OVS - Latest NewsSAINTS

മാർ മീഖാ – മുഖം നോക്കാതെ പ്രവചിച്ച പ്രവാചക ശ്രേഷ്ഠൻ

ഉയർത്തെഴുന്നേറ്റ ആമോസ് എന്നറിയപ്പെടുന്ന മീഖാ പ്രവാചകൻ മോരെശേത് ദേശകാരനായിരുന്നു. ടെൽ എൽ യുദൈദേ എന്നറിയപ്പെടുന്ന ഈ സ്ഥലം യെരുശലേമിൽ നിന്ന് ഉദ്ദേശം 40 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. മീഖായുടെ പ്രവർത്തനം യോഥാമ് ആഹാബ് ഹിസ്കീയാവ് എന്നീ യഹൂദ രാജാക്കന്മാരുടെ ഭരണ കാലത്തായിരുന്നു.

യെശയ്യാ ഒന്നാമൻ, ആമോസ്, ഹോശേയ ഇവരെപ്പോലെ ബിസി എട്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രവാചകൻ ആയിരുന്നു മീഖ. മീഖാ എന്ന വാക്കിന്റെ അർത്ഥം ” യഹോവയ്ക്ക് തുല്യൻ ആര് “എന്നാണ്. യഹൂദ്യയിൽ ജനിച്ചു എങ്കിലും അദ്ദേഹം ദൂത് നൽകിയത് ശമര്യർക്കും യെരുശലേമിനും വേണ്ടിയായിരുന്നു. അധപ്പധിച്ച സാമൂഹിക സാമ്പത്തിക മതനിലവാരത്തിനെതിരെ ആണ് മാർ മിഖാ ശബ്ദമുയർത്തിയത്. ആമോസിന്റെ നീതി ബോധത്തോടു, ധാർമിക തീക്ഷണതയോടെ കൂടി പ്രത്യക്ഷപ്പെട്ട മീഖാ ഉയർത്തെഴുന്നേറ്റ ആമോസ് എന്ന പേരിന് അർഹനാണ്.

കർഷകരുടെയും ഇടയരുടെയും നേതാവായി പ്രത്യക്ഷപ്പെട്ട മീഖാ അവരുടെ അവശതയിലും ജന്മിമാരിൽ നിന്നുള്ള ഉപദ്രവത്തിലും അമർഷം പൂണ്ട് സാമ്പത്തിക അസമത്വത്തിനും അഴിമതിക്കും അധർമ്മത്തിനുമെതിരെ ശബ്ദമുയർത്തി. ദൈവം തിരഞ്ഞെടുത്ത ജനവും സ്ഥലവും ഒരിക്കലും നശിക്കുകയില്ല എന്ന് ജനങ്ങൾക്ക് ബോധ്യമായി ദൈവം ഇവിടെ വസിക്കുന്നുവോ അവിടെ മാത്രമേ ദൈവീകമാവുകയുള്ളൂ ദൈവം കൂടെയുള്ളപ്പോൾ മാത്രമേ മനുഷ്യൻ ദൈവീകനാവുകയുള്ളൂ.  ദൈവത്തിൽ നിന്ന് അകലുമ്പോൾ രണ്ടും നാശ യോഗ്യമായി തീരും. ശമര്യയും യെരുശലേമും ഇതിനൊരപവാദം അല്ല.

മീഖാ ശിക്ഷയുടെയും രക്ഷയുടെയും ദൂത് നൽകി യഹോവ ഇടയനും ഗുണകാംക്ഷയും ആണ്. മിഖയുടെ സന്ദേശം യെഹിസ്കീയാ രാജാവിനെ പിടിച്ചുകുലുക്കി. രാജാവിന്റെ മനസ്സ് യഹോവ യിലേക്ക് തിരിഞ്ഞ് ദേശത്ത് ആധ്യാത്മിക നവീകരണം വരുത്തി ധാർമികബോധവും സാമൂഹികനീതിയും ഇല്ലാത്തവർക്ക് യഥാർത്ഥമായി ദൈവത്തെ അറിയുവാനോ ആരാധിക്കുവാനോ സാധ്യമല്ലെന്ന് മീഖാ പ്രവചിച്ചു.

തന്റെ മതബോധം തെളിഞ്ഞുനിൽക്കുന്ന തങ്കവാക്യം ആണ്'” മനുഷ്യ നല്ലത് എന്ത് എന്ന് ഞാൻ നിനക്ക് കാണിച്ചു തന്നിരിക്കുന്നു. ന്യായം പ്രവർത്തിക്കാനും ദയ തൽപരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കാൻ അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്. (6:8)

ആമോസിന്റെ നീതിബോധവും ഹോശേയയുടെ സ്നേഹദൂതും, യെശയ്യാവിന്റെ വിശുദ്ധിയുടെയും വിനയത്തിന്റെയും സന്ദേശവും എല്ലാം ഉൾക്കൊള്ളുന്നതാണ് മീഖായുടെ മതദർശനം. ദാവീദിന്റെ മാതൃകയിലുള്ള മശിഹായെ കുറിച്ചുള്ള വിചിന്തനത്തിന്റെ ഉത്ഭവം മിഖായിൽ ആണ്.

എഴുതിയത് :
Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