Departed Spiritual FathersOVS - Latest News

ആബുനാ അലക്സിയോസ് മാർ തേവോദോസിയോസ്: കർമ്മയോഗിയായ മുനിശ്രേഷ്ഠൻ

“ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വതന്ത്ര്യം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുന്നില്ല. ഒരു നായയെ പോലെ മരിക്കേണ്ടിവന്നാലും മലങ്കര സഭയുടെ സ്വതന്ത്ര്യയത്തിനു വേണ്ടി അടരാടും. മലങ്കര സഭയുടെ സ്വതന്ത്ര്യം തിറെഴുതാനും അബ്ദുൽ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാൻ തയ്യാറില്ല ” -മലങ്കര സഭയുടെ ധർമ്മയോഗി ബഥനിയിലെ അലക്സിയോസ് മാർ തേവോദോസിയോസ്

ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയായ നിരണം മട്ടയ്ക്കൽ തറവാട്ടിൽ മത്തായിയുടെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1888 ഓഗസ്റ്റ് ഇരുപത്തിയെട്ടിന് ജനിച്ചു. വൈദിക പാരമ്പര്യമുള്ള കുടുംബമാകയാൽ ബാല്യകാലം മുതലേ പ്രർത്ഥനയിലും പൂർണ്ണ അച്ചടക്കത്തിലും വളർന്നു. തിരുവല്ല എം ജി എം, കോട്ടയം എം ഡി സ്ക്കൂൾ, കോട്ടയം സി എം എസ് കോളേജ് എന്നിവടങ്ങളിൽ നിന്നും വിദ്യഭ്യാസം പൂർത്തിയാക്കി. കോട്ടയം ചെറിയപള്ളിയിൽ വച്ച് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. വേദശാസ്ത്ര പഠനങ്ങൾക്കുവേണ്ടി 1915 മുതൽ ഈസ്റ്റ് ബംഗാളിലെ ബാരിസോൾ ഡിവിനിറ്റി കോളേജ്, ഇംഗ്ലണ്ടിലെ മെൽഫിസിലിം, സെറാമ്പൂർ യുണിവേസിറ്റി എന്നിവടങ്ങളിൽ ഉപരിപഠനം നടത്തി. സെറാമ്പൂരിലെ പഠനകാലങ്ങളിൽ ഫാദർ പി റ്റി ഗീവർഗ്ഗീസിനെ (പീന്നീട് ഗീവർഗ്ഗീസ് മാർ ഈവാനിയോസ്, മലങ്കര കത്തോലിക്ക) പരിചയപ്പെടുകയും, മലങ്കര സഭയിലെ സന്യാസ ആശയങ്ങൾ ഉടലെടുക്കുകയും ചെയ്തു. 1918 ഏപ്രിൽ ഏഴിന് പരുമല സെമിനാരി ചാപ്പലിൽ വച്ച് യുയാക്കീം മാർ ഈവാനിയോസിൽ നിന്നും കശ്ശീശാ സ്ഥാനം സ്വീകരിച്ചു.

