OVS - Latest NewsOVS-Kerala News

കോവിഡ് കാലത്ത് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സഭ

കുട്ടിക്കാനം : കോവിഡ് കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് സഹായവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കോവിഡും കേരളത്തെ ബാധിച്ച പ്രളയവും ഉയർത്തുന്ന വൻ സാമ്പത്തിക പ്രതിസന്ധി, ഉന്നത വിദ്യാഭാസം സ്വപ്നം കാണുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹിക കരുതലിന്റെ ഭാഗമായി സഭയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ് എഞ്ചീനീയറിംഗ് കോളേജിൽ +2 പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എന്നീ വിഷയങ്ങൾക്ക് എൺപത്തഞ്ച് ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികൾക് ട്യൂഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനം.

മെക്കാനിക്കൽ എഞ്ചീനീയറിംഗ്, സിവിൽ എഞ്ചീനീയറിംഗ്, ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചീനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യുണിക്കേഷൻ എഞ്ചീനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ പ്രവേശനം നേടുന്ന കുട്ടികൾക്കാണ് ഇളവ് ലഭിക്കുക. ഉയർന്ന വിജയം കരസ്ഥമാക്കിയ ധാരാളം കുട്ടികൾ കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഭാ പരമാധ്യക്ഷനും കോളേജ് പ്രസിഡന്റുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ നിർദേശത്തിലാണ് തീരുമാനമെന്ന് കോളേജ് മാനേജ്‌മന്റ് അറിയിച്ചു. സാമൂഹിക പുനർനിർമ്മാണം സാധ്യമാകുന്നത് വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ളതും വ്യക്തമായ ദിശയിലുള്ള വിദ്യാഭാസവും നൽകുമ്പോഴാണെന്ന് കോളേജ് ഡയറക്ടർ ഫാ. ജിജി പി . എബ്രഹാം അറിയിച്ചു.