ഓർത്തഡോക്സിയും ഉല്‍പ്പത്തി പുസ്തകവും Part – 2

ഈ ആധുനിക ശാസ്ത്ര കാലത്ത് ദൈവത്തിനും തിരുവെഴുത്തുകൾക്കും പ്രസക്തിയില്ല എന്ന് ആധുനിക മനുഷ്യര്‍ ചിന്തിക്കുന്നു. യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, മഹാ മാരികൾ, വ്യക്തിപരമായ പ്രയാസങ്ങൾ ഉണ്ടാകുമ്പോള്‍ മാത്രം ദൈവത്തില്‍ ആശ്രയിക്കുന്ന (ഇനി അഥവാ ദൈവം ഉണ്ടെങ്കിലോ) പ്രവണത ആണ്‌ ഇന്ന്‌ പരക്കെ കാണപ്പെടുന്നത്.

മതം എന്നാൽ എന്തും അന്ധമായി മാത്രം വിശ്വസിക്കുന്ന ഒന്നും. ശാസ്ത്രം / ശാസ്‌ത്രജ്ഞര്‍ എന്ന് പറഞ്ഞാൽ എല്ലാം തന്നെ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടതും / തെളിയിക്കുന്നവർ എന്നുമുള്ള ഒരു ധാരണയാണ് പരക്കെ ഉള്ളത്‌.

ഒന്നാം ഭാഗത്തില്‍ ഉല്‍പ്പത്തി പുസ്തകത്തിലെ ചരിത്ര വ്യക്തികളേ കുറിച്ച് പുതിയ നിയമവും മിശിഹ തമ്പുരാന്‍ തന്നെയും എന്ത് പറയുന്നുവെന്ന് നമ്മൾ കണ്ടു. അതുപോലെ ആധുനിക ജനിതക ശാസ്ത്ര തെളിവുകളും നമ്മേ തിരുവെഴുത്തുകളിലേക്ക് നയിക്കുന്നു എന്നും കണ്ടു. ഈ രണ്ടാം ഭാഗത്തില്‍ പുരാതന കാലത്തെ സഭാ പിതാക്കന്മാർ ഇതേ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം.

പുരാതന കാലത്തെ സഭാ പിതാക്കന്മാർ ഉല്‍പ്പത്തി പുസ്തകം പറയുന്ന ചരിത്ര (പ്രത്യേകം ശ്രദ്ധിക്കുക – ചരിത്രമായി എടുക്കേണ്ടവ മാത്രം) വസ്തുതകള്‍ ചരിത്രമായി തന്നെ എടുക്കുകയും വിശദമായി തന്നെ എഴുതുകയും ചെയ്തിട്ടുണ്ട് എങ്കിൽ തന്നെയും ഇന്ന്‌ പൊതുവില്‍ ഉള്ള ധാരണ അവർ ഇവ ചരിത്ര വസ്തുതകള്‍ ആയിട്ട് അല്ല ആലങ്കാരികമായി ആണ്‌ എടുത്തിരിക്കുന്നത് എന്നാണ്‌.

ഈ വിഷയത്തില്‍ സുറിയാനി സഭയുടെ എക്കാലത്തെയും വലിയ രണ്ട് പണ്ഡിതന്മാരും പ്രധാന മേലഅധ്യക്ഷന്മാരും ആയിരുന്ന പ. മിഖായേൽ റാബോ പാത്രിയര്‍ക്കീസ് ബാവായുടെയും (A.D 1126 – 1199) മാർ ഗ്രിഗോറിയോസ് ബാർ എബ്രായായുടെയും (A.D 1226 – 1286) ബൃഹത്തായ ഗ്രന്ഥങ്ങളുണ്ട്.

1. പ. മിഖായേൽ റാബോ പാത്രിയര്‍ക്കീസ് ബാവായുടെ “ക്രോണിക്കിൾ”: ഇതിൽ സൃഷ്ടി മുതൽ ബാവായുടെ കാലം വരെ തുടര്‍ച്ചയായുള്ള ലോക ചരിത്രത്തേ കുറിച്ച് വിവരിക്കുന്നു. വിസ്താര ഭയത്താല്‍ മാർ ഗ്രിഗോറിയോസ് ബാർ എബ്രായായുടെ ഗ്രന്ഥം മാത്രം അല്പം വിശദമായി വിശകലനം ചെയ്യാം.