ഫാ. പി റ്റി ഗീവർഗീസുമായുള്ള അത്മബന്ധം ബഥനി ക്രിസ്താനുകരണ സമൂഹം എന്ന ആത്മീയ നവോത്ഥാന ആശയത്തിലേക്ക് വഴിതെളിച്ചു. 1918 റാന്നി പെരുനാട്ടിലെ മുണ്ടൻമലയിൽ ഇലഞ്ഞിക്കൽ ജോൺ വക്കീൽ ദാനമായി നൽകിയ നൂറ് ഏക്കർ ഭൂമിയിൽ സന്യാസ ആശ്രമവും ആരാധനാലയവും പടുത്തുയർത്തി. സന്യാസ ജീവിതനിഷ്ഠയും, കാവി വസ്ത്രധാരണവും സന്യാസ മഹാത്മ്യവും കാത്തു പരിപാലിച്ച മുനിവര്യനായിരുന്നു ആബോ അലക്സിയോസ്. 1920 മെയ് 30-ന് ഫാദർ പി റ്റി ഗീവർഗ്ഗീസുമായി ചേർന്ന് പെന്തിക്കോസ്തി ദിനത്തിൽ സന്യാസവ്യതം സ്വീകരിച്ച് ബഥനി ആശ്രമത്തെ സ്ഥാപിച്ചു. മലങ്കര സഭയ്ക്ക് നവോത്ഥാനത്തിലേക്ക് വഴി തെളിയിക്കുന്നതിന് ബഥനി സന്യാസവര്യരുടെ പ്രചോദനങ്ങൾ എന്നും മുതല്കൂട്ടായി മാറി. ഗുരുവായ പി റ്റി ഗീവർഗ്ഗീസിനോട് അലക്സിയോസ് എന്നും ആദരവും വിശ്വസ്തയും പുലർത്തിയിരുന്നു. പക്ഷേ ഗുരുവിൽ നിന്നും ഉണ്ടായ പ്രതികരണങ്ങളും സഭയ്ക്ക് എതിരായുള്ള നീക്കങ്ങളും ഫാദർ അലക്സിയോസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. റോമൻ സഭയുമായിട്ടുള്ള മാർ ഈവാനിയോസിൻ്റെ ബന്ധം ഫാദർ അലക്സിയോസിൻ്റെ മനസ്സിൽ ആഴത്തിൽ മുറിവ് ഏൽപ്പിച്ചു. റോമൻ കത്തോലിക്കാ സഭയിലക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി മാർ ഈവാനിയോസിൽ നിന്നും ഫാദർ അലക്സിയോസിന് പല പ്രലോഭനങ്ങളും ഭീക്ഷണികളും ഉണ്ടായിരുന്നു. എന്നാൽ, 1930 സെപ്റ്റംബർ നുപ്പതിന് മാർ ഇവാനിയോസ്, സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയും അധികാര മോഹങ്ങൾ ആഗ്രഹിച്ചും തൻ്റെ മാതൃസഭയെയും ബഥനി ആശ്രമത്തെയും ഉപേക്ഷിച്ച് സഭയുടെ പല സ്വത്തുക്കളും കൈക്കലാക്കി റോമാ സഭയിൽ ചേർന്നു.

