന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടു ഒരു ഓർമ്മക്കുറിപ്പ് അനുയോജിതമായിരിക്കുമെന്നു തോന്നുന്നു . വിശദമായ രേഖകളടക്കം മലങ്കര നസ്രാണികളുടെ പള്ളികളുടെ ചരിത്രം പിന്നീട് എഴുതാമെന്ന് വിചാരിക്കുന്നു .

കക്ഷിവഴക്കിനാൽ ഏകദേശം 25 വർഷത്തോളമായി പൂട്ടപ്പെട്ടുകിടന്ന ഇടമറുക് പള്ളി അടുത്തകാലത്ത് ബഹുമാനപെട്ട സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചു മലങ്കര സഭക്ക് തുറന്നുകിട്ടിയെന്നുള്ളത് ചരിത്രത്തിന്റെ ഒരുകാവ്യനീതിമാത്രമാണ് എന്നുപറയേണ്ടതില്ലലോ . മലങ്കര നസ്രാണികളുടെ ഈപ്രദേശത്തെ തലപ്പള്ളിയായ പന്നൂർ പള്ളിയിൽനിന്നും പിരിഞ്ഞു ഇടമറുകുകരയിൽ സ്ഥാപിതമായ ഈ പള്ളി ആ പ്രദേശത്തെയും അതിന്റെ സമീപപ്രദേശത്തു കുടിയേറിയ കാർഷികവൃത്തി പ്രധാനമായും ചെയ്തുവന്ന മലങ്കര നസ്രാണികളുടെ ശ്രമഭലമായി ഉണ്ടായ ഒരു ആരാധനാലയമാണ്. ഈ പള്ളിയിരിക്കുന്ന സ്ഥലം തോലാനിക്കുന്നേൽ എന്ന പ്രശസ്തമായ കുടുംബത്തിന്റെ വകയായിരുന്നു എന്നും അവരുടെ നല്ലമനസുകൊണ്ടു ഒരു ആരാധനാലയം അവിടെ സാധ്യമായി എന്നുള്ളതും ഈയവസരത്തിൽ സ്മരണീയമാണ്. അവർ മാത്രമല്ല അതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച ചെറുതും വലുതുമായ ഒരുപാടു മലങ്കര നസ്രാണി കുടുംബങ്ങളും അവരോടു പൂര്ണമനസോടെ സഹകരിച്ച ഒരുപാടു അക്രൈസ്തവ കുടുംബങ്ങളും ഉണ്ട് എന്നുള്ളതും ഇടമറുകു പള്ളിയുടെ ശോഭ വർധിപ്പിക്കുന്നു .

കുട്ടന്തടത്തിൽ കുടുംബവും, കാരണവരായ മത്തായി വൈദ്യനും ആ കാലഘട്ടത്തു അതിനോട് സഹകരിച്ചു എന്നുള്ളത് ആ കുടുംബത്തിലെ മൂന്നാം തലമുറയിലുള്ള എനിക്കും സന്തോഷം തോന്നുന്ന ഒരുകാര്യമാണ്. ഏകദേശം പത്തുവര്ഷങ്ങള്ക്കുമുന്പ് ഇടമറുകുപ്പള്ളിയുടെ ആദ്യകാല പൊതുയോഗ നടപടികളുടെ ബുക്ക് കാണുവാൻസാധിച്ചു എന്നുള്ളതും അതിൽ ഒപ്പുവെച്ചിട്ടുള്ളവരുടെ ലിസ്റ്റുകൾ വായിക്കാൻ ഇടയായി എന്നുള്ളതും ഇന്നും സ്മരിക്കുന്നു. ഇന്ന് ഇടമറുകുപ്പള്ളി വീണ്ടും കൂദാശചെയ്യപ്പെടുമ്പോൾ അതിൽ പകുതിയോളം പേർ മറുപക്ഷത്താണ്‌ എന്നുള്ളത് ഏറെ ദുഖകരമാണ്. അതിനു അവരവരുടേതായകാരണങ്ങൾ ഉണ്ടാകാമെങ്കിലും ഈ പുനരുദ്ധാരണത്തിന്റെ അവസരത്തിൽ മലങ്കര നസ്രാണികളുടെ ഐക്യം അത്യന്താപേക്ഷിതമാണ് എന്ന് ഓര്മിപ്പിക്കേണ്ടതില്ലലോ .

മലങ്കരയിൽ ആദ്യകാലങ്ങളിൽ പൂട്ടിക്കിടന്ന പത്തൊൻപതു പള്ളികളിൽ ഒരുപള്ളിയാണ് ഇടമറുകുപള്ളി. അത് പൂട്ടാനുണ്ടായസാഹചര്യം പ്രധാനമായും കക്ഷി വഴക്കിനോടനുബന്ധിച്ചല്ലെങ്കിലും അത് കറങ്ങിത്തിരിഞ്ഞ് കക്ഷിവഴക്കിൽ കൊണ്ടെത്തിക്കുകയാണ് ഉണ്ടായതു. അങ്ങനെ പറയാൻ കാരണം രണ്ടാം കക്ഷിവഴക്കിൽ ഇടമറുക് പള്ളി ഇടവകവികാരിയും ഇടവകാംഗവുമായ കുന്നുമ്മേൽ പൗലോസ് കത്തനാരുടെ താല്പര്യവും എന്റെ പിതാവ് കെ. എം. ഫിലിപ്പ് അവറുകൾക്കു ഫീലക്സീനോസ് തിരുമേനിയുമായി ഉണ്ടായിരുന്ന അടുപ്പപ്രകാരവും പാത്രിക്കീസുപക്ഷത്തു നിലനിൽക്കുകയാണ് ഉണ്ടായതു. എന്നാൽ അക്കാലഘട്ടത് എന്തുകൊണ്ട് കുട്ടന്തടത്തിൽ കുടുംബം മത്തായി വൈദ്യനടക്കം (ഒന്നാം വഴക്കിന്റെ കാലഘട്ടതു) കാതോലിക്കാ പക്ഷത്തോട് ചായ്‌വുള്ളവരായിരുന്നിട്ടും പാത്രിക്കീസ് പക്ഷത്തുനിന്നതു എന്തിനു എന്ന് എന്റെ അപ്പനോട് ചോദിക്കുകയുമായിട്ടുണ്ട് . അതിന് അപ്പൻ തന്നമറുപടി ഫീലക്സീനോസ് തിരുമേനിയെ അവഗണിക്കാൻ പറ്റുമായിരുന്നില്ല , മാത്രമല്ല നമ്മുടെ കിഴക്കൻ മേഖലയിലുള്ളവർ വിദ്യാഭ്യാസത്തിലും പരിജ്ഞാനത്തിലും കുറവുള്ളവർ ആയതുകൊണ്ടും ഭൂരിപക്ഷം പേര് അന്ത്യോഖ്യ പക്ഷത്തു നിന്നതു കൊണ്ടും ആണ് എന്നുള്ളതാണ്. അതായതു തൽസ്ഥിതി തുടരുക എന്നുള്ളത്തിൽ കവിഞ്ഞു ഒരു സൈദ്ധാന്തിക വിശകലനം ഇതിൽ ഇല്ലായിരുന്നു. അപ്പോഴും എന്റെ അപ്പൻ കാതോലിക്കാ പക്ഷത്തുള്ള തന്റെ സുഹൃത്തുക്കളുമായി നല്ലബദ്ധത്തിലായിരുന്നു എന്നുകൂടി പറഞ്ഞിട്ടുള്ളതായി ഇന്നും ഓർക്കുന്നു .

പിന്നീട് ബന്ധുകുടുംബത്തിലെ പച്ചിലക്കാട്ടു അച്ചനെ മെത്രാനായി വാഴിച്ചപ്പോളും അവിടെത്തന്നെനിൽക്കാനുള്ള പ്രചോദനം ഉണ്ടായി. എന്നാൽ അതൊന്നും ഒരു തരത്തിലും ഇടമറുകു പള്ളിയിൽ ഒരു പ്രശ്നം ഉണ്ടാക്കിയില്ലെന്നുമാത്രമല്ല രണ്ടു പക്ഷവും ഒരുമയോടെ പാത്രിക്കീസ് പക്ഷത്തു സമാധാനവാദികളായി നിലകൊണ്ടു എന്നുള്ളത് സ്മരണീയമാണ്. അക്കാലഘട്ടങ്ങളിൽ സഭാകാര്യങ്ങളിൽ വളരെ താല്പര്യപൂർവ്വം എന്റെ അപ്പൻ ഭാഗഭാക്കായിരുന്നതുകൊണ്ടു സഭാനേതാക്കളിൽ പലരും കുടുംബത്തിൽ വരുകയും അപ്പനുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നതു കാണാനിടയായിട്ടുണ്ട് .

എന്നാൽ വളരെ വർഷണങ്ങൾക്കു മുൻപ് ഒരു കത്തോലിക്കാ സുഹൃത്ത് യാദൃശ്ചികമായി കണ്ടപ്പോൾ മങ്കുഴിപള്ളിയെ സംബന്ധിക്കുന്ന ഒരു ചരിത്രപുസ്തകം / സുവനീർ വായിക്കാനിടയായി എന്നും ഉടുമ്പന്നൂർവില്ലജിലെ പ്രധാന കുടുംബങ്ങളിലൊന്നായ കുട്ടന്തടത്തിൽ കുടുംബവും രാമനാട്ടു ചെറിയാൻ സാറിന്റെ കുടുംബവും ഒക്കെ കത്തോലിക്കാരായിരുന്നു എന്നും, അവർ മങ്കുഴി ഇടവകക്കാരായിരുന്നു എന്നും എഴുതിയിരിക്കുന്നല്ലോ എന്നുപറയാൻ ഇടയായി. അതിനെക്കുറിച്ചു പലകഥകൾ പ്രചരിക്കുന്നുണ്ടെന്നും ഞങ്ങൾ കത്തോലിക്കാരായിരുന്നിട്ടില്ല എന്നും ഞങ്ങളുടെ പൂർവ്വീകർ മലങ്കര നസ്രാണികളായിരുന്നു എന്നും കൂത്താട്ടുകുളം വടകരയിൽനിന്നും കുടിയേറിപ്പാർത്തവരായിരുന്നു എന്നും ധരിപ്പിക്കുകയുണ്ടായി. വടകരയിൽ വരുന്നത് ടിപ്പുവിന്റെ പടയോട്ടകാലത്തു വടക്കൻ (മലബാർ) വടകരയിൽനിന്നും ഓടിപ്പോന്ന നസ്രാണികളായിരുന്നു എന്നും ഇടക്കാലം ഇടപ്പള്ളിപ്പള്ളിയിൽ കൂടിനടന്നിരുന്നു എന്നും പിന്നീട് ആ പള്ളി കത്തോലിക്കരുടെ കയ്യിലകപ്പെട്ടപ്പോൾ അവിടെനിന്നും കൂത്താട്ടുകുളം വടകരപ്പള്ളിയിലേക്കു മലബാർ വടകരയിൽ നിന്നും ടിപ്പുവിനെ പേടിച്ചു കുടിയേറിയ ചർച്ചക്കാരുടെ അടുത്തേക്കുപോന്നു എന്നും ആണ് എനിക്ക് വായ്മൊഴിയായും ചിലരേഖകളുടെ അടിസ്ഥാനത്തിലും അറിയാൻ കഴിഞ്ഞിട്ടുള്ളത് . ഈക്കാര്യങ്ങൾ ഞാൻ വടകരപ്പള്ളിയുടെ ചരിത്രവുമായി ബന്ധപെട്ടു തിരഞ്ഞപ്പോൾ അവിടേക്കു മലബാർ വടകരയിൽനിന്നും നസ്രാണികളുടെ കുടിയേറ്റം ഉണ്ടായിട്ടുണ്ടെന്നും അവർ ഒരുകുരിശുനാട്ടി ആ പള്ളിയോടു ചേർന്നുനടന്നിരുന്നു എന്നും അറിയാന്കഴിഞ്ഞിട്ടുണ്ട്. അതായതു കുട്ടന്തടത്തിൽ കുടുംബം എന്റെ അറിവിൽ കത്തോലിക്കരയിരുന്നിട്ടില്ല, പിന്നെങ്ങനെ ഉടുമ്പന്നൂർ മങ്കുഴിപ്പള്ളിയിൽ കൂടിനടന്നകത്തോലിക്കാരായിരുന്നുവെന്നുള്ള ഖ്യാതിവന്നു എന്നുള്ളത് എന്റെ അപ്പനോടുചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമുണ്ടായിരുന്നു എന്നും അതിനൊരുകഥയുണ്ടു എന്നുമാണ് ഉത്തരം .