2. മാർ ഗ്രിഗോറിയോസ് ബാർ എബ്രായാൽ വിരചിതമായ “പ്രാചീന വൃത്താന്തസംഗ്രഹം”: ഈ കൃതിയിൽ ആദം മുതൽ ഗ്രന്ഥകർത്താവായ മാർ ഗ്രിഗോറിയോസ് ബാർ എബ്രായായുടെ കാലം വരെയുള്ള ചരിത്ര സംഗതികളെ കാലാനുക്രമണികയിൽ സംക്ഷേപിച്ചിരിക്കുന്നു.

സുറിയാനി സഭ കണ്ടതിൽ ഏറ്റവും വലിയ ദൈവശാസ്ജ്ഞനും, താത്വികനും, അഗാധ പണ്ഡിതനുമായിരുന്നു ത്രഗീസിലെ മഫ്രിയാനയായിരുന്ന മാർ ഗ്രിഗോറിയോസ് ബാർ എബ്രായ. ഇത് പൗരസ്ത്യരും, പാശ്ചാത്യരും ഒരുപോലെ സമ്മതിക്കുന്ന വസ്തുതയാണ്‌. കാലം ചെയ്ത മാർ ഇഗ്നാത്തിയോസ് അഫ്രം ഒന്നാമൻ പാത്രിയർക്കീസ് ബാവാ തൻ്റെ “ചിതറിയ മുത്തുകൾ” എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു. “ബാർ എബ്രായ എന്നറിയപ്പെടുന്നവനായ അബു അൽ ഫറാജ് അതിപ്രശസ്തനായ ഒരു അഭ്യസ്തവിദ്യനും, പൗരസ്ത്യ ദേശം മുഴുവനിലും അതോടൊപ്പം ലോകമെമ്പാടും ഉണ്ടായിട്ടുള്ള മഹാന്മാരായ തത്ത്വചിന്തകരിലും ദൈവശാസ്ത്രജ്ഞരിലും ഒരുവനും ആയിരുന്നു. സുറിയാനി ദേശത്തിൻ്റെ വിഹായസ്സിൽ പ്രകാശിച്ചിരുന്നവരിൽ ഏറ്റവും ഉജ്ജ്വലശോഭ പരത്തിയിരുന്ന താരം തീർച്ചയായും ഇദ്ദേഹം തന്നെ, ഇദ്ദേഹത്തിൻ്റെ സർവ്വ വിജ്ഞാനപരമായ പാണ്ഡിത്യം, വിശിഷ്ടനും സമാനതകളില്ലാത്തവനും ആക്കിത്തീർത്തു”.

നമുക്ക് ബാർ എബ്രായായുടെ ഗ്രന്ഥത്തിലേക്ക് വരാം. ആദം മുതൽ അബ്രഹാം വരെ ഉള്ള ഭാഗം മാത്രം ആണ് ഇവിടെ നമ്മൾ പരിശോധിക്കുന്നത്. അതും അതിലെ തന്നെയും ചില പ്രസക്തമായ ഭാഗങ്ങൾ മാത്രം. എല്ലാ കാര്യങ്ങളും വിശദമായി ഒരു ആർട്ടിക്കിളില്‍ ഒതുക്കുക സാധ്യമുളള കാര്യമല്ലല്ലോ