തൻ്റെ മാതൃകാ പുരുഷൻമാരിലൊരാളായ മാർ ഈവാനിയോസിൻ്റെ വഞ്ചന ഫാദർ അലക്സിയോസിൻ്റെ മനസ്സിനെ വളരെ വേദനിപ്പിച്ചു. ആശ്രമത്തിലെ പല അംഗങ്ങളും മാർ ഇവാനിയോസ് തിരുമേനിക്കൊപ്പം റോമൻ സഭയിലേക്ക് പോയി. ഫാദർ അലക്സിയോസ് തൻ്റെ മലയാ സന്ദർശനം അവസാനിപ്പിച്ച് ആശ്രമത്തിൽ എത്തി ആശ്രമാദ്ധക്ഷൻ സ്ഥാനം ഏറ്റെടുത്തു. പല പ്രതിസന്ധി ഘട്ടത്തിലും ഫാദർ അലക്സിയോസ് തൻ്റെ ആശ്രമത്തെയും സഭയെയും സംരക്ഷിക്കുന്നതിൽ കൂടുതൽ പ്രധാന്യം നൽകി. ഇത് അദ്ദേഹത്തെ ശക്തമായ വ്യക്തിത്വമുള്ള ഒരു ഉത്തമ സന്യാസിയായി മാറ്റുന്നതിനും കാരണമായി. ആബോ അലക്സിയോസ് ബഥനി ആശ്രമത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ആശ്രമത്തിൻ്റെ ആത്മീയ വളർച്ച അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. അതോടൊപ്പം ബഥനി ആശ്രമത്തെയും അതിൻ്റെ സ്വത്തിനേയും സംബന്ധിച്ച് മാർ ഇവാനിയോസും സംഘവും ചേർന്ന് നടത്തിയിരുന്ന എല്ലാ നിയമ വ്യവഹാരങ്ങളിലും അദ്ദേഹം സഭയെയും ബഥനി ക്രിസ്താനുകരണ സമൂഹത്തേയും സംരക്ഷിച്ചു. അയതിനാൽ അബോ അലക്സിയോസിനെ ബഥനി ആശ്രമത്തിൻ്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുവാൻ തീർത്തും യോഗ്യനാണ്. വാസ്തവത്തിൽ അദ്ദേഹം ബഥനി ആശ്രമത്തിന് രണ്ടാം ജീവിതം നൽകി അതിനെ കൂടുതൽ പരിപോഷിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയതയെ പുനരുജ്ജീവിപ്പിക്കാൻ ഇത് വളരെയധികം സഹായിച്ചു. പ്രത്യേകിച്ചും ഇത് സഭയിലെ ആദ്യത്തെ സന്യാസ സമൂഹമായി അബോ അലക്സിയോസിൻ്റെ കീഴിൽ പിന്നീടുള്ള വർഷങ്ങളിൽ വളർന്ന് പന്തലിച്ചു. 1933-ൽ ആബോ അലക്സിയോസ് വിശുദ്ധനാട് സന്ദർശിച്ചു. 1934 ഡിസംബർ 26-ന് കോട്ടയം എം ഡി സെമിനാരിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യാനി അസോസ്സിയേഷനിൽ അബോ അലക്സിയോസിനെ വീണ്ടും മേല്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1930 സെപ്റ്റംബർ നാലിന് കോട്ടയം പഴയ സെമിനാരിയിൽ കൂടിയ അസോസ്സിയേഷനിൽ നേരത്തെ മേല്പട്ട സ്ഥാനത്തിലേക്ക് തിരഞ്ഞെടുത്തു എങ്കിലും സ്ഥാനം സ്വീകരിക്കുന്നതിനു അദ്ദേഹം വിസ്സമ്മത പ്രകടിപ്പിച്ചിരുന്നു. 1938 ഏപ്രിൽ ഏഴിന് കർമ്മേൽ ദയറായിൽ വച്ച് പരിശുദ്ധ ബസ്സേലിയോസ് ഗീവർഗ്ഗീസ് ദ്വീതിയൻ കാതോലിക്കാ ബാവാ അലക്സിയോസ് മാർ തേവോദോസിയോസ് എന്ന നാമത്തിൽ എപ്പിസ്കോപ്പാ സ്ഥാനം നൽകി കൊല്ലം, ബാഹ്യ കേരളാ ഭദ്രാസനത്തിൻ്റെയും ചുമതലകൾ ഏൽപിച്ചു. 1941 ഏപ്രിൽ എട്ടിന് ആലുവാ യു സി കോളേജ് ചാപ്പലിൽ വച്ച് പരിശുദ്ധ ബസ്സേലിയോസ് ഗീവർഗ്ഗീസ് ദ്വീതിയിൻ കാതോലിക്കാ ബാവാ മെത്രാപ്പോലീത്താ ആക്കി ഉയർത്തി.