അതായതു മത്തായിവൈദ്യൻ വടകരനിന്നും ഒലിവിരിപ്പിൽ താമസമാക്കി മലങ്കര നസ്രാണികളുടെ ഏറ്റവും പഴയ സെറ്റിൽമെന്റ് ആയ പന്നൂർ പള്ളിയിൽ കൂടിനടന്നപ്പോൾ അവിടത്തെ വികാരി കൂരുവേലിലച്ചനോട് പിണങ്ങുകയും പള്ളിയിൽപോകാതിരിക്കുകയും ചെയ്ത ഒരുകാലമുണ്ടായിരുന്നു. വൈദ്യന്റെ യൗവ്വന പ്രായം, വൈദ്യം അറിയാവുന്നവർ ഇല്ലാത്ത നാട്, പള്ളിഭക്തനല്ലാത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സർവാത്മനാ പിന്തങ്ങിയിരുന്ന, സമരസേനാനിയും പഴയ കോട്ടയം ജില്ലയിലെ സ്വാതന്ത്രസമര നേതാക്കളിലൊരുവനുമായ വൈദ്യന് ഒരു പള്ളി കത്തനാരുമായി പിണങ്ങാൻ കാരണം വേണ്ടല്ലോ. അദ്ദേഹം പള്ളിയിൽ പോക്കുഒഴിവാക്കി വൈദ്യവും സാമൂഹ്യപ്രവർത്തനവുമായി ഒതുങ്ങിക്കഴിയുന്നകാലം. അത് തക്കം എന്നുകണ്ട പ്രമുഖ കത്തോലിക്കർ കുട്ടൻതടത്തിൽ മത്തായി വൈദ്യനെ സ്വസമുദായത്തിൽ കൊണ്ടുവന്നാൽ നല്ലകാര്യമായിരിക്കും എന്ന് വിചിന്തനം ചെയ്തു അന്ന് പണിക്കരുവീട്ടിൽ മാർ ഇവാനിയോസിന്റെ നേതൃത്വത്തിൽ മലങ്കര സഭാവിട്ടു റോമാറീത്തിൽ ചേർന്ന രാമനാട്ടു കാരെ സ്വാധീനിച്ചു സ്‌നേഹപൂർവ്വമായി നിർബന്ധിച്ചപ്പോൾ കൂരുവേലിലച്ചനിട്ടു ഒരു പണിയിരിക്കട്ടെ എന്ന് ധരിച്ചു അദ്ദേഹം മങ്കുഴി പള്ളിയിൽ പോകാൻ തുടങ്ങി .എന്നാൽ അതിനുമുന്പായി ചില വ്യവസ്ഥകൾ അദ്ദേഹം വെച്ചുവെന്നാണ് എന്റെ അപ്പൻ എന്നോട് പറഞ്ഞിട്ടുള്ളത്. വ്യവസ്ഥകളിലൊന്ന് മാമോദീസ ഏൽക്കില്ല, രണ്ടു കുമ്പസാരിക്കില്ല, താല്പര്യംതോന്നുമ്പോൾ മാത്രമേ കുർബാന അനുഭവിക്കൂ . വളരെ സാത്വികനും, കത്തോലിക്കസമുദായത്തിന്റെ അഭ്യുദയകാംഷിയുമായ ഇടവക വികാരി സമ്മതംമൂളി, മത്തായി വൈദ്യൻ മങ്കുഴിപ്പള്ളിയിൽ പോകാൻതുടങ്ങി .അവിടെ പള്ളി കഴിഞ്ഞു ഞായറാഴ്ചകളിൽ പള്ളിമുറിയിൽ ഇരുന്നു രോഗികളെ കാണാനും ആരംഭിച്ചു എന്നാണ് കേട്ടിട്ടുള്ളത് . എന്നാൽ വൈദ്യന്റെ ഭാര്യ കോനാട്ട് ‘അമ്മ വളരേശാഠ്യക്കാരിയും ഒരു കറതീർന്ന മലങ്കര നസ്രാണിയും ആയിരുന്നു . അവർ വൈദ്യനെ അനുസരിക്കാതെ മക്കളെയും കൂട്ടി പന്നൂർ പള്ളിയിൽകൂടിനടന്നു .