“മേടമാസം ഒന്നാം ഞായറാഴ്ച്ച ഉത്ഭുതമായ, ലോകത്തിൻ്റെ ഒന്നാമാണ്ടു ആദ്യമാസമായ മേടം 6 വെള്ളിയാഴ്ച്ച, സകല മനുഷ്യരുടേയും ആദ്യപിതാവായ ആദാമിനെ പൂർണ്ണ പ്രായത്തിൽ ദൈവം സൃഷ്ടിച്ചു എന്നും കല്പന ലംഘനത്താൽ പറുദീസായിൽ നിന്നു ഭാര്യ സമേതം തള്ളപ്പെട്ടു എന്നും ആദാമിൻ്റെ 70-ാം സംവത്സരത്തിൽ കായേൻ ജാതനായി എന്നും, വീണ്ടും 70 സംവത്സരം കഴിഞ്ഞപ്പോൾ ഹാബേൽ ജാതനായി എന്നതും തുടർന്ന് 50-ാം സംവത്സരത്തിൽ കായേൽ ഹാബേലിനെ വധിച്ചു എന്നും, ഇത് നിമിത്തം ആദാമും ഹവ്വായും 100 സംവത്സരം വലിയ വിലാപത്തിൽ ജീവിച്ചു എന്നും, ഹാബേലിന് പകരം ശേത് ജനിച്ചു എന്നും, പറുദീസായിൽ നിന്നു പുറപ്പെട്ട് 30 സംവത്സരം കഴിഞ്ഞപ്പോൾ കായേനും അയാളുടെ സഹോദരി കൽമിയായും വീണ്ടും 30 സംവത്സരങ്ങൾ തികഞ്ഞതിന് ശേഷം ഹാബേലും അദ്ദേഹത്തിൻ്റെ സഹോദരി ലാബുദായും ജനിച്ചു എന്നും, ഹാബേൽ കൊല്ലപ്പെടുമ്പോൾ ആദാമിന് 130 വയസ്സും ശേത്ത് ജനിക്കുമ്പോൾ 230 വയസ്സും ആയിരുന്നു എന്നും ഹാബേലിൻ്റെ മരണശേഷം ആദാമ്മിനു ശേത്ത് ജനിച്ചു എന്നും വിശുദ്ധിയിൽ ജീവിക്കുകയും, തൻ്റെ മക്കളിൽ പലരും ബ്രഹ്മാചാര്യന്മാരായി ഹെർമ്മോൻഗിരിമുകളിൽ കരേറി നിർമ്മല നടപടികളിൽ ജീവിതം കഴിച്ചു എന്നതിനാൽ എലോഹീംമക്കൾ (ദൈവപുത്രന്മാർ) എന്ന നാമം ഇവർക്കു ലഭിച്ചു എന്നും അക്ഷരങ്ങളും വിദ്യാഭ്യാസരീതിയും ആദ്യമായി ലോകത്തിൽ കണ്ടു പിടിച്ചയാൾ ഹനോക്കായിരുന്നുവെന്നും “തീസമാജിക്കോസ്” (നിയമനിർമ്മാണം ആചാര്യത്വം, തത്വശാസ്ത്രം എന്നീ മൂന്നു സംഗതികളിലും നിപുണൻ) എന്നു പറയപ്പെടുന്ന ഹെമ്മീസു ഇദ്ദേഹമാണെന്നു പ്രാചീന ഗ്രീക്കുകാർ അഭിപ്രായപ്പെട്ടിരിക്കുന്നു എന്നും, ഇദ്ദേഹം നഗരസ്ഥാപന രീതി കാണിച്ചുകൊടുക്കുകയും ഗണ്യങ്ങളായ പല പ്രമാണങ്ങളെ നിർമ്മിക്കികയും ചെയ്തുവെന്നും ഇദ്ദേഹത്തിൻ്റെ കാലത്തു 120-പരം നഗരങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നും, ഗോളങ്ങളെ സംബന്ധിച്ചും നക്ഷത്രഗതിയെപ്പറ്റിയും ഇദംപ്രഥമമായി നിർണ്ണയം ചെയ്തയാൾ ഹനോക്കായിരുന്നുവത്രേ എന്നും, സകല മനുഷ്യരും സതൃദൈവത്തെ ഭക്തിയോടെ ആരാധിപ്പാനും നോമ്പ് പ്രാർത്ഥന മുതലായ അനുഷ്ഠാനങ്ങളും, ദശാംശം, നേർച്ച ധർമ്മം മുതലായ പുണ്യകർമ്മങ്ങൾ ചെയ്യേണ്ടതിലേക്കും അദ്ദേഹം നിയമങ്ങൾ ഏർപ്പെടുത്തി എന്നും, ഓരോ ഗ്രഹനിലകളെ അവലംബിച്ചു പ്രത്യേക പെരുന്നാളുകളെ ആചരിപ്പാനും ഇദ്ദേഹം വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു എന്നും സുഗന്ധദ്രവ്യങ്ങൾ, ബലികൾ, ആദ്യഫലങ്ങൾ മുതലായവ ദൈവസന്നിധിയിൽ സമർപ്പിക്കുവാനും ഏർപ്പാടു ചെയ്തു എന്നും, ഹാനോക്ക് സ്വർഗ്ഗാരോഹണം ചെയ്ത വേളയില്‍ ദുഃഖിതനായ എക്ട്രോപ്പിയോദീസ് രാജാവു ചെയ്യുന്നതായി ഒരു വലിയ സ്വരൂപമുണ്ടാക്കി ഇതിനെ തൻ്റെ ദൈവാരാധനസ്ഥലത്തു സ്ഥാപിച്ച് അവിടെ പ്രവേശിക്കുമ്പോഴൊക്കയും ഹനോക്ക് ഭൂമിയിൽ ഇരുന്നപ്പോഴെന്നപോലെ ഈ പ്രതിമയുടെ മുമ്പിലും അനുഗ്രഹാർത്ഥം വണങ്ങി വന്നിരുന്നു എന്നും, ഇതു കാലാന്തരത്തിൽ വിഗ്രഹാരാധനക്കു കാരണമായി തീർന്നു എന്ന് വിചാരിക്കപ്പെടുന്നു എന്നും, നൂഹിൻ്റെ അറുനൂറാമത്തെ വയസ്സിൽ ജലപ്രളയമുണ്ടായി, ഇതിൻ്റെ ആരംഭം ഇടവം 29-ന് ആയിരുന്നു. നാല്പതു ദിവസത്തേക്കു മഴ ചൊരിഞ്ഞു കൊണ്ടിരുന്നു. പ്രളയമുണ്ടായപ്പോൾ, തങ്ങളുടെ ഭാര്യമാരോടുകൂടി നൂഹും തൻ്റെ പുത്രന്മാരും പെട്ടകത്തിൽ പ്രവേശിച്ചു. പെരുവെള്ളം പർവ്വതാഗ്രത്തിൽ നിന്ന് 15 മുഴത്തോളം ഉയർന്നു ഭൂമിയിലുള്ള സകല ജീവികളും നഷ്ടപ്പെട്ടു. അനന്തരം ദൈവകോപം അടങ്ങി. വെള്ളം വറ്റിയതുകൊണ്ടു പിറ്റെക്കൊല്ലം ഇടവം 29 വരെ ഇവരെല്ലാവരും പെട്ടകത്തിൽ നിന്നിറങ്ങി, അതിനെ പീസീദിയായുടെ പ്രധാനപട്ടണമായ അഫോമിയായിൽ വച്ചിരുന്നു എന്നു യൗസേബിയോസു പറയുന്നു എന്നും, നൂഹ് തൻ്റെ മക്കൾക്കു താഴെ പറയും പ്രകാരം ഭൂമി ഭാഗിച്ചു കൊടുത്തു എന്നും ശേമ്മിൻ്റെ വിഭാഗം ഇഡ്യാവരെയുള്ള ഫൊറേസ്, ബാക്കാർത്താസു, റീനോക്കുറാ, എന്നീ സ്ഥലങ്ങളാകുന്നു. അദ്ദേഹത്തിൻ്റെ സന്താനങ്ങൾ-അസൂത്രിയർ, കൽദിയർ, ലൂദിയർ, സൂറിയർ, എബായർ, പാർസിയർ എന്നിവരാകുന്നു എന്നും ഹാമ്മിൻ്റെ വിഭാഗം റീനോക്കൂറാ മുതൽ ഗാതീറോൻവരെയുള്ള പ്രദേശങ്ങളായിരുന്നുവെന്നും സന്താനങ്ങൾ- ഹൈന്ദവർ, മെസനിയർ, ഈഗുപ്തിയർ, ഫിത്തിയർ, യബൂസിയർ, ഹവിയർ, അമോറിയർ, ഗർഗാസിയർ, ആറോദിയർ, ഇവരായിരുന്നുവെന്നും യാഫെത്തിൻ്റെ വിഭാഗം-മാദായി മുതൽ ഗാദിറോൻ വരെയുള്ള ഉത്തരപ്രദേശങ്ങളെന്നും സന്താനങ്ങൾ- മക്കോദോനിയർ, അമ്മേർനിയർ, ഐബീറിയർ, മാദിയർ, ബ്രേക്കർ, ലത്തീനിയർ, റോമ്മിയർ എന്നിവരും ആയിരുന്നുവെന്നും ജ്യോതിഷസൂത്രം കണ്ടു പിടിച്ചയാൾ കൈനാനായിരുന്നുവെന്നും, തൻ്റെ മക്കൾ ദൈവത്തെപ്പോലെ തന്നെ ഗണിച്ചിട്ട് തൻ്റെ ഒരു പ്രതിമയുണ്ടാക്കി അവർ ആരാധിക്കുകയും ചെയ്തു, ഇതു മുതൽ വിഗ്രഹാരാധന ആരംഭിച്ചു എന്നും പെലേഗിൻ്റെ 140-ാംവയസ്സിൽ നൂഹിൻ്റെ സന്താനങ്ങൾ രണ്ടാമതും, ഭൂമി ഭാഗം ചെയ്തുവെന്നും ശേമിയർക്കു അവകാശം കിട്ടിയ പ്രദേശനാമങ്ങൾ – ഫ് ലത്ത് സീനി, അറാബിയാ, പൂനീക്കി, സുറിയാ, മെസോപ്പോത്താമിയാ, ഹിർക്കാനിയാ, അന്നുർ, സേനയാർ, ബോബേൽ, കർദുഫോറേസ്, ഉത്തര ഇൻഡ്യ, ബാക്ടറിയാനാ ഇവയായിരുന്നു എന്നും ഹാമിയർക്കു അവകാശമായി കിട്ടിയ ദേശനാമങ്ങൾ – ദക്ഷിണ ഇൻഡ്യാ, കൂശ്, ശാബാ, മെസറേൻ, ലിബോയി, തേബോയീസു, ആപീറിക്കി, പാംമ്പുലിയ, പീസിദിയാ, മൂസിയാ, ഫ്ളൂഗിയാ, ലൂക്കിയ, ലൂദിയാ, എന്നീ ദേശങ്ങളും, കിയോസു, കുപ്രോസും, സിക്കീലിയാ, ആദിയായി 23 ദ്വീപുകളും ആയിരുന്നു എന്നും യാഫെത്തിയർക്കു ആലാനിയാ, തുർക്കി, മാദായി, അർമമാനിയാ, കഫ്ദൂക്കിയാ, ഗലത്തിയ, ആസിയ, എന്നീ രാജ്യങ്ങളും, ഗ്രീക്കർ, റോമ്യർ, സമ്മാർത്തിയർ, അസ്ക്ലോബീയർ, ബൂൽഗാറിയിർ, ഗലാത്തിയർ, സ്പാനിയർ, എന്നിവരുടെ പ്രദേശങ്ങളും, ഗതീറാ വരെയുള്ള എല്ലാ സ്ഥലങ്ങളും അവകാശമായി സിദ്ധിച്ചു എന്നും എന്നാൽ ഫോലേഗ് മരിച്ചശേഷം തൻ്റെ സഹോദൻ യക്ടാൻ്റെ മക്കൾ തങ്ങൾക്കു അവകാശമില്ലെന്നു കണ്ടിട്ടു, ശേഖൊ, ഔഫീർ, ഹവീലാ എന്നു മൂന്നു പ്രധാനികളെ തങ്ങളുടെ രാജാവായി നിയമിച്ചു പലദേശങ്ങളേയും സ്വാധീനപ്പെടുത്തി എന്നും ആദ്യത്തെ ആയുധാഭ്യാസികൾ യാക്ടാൻകാരായിരുന്നു എന്നു ഊഹിക്കപ്പെട്ടുന്നു എന്നും സെനയാർ ദേശത്തെ വലിയ ഗോപുരപ്പണി ആരംഭിച്ചപ്പോൾ അറിയൂന് ഉദ്ദേശം 50 വയസ്സുണ്ടായിരുന്നു എന്നും കൂശിൻ്റെമകനായ നെമറോദ് തൻ്റെ പേട്ടു കൊണ്ടു ഗോപുരപ്പണിക്കാരെ പോറ്റിവന്നിരുന്നു എന്നും, 40 സംവത്സരത്തെ പണി നടത്തി കഴിഞ്ഞപ്പോള്‍ ദൈവം ഉഗ്രമായകൊടുങ്കാറ്റിനാൽ ഗോപുരം ഇടിച്ചു കളഞ്ഞു നെമറോദും ഇതിനുള്ളിൽപെട്ടു മരിച്ചുപോയി എന്നും, ഇദ്ദേഹം ജലപ്രളയശേഷം ബൊബേലിയെ ആദ്യത്തെ രാജാവായിരുന്നു എന്നും അറോക്ക് (ഉറഹായി), ആക്കോർ (നസീബീൻ), കല്ല്യാ (സോലീക്ക്) എന്നീ പട്ടണങ്ങളെ കോട്ടകെട്ടി ഉറപ്പിച്ചു എന്നും, ഗോപുരനാശശേഷം ഭാഷ 92-ആയി ഭിന്നിച്ചു പോയി. തന്നിമിത്തം സെനയേർ ദേശത്തിനു ഭാഷകൾ മിശ്രമായി എന്നർത്ഥമുള്ള ബോബേൽ എന്ന പേർ സിദ്ധിച്ചുവെന്നും ഈ ഭാഷാവിഭാഗത്തിനു മുമ്പു സുറിയായ ഭാഷയായിരുന്നു എന്നുള്ളതിനു ബോബേൽ എന്ന പദം സാക്ഷീകരിക്കുന്നു എന്നു വി.ബസേലിയോസു, മാർ അപ്രം മുതലായ വന്ദ്യന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു എന്നും നാണയങ്ങളും, ഓഫിറിലെ തങ്കപ്പണിയും, ആദ്യമായി തുടങ്ങിയതു സ്രൂഗിൻ്റെ കാലത്തായിരുന്നുവെന്നും ഇക്കാലത്തു പലരും വിഗ്രഹങ്ങളെ സ്ഥാപിച്ച് ആരാധിക്കുകയും അവമൂലം പൈശാചിക സഹായങ്ങൾ ലഭിക്കാമെന്നാശംസിക്കുകയും ചെയ്തിരുന്നുവെന്നും ബോബേലിലെ മൂന്നാമത്തെ രാജാവായി സാമീറോസു 82-സംവത്സരം ഭരണം നടത്തി അളവു, തൂക്കം, എന്നിവയുടെ ഏർപ്പാടു സാമീറോസു ആദ്യമായി തുടങ്ങിയതെന്നും തൻ്റെ കാലത്തു പട്ടുതരങ്ങളും ചായപ്പണികളും കണ്ടുപിടിക്കപ്പെട്ടുവെന്നും ഈ കാലത്തു മെസനിലെ രണ്ടാം ഭരണകർത്താവായി അപ്പിപ്പാനോസ് വാഴിക്കപ്പെട്ടു എന്നും താൻ 46-സംവത്സരം ഭരിച്ചു എന്നും ഇദ്ദേഹം ആദ്യമായി കപ്പൽ ഉണ്ടാക്കി സമുദ്രയാത്ര ചെയ്തു എന്നും ഇദ്ദേഹത്തിൻ്റെ ശേഷം മെസനിലെ മൂന്നാമത്തെ രാജാവായി സ്വീകരിക്കപ്പെട്ട ആഗോനോപ്പിയാസു കൂശുകാരെ അപജയപ്പെടുത്തി തന്നിമിത്തം കൂശ്കാരൻ എന്നർത്ഥമുള്ള അയിഥാപ്പോസു എന്നു വിളിക്കപ്പെട്ടിരുന്നു എന്നും, ഇയ്യാൾ അവിടത്തെ ശാബാ എന്ന രാജാവിനെ കൊന്നത് കൊണ്ടു തൻ്റെ മകൾ പിതാവിൻ്റെ സിംഹാസനത്തെ 40 സംവത്സരത്തെക്കു പ്രാപിച്ചിരുന്നു. ഇവിടെ മുതൽ കുശ്കാർക്കു സ്ത്രീകളുടെ ഭരണം തുടങ്ങി എന്നും നഹോറിൻ്റെ കാലത്തു ഫർത്തുവൊയനായ കസാനോസു മുൻപറഞ്ഞ സാമീറിനോട് യുദ്ധം ചെയ്ത് അയാളെ കൊന്നു. സാമീറോസിൻ്റെ കൊമ്പു തൻ്റെ കിരീടത്തിൽ സ്ഥാപിച്ചു. നീതിമാനായ യോബിൻ്റെ പോരാട്ടം നാഹോറിൻ്റെ 25-മത്തെ വയസ്സോടടുത്തായിരുന്നു. യോബ് യക്ത്താൻകാരിൽ ധനികനായിരുന്നു. ഇദ്ദേഹം 9 പ്രാവശ്യം തനിയെ സാത്താനുമായി പോരാടി ജയം പ്രാപിച്ചു എന്നു കനിയനായ ഔദോർ പ്രസ്താവിക്കുന്നു എന്നും, തേറഹിൻ്റെ കാലത്തു മെസനിലെ അഞ്ചാം രാജാവായി കോറിയോൻ ഫെറഓൻ, നാലു സംവൽസരം വന്നു ഇതോടടുത്തു കനാനിയനായ അർമ്മോനിസുൻ്റെ പുത്രന്മാരായ സോദോം, ഓശൂറാ, എന്നിവരുടെ നാമങ്ങളിൽ ഓരോ നഗരങ്ങളേയും അവരുടെ മാതാവിൻ്റെ നാമത്തിൽ സോവാറിനേയും പണികഴിപ്പിച്ചു എന്നും മെസാനിലെ ആറാം രാജാവായി ആഫീദാസുഫറൻ പർത്തുവോയരുടെ രാജാവായ കസാൻ്റെ അടുക്കൽ ആളയച്ചു കൽദിയരുടെ ശാസ്ത്രഗ്രന്ഥങ്ങളെ മെസനിലേക്കു കൊണ്ടുവന്നു. ഇയ്യാൾ നീല നദിതീരത്തു ഒരു വലിയ പട്ടണം പണിയിച്ചിട്ടു ബാബേൽ എന്ന അർത്ഥത്തിൽ ബോബുലോൻ എന്നു പേരു വിളിച്ചു. എന്നാൽ മെസനിൽ കൽദിയരുടെ വിദ്യകൾ അഭ്യസിച്ചതു കൂടാതെ കീനോസെന്ന് ദേവനെ സ്വർണ്ണ പ്രതിമയുണ്ടാക്കി അതിനെ ആരാധിച്ചിരുന്നു എന്നും തേറഹിൻ്റെ 90-മത്തെ വയസ്സിൽ അബ്രഹാം ജാതനായി എന്നും, തൻ്റെ 50-മത്തെ വയസ്സിൽ അഫോദോസ് ബോബേലിൻ അഞ്ചാം രാജാവായി 18-സംവത്സരം ഭരിച്ചു. അനന്തരം അസൂറിയൻ ബീലോസ് രാജാവു കൽദിയരോടും, മാദിയരോടും എതൃത്തു ജയം പ്രാപിച്ചു ബാബേൽ സിംഹാസനം കൈക്കലാക്കിയതുവരെ ഈ രാജധാനി ഒഴിവായി കിടന്നിരുന്നു എന്നും ഇന്ത്യവരെയുള്ള അസൂർ ബാബേൽ മുതലായി ഏഷ്യയുടെ മിക്ക ഭാഗങ്ങളേയും 62-സംവൽസരത്തേക്കു ബീലോസ് തന്നെ ഭരിച്ചു എന്നും തേറഹിൻ്റെ അഞ്ചാം വയസ്സിങ്കൽ ഒരോനിക്കോസ ഫെറൻ മെസനിൽ എഴാമത്തെ രാജാവായി 22-സംവൽസരം ഭരിച്ചു. അനന്തരം എട്ടാമത്തെ മോനോസു ഫെറഓൻ 20-സംവൽസരവും ഒമ്പതാമത്തെ ആത്മീനോസുഫെറാൻ 29-കൊല്ലവും രാജ്യഭരണം ചെയ്തു. അബ്രാഹാം ജനിക്കുന്നതിനു മുമ്പു മോർഫോസു 20-സംവത്സരം കൊണ്ടു ദർമ്മസൂക്കിനെ പണിയിച്ചു എന്നും അബ്രാഹാമിൻ്റെ 15-ആം വയസ്സിൽ കൽദിയ ദേശത്തു കൃഷി നശിപ്പിക്കുന്ന ഒരുതരം ചെറുകിളി ഇറങ്ങി. തൻ്റെ അപേക്ഷ മുഖാന്തിരം ദൈവം അവയെ നീക്കിക്കളഞ്ഞു. ഇക്കാലത്തു പീലോസ് മരിച്ചു. അദ്ദേഹത്തിൻ്റെ മകൻ തീനോസ് അസൂറിലെ രണ്ടാമത്തെ രാജാവായി 52-സംവൽസരം ഭരിച്ചു. ഇദ്ദേഹം നിനവയെ പണിയിപ്പിച്ചതു കൂടാതെ ഹേബൂത്തു (അറുബേൻ) റോസ്സോൻ (റീശയിന) കൽനോയി (സോലീക്ക്) എന്നിവയുടെ കോട്ടകളേയും ബലപ്പെടുത്തി എന്നും ഈ കാലത്തു കനാനിയ മൽക്കുസദേക്ക് ഊർശ്ലേമ്മിനെ പണിയിച്ചു എന്നും അബ്രഹാം തൻ്റെ ജന്മദേശമായ കൽദിയരുടെ ഊർ എന്ന സ്ഥലത്തിലെ വിഗ്രഹാലയത്തിനു തീ കൊളുത്തി. അപ്പോൾ തീ കെടുത്തുന്നതിനു തൻ്റെ സഹോദരനായ ഹാറാൻ ഓടിച്ചെന്നു പ്രവേശിച്ചതിനാൽ എരിഞ്ഞു വീണ് വിഗ്രഹാലയ ശിഷ്ടത്തിൽ പെട്ടുപോയി എന്നും അബ്രാഹാം തൻ്റെ പിതാവായ തേറഹൂം, മറ്റൊരു സഹോദരൻ നാഹോറും ദഹിച്ചു പോയ സഹോദര പുത്രൻ ലൂത്തും കൂടി ഊർ ദേശത്തെ വിട്ടു ഹാറാനിലേക്ക് ഓടിപ്പോയി 14 സംവത്സരശേഷം തൻ്റെ പിതാവിന്റെ അടുക്കൽ നിന്നും പിരിഞ്ഞു എന്നും കാനാൻ ദേശത്തു വന്നു പാർത്തു തന്റെ 71-ാമത്തെ വയസ്സിൽ കർദ്ദലാമ്മർ മുതലായവരോടു യുദ്ധം ചെയ്തു വിജയിയായി തിരിച്ചു വരുമ്പോൾ മൽക്കുസദേക്കുമായി കാണുകയും ദേശാശം മുതലായവ അദ്ദേഹത്തിനു കൊടുത്തു അനുഗ്രഹം അപേക്ഷിക്കുകയും, മൽക്കുസദേക്ക് വി. കുറുബാനയുടെ പ്രാഗ്രൂപമായ അപ്പവും വീഞ്ഞും കാഴ്ചയണച്ചു അബ്രഹാമിനെ അനുഗ്രഹിക്കുയും ചെയ്തു എന്നും അബ്രാഹാം തൻ്റെ 85-ാം വയസ്സിൽ മെസനിൽ ചെന്നു പാർത്തു ഇതു വാഗ്ദത്തകാലത്തിൻ്റെ ആരംഭത്തിലായിരുന്നു എന്നും അവിടെ വച്ചു ആ നാട്ടുകാരിയായ ഹാഗാറിൽ നിന്നും ഇഷ്മായേൽ ജനിച്ചു എന്നും ഉദ്ദേശം ഈ കാലത്തു നീനോസിൻ്റെ ഭാര്യ ശമീറാ അസൂറിയരുടെ മേൽ 64 സംവത്സരത്തേക്കു ഭരണം നടത്തി എന്നും ജലപ്രളയത്തെ ഭയന്നു ഉയർന്ന സ്ഥലങ്ങളേയും സ്ഥാപിച്ചു എന്നും എന്നാൽ മെസറേനിൽ ഥേബായ ഫെറഓൻ 10-മത്തെ രാജാവായി 48 സംവത്സരം ഭരിച്ചു. അനന്തരം ഫോനോസുഫെറഓൻ 11- മത്തെ രാജാവായി. ഇദ്ദേഹം അബ്രാഹാമ്മിൻ്റെ ഭാര്യ സാറായെ അപഹരിപ്പാൻ തുടങ്ങി. ദൈവസഹായത്താൽ അവസാനം പൊന്നു, വെള്ളി മുതലായവയോടുകൂടി ആദരവോടെ അബ്രഹാമ്മിനെ മെസറേനിൽ നിന്നും പറഞ്ഞയച്ചു എന്നും ഫോനോസിൻ്റെ ശേഷം ഇസ്ലോക്കോസ് ഫെറഓൻ 12- മത്തെ രാജാവായി 21 സംവത്സരവും പിന്നീടു സോനോസുഫെറഓൻ 13-ാം രാജാവായി 44 സംവത്സരവും അദ്ദേഹത്തിൻ്റെ ശേഷം തർക്കോസു 14-ാം രാജാവായി 44 സംവൽസരവും ഭരിച്ചു. അസൂറിൽ മേൽപറഞ്ഞിരിക്കുന്ന ശാമ്മീറാം രാജ്ഞി മരിച്ചശേഷം 4-ാമത്തെ രാജാവായി സ്സ്മാറോസ് 38 സംവൽസരം വാണു. ഇദ്ദേഹത്തിൻ്റെ കാലത്തു ക്രേത്തരുടെ ഒന്നാം രാജാവായി കോറീസു വാഴിക്കപ്പെടുകയും ഇയ്യാൾ ക്രീത്തിയ പണിയിക്കുകയും ചെയ്തു” എന്നും മാർ ഗ്രിഗോറിയോസ് ബാർ എബ്രായാ തൻ്റെ “പ്രാചീന വൃത്താന്തസംഗ്രഹത്തിൽ” എഴുതിയിരിക്കുന്നു.

ഇത്രയും കൊടുത്തിരിക്കുന്നതിൽ നിന്നും സഭയുടെ എക്കാലത്തെയും മഹാ പണ്ഡിതരുടെ വിശ്വാസം ഉല്‍പ്പത്തി പുസ്തകം പറയുന്ന ചരിത്ര വസ്തുതകൾ യഥാര്‍ത്ഥ ചരിത്രം തന്നെ എന്നായിരുന്നു എന്ന് പകല്‍ പോലെ വ്യക്തമാണ്.

അവലംബം :
1. From Creation to Alexander the Great according to Michael Rabo’s Chronicle by Michael the Syrian; Matti Moosa, translator
2. Hebraeus’ Chronography, Translated from Syriac by Ernest A. Wallis Budge , Oxford University Press London 1932
3. പ്രാചീന വൃത്താന്തസംഗ്രഹം – ആദാം മുതൽ ക്രിസ്തുവരെ വേദ സംക്ഷേപം
ഗ്രന്ഥകർത്താവ് – മോർ ഗ്രീഗോറിയോസ് ബാർ എബ്രായ. പരിഭാഷകൻ ഒ. ആർ. ഒ. എസ്. എ. ഐ. JSC Publications. 2017

ബിജി ചെറി

ഓർത്തഡോക്സിയും ഉല്‍പ്പത്തി പുസ്തകവും: Part – 3

error: Thank you for visiting : www.ovsonline.in