അലക്സിയസ് മാർ തേവോദോസിയോസ് കഴിവുള്ള ഒരു ഭരണാധികാരിയും മികച്ച പ്രതിബദ്ധതയുള്ള കാഴ്ചപ്പാടും അർപ്പണബോധവുമുള്ള മെത്രാപ്പോലീത്തായുമായിരുന്നു. ഓർത്തഡോക്സിയുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും കേരളത്തിന് പുറത്തുള്ള സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഭരണത്തിനും, ആത്മീയ വളർച്ചയ്ക്കും മാർ തേവോദോസിയോസിൻ്റെ പരിശ്രമഫലമായി പുതിയ അടിത്തറയിട്ടു. 1947-ൽ മദ്രാസിൽ ഇന്ത്യൻ ഓർത്തഡോക്സ് മിഷൻ രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അവിടെ അദ്ദേഹം ഒരു കൂട്ടം അഭ്യസ്തവിദ്യരായ പുരോഹിതരെ പരിശീലിപ്പിക്കുകയും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിയമിക്കുകയും ചെയ്തു. സിറിയൻ ക്രിസ്ത്യാനികളെ കാണുവാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അദ്ദേഹം ഇന്ത്യയിലുടനീളം വിവിധ യാത്രകൾ നടത്തി. 1948 മാർച്ച് മുപ്പത്തി ഒന്നിന് അന്നത്തെ റിപ്പബ്ലിക് ഇന്ത്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ സന്ദർശിച്ചു.  1952-ൽ അദ്ദേഹം ന്യൂഡൽഹി സന്ദർശിച്ചു ഇന്ത്യൻ പ്രസിഡൻ്റ്  ഡോ. രാജേന്ദ്ര പ്രസാദുമായി സംഭാഷണം നടത്തി. ദേശീയ തലസ്ഥാനത്ത് ഒരു പള്ളി വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിൻ്റെ പരിശ്രമ ഫലമായി ന്യൂഡൽഹിയിലെ ഹൗവുസ് ഖാസിൽ സെന്റ് മേരീസ് കത്തീഡ്രൽ, രൂപവത്കരിച്ച് ഒരു പുരോഹിതനെ നിയമിച്ചു.

കേരളത്തിൻ്റെ അതിർവരമ്പുകൾക്കപ്പുറം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും സഭയെ വളർത്തുവാനും വ്യാപിപ്പിക്കനും അദ്ദേഹം പരിശ്രമിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള വിശ്വാസികളിലേക്ക് എത്തിച്ചേരാനും അവരുമായി ആശയവിനിമയം നടത്തുവാനും അദ്ദേഹം വളരെയധികം പരിശ്രമിക്കുകയും ചെയ്തു. ഇത് കേരളത്തിന് പുറത്ത് പല ഭാഗങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിക്കുന്നതിനും വഴി തെളിയിച്ചു. തിരുമേനിയുടെ ഈ നടപടി ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നവയാണ്. കാരണം അതുവരെ കേരളത്തിന് പുറത്ത് താമസിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയിലെ അംഗങ്ങൾ കത്തോലിക്കാ ദേവാലയങ്ങളിലായിരുന്നു അരാധനകളിൽ പങ്കെടുത്തിരുന്നത്. മാർ തേവോദോസിയോസിൻ്റെ സമർപ്പിതവും നിസ്വാർത്ഥവുമായ പരിശ്രമത്തിൻ്റെയും ഫലമായിട്ടാണ് ഇതിന് ഒരു മാറ്റം സംഭവിച്ചത്. അലക്സിയസ് മാർ തേവോദോസിയോസ് സഭയെ ആഗോള തലത്തിലേക്ക് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

മാർ തേവോദോസിയോസിൻ്റെ നേതൃത്വപരമായ പരിശ്രമത്തിൽ സഭ എക്യുമെനിക്കൽ യോഗങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. ഓക്സ്ഫോർഡ് ഫെയ്ത്ത് ആൻഡ് ഓർഡർ മീറ്റിംഗും, എഡിൻബർഗിൽ നടന്ന ലൈഫ് ആൻഡ് വർക്ക് കോൺഫറൻസും ഒരേ വർഷം 1937-ൽ നടന്നു. മാർ തേവോദോസിയോസിൻ്റെ ശ്രമഫലമായിട്ടാണ് സഭയെ രണ്ട് സമ്മേളനങ്ങളിലേക്കും ക്ഷണിച്ചത്. ഈ യോഗത്തിലാണ് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (ഡബ്ല്യുസിസി) രൂപീകരിക്കാൻ തീരുമാനിച്ചത്. അതുവരെ മലങ്കര ഓർത്തഡോക്സ് സഭയെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു, എന്നാൽ ഈ രണ്ട് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ലോക സഭകളുടെ ശ്രദ്ധ ആകർഷിക്കാൻ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കഴിഞ്ഞു. 1948-ൽ ആംസ്റ്റർഡാറിൽ നടന്ന ഡബ്ല്യുസിസി കോൺഫറൻസിൽ പങ്കെടുക്കുവാനും സമ്മേളനത്തിൽ സഭയെ പ്രതിനിധീകരച്ച് പ്രസംഗം നടത്താനുള്ള പദവിയും ബഹുമാനവും മാർ തേവോദോസിയോസിന് ഉണ്ടായിരുന്നു. ഡബ്ല്യു.സി.സി കേന്ദ്ര കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടു. എക്യുമെനിക്കൽ മീറ്റിംഗുകളിൽ സഭയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ മാർ തേവോദോസിയോസ് പ്രധാന പങ്ക് വഹിച്ചു. അതിനാൽ മലങ്കര ഓർത്തഡോക്സ് സഭയെ ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ആകർഷിപ്പിക്കുന്നതിന് അദ്ദേഹത്തിന് പരിശ്രമ ഫലമായി കഴിഞ്ഞു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ “സ്വയം ഭരണ നേതൃത്വമുള്ള സഭ” ആയിരിക്കണമെന്ന് മാർ തേവോദോസിയോസിന് നിർബന്ധമുണ്ടായിരുന്നു. ഭാരതത്തിലെ ദേശീയ സഭയാണ് മലങ്കര ഓർത്തഡോക്സ് സഭാ. അതിന് ഉൾഭരണ സ്വതന്ത്രമുണ്ടായിരിക്കണം. അതിൻ്റെ അസ്തിത്വവും വ്യക്തിത്വവും ഒരു വിദേശമേൽക്കോഴ്മക്കും അടിയറ വയ്ക്കില്ല. സഭയുടെ പാരമ്പര്യവും പട്ടത്വവും പരിരക്ഷിക്കപ്പെടണം എന്ന ദീർഘ വീക്ഷണവും ധീർഘമായ അഭിപ്രായവും മാർ തേവോദോസിയോസ് തിരുമേനിക്ക് ഉണ്ടായിരുന്നു. “ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വതന്ത്ര്യം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലിത്തയായി കഴിയുവാൻ ആഗ്രഹിക്കുനില്ല. ഒരു നായയെ പോലെ മരിക്കേണ്ടിവന്നാലും മലങ്കര സഭയുടെ സ്വതന്ത്ര്യയത്തിനു വേണ്ടി അടരാടും. മലങ്കര സഭയുടെ സ്വതന്ത്ര്യം തിറെഴുതാനും അബ്ദുൽ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാൻ തയ്യാറില്ല” മാർ തേവോദോസിയോസിൻ്റെ ഈ ധീരദൃഢസ്വരം ചിങ്ങവനം മാർ അപ്രേം സെമിനാരിയിൽ കുടിയിരുന്ന സഭാ വിമതർ ആ വാക്ക് കേട്ട് ഒരു നിമിഷം സ്തംഭിച്ചു പോയിരുന്നു. ആരുടെ മുമ്പിലും പതറാതെ ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റുപോലെ മാർ തേവോദോസിയോസ് സമ്മേളനത്തിൽ കൂടിയിരുന്നവരുടെ നടുവിലൂടെ ഇറങ്ങി പോയി. ധീരനായ ആ മെത്രാപ്പോലീത്തായുടെ നസ്രാണിവീര്യത്തിന് മുമ്പിൽ ക്ഷുഭിതരായ പലർക്കും അദ്ദേഹത്തെ തടയുവാനോ നേരിടുവാനോ കഴിയാതെ വെറും കാഴ്ചക്കാരായി നിൽക്കുവാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു.