താമസിയാതെ ആ മങ്കുഴി പള്ളിയിലെ പുരോഹിതൻ സ്ഥലം മാറിപോകുകയും പുതുതായി വളരെ ശാഠ്യക്കാരനായ ഒരു കാതോലിക്കാപുരോഹിതൻ ചാർജ് എടുക്കുകയും ചെയ്തു . അദ്ദേഹം വൈദ്യൻ ആണ്ടുകുമ്പസാരം നടത്തണമെന്ന് വാശിപിടിച്ചു, അത് വൈദ്യന് സമ്മതമല്ലായിരുന്നു . കാരണം മലങ്കര നസ്രാണികൾക്കു കുമ്പസാരം നിര്ബന്ധമല്ലായിരുന്നു, അതും കൂടുതൽ തലക്കുപിടിച്ച ഒപ്രുശ്‌മ മാത്രമായിരുന്നു. ഈക്കാര്യം വൈദ്യന്റെ ഭാര്യയിൽനിന്നും അറിഞ്ഞ കൂരുവേലിലച്ചൻ ഇതുതന്നെ അവസരം എന്നനിനച് വീട്ടിൽ വന്നു വൈദ്യനുമായി രമ്യപ്പെട്ടു പിറ്റേദിവസം മുതൽ മത്തായി വൈദ്യൻ മലങ്കരനസ്രാണിപള്ളിയിൽ പോയിത്തുടങ്ങി. ഇതാണ് വര്ഷങ്ങള്ക്കുശേഷം മങ്കുഴിപ്പള്ളിക്കാർ കുട്ടന്തടം കാർ കത്തോലിക്കാരായിരുന്നു എന്ന് എഴുതിപിടിപ്പിക്കാൻ കാരണം .

അപ്പോൾ പറഞ്ഞുവന്നത്, ഇടമറുകുപ്പള്ളിയുടെ വഴക്കിനെക്കുറിച്ചാണല്ലോ. കുന്നുമ്മേൽ പൗലോസ്‌കത്തനാരുടെ പള്ളിഭരണവും അദ്ദേഹത്തിന്റെ വേദജ്ഞാനവും കൊണ്ട് മലങ്കരയിൽ കണ്ടനാടുഭദ്രാസനത്തിൽ ഏറ്റവും നല്ലരീതിയിൽ നടക്കുന്നഒരുപള്ളിയായി തീർന്നു ഇടമറുകുപള്ളി. നാല്‌പള്ളിക്കാരുടെയും കൂട്ട് ഉടമസ്ഥതയിലുള്ള ഉടുമ്പന്നൂർ ചാപ്പലും അവിടത്തെ സുവിശേഷപ്രസംഗങ്ങളും മലങ്കരനസ്രാണികളെ ഏറ്റവും ചെറിയസമൂഹമെങ്കിലും എല്ലാനിലയിലും ഉന്നതിയിൽ എത്തിച്ചിരുന്നകാലം. അവിടെക്കാണ് പെന്തികൊസ്തുവിശ്വാസത്തിന്റെ വിഷവിത്തുകൾ നുഴഞ്ഞികേറാനാരംഭിക്കുന്നതു. ആദ്യമാദ്യം അത് മലങ്കര സഭയുടെ ചട്ടക്കൂടിൽനിന്ന് തന്നെയുള്ള പ്രവർത്തനങ്ങളാണെങ്കിൽ അത് കാലാന്തരത്തിൽ മലങ്കര സഭയെന്നുള്ള ചട്ടക്കൂടിനെ ചോദ്യംചെയ്യാൻ പൗലോസ് കത്തനാരുടെ നേതൃത്വം തുടങ്ങിയപ്പോൾ പാത്രിക്കേസ് പക്ഷത്തിന്റെ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് പൗലോസ് ദ്വിതീയൻ വിലക്കുകയും പുറത്തുപോകേണ്ടതായിരുവരുകയും ചെയ്തു .

