മുളന്തുരുത്തി മാർത്തോമൻ പള്ളി: ദൈവീക നീതി നടപ്പിലായി

ഇന്നും കോടതികളിലുള്ള ജനത്തിൻ്റെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാ എന്നുള്ളതിൻ്റെ തെളിവാണ് മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ വിധി നടപ്പിലാക്കൽ. കാലങ്ങളായി വിശ്വാസികൾ ദൈവസന്നിധിയിൽ ഒഴുക്കിയ കണ്ണുനീരിൻ്റെ ഫലം..

മലങ്കര ഓർത്തഡോക്സ്‌ ‌ സഭക്കനുകൂലമായി ബഹു. പരമോന്നത കോടതിയുടെ അതി ശക്തമായ വിധിയെതുടർന്ന്, അത് നടപ്പിലാക്കണമെന്ന ബഹു. ഹൈകോടതിയുടെ താക്കീതും. കേന്ദ്ര സേന വരുമെന്നുറപ്പായപ്പോൾ സർക്കാരും ഒത്തുകളികൾ അവസാനിപ്പിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ സ്വന്തം ഇടവകയായ മുളന്തുരുത്തി പള്ളി, യാക്കോബായക്കാർ മലങ്കര ഓർത്തഡോക്സ്‌ ‌ സഭയിലെ മെത്രാപ്പോലീത്തന്മാരെയും പുരോഹിതൻമാരെയും വിശ്വാസികളെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരിക്കുന്നത്. അതിൻ്റെ കണക്കു ചോദിക്കുവാനോ പറയുവാനോ ഉള്ള സമയമല്ലിത്. ഇവിടെ ജയവും പരാജയവും ഇല്ല, ദൈവീകനീതി നടപ്പിലായി എന്നുമാത്രം. ഏറെ പരിഹാസങ്ങളും, ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇവിടുത്തെ വൈദികർക്കും വിശ്വാസികൾക്കും. അഞ്ചിലൊരു ഞായറാഴ്ച മാത്രം ആരാധന നടത്തുവാൻ അനുവദിച്ചിരുന്ന മുൻ കോടതിവിധിയുടെ മറവിൽ എന്തൊക്കെ അതിക്രമങ്ങളാണ് യാക്കോബായ വിഭാഗം കാണിച്ചുകൂട്ടിയത്. ഇടവകാംഗങ്ങൾ മരണപ്പെട്ടാൽ പള്ളിയിൽ പ്രവേശിപ്പിക്കുവാൻ അനുവദിക്കാതെ കൊണ്ടുപോയി അടക്കണമായിരുന്നു. അങ്ങിനെയങ്ങിനെ എന്തെല്ലാം !!

എന്തുമായിക്കൊള്ളട്ടെ, ഈ വിധി നടപ്പിലാക്കലിലൂടെ ഓർത്തഡോക്സ്‌ ‌ സഭ നിഗളിക്കുന്നില്ല, വിനയപൂർവം ദൈവസന്നിധിയിൽ തലകൾ വണക്കുന്നു. ആ ഇടവകയിലുള്ള എല്ലാ ആളുകളും ഞങ്ങളുടെ സഹോദരങ്ങളാണ്, ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കി ഒരുമിച്ച് ദൈവത്തെ ആരാധിക്കുവാൻ തയ്യാറാകണമെന്ന അപേക്ഷ മാത്രമേയുള്ളു. യാക്കോബായ മെത്രാപ്പോലീത്തന്മാർക്ക് യാഥാർഥ്യം അറിയാത്തതുകൊണ്ടല്ല, അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നമായതുകൊണ്ടാണ്. ഇനിയെങ്കിലും സമൂഹത്തെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കാതെ വിശ്വാസികൾക്ക് വേണ്ടുന്ന നല്ല ഉപദേശങ്ങൾ നൽകുവാൻ അവർക്കാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

മെത്രാപ്പോലീത്തന്മാരും വൈദികരും മാറുകാണിച്ചുകൊടുത്തില്ല, വെടിവെപ്പിച്ചില്ല എന്നൊക്കെ അലമുറയിടുന്ന യാക്കോബായ വിശ്വാസികളെ, അവർക്കിത്രയൊക്കെയേ ചെയ്യുവാൻ സാധിക്കു. ബഹു. കോടതികളും നിയമപാലകരും നിവർന്നുനിന്നാൽ അവർക്കെന്തുചെയ്യുവാൻ കഴിയും…? മുളന്തുരുത്തി പള്ളിയുടെ വിധി നടത്തിപ്പിനെ സംബന്ധിച്ച് പല മേഖലകളിൽനിന്ന് പലരും വിമർശിക്കുന്നത് കേട്ടിട്ടുണ്ട്. രക്തച്ചൊരിച്ചിലില്ലാതെ, വലിയ ബഹളങ്ങളില്ലാതെ, ദൈവസന്നിധിയിൽ പ്രാർത്ഥനാപൂർവ്വം, സർവ്വശക്തനിലും ബഹു. കോടതിയിലും മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു നീക്കത്തിൻ്റെ വിജയമാണിത്. ഇതിന് പ്രാർത്ഥനാപൂർവ്വം നേതൃത്വം കൊടുത്ത പരിശൂദ്ധ കാതോലിക്കാബാവാതിരുമേനി, ഇടവകമെത്രാപ്പോലിത്താതിരുമേനി, അഭി.പിതാക്കന്മാർ, ബഹു. വൈദീക ശ്രെഷ്ഠർ, സഭാസ്ഥാനികൾ, വക്കീലന്മാർ, ഇടവകയിലെ അൽമായ പ്രമുഖർ, കണ്ണുനീരോടെ പ്രാർത്ഥിച്ച ഇടവകാംഗങ്ങൾ, ഇത് ഏറെ ആഗ്രഹിച്ച ദേശവാസികൾ തുടങ്ങിയവരെ അഭിനന്ദിച്ചേ മതിയാകൂ… മണ്മറഞ്ഞുപോയ അനേകമാളുകളുടെ പ്രാർത്ഥനയും കണ്ണുനീരും ഇതിന്റെ പിന്നിലുണ്ട്.

നമുക്ക് വിനയപൂർവം ദൈവസന്നിധിയിൽ അഭയം പ്രാപിക്കാം.
സി. എം. രാജു അച്ചൻ
(കൊച്ചി ഭദ്രാസന സെക്രട്ടറി )

മുളന്തുരുത്തി പള്ളിയും മലങ്കരസഭയും

error: Thank you for visiting : www.ovsonline.in