മാർ തേവോദോസിയോസിന് ഈ സമ്മേളനത്തിൽ അസ്വീകാര്യമായിത്തീർന്ന തീർന്ന പ്രധാനപ്പെട്ട കാരണങ്ങളാണ് താഴെ പറയുന്നവയാണ്.
1. കാതോലിക്കോസ് പാത്രീയർക്കീസിന് ശൽമൂസാ നൽകണം.
2. പാത്രിയാർക്കീസ് കൂദാശ ചെയ്ത മൂറോൻ മലങ്കരയിൽ ഉപയോഗിക്കണം
3. കാതോലിക്കേറ്റിൻ്റെ പേരിൽ എന്തങ്കിൽ പരാതികൾ ഉണ്ടെന്നുള്ള പക്ഷം അത് പാത്രീയാർക്കീസിൻ്റെ മുമ്പിൽ മാത്രം ബോധിപ്പിക്കണം. പാത്രിയാർക്കീസ് അതേപറ്റി അന്വേഷിക്കുകയോ വിശദികരണം നേടുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് സുന്നഹദോസ് വഴി നടത്തണം. സുന്നഹദോസിൻ്റെ വിവരണത്തിൻ്റെ അടിസ്ഥാനത്തിൽ പാത്രിയാർക്കീസ് അതിന് തീർപ്പ് കൽപ്പിക്കണം. അതായിരിക്കും അവസാന തീരുമാനം. മറ്റ് ഏഴു വ്യവസ്ഥകളിൽ റിശീസ്സാ കൊടുക്കണമെന്നുള്ള വ്യവസ്ഥ ഒരു അതീശത്യം കൽപ്പിക്കുന്ന തരത്തിലാകരുതെന്നും മാർ തേവോദോസിയോസിന് നിർബന്ധം ഉണ്ടായിരുന്നു.

ഓർത്തഡോക്സ് സഭയിലെ ആത്മീയതയെ പുനരുജ്ജീവിപ്പിക്കാൻ വഴിതെളിച്ച അലക്സിയസ് മാർ തേവോദോസിയോസ് തൻ്റെ ജീവിതകാലത്ത് നിരവധി കാര്യങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചെയ്തിരുന്നു .“ദൈവത്തിനു കൊടുക്കുക” എന്നർഥമുള്ള തേവോദോസിയോസ് എന്ന പേരിന് അനുസൃതമായി അദ്ദേഹം തൻ്റെ അവസാന ശ്വാസം വരെയും ജീവിച്ചു. 1965 ഓഗസ്റ്റ് ആറിന് കൂടാര പെരുന്നാൾ ദിനത്തിൽ രാവിലെ എട്ട് മണിക്ക് തൻ്റെ എഴുപത്തി ഏഴാം വയസ്സിൽ ആബുനാ അലക്സിയോസ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. തുടർന്ന് പെരുനാട് ബഥനി പള്ളിയിൽ ഭൗതീയശരീരം പൊതുദർശനത്തിന് വച്ചു. ഓഗസ്റ്റ് ഏഴിന് പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ ബഥനി ആശ്രമ ചാപ്പലിൻ്റെ തെക്ക് ഭാഗത്തായി തയ്യാറാക്കിയ കബറിടത്തിൽ ആബൂനാ അലക്സിയോസ് മാർ തേവോദോസിയോസിനെ കബറടക്കി. 2015-ൽ മാർ തേവോദോസിയോസിനെ “മലങ്കരയുടെ ധർമ്മയോഗി” എന്ന ബഹുമാനനാമം നൽകി മലങ്കര ഓർത്തഡോക്സ് സഭ ആചരിച്ചു.

മുണ്ടൻ മലയിലെ കെടാവിളക്കായി ശോഭിക്കുക നേടുനാൾ….

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