ഇക്കാലഘട്ടത്‌ ഞാൻ അലിഗഢിൽ വിദ്യഭ്യാസം ചെയ്തിരുന്നതിനാൽ പലകാര്യങ്ങളിലും എനിക്ക് ഇടപെടാൻസാധിച്ചിരുന്നില്ല എങ്കിലും വീട്ടിൽവരുമ്പോൾ പലപ്രാവശ്യം മലങ്കര സഭയുടെ വളയം വിട്ടു ചാടരുത് എന്ന് ബഹുമാനപെട്ട പൗലോസ്‌കത്തനാരോട് സൂചിപ്പിക്കുമായിരുന്നു. അതിനദ്ദേഹം ഒരിക്കലും ഇല്ല വാവച്ചാ എന്നുമറുപടിയും തരുമായിരുന്നു . അതിനുശേഷം MBA ക്കു ആദ്യവർഷം പഠിക്കുമ്പോഴാണ് വീട്ടിൽ അവധിക്കുവന്നപ്പോൾ പൗലോസ്‌കത്തനാരുടെ നേതൃത്വത്തിൽ അന്നുണ്ടായിരുന്ന കണ്ണംകുഴിയിൽ സാജു അച്ചൻ, പുത്തൂർ ജോയിയച്ചൻ, തടത്തിൽ അച്ചൻ തുടങ്ങിയവർ വേറൊരുസഭ ഉണ്ടാക്കിപുറത്തുപോയാവിവരം അറിയുന്നത്. അപ്പോൾ ബാക്കിയുണ്ടായിരുന്ന ഇടമറുകുപ്പള്ളി ഇടവകക്കാർ ചരടുവലികൾനടത്തി രണ്ടുഗ്രൂപ്പായി തിരിഞ്ഞു കഴിഞ്ഞിരുന്നു. ഞാൻ അവിടെയെത്തുമ്പോൾ എന്റെ അപ്പൻ കാര്യങ്ങൾ വിശദീകരിക്കുകയും അദ്ദേഹം കുന്നുമ്മേൽ പൗലോസ് കത്തനാരുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നു എന്നും മൂത്തപുത്രനായ എന്നെഅറിയിച്ചു. ആദ്യം ദേഷ്യംവന്നു എങ്കിലും വിശ്വാസകാര്യങ്ങളിൽ വളരെ പുറകോട്ടുള്ള ഞാൻ എങ്ങനെ അപ്പനെ ഉപദേശിക്കും എന്നുള്ള വിഷമവൃത്തത്തിലായി. ആരാത്രിയിൽ അപ്പനും ഞാനുമായി ഒരു തീരുമാനത്തിലെത്തി. കാരണം കുട്ടന്തടം മുഴുവനായി ഓർത്തോഡോക്‌സിൽ പോകാൻ തീരുമാനിച്ചിരുന്നതായിരുന്നു എന്നും ചില തല്പര കക്ഷികളുടെ ചരടുവലികൾ മൂലം അവർ പാത്രിക്കീസ് പക്ഷത്തേക്ക് മാറി എന്നും ഇവിടയുണ്ടായിരുന്ന പാത്രിക്കീസ് കക്ഷികൾ മുഴുവനും ഓർത്തോഡോക്സ് പക്ഷത്തേക്ക് മാറുകണ്ടംചാടിയെന്നും അപ്പൻ അറിയിച്ചു. എനിക്കും എന്റെ സഹോദരനും എവിടെയാണോ നില്ക്കാൻ താല്പര്യം അവിടെനിൽക്കാമെന്നും അപ്പൻ പറഞ്ഞു. എന്റെയും എന്റെ സഹോദരന്റെയും തീരുമാനം മലങ്കര സഭയിൽ നിൽക്കുകയെന്നുള്ളതാണെന്നും കുട്ടന്തടംകാർ അടിസ്ഥാനപരമായി ദേശീയവാദികളായതിനാൽ ഞങ്ങൾ ഓർത്തോഡോക്സ് പക്ഷത്തു നില്ക്കാൻ തീരുമാനിച്ചു. അതിനുശേഷം നീണ്ട 25 വര്ഷങ്ങളുടെ കോടതിവ്യവഹാരങ്ങൾ കിടക്കു പലതവണകളിൽ യോജിപ്പിനുശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇടമറുകിലെ വ്യക്തിവിരോധങ്ങളിൽ അടിപ്പെട്ട് സാധിക്കാതെപോയി എന്ന് ചുരുക്കിപ്പറയാം. കഷ്ടനഷ്ടങ്ങൾ പലതും സഹിച്ചെങ്കിലും പല സമ്മർദങ്ങൾ എതിർത്തുനിൽക്കാനും ചില അധമനീക്കങ്ങളെ കീഴടക്കാനും കഴിഞ്ഞിട്ടുണ്ട് എന്നുള്ളതിൽ ചാരിതാർഥ്യമുണ്ട്. ഇന്ന് കുട്ടന്തടത്തിലെ സഹോദരങ്ങൾ മൂന്നുകക്ഷികളിലായിട്ടാണ് നിൽക്കുന്നത് എന്നുള്ളത് വളരെ ദുഖകരമാണ്. കക്ഷിവഴക്കിൽ വളരെ തീവ്രമായി പങ്കെടുത്തവരിൽ ചിലർ ഇന്ന് തീവ്ര പെന്തികൊസ്തുവിശ്വാസികളും ചിലർ അതിലേക്കുള്ളപ്രയാണത്തിലുമാണ് എന്നു തുറന്നുസംമ്മതിക്കേണ്ടതായിവരുന്നു. മറ്റുള്ളവർ ഓർത്തോഡോക്‌സിലും ,ചിലർ യാക്കോബായവിശ്വാസത്തിലും നിലനിൽക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം കക്ഷിവഴക്കുകൾ ഒഴിവാക്കി മലങ്കര സഭയുടെ ചരിത്രം മനസിലാക്കി മലങ്കര നസ്രാണികൾ വർത്തിച്ചാൽ ഭാരതത്തിനു ഇനിയും വളരെവളരെ സേവനങ്ങൾ ചെയാൻ കഴിവുള്ള ഒരുസമൂഹമാണ് .

ഇടമറുകുപള്ളിയുടെ ഉത്ഭവത്തിൽ ഉണ്ടായിരുന്നപലകുടുംബങ്ങളും ഇന്ന് മാതൃ പള്ളിയിൽ പോകാനാവാതെ സങ്കടപ്പെടുകയാണെന്നറിയാം. എന്നാൽ അവരുടേതും കൂടെയാണ്ഈപള്ളി എന്നുമറകേണ്ട. 1665 ഇൽ ഇവിടെയെത്തിയ വിദേശമേൽക്കോയ്മക്കു അടിയറവെക്കേണ്ടതല്ല മലങ്കരനസ്രാണി പാരമ്പര്യം .ഇന്ന് നടക്കുന്നഗവേഷണങ്ങളിൽ മലങ്കര സഭക്ക് 1490 നുമുന്പ് ഒരു സുറിയാനി പൂർവ്വ പാരമ്പര്യമുണ്ടെന്നു പണ്ഡിതർ കണ്ടെത്തിക്കഴിഞ്ഞു. എത്രയൊക്കെ വിഘടിതനേതൃത്വങ്ങൾ സമ്മോഹനവാഗ്ദാനം നൽകിയാലും അതൊന്നും നീതിക്കും, കോടതിക്കും മുൻപിൽ നിലനിൽക്കുകയില്ല എന്നുള്ളതാണുവസ്തവം. മലങ്കര നസ്രാണികൾ ഒന്നാണെന്നുതിരിച്ചറിയുകയും അവർ മലങ്കര സഭയിലേക്കു തിരിച്ചുവന്നു തങ്ങളുടെ പങ്കുപറ്റുകയുമാണ് ചെയ്യേണ്ടത് . ഇന്നല്ലെങ്കിൽ അതുനാളെ നടന്നിരിക്കും എന്നുള്ളതാണ് വസ്തുത.

ഓം ശാന്തിഃ .

error: Thank you for visiting : www.ovsonline.in