OVS - Latest NewsOVS-Kerala News

നീതിയുടെ പോരാട്ട വീഥിയിൽ കണ്ണീർ ഉണങ്ങാത്ത പൊന്നുവിൻ്റെ കുടുംബം.

വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയുടെ (പൊന്നു) ദുരൂഹ മരണത്തിൽ, കാരണക്കാരായ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്യണമെന്നും, നീതിപൂർവ്വമായ അന്വേഷണം നടത്തുന്നതിന് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് പ്രതികളെ ഉടനെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിന് വേണ്ട ശക്തമയ നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് ആവശ്യമുയുരുന്നു. പൊന്നുവിൻ്റെ ദൂരഹമരണം മൂലം അദ്ദേഹത്തിൻ്റെ അനാഥമായ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം അനുവദിക്കണം. കുറ്റവാളികളായ വനവകുപ്പു ജീവനക്കാർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം പ്രഖ്യാപിക്കും വരെ പി.പി. മത്തായിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസകരിക്കില്ല എന്ന നിലപാടിലാണ് കുടുംബവും പ്രദേശവാസികളും. ഇടവക വികാരിയും കുടപ്പനക്കുളം ദേശസമതി രക്ഷാധികാരി കൂടി ആയ വന്ദ്യ: ബസലേൽ റമ്പാച്ചൻ്റെ നേതൃത്തിൽ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപവൽക്കരിച്ച ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.

അലയടിച്ചു പ്രതിഷേധം:
വനംവകുപ്പ് ജീവനക്കാരുടെ ക്രൂര പീഡനത്തിൽ മരണപ്പെട്ട പൊന്നുവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും, സർക്കാർ നടപടി ആവശ്യപ്പെട്ടും മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി, ശ്രീ. അടൂർ പ്രകാശ് MP, ശ്രീ ജനീഷ് കുമാർ MLA, ശ്രീ. പി.ജെ ജോസഫ്, ശ്രീ. പി.സി ജോർജ്, ശ്രീ അനൂപ് ജേക്കബ് MLA, ശ്രീ ജോസഫ് എം പുതുശേരി തുടങ്ങിയ നിരവധി പ്രമുഖർ അദ്ദേഹത്തിൻ്റെ ഭവനം സന്ദർശിച്ചു. മലങ്കര സഭയുടെ ശക്തമായ പ്രതിഷേധവും, വേദനയും പരിശുദ്ധ കാതോലിക്ക ബാവയും, മെത്രാപ്പോലീത്തന്മാരും, സഭാ സെക്രട്ടറിയും, മറ്റ് സഭ സ്ഥാനികളും അറിയിക്കുകയും, കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെടുകയുമുണ്ടായി.

മലങ്കര ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം തണ്ണിത്തോട് ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ കുടപ്പനകുളം ശ്രീ പി.പി മത്തായിയുടെ ദുരൂഹ മരണത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, ജുഡീഷ്യൽ അന്വേഷണം നടത്തുക, അനാഥമായ കുടുംബത്തിന് അർഹമായ സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റാന്നി DFO ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പി പി മത്തായിയുടെ കൊലപാതകം തേച്ചുമായ്ക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഗുരുനാഥൻ – മണ്ണ് ഫോറെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിലും പൊന്നുവിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും ഗുരുനാഥൻമണ്ണിലെ പൊതുജനങ്ങളുടെ നേതൃത്വത്തിൽ ഫോറെസ്റ്റ് സ്‌റ്റേഷൻ ഉപരോധിച്ചു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ 50000 യുവതീ യുവാക്കൾ മുഖ്യമന്ത്രിക്ക് നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രമേയം അയക്കും.

പ്രതിഷേധ പരമ്പരകളുടെ ഫലമായി മുഖം രക്ഷിക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ DYSP ആർ. പ്രദീപ്കുമാറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വനംവകുപ്പ്‌ ഉത്തരവാദികളായ രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ആർ രാജേഷ് കുമാർ, എ കെ പ്രദീപ് കുമാർ എന്നിവരെയാണ്‌ സസ്‌പെൻഡ് ചെയ്തത്. പോലീസ് അന്വേഷണത്തിൽ കൂടുതൽ നടപടിക്കു സാധ്യത തെളിയുന്നു.

സ്വാന്തനവും സഹായവുമായ മലങ്കര സഭ:
പി പി മത്തായിയുടെ ദൂരഹ മരണത്തിൽ ശക്തമായ സർക്കാർതല നടപടികൾ ആവശ്യപ്പെട്ടതിന് ഒപ്പം, അനാഥമാക്കപ്പെട്ട നിർധന കുടുംബത്തിന് സഹായ ഹസ്തവുമായും മലങ്കര സഭ മുന്നോട്ടു പോകാൻ തീരുമാനിച്ചത് സഭാ വിശ്വാസികൾക്കും അപ്പുറം പൊതുസമൂഹം മാതൃകാപരമായ നടപടിയായി വിലയിരുത്തി. ഉദാരമതികളായ സഭാ വിശ്വാസികളുടെ പങ്കാളിത്തോടും, പിന്തുണയോടും കൂടി പൊന്നുവിൻ്റെ കുട്ടികളുടെ വിദ്യഭ്യാസ ചിലവ് ഏറ്റു എടുക്കന്നതിനും , വീട് നിർമ്മിച്ച നല്കുന്നതിനും മലങ്കര സഭ തീരുമാനിച്ചു